മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണയത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ് ജാതിയും മതവും വാളും കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.
ആദ്യമൊക്കെ പിന്തിരിപ്പിക്കാന്‍ നോക്കും. മാതാപിതാക്കളുടെ ആത്മഹത്യാ ഭീഷണിവരെ ഉണ്ടാകും. എന്നിട്ടും പിരിയുന്നില്ലെങ്കില്‍ മതം മാറ്റാനുള്ള പ്രലോഭനങ്ങള്‍ ആരംഭിക്കും. പ്രണയികള്‍ക്ക് മതത്തെക്കാള്‍ വലുത് പ്രണയം ആയതിനാല്‍ മതം മാറ്റത്തെ പുല്ലുപോലെ സ്വീകരിച്ച് അവര്‍ പ്രണയസാഫല്യം നേടും.
അറിയാതെ പെട്ടുപോയ ജാതിയില്‍ നിന്നും മതത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിക്കുല്ലെന്നു ഉറപ്പിച്ച ചിലരുണ്ട്.അവര്‍ വളരെ ശ്രദ്ധയോടെ വിജാതീയ വിവാഹം നടത്തുക തന്നെ ചെയ്യും.
പ്രണയികളോട് മതം ക്രൂരമായാണ് പെരുമാറുന്നത്. കൊല്ലാനും അവര്‍ മടിക്കില്ല. കാസര്‍കോട്ടെ ബാലകൃഷ്ണനെ കൊന്നത് ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല. മലപ്പുറം, കോട്ടയം ജില്ലകളില്‍ സമീപകാലത്തുണ്ടായ ദുരഭിമാന നരഹത്യ കേരളത്തിന്റെ മുഖത്ത് പുരണ്ട ചോരയാണ്.
മിശ്രവിവാഹം അഭിമാനകരമാണ്. ഒരിക്കല്‍ എറണാകുളത്ത് മിശ്രവിവാഹിതരുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനിടയായി. എറണാകുളം ജില്ലയിലെ അന്നത്തെ വനിതാ കളക്ടറും ജില്ലാ പോലീസ് മേധാവിയുമാണ് വിശിഷ്ട അതിഥികളായി പങ്കെടുത്തത്. മിശ്രവിവാഹിതര്‍. മാത്രമല്ല ഞങ്ങള്‍ മിശ്രവിവാഹിതര്‍ ആണെന്ന് അവര്‍ അഭിമാനത്തോടെ അവിടെ പറയുകയും ചെയ്തു.
അതെ. മിശ്രവിവാഹം അഭിമാനകരമാണ്. അന്തസ്സോടെ തല ഉയര്‍ത്തിനിന്നു പറയാവുന്ന കാര്യം.
ഐതിഹ്യത്തിലെ കേരളത്തിന്‍റെ വംശപരമ്പര വരരുചിയുടെ മിശ്രദാമ്പത്യത്തില്‍ നിന്നും ആരംഭിക്കുന്നു. കഥ അങ്ങനെയുണ്ടെങ്കിലും കേരളം ജാതിപ്പിശാചിന്റെ കരാളഹസ്തത്തില്‍ പെടുകയും ജാതിയും മതവും മാറിയുള്ള വിവാഹം അനുവദിക്കാത്ത ഒരു സമൂഹമായി മാറുകയും ചെയ്തിരുന്നു. മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഒരു അപമാനിത കേരളം. മിതവാദി കൃഷ്ണന്‍, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവര്‍ സ്വന്തം കുടുംബങ്ങളില്‍ മിശ്രവിവാഹം അനുവദിച്ചുകൊണ്ട് മാറ്റത്തിന്‍റെ പച്ചക്കൊടി പറപ്പിച്ചു. ഇന്ന് ലക്ഷക്കണക്കിന് മിശ്രവിവാഹിതരാണ് കേരളത്തില്‍ ഉള്ളത്.
സമുന്നത രാഷ്ട്രീയ പ്രതിഭകളായ ടി.വി. തോമസ്സും കെ.ആര്‍.ഗൗരിയും ഏ.കെ.ഗോപാലനും സുശീലാഗോപാലനും ജോര്‍ജ്ജ് ചടയന്‍മുറിയും വി.വി.രാഘവനും ബിനോയ് വിശ്വവും തോപ്പില്‍ ഗോപാലകൃഷ്ണനും വയലാര്‍ രവിയും മറ്റും ഈ വഴിയേ സഞ്ചരിച്ചവരാണ്.
സമുന്നത സാഹിത്യ സാംസ്കാരിക പ്രതിഭകളായ തിരുനല്ലൂര്‍ കരുണാകരനും ഓ.വി.വിജയനും കെ.ഇ.എന്നും ഇടമറുകും തെങ്ങമം ബാലകൃഷ്ണനും പെരുമ്പുഴ ഗോപാലകൃഷ്ണനും കെ.ജി.എസും സക്കറിയയും മറ്റും വഴികാട്ടികളാണ്.
മിശ്രവിവാഹിതര്‍ അനുഭവിക്കുന്ന പെട്ടെന്നുള്ള ഒരു പ്രതിസന്ധി സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ രാപ്പാര്‍ക്കാന്‍ ഒരു കൂര എന്നതാണ്. മിശ്രവിവാഹിതര്‍ക്ക് ഒരു വര്ഷം വരെ സുരക്ഷിതമായി താമസിക്കാന്‍ സര്‍ക്കാര്‍ രക്ഷാവീടുകള്‍ ഒരുക്കുകയാണ്.ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള മിശ്രവിവാഹിതര്‍ക്ക് മുപ്പതിനായിരം രൂപ സഹായധനം നല്‍കുന്നുണ്ട്.ഒരാള്‍ പട്ടികജാതിയില്‍ പെട്ട ആളാണെങ്കില്‍ എഴുപത്തയ്യായിരം രൂപയാണ് കുടുംബം സൃഷ്ടിച്ചു ജീവിക്കാനുള്ള സഹായധനം. ഉദ്യോഗസ്ഥരായ മിശ്രവിവാഹിതര്‍ക്ക് സ്ഥലം മാറ്റത്തിലും അനുകൂല പരിഗണനയുണ്ട്.
കോണ്‍ഗ്രസ് അംഗമായ പി.ടി തോമസ്സിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി കെ.കെ.ശൈലജയാണ് ഈ വിവരം നിയമസഭയില്‍ പറഞ്ഞത്. മിശ്രവിവാഹം സമൂഹത്തിന്റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതം ആകയാല്‍ കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രിതന്നെ മറുപടി പറഞ്ഞത് നന്നായി.
കാര്യങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല. ജാതിക്കും മതത്തിനും അമിത പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെയാണ് രാജ്യം ലക്‌ഷ്യം വയ്ക്കുന്നതെങ്കില്‍ മിശ്രവിവാഹിതര്‍ക്ക് ജോലിക്കാര്യത്തില്‍ സംവരണം നല്‍കേണ്ടതാണ്. ജാതിമതരഹിതരായി പഠിക്കുന്ന നിരവധി കുഞ്ഞുമക്കള്‍ കേരളത്തിലുണ്ട്. അവരുടെ ഭാവി സുരക്ഷിതം ആക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
മിശ്രവിവാഹിതരുടെ സമ്മേളനത്തിനായി എഴുതിയ വി.കെ പവിത്രന്റെ കവിത ഇന്ന് ഇന്ന് പലരാഷ്ട്രീയകക്ഷികളും ഏറ്റു വിളിക്കുന്നുണ്ട്. ഞങ്ങളിലില്ലാ ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ മുദ്രാവാക്യം സാക്ഷാത്ക്കരിക്കണമെങ്കില്‍
മിശ്രവിവാഹത്തെ എല്ലാ പരിഗണനയും കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്
പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ് ജാതിയും മതവും വാളും കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.
ReplyDelete