Wednesday 26 July 2017

താരങ്ങളും ധൂമകേതുക്കളും


നക്ഷത്രങ്ങൾ ദിശാസൂചകങ്ങളും വാൽനക്ഷത്രങ്ങൾ അന്ധവിശ്വാസികൾക്ക്‌ ദുർനിമിത്ത സൂചനകളുമാണ്‌. സിനിമാതാരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്ന്‌ സമീപകാല സംഭവങ്ങൾ പറയുന്നു.

സിനിമാനടിക്ക്‌ സിനിമാതാരം എന്ന പേരുവരുന്നതിന്‌ മുമ്പാണ്‌ പി കെ റോസി എന്ന രാജമ്മ സിനിമയിലഭിനയിച്ചത്‌. അന്നത്തെ സവർണഹിന്ദുക്കൾക്ക്‌ സിനിമയിലെ സ്ത്രീപ്രവേശം തീരെ രസിച്ചില്ല. വിശേഷിച്ചും കുപ്പമാടത്തിലൊടുങ്ങേണ്ട ഒരു കീഴാളപ്പെണ്ണിന്റെ ചരിത്രരചന. സിനിമാക്കൊട്ടകയിൽ നിന്ന്‌ ആ നടിയെ അവർ ഇറക്കിവിട്ട്‌ അപമാനിച്ചു. അതുകൊണ്ടരിശം തീരാഞ്ഞിട്ട്‌ അവർ റോസി താമസിച്ചിരുന്ന തിരുവനന്തപുരം തൈക്കാട്ടെ ചെറ്റക്കുടിലിന്‌ തീവച്ചു. ജീവനും കൊണ്ടോടിയ മലയാള സിനിമയുടെ അമ്മ അഭിനയ വിശേഷങ്ങളൊന്നും ആരോടും പറയാതെ തമിഴ്‌നാട്ടിൽ ജീവിച്ച്‌ അവസാനിച്ചു.

പുരുഷാധിപത്യത്തിന്റെയും ജാതി വ്യവസ്ഥയുടേയും വാളും ചിലമ്പുമായി നിന്ന അക്രമികൾ നേരിട്ടാണ്‌ ആക്രമിച്ചത്‌. അന്ന്‌ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘം ഇല്ലായിരുന്നു. അക്രമികളോടൊപ്പം നിൽക്കുവാൻ ഒരു വക്കീലും അന്നുണ്ടായിരുന്നു. ആയിരം രൂപയും ആ വക്കീലുമുണ്ടെങ്കിൽ അക്കാലത്ത്‌ ആരെയും കൊല്ലാമായിരുന്നത്രെ.

കാലം മാറിയപ്പോൾ താരങ്ങൾക്ക്‌ ദൈവീക പരിവേഷം കിട്ടി. ആരാധകർ അധികമായതിനാൽ പുറത്തിറങ്ങാത്ത ദൈവം ക്വട്ടേഷൻ സംഘങ്ങൾ വഴിയാണ്‌ ഉദ്ദിഷ്ടകാര്യങ്ങൾ നിർവഹിക്കുന്നത്‌.

സിനിമാരംഗത്ത്‌ വനിതകളുടെ സജീവസാന്നിധ്യം തീരേ കുറവാണ്‌. പുതിയ തലമുറ അതിനൊരു മാറ്റം വരുത്താൻ പരിശ്രമിച്ചു വിജയിക്കുന്നുണ്ട്‌. അഭിനയിക്കാനുള്ള താൽപര്യം മൂലം കോടമ്പക്കത്തെത്തി നഷ്ടപ്പെട്ടുപോയവരുടെ കഥകൾ മറക്കാറായിട്ടില്ല. അപ്പോഴാണ്‌ സാക്ഷര കേരളത്തിന്റെ മുഖത്ത്‌ മാലിന്യങ്ങൾ വാരിയെറിഞ്ഞുകൊണ്ട്‌ ഒരു നടി ആക്രമിക്കപ്പെടുന്നത്‌.

സിനിമാതാരങ്ങളുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കേണ്ടതാണ്‌. ആദായനികുതി സംബന്ധിച്ച്‌ അവർ നൽകുന്ന രേഖകൾ പരിശോധിക്കപ്പെടേണ്ടതാണ്‌. സ്വർണ്ണക്കട ഉദ്ഘാടനത്തിന്‌ വന്നിട്ട്‌ സ്വർണവും ലക്ഷങ്ങളും കൊണ്ടുപോകുന്ന താരങ്ങൾ ജനപ്രീതിയുടെ മറവിലാണ്‌ ധനസമ്പാദനം നടത്തുന്നത്‌. ജനങ്ങൾ ഇത്‌ തിരിച്ചറിയേണ്ടതുണ്ട്‌. സംവിധായകൻ കുഞ്ചാക്കോയുടെയും നടൻ ജഗതി ശ്രീകുമാറിന്റെയും ജയിൽവാസം പോലും സമൂഹത്തിന്‌ പാഠമായില്ല.

സിനിമാതാരങ്ങളുടെ പരസ്യചിത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ഇവർ ഗുഡ്സർട്ടിഫിക്കറ്റ്‌ നൽകി അവതരിപ്പിക്കുന്ന അരിയും വെള്ളവും ആഭരണവുമൊക്കെ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്‌. പരസ്യചിത്രങ്ങൾ പ്രതിഫലം പറ്റിക്കൊണ്ട്‌ നടീനടന്മാർ നടത്തുന്ന അഭിനയം മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സിനിമാമേഖലയിലെ സംഘടനകളും കമ്മീഷൻ പറ്റുന്നവരാണെന്ന്‌ സിനിമാക്കാർ തന്നെ വെളിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. അമ്മ എന്ന സംഘടന തിലകനോടും വിനയനോടും മറ്റും സ്വീകരിച്ച നിലപാടുകൾ പ്രതിലോമകരമായിരുന്നല്ലോ. നടിയെ ആക്രമിച്ച കേസിലാകട്ടെ അമ്മയുടെ നിലപാട്‌, പുരുഷമേധാവിത്വത്തിന്റെ വനിതാ പൊലീസെന്ന്‌ വിശേഷിപ്പിക്കപ്പെട്ട അമ്മായിഅമ്മയുടേത്‌ ആയിപ്പോയി.

സിനിമാരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖ കവികളും മറ്റു സാഹിത്യകാരന്മാരും ഈ സംഭവത്തിൽ മൗനമവലംബിച്ചുവെന്നത്‌ സാംസ്കാരികമായ കുറ്റകൃത്യമാണ്‌. എംജിആറിനെ വെടിവച്ചത്‌ എം ആർ രാധ നേരിട്ടായിരുന്നു എന്നത്‌ സിനിമാലേഖകരെങ്കിലും ഓർക്കേണ്ടതായിരുന്നു. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന കവി വാചകം സിനിമാരംഗത്തെ കവികളെങ്കിലും ഓർമിച്ചു പ്രതികരിക്കണമായിരുന്നു.

ആക്രമിക്കപ്പെട്ട നടി ദുരനുഭവം പുറത്തുപറഞ്ഞതുകൊണ്ട്‌ കുറേ മാലിന്യങ്ങളെങ്കിലും ശുദ്ധീകരിക്കപ്പെട്ടേക്കും. വിമൺ ഇൻ സിനിമാ കളക്ടീവ്‌ എന്ന സംഘടന മൂന്നാറിലെ പൊമ്പിള ഒരുമയിൽ നിന്ന്‌ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്‌. സന്ധിയില്ലാത്ത സമരം സിനിമാരംഗത്തെയും വനിതകളുടെ അഭിമാനരക്ഷയ്ക്ക്‌ ആവശ്യമാണ്‌.

1 comment:

  1. സിനിമാരംഗത്തു പ്രവർത്തിക്കുന്ന
    പ്രമുഖ കവികളും മറ്റു സാഹിത്യകാരന്മാരും
    ഈ സംഭവത്തിൽ മൗനമവലംബിച്ചുവെന്നത്‌
    സാംസ്കാരികമായ കുറ്റകൃത്യമാണ്‌. എംജിആറിനെ
    വെടിവച്ചത്‌ എം ആർ രാധ നേരിട്ടായിരുന്നു എന്നത്‌ സിനിമാലേഖകരെങ്കിലും ഓർക്കേണ്ടതായിരുന്നു. പരാക്രമം
    സ്ത്രീകളോടല്ല വേണ്ടൂ എന്ന കവി വാചകം സിനിമാരംഗത്തെ കവികളെങ്കിലും ഓർമിച്ചു പ്രതികരിക്കണമായിരുന്നു...!

    ReplyDelete