Tuesday 3 September 2019

രാഹുലൻ ഉറങ്ങുന്നില്ല


ജനലഴിയിൽ മുറുകെ പിടിച്ചു ജൻമത്തിന്റെ
പടവുകൾ വയസ്സാൽ ഗുണിച്ചു സ്വപ്നത്തിന്റെ
പതിരുപാടം കടന്നെത്തുന്ന പക്ഷികൾ
തുരുതുരെ പെയ്യുന്ന പ്രാക്കുകൾ തിന്നുകൊ-
ണ്ടിടവഴിയിലേക്കുറ്റു നോക്കുന്നു രാഹുലൻ
കടമകളുടഞ്ഞതറിയാതെ
തലമുറ തകർന്നതറിയാതെ

മിഴിയിൽ മൗനത്തിന്റെ മാറാലയിൽപ്പെട്ട
പകലിൻ ശവം
ഉഷ്ണകാലങ്ങൾ ചുംബിച്ച ഹൃദയം
ഉലത്തീ പഴുപ്പിച്ച ചിന്തയിൽ
നിറനൊമ്പരങ്ങൾ
നിരക്കാത്ത വാക്കിന്റെ
വിധുരതകൾ വിങ്ങുന്ന തൊണ്ടയിൽ നിന്നൊരു
ജ്വരഗീതകം
ശാപമുനയേറ്റ പ്രജ്ഞയിൽ
കടലിരമ്പുമ്പോൾ ഉറങ്ങാതിരിക്കുന്നു
മുറിയിൽ അശാന്തിസ്വരൂപമായ് രാഹുലൻ

നദി വറ്റി നൻമകൾ വറ്റി നാട്ടിൻപുറ-
ത്തെളിമയും താളവും വറ്റി
നിലാവിന്റെ കുളിരും കിനാക്കളും വറ്റി
പിശാചിന്റെ ഭരണക്രമത്തിൽ
പുരാവസ്തുവായ് തീർന്ന
മധുരപ്രതീക്ഷയെ നെഞ്ചോടു ചേർത്തുകൊ-
ണ്ടിമയടക്കാതെ കിടക്കുന്നു രാഹുലൻ.

ഒരു വിഡ്ഢിവേഷം പിറന്നുവീഴുന്നുണ്ടു-
യവനികയ്ക്കുള്ളിൽ
വെളിച്ചം തിരക്കിട്ടു തെളിയുന്നു
മാലിഖമാരും വരുന്നുണ്ട്
മുല കൊടുക്കുന്നുണ്ട്
ബുദ്ധന്റെ നാട്യത്തിലൊരു
പിതാവിൻ കപടഭിക്ഷാടനം കണ്ടു
മതിയെന്നു പൊട്ടിത്തെറിക്കുന്നു രാഹുലൻ

ഇരുളിന്റെ മറകീറിയർത്ഥവും അർക്കനും
വരുമെന്നു ചൊല്ലിയ ഭ്രാന്തൻ പ്രവാചകൻ
തലയറ്റുവീണ നിരത്തിൽനിന്നും സ്നേഹ -
രഹിതമാം വാഹനപ്പുഴ മുറിച്ചകലുന്നു
കറുകയും കിളികളും കുങ്കുമപ്പൂക്കളും
കഥനുള്ളിനിന്ന കായൽത്തുരുത്തിൽ പൂർവ്വ-
ലയഭംഗികൾ കേട്ടു നിൽക്കുവാൻ രാഹുലൻ
നിറതോക്കുയർന്നതറിയാതെ
കനൽവഴി പുകഞ്ഞതറിയാതെ
സ്മരണയുടെ വള്ളികൾ മണ്ണിൽ മുട്ടുമ്പൊഴും
നിലവറയിൽ നിൽപാണുറങ്ങാതെ രാഹുലൻ

വരതെറ്റി വാസ്തവം തെറ്റി
വായ്ത്താരിയും വരിശയും തെറ്റി
കിഴക്കോട്ടിറങ്ങേണ്ട ഗതി തെറ്റി
ഗായത്രി തെറ്റി
രൂപങ്ങൾ തൻ രതി തെറ്റി
രാമായണം തെറ്റി യോർമ്മയിൽ-
കടുകും ഒരമ്മയും ശിശുവിന്റെ ശവവുമായ്
പൊളിയും പദപ്രശ്നവിഭ്രാന്തിയിൽനിന്നു
കരകയറുവാൻ ബോധപുസ്തകം തേടുന്ന
ഗുരുഗൗതമൻ പുഞ്ചിരിക്കുമ്പൊഴൊക്കെയും
ചിരിമരിച്ചസ്ഥിബിംബങ്ങൾ ചിരിക്കുന്നൊ-
രിടനാഴിയിൽനിന്നു കണ്ണുരണ്ടും തുറി-
ച്ചുറയുന്നു കലികാല രാഹുലൻ മൃത്യുവിൻ
മണിമുഴങ്ങുന്നതറിയാതെ
മുറിവുകൾ പഴുത്തുകരിയാതെ

തടവറയിൽ നിൽക്കുന്നു രാഹുലൻ രാത്രിയും
വെയിലും വളർന്നു തളർന്നിട്ടു മക്കരെ-
കുതിരക്കുളമ്പടി നിലച്ചിട്ടുമപ്രിയ-
കുരുതിക്കു സാക്ഷിയായ്
മിഴിയടക്കാതെന്റെ
മിഴികളിൽ നിൽക്കുന്നു രാഹുലൻ, പന്തങ്ങൾ
വിരലിൽ കൊളുത്തുന്നു രാഹുലൻ
മണ്ണിന്റെ സിരകളിലരിച്ചിറങ്ങുന്നുണ്ടു രാഹുലൻ

ഇതുവരെയുറങ്ങിയിട്ടില്ല
മഹാദു:ഖമൊഴുകുന്നു ധമനിയിൽ
കാത്തിരിപ്പിൻ നീണ്ട
വിരസനിമിഷങ്ങൾ വന്നസ്ത്രം തൊടുക്കവേ
തൊഴുതുനിൽക്കുന്നുണ്ടു രാഹുലൻ ജീവന്റെ
അപകടങ്ങൾക്കൊപ്പമെത്തുന്നു നിത്യവും
ശവദർശനങ്ങളാൽ ഞെട്ടുന്നു രാഹുലൻ

ചുടുകാറ്റു താരാട്ടുപാടുന്ന നേരവും
ചുടുകാട്ടിൽ നിൽപാണുറങ്ങാതെ രാഹുലൻ

No comments:

Post a Comment