ആരോഗ്യമേഖലയിലും സുരക്ഷാമേഖലയിലും പ്രവര്‍ത്തിക്കുന്നവരും സന്നദ്ധസൈനികരും ഒഴിച്ച് എല്ലാവരും വീട്ടിലിരിപ്പാണ്. വായന,അടുക്കളപ്പണി, ചെറു കൃഷിപ്പണി,വീട്ടിലെ ബാലലോകവുമായുള്ള ഇടപെടല്‍ ഇതൊക്കെയുണ്ടെങ്കിലും എല്ലാവരും ദു:ഖിതരാണ്.
നമുക്ക് നേരിട്ട് പരിചയമില്ലാത്ത എത്രയോ സഹോദരരാണ് വിവിധരാജ്യങ്ങളിലായി മരിച്ചത്.നമുക്കേറെ പ്രിയപ്പെട്ട നെരൂദയുടെയും ദാന്തെയുടെയും കവാബത്തയുടെയും ഷെല്ലിയുടെയും മറ്റും ഭാഷ സംസാരിക്കുന്നവര്‍. എത്രയോ ദു:ഖകരമായ അനുഭവമാണിത്.
നേരിട്ട് പരിചയം ഉണ്ടായിരുന്ന പലരും ചെന്നെത്താവുന്ന ദൂരത്തില്‍ പല അസുഖങ്ങളാല്‍ മരിച്ചു. അവിടെയും ഒന്ന് പോകാന്‍ കഴിയുന്നില്ല.
കൊല്ലത്ത്, ഇസ്ലാം മതം വേണ്ടെന്നു വച്ച് പത്രപ്രവര്‍ത്തകനായ തുളസിയുമായി ചേര്‍ന്നു കുടുംബജീവിതം വിജയകരമായി നയിച്ച ലൈലയുടെ മരണം.കോട്ടാത്തല സുരേന്ദ്രനും തെങ്ങമം ബാലകൃഷ്ണനും കെ.തങ്കപ്പനും തോപ്പില്‍ രവിയും കെ.പി.അപ്പനും ഡോ.ബലരാമനും അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം പൊതു ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ സംസ്ക്കരിച്ചപ്പോള്‍ മാത്രമാണ് അവിടെ എത്താന്‍ കഴിഞ്ഞത്.പിന്നീട് കര്‍ശനമായ വീട്ടുസുരക്ഷയില്‍.
ജനകീയ ചിത്രകാരന്‍ കെ.പ്രഭാകരന്‍റെ മരണം. ചിന്ത രവിയുടെ സഹോദരനെന്ന നിലയിലല്ല, ആശയപരമായി ഒരേ തൂവല്‍ പക്ഷികളെന്ന നിലയിലായിരുന്നു പ്രഭാകരനുമായുള്ള അടുപ്പം.കൊല്‍ക്കത്ത, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് കണ്ടപ്പോള്‍ ആ നനുത്ത സ്നേഹത്തിന്‍റെ പൊട്ടാത്ത വേരുകള്‍ അറിഞ്ഞതാണ്. അദ്ദേഹവും ജീവിത പങ്കാളിയായ കബിതാ മുഖര്‍ജിയും ചിത്രകലയുടെ ക്യാന്‍വാസില്‍ വരഞ്ഞിട്ട വ്യത്യസ്ത ബിംബങ്ങള്‍ ഓര്‍ത്ത് കൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാനെ കഴിഞ്ഞുള്ളു.
കഥാകൃത്തും പ്രസംഗകനും ലേ ഔട്ട് ആര്‍ട്ടിസ്റ്റും ഒക്കെയായ ബേബി തോമസിന്റെ മരണം. എണ്‍പതുകളില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും തുടങ്ങിയ എലുക എന്ന കുഞ്ഞുമാസികയാണ് അദ്ദേഹത്തെ സാംസ്ക്കാരിക ലോകവുമായി അടുപ്പിച്ചത്. അദ്ദേഹവുമായി ചേര്‍ന്ന് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രധാനം പി.കെ റോസിയെ കുറിച്ചുള്ള അന്വേഷണമാണ്. തലസ്ഥാനനഗരം അവഗണിച്ച വെട്ടിയാര്‍ പ്രേം നാഥ്, കവിയൂര്‍ മുരളി,കല്ലട ശശി, ഭവാനി പ്രേംനാഥ് തുടങ്ങിവയവരെ ഓര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ സമ്മേളനങ്ങള്‍. മതത്തെ തള്ളിക്കളഞ്ഞ ബേബിച്ചന്റെ മൃതശരീരം ആ വഴിയേ മുന്‍പേ സഞ്ചരിച്ച അബു എബ്രഹാം അടക്കമുള്ളവരെ യാത്രയാക്കിയ ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തില്‍ സംസ്ക്കരിക്കുകയായിരുന്നു.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതത്തിലെ ഏതു മുഹൂര്‍ത്തത്തെ കുറിച്ചും ഏതു കവിതയെ കുറിച്ചും അറിയാവുന്ന ഒരാള്‍ അത് സാഹിത്യകാരന്മാരോ പ്രൊഫസര്‍ മാരോ ആയിരുന്നില്ല. ആലപ്പുഴയിലെ കമ്മ്യൂനിസ്റ്റ് നേതാവായിരുന്ന ടി.പുരുഷോത്തമന്‍ ആയിരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27നു വയലാറില്‍ അദ്ദേഹം നടത്തിയിരുന്ന മണിക്കൂറുകള്‍ നീണ്ട വയലാര്‍ കാവ്യപ്രസംഗം അത്ഭുതത്തോടെയാണ് സദസ്യര്‍ കേട്ടിരുന്നത്. ഈ സൗഹൃദനിഷേധിയായ കൊറോണക്കാലത്ത് വൃക്കരോഗം ബാധിച്ചു ആ സഖാവും യാത്രപറഞ്ഞു.
അങ്കമാലിയിലെ കമ്മ്യൂനിസ്റ്റ് നേതാവായ പി.ഏ. മത്തായി.രാഷ്ട്രീയ സൈദ്ധാന്തിക മേഘലയിലെ അന്വേഷകനും തൊഴിലാളി നേതാവും ആയിരുന്നു. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫിനിന്റെ ജീവിത പങ്കാളിയായ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിനു നല്‍കുകയായിരുന്നു. നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്.അദ്ദേഹവും വീടടച്ച ഈ കൊറോണക്കാലത്ത് ഹൃദ്രോഗം മൂലം വിട പറഞ്ഞു.
എത്ര നഷ്ടങ്ങള്‍.എത്ര ദുഃഖങ്ങള്‍.മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ കഴിയാതെ മുറികളിലിരുന്നു വിങ്ങിപ്പൊട്ടിയവര്‍.കൊറോണ തന്ന പാര്‍ശ്വദുഃഖങ്ങള്‍ അനവധിയാണ്.