കേരളത്തില്‍ ഒരു പുരോഹിതനെ കൂടി പൗരോഹിത്യപ്പണികളില്‍ നിന്നും മാറ്റിനിറുത്താന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നു.
കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാവാത്ത ഒരു വിദ്യാര്‍ഥിനിയെ ബലാല്‍ഭോഗം ചെയ്തു ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് തലശ്ശേരി പോക്സോ കോടതി ഇരുപതു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച റോബിന്‍ വടക്കുംചേരി എന്ന പുരോഹിതനെയാണ് ക്രിസ്തുസേവയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവവും അല്ല. പുരോഹിതന്മാരുടെ ലൈംഗിക അക്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ നേരത്തെ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്.
ഇതിന്റെ നിയമവശങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. എന്നാല്‍ വിശാസവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്ന ഒരു പച്ചക്കള്ളം ശ്രദ്ധിക്കേണ്ടാതായിടുണ്ട്. അത് എല്ലാ ജീവജാലങ്ങളുടെയും പ്രവര്‍ത്തികള്‍ ദൈവം കാണുന്നുണ്ട് എന്നതാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഉത്സവത്തിനു പോയപ്പോള്‍ ഉണ്ടായ ഒരു ദുരനുഭവം വിവരിച്ചിട്ട്, എല്ലാം കണ്ടുകൊണ്ടു മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്നു പറയുന്നുണ്ട്. അപ്പോള്‍ മങ്കട രവിവര്‍മ്മ ക്യാമറ മുകളിലേക്ക് തിരിക്കുകയും അനന്ത വിശാലമായ ആകാശത്തില്‍ ഒരു മരച്ചില്ലയിലൂടെ ചിലച്ചുപോകുന്ന അണ്ണാറക്കണ്ണനെ കാണിക്കുന്നുമുണ്ട്.
മുകളിലച്ചന്‍ എന്നറിയപ്പെടുന്ന ഫാ.തോമസ് പി.മുകളില്‍ സ്വന്തം കാര്‍ട്ടൂണുകളും കുഞ്ഞിക്കഥകളും ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഥ കഥച്ചു കത്തനാര് വരവരച്ചു എന്നാണ് രസകരമായ ആ പുസ്തകത്തിന്‍റെ പേര്. അതില്‍ ഒരു കാര്‍ട്ടൂണില്‍ വാചാപ്രാര്‍ത്ഥനക്ക് എത്തുന്ന പുരോഹിതന്‍ ഇങ്ങനെ പറയുന്നുണ്ട്." കര്‍ത്താവേ അങ്ങയ്ക്ക് അറിയാമോ എന്നെനിക്ക് അറിയില്ല.... "
ദൈവം എല്ലാ പ്രവര്‍ത്തികളുടെയും സാക്ഷിയാണോ? അങ്ങനെയൊന്നു പ്രചരിപ്പിക്കുന്നത് മനുഷ്യനില്‍ ദൈവഭയം സൃഷ്ടിച്ച് നേര്‍വഴിക്ക് നടത്താനാണോ? അങ്ങനെയെങ്കില്‍ ഈ പുരോഹിതന്‍ ദൈവഭയത്തെ അവഗണിച്ചു തെറ്റ് ചെയ്തത് എന്തുകൊണ്ടാണ്? നമ്മള്‍ ഭയക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടത് ദൈവത്തെയാണോ ധാര്‍മ്മിക മൂല്യങ്ങളെയാണോ? ഇത്തരം കുറെ അടിസ്ഥാന ചോദ്യങ്ങള്‍ കൂടി കൊട്ടിയൂരെ ഹീനസംഭവം ഉയര്‍ത്തുന്നുണ്ട്.
അഭയക്കേസിലെ പ്രധാനസാക്ഷി വിശ്വാസമനുസരിച്ച് ദൈവം ആണല്ലോ. അദ്ദേഹം ഇന്നുവരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഫ്രാങ്കോകേസിലെ കന്യാസ്ത്രീകളും ബലാല്‍ഭോഗ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും ദൈവം തടയുകയോ ഇരകളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥകളിലൂടെയാണ് എല്ലാ അന്വേഷണങ്ങളും പുരോഗമിക്കുന്നത്.
ദൈവത്തിന്റെ കോടതിയും ശിക്ഷാവിധികളും മരണത്തിനു ശേഷമാണ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ചെയ്യാനുള്ള പ്രവണതയെ ഉത്സാഹിപ്പിക്കുകയേയുള്ളൂ.
ദൈവത്തിന്റെ സാക്ഷിത്വം,ശിക്ഷാവിധി തുടങ്ങിയ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. അങ്ങനെ പ്രചരിപ്പിച്ച ഒരു വികാരിയാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മതം മനുഷ്യനെ നന്നാക്കാനുള്ള ഒരു ഉപാധിയേയല്ല. അത് തെറ്റുകള്‍ ചെയ്യാനുള്ള സുരക്ഷിതത്വമുള്ള ഒരു മറ മാത്രമാണ്.
പ്രതിശ്രുത വധുവേ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ എന്ന് വയലാര്‍ രാമവര്‍മ്മ ഒരു സിനിമാപ്പാട്ടില്‍ ചോദിക്കുന്നുണ്ട്. അതാണ് വാസ്തവം. മനുഷ്യനെ നയിക്കേണ്ടത് മത നിയമങ്ങള്‍ അല്ല. ധാര്‍മ്മികമൂല്യങ്ങളാണ്.
ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് എഴുതിയ സഹോദരന്‍ അയ്യപ്പന്‍ അടുത്ത വരിയായി എഴുതിയിട്ടുള്ളത് വേണം ധര്‍മ്മം എന്നാണ്.
അതെ ഏതിലും അതിന്റേതായ ധർമ്മം വേണം
ReplyDelete