Wednesday 4 April 2018

ജാത്യാഭിമാനം കൃഷി ചെയ്യരുത്


ദീര്‍ഘകാല ജീവിതം നല്‍കിയ അനുഭവപാഠത്തില്‍ നിന്നും ലോക നിരീക്ഷണത്തില്‍ നിന്നുമാണ് ജാതിയും മതവും ഉപേക്ഷിക്കുവാനുള്ള തീരുമാനം നാരായണഗുരു കൈക്കൊണ്ടത്. അത് സംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവയ്ക്കുമ്പോള്‍ നാരായണഗുരുവിന് സന്ദേഹം തീരെയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയശിഷ്യന്‍ സഹോദരന്‍ അയ്യപ്പന് സന്തോഷം ഏറെയായിരുന്നു. എസ്എന്‍ഡിപി യോഗത്തില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനവും  സുചിന്തിതം  ആയിരുന്നു.

കാലം കഴിയുമ്പോള്‍ കേരളം കാണുന്നത് നാരായണഗുരുവിന്‍റെ ചിത്രത്തിനുകീഴില്‍ നിന്നുകൊണ്ട് ജാത്യാഭിമാനം വളര്‍ത്തുന്ന കാഴ്ചയാണ്. ഈഴവ സമുദായക്കാര്‍ ഹിന്ദുക്കളേ അല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമാണെന്നും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സ്വതന്ത്രസമുദായത്തേയും ഹിന്ദുമതത്തിന്‍റെ തൊഴുത്തില്‍ കെട്ടിയിടുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് നമ്മള്‍ കാണുന്നത്. നാരായണഗുരു മൗനം അവലംബിച്ച് മാറ്റിവച്ച ഭഗവത്ഗീത ഗുരുചിത്രധാരികള്‍ കൊണ്ടാടുന്നതും കേരളം കണ്ടു. മഞ്ഞവസ്ത്രം ഫോട്ടോഷോപ്പിലൂടെ കാവിവസ്ത്രമാകുന്നതും ഗുരുശിരസിനുപിന്നില്‍ പ്രഭ തെളിയുന്നതും നമ്മള്‍ കണ്ടു.

ജാത്യാഭിമാനം വളര്‍ത്തിയാല്‍ അവിടെ പൊടിച്ചുവളരുന്നത് ഒഴിവാക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ജാതിയിലും മതത്തിലും അമിതാഭിമാനം കൊള്ളുക എന്നുവച്ചാല്‍ മനുഷ്യസ്‌നേഹത്തെ നിരാകരിക്കുകയെന്നാണര്‍ഥം. ജാത്യാഭിമാനികളുടെ വരണ്ട മണ്ണില്‍ പ്രണയം വിലക്കപ്പെട്ട കനിയാകും. ഇതിന്‍റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന കൊലപാതകം.

തീയ്യ സമുദായത്തില്‍പ്പെട്ടുപോയ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയും പട്ടികജാതിയില്‍പ്പെട്ടുപോയ ഒരു പട്ടാളക്കാരനും തമ്മില്‍ പ്രണയബദ്ധരാകുന്നു. പ്രണയം ഒരു കുറ്റകൃത്യമല്ല. ഇന്ത്യന്‍ പുരാണമനുസരിച്ചാണെങ്കില്‍ പ്രണയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാമദേവന്‍, വസന്തന്‍ തുടങ്ങിയ വിദ്വാന്മാരാണ്. അവരാണെങ്കില്‍ യുവതീയുവാക്കള്‍ക്ക് ചുറ്റും കരിമ്പുവില്ലും അഞ്ചിനം മുന്തിയ പൂവമ്പുകളുമായി കറങ്ങിനടക്കുകയുമാണ്. ജാത്യാഭിമാനികള്‍ക്ക് ഈ പുരാണപരാമര്‍ശമൊന്നും ദഹിക്കില്ലല്ലോ.

വിവാഹം നടക്കില്ലായെന്നുറപ്പായപ്പോള്‍ പ്രശ്‌നം പൊലീസിന്‍റെ മുമ്പിലെത്തി. ജാത്യാഭിമാനിയും മദ്യപാനിയുമായ പിതാവാണ് സ്‌നേഹബന്ധത്തിനെതിരെ കൊലക്കത്തിയുയര്‍ത്തിയത്. പൊലീസുകാര്‍ വിവാഹം നിശ്ചയിക്കുകയും ഭരണഘടനാ പ്രകാരമുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.
വീട്ടിലെത്തിയ പിതാവിന്‍റെ മനസില്‍ ജാതിമൂര്‍ഖന്‍ പിന്നെയും ഫണം വിരിച്ചു. മകളുടെ വസ്ത്രങ്ങളെല്ലാം അയാള്‍ ചുട്ടുകളഞ്ഞു. സ്വന്തം കുഞ്ഞിനുനേരെ കൊലക്കത്തിവീശി.

പെണ്‍കുട്ടി അയല്‍വാസിയായ അബ്ദുള്‍ ലത്തീഫിന്‍റെ വീട്ടിലേയ്ക്ക് ഓടിക്കയറി. വേട്ടക്കാരനു മുന്നേ ജിവനും കൊണ്ടോടിവന്ന പെണ്‍കുട്ടിയെ അവര്‍ പടിയടച്ചു നിരസിച്ചില്ല. മനുഷ്യസ്‌നേഹികളായ അബ്ദുള്‍ ലത്തീഫിന്‍റെ വീടു വിറച്ചുനില്‍ക്കേ രാജന്‍ എന്ന പിതാവ് മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി. വിവാഹ വസ്ത്രങ്ങളുമായി പിറ്റേന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിന്‍റെ ദുര്‍മ്മരണമറിഞ്ഞ് വിറങ്ങലിച്ചുനിന്നു.

വാസ്തവത്തില്‍ രാജന്‍ മാത്രമാണോ കുറ്റക്കാരന്‍? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ച ഗുരു ചിന്തയെ തള്ളിക്കളഞ്ഞ് സ്വന്തം ജാതിയില്‍ നിന്ന് മാത്രമേ വിവാഹം പാടുള്ളൂവെന്ന് നിര്‍ബന്ധിച്ച ജാതി സംഘാടകര്‍ക്ക് ഈ ദുരഭിമാനക്കൊലയില്‍ ആശയപരമായ ഒരു പങ്കുണ്ട്.

നവോത്ഥാന കാലത്തെ കേരളത്തെ മാത്രമല്ല, പ്രണയത്തെക്കൂടി നമുക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രണയത്തില്‍ അധിഷ്ഠിതമാണ്. പ്രണയരഹിതമായ ജീവിതം മരുഭൂമിക്ക് തുല്യമാണ്. പ്രണയത്തെ പരിമിതപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ജാതികളും മതങ്ങളും നമ്മളെ പ്രതിനിധീകരിക്കുന്നതേയില്ല.

2 comments:

  1. ജാത്യാഭിമാനം വളര്‍ത്തിയാല്‍ അവിടെ പൊടിച്ചുവളരുന്നത് ഒഴിവാക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്...
    ജാതിയിലും മതത്തിലും അമിതാഭിമാനം കൊള്ളുക
    എന്നുവച്ചാല്‍ മനുഷ്യസ്‌നേഹത്തെ നിരാകരിക്കുകയെന്നാണര്‍ഥം...
    ജാത്യാഭിമാനികളുടെ വരണ്ട മണ്ണില്‍
    പ്രണയം വിലക്കപ്പെട്ട കനിയാകും...!

    ReplyDelete