Wednesday, 4 October 2017

പൂവാകപോലെ ഒരു കവിവാകമരത്തിന്റെ ഔന്നത്യം. താംബൂലാരുണിമയാര്‍ന്ന ചിരി കണ്ടാല്‍ വാകമരം പൊടുന്നനെ പൂത്തതുപോലെ. അകലെ നില്‍ക്കുന്നവരെ ശിഖരഹസ്തങ്ങളാല്‍ അടുത്തേയ്ക്കു വിളിക്കുന്ന ഔദാര്യം. അടുത്തെത്തുന്നവര്‍ക്കെല്ലാം തണല്‍. സൂര്യന്റേയും ചന്ദ്രന്റേയും പ്രസാദങ്ങളെ ഇലച്ചാര്‍ത്തിലൂടെ അരിച്ചെടുത്ത് കൂട്ടുകാര്‍ക്കു നല്‍കുന്ന മഹാമനസ്‌കത. ഇതായിരുന്നു പറക്കോട് പ്രതാപചന്ദ്രന്‍ എന്ന കവി.

കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് പ്രതാപചന്ദ്രന്‍ ജനിച്ചത്. സഖാക്കളുടെ സാന്നിധ്യം കൊണ്ട് സദാ മുഖരിതമായ വീട്. പ്രായോഗിക ചിന്തകളും സൈദ്ധാന്തിക രശ്മികളും ഇഴചേര്‍ന്നിരുന്ന ഗൃഹാന്തരീക്ഷം. വരുന്നവര്‍ക്കെല്ലാം ചോറ്. വായിക്കാന്‍ പത്രങ്ങളും പുസ്തകങ്ങളും.

പന്തളം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന പ്രതാപചന്ദ്രന്‍ പറക്കോട് എന്‍ ആര്‍ കുറുപ്പിന്റെയും കടമ്മനിട്ട രാമകൃഷ്ണന്റെയും മറ്റും പ്രഭാവലയത്തില്‍പ്പെട്ട് കവിതയുടെ കുതിരസവാരി പരിശീലിച്ചു.
അടൂരും പരിസരത്തുമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പറക്കോട് പ്രതാപചന്ദ്രന്റെ ഹൃദയത്തിലും നാവിലും ഷെല്ലിയും കീറ്റ്‌സും പുനര്‍ജനിച്ചു. പിന്നീടത് പാബ്ലോ നെരുദയിലൂടെ വിപ്ലവബോധത്തിന്റെ ആന്തരികസത്തയിലേയ്ക്ക് സഞ്ചരിച്ചു.
സൂക്ഷ്മതയോടെ മാത്രം കവിത കുറിച്ചിരുന്ന പ്രതാപചന്ദ്രന്‍ വശ്യവും സൗമ്യവുമായ ശബ്ദത്തില്‍ സ്വന്തം കവിതകളും കടമ്മനിട്ട കവിതകളും ആലപിച്ചു. കടമ്മനിട്ടക്കവിതകള്‍ ഏതാണ്ട് എല്ലാംതന്നെ പ്രതാപചന്ദ്രന് ഹൃദിസ്ഥമായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രതാപചന്ദ്രന്റെ സൗഹൃദവലയം കേരളത്തിലുടനീളവും വിദേശങ്ങളിലും വ്യാപിച്ചിരുന്നു. മുഖപുസ്തകത്തിലെ ഇന്ന് വായിച്ച കവിതയില്‍ പ്രതാപചന്ദ്രന്റെ ഗുരുദക്ഷിണ എന്ന കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം വായനക്കാരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉത്സവചിത്രം, പ്രണയം, സീബ്രാലൈനില്‍, നളവിലാപം തുടങ്ങിയ കവിതകള്‍ വായനക്കാര്‍ തേടിപ്പിടിച്ച് അനുബന്ധ വായനയ്ക്കായി മുഖപുസ്തകത്തില്‍ ചേര്‍ത്തു.

ഒറ്റക്കാവ്യപുസ്തകം മാത്രമേ പ്രതാപചന്ദ്രന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളു. നൂറനാട്ടെ ഉണ്മ പബ്ലിക്കേഷന്‍സാണ് അതിന് മുന്‍കൈയെടുത്തത്. പതിനാല് കവിതകളുള്ള ഈ പുസ്തകത്തിലെ കവിയും കവിതയും എന്ന കവിതയിലെ, കവി കബറിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാറില്ല എന്ന വരിയാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ആമുഖത്തിലും പ്രകാശന ചടങ്ങിലും പ്രധാന കവിമുദ്രയായി കണ്ടെത്തിയത്. അനവധി അര്‍ഥതലങ്ങളുള്ള ആ വരിയില്‍ ഇനിയും വായിച്ചുതീര്‍ക്കാന്‍ കവിത ബാക്കിയാവുന്നു.

ഏകലവ്യന്റെ പക്ഷത്തുനിന്നും എഴുതിയ ഗുരുദക്ഷിണ എന്ന കവിതയില്‍ ദ്രോണരോടുള്ള അടുപ്പവും അകലവും ആരാധനയും അമര്‍ഷവും വിങ്ങിനില്‍ക്കുന്നുണ്ട്. പെരുവിരല്‍ വേട്ടയാടപ്പെട്ട ഏകലവ്യന്റെ കുഞ്ഞുവിരല്‍ ക്ഷമയ്ക്കും മോതിരവിരല്‍ സ്‌നേഹത്തിനും നടുവിരല്‍ ധര്‍മ്മത്തിനും ദാനം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്ന കറുത്ത ചൂണ്ടുവിരലോ? അത് ദ്രോണ ഗുരുവിന്റെ വിദ്യാനീതിക്കുള്ള പരിഹാസമാണ്. നീതി എങ്ങനെ അനീതിയുടെ അര്‍ഥഹൃദയം സ്വീകരിക്കുന്നുവെന്ന് പ്രതാപചന്ദ്രന്‍ ബോധ്യപ്പെടുത്തുന്നു.

അധികം സംസാരിച്ചും കുറച്ചെഴുതിയും പ്രതാപചന്ദ്രന്‍ കടന്നുപോയി. സ്‌നേഹത്തിന്റെയും കാവ്യബോധത്തിന്റെയും വാകമരപ്പൂക്കള്‍ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവരുടേയും മനസില്‍ കുമിഞ്ഞുകിടക്കുന്നു. വാകപ്പൂക്കളേ സ്വസ്തി.

1 comment:

  1. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രതാപചന്ദ്രന്റെ സൗഹൃദവലയം കേരളത്തിലുടനീളവും വിദേശങ്ങളിലും വ്യാപിച്ചിരുന്നു. മുഖപുസ്തകത്തിലെ ഇന്ന് വായിച്ച കവിതയില്‍ പ്രതാപചന്ദ്രന്റെ ഗുരുദക്ഷിണ എന്ന കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം വായനക്കാരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉത്സവചിത്രം, പ്രണയം, സീബ്രാലൈനില്‍, നളവിലാപം തുടങ്ങിയ കവിതകള്‍ വായനക്കാര്‍ തേടിപ്പിടിച്ച് അനുബന്ധ വായനയ്ക്കായി മുഖപുസ്തകത്തില്‍ ചേര്‍ത്തു.


    പൂവാകപോലെയുള്ള ഒരു കവിയായ
    പ്രതാപചന്ദ്രനെ നന്നായി പരിചപ്പെടുത്തി...
    കവി പ്രതാപചന്ദ്രന് ആദരാജ്ഞലി ....,പ്രണാമം

    ReplyDelete