Thursday 20 February 2020

തീന്‍മേശയിലെ ചക്ക


പ്ലാവില്‍ കയറി ചക്കയിട്ട് ഒറ്റയ്ക്ക് വൃത്തിയാക്കി വെളിച്ചെണ്ണയില്‍ വറുത്ത് വറ്റലാക്കി ഒറ്റയ്ക്ക് തന്നെ കഴിക്കുന്ന ഒരു കഥാപാത്രത്തെ വി.കെ.എന്‍ അവതരിപ്പിച്ചിട്ടുണ്ട്. വി.കെ.എന്നിന്‍റെ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ഥരാണ്. അതുപോലെ ഈ കഥാപാത്രവും. ചക്കയുടെ സാമൂഹ്യമായ പങ്കുവയ്ക്കലിനെയാണ് ഈ കഥാപാത്രം നിരസിക്കുന്നത്. അത് വി.കെ.എന്‍ കഥാപാത്രത്തിന്റെ പ്രത്യേകത.എന്നാല്‍ ചക്ക ഒറ്റയ്ക്ക് തിന്നാവുന്ന ഒരു ആഹാരമേയല്ല.

ചക്ക ഇട്ടാല്‍ അത്   പകുത്ത് അയല്‍ക്കാര്‍ക്ക്
കൊടുക്കുന്നതാണ്  കേരളീയരുടെ  രീതി. ചക്ക കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വീട്ടിലുള്ളവര്‍ എല്ലാവരും പല നേരമായി കഴിക്കുന്നു. ചക്കക്കാലമായാല്‍ പിന്നെ തീന്‍ മേശയില്‍ ചക്കയുടെ എകാധിപത്യമാണ്. കറികളെല്ലാം ചക്കകൊണ്ട്. ചിലപ്പോള്‍ ചോറുതന്നെ ഒഴിവാക്കി ചക്കപ്പുഴുക്ക് പകരം കഴിക്കും.  

പി.[പി.രാമചന്ദ്രന്റെ ഒരു കവിത ചക്കയുടെ സാമൂഹ്യമായ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്. ചക്കയുമായും പ്ലാവുമായും ബന്ധപ്പെട്ട നിരവധി ചൊല്ലുകളും മലയാളത്തില്‍ ഉണ്ട്. ആയുര്‍വേദ ഔഷധരംഗത്തും പ്ലാവിനും ചക്കയ്ക്കും വലിയ പ്രാധാന്യമുണ്ട്. പ്ലാവിന്റെ വിശാലമായ  തണലില്‍ പ്ലാവിലയും മറ്റും ഉപയോഗിച്ചു കളിക്കോപ്പുകള്‍ ഉണ്ടാക്കിയും പ്ലാവിന്റെ ബലവത്തായ ശിഖരങ്ങളില്‍ ഊഞ്ഞാലാടിയും അര്‍മ്മാദിച്ച കേരളത്തിന്‍റെ ബാല്യം ഇന്ന് മുതിര്‍ന്നവരുടെ ഓര്‍മ്മയിലാണുള്ളത്. 

പിലാത്തറ, പ്ലാംമൂട്, മച്ചിപ്ലാവ്, ഒറ്റപ്ലാവ് തുടങ്ങിയ സ്ഥലപ്പേരും കേരളത്തില്‍ ഉണ്ട്.
പൊത്തില്‍ രാജാവിനെ ഒളിപ്പിച്ച അമ്മച്ചിപ്ലാവ് കേരളചരിത്രത്തിന്റെ ഭാഗവുമാണ്. അന്‍പതിലധികം ഇനത്തിലുള്ള പ്ലാവുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച വളമൊന്നും വേണ്ടാതെ വളരുന്ന പ്ലാവിന്‍റെ തടി തേക്കും ഈട്ടിയും പോലെതന്നെ  രാജകൊട്ടാരങ്ങളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.

നാഗരികതയിലേക്കുള്ള വ്യതിയാനം ചക്കയെ കേരളത്തിന്റെ  ഭക്ഷണമുറിയില്‍ നിന്നും അകറ്റി. പ്രമേഹരോഗികള്‍ ചക്ക ഉപേക്ഷിക്കണം എന്ന വൈദ്യോപദേശവും ഒരു കാരണമാണ്. ഇപ്പോള്‍ പ്രമേഹരോഗികള്‍ക്കും ചക്ക കഴിക്കാമെന്നു ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ ആധുനികവിപണികളില്‍ മുള്ളും ചകിണിയുമൊക്കെ കളഞ്ഞു എളുപ്പത്തില്‍ പാകപ്പെടുത്താവുന്ന രീതിയിലുള്ള ചക്കക്കഷണങ്ങള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. മണ്ണു പുരട്ടി ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കുന്ന ചക്കക്കുരു പഞ്ഞമാസങ്ങളില്‍ മലയാളിയുടെ അഭയം ആയിരുന്നു.

നാട്ടുവഴികളില്‍ ചിതറിക്കിടന്നു ഈച്ചയാര്‍ക്കുന്ന ചീഞ്ഞ ചക്ക നാഗരികജീവിതാസക്തിയുടെ ദുര്‍മുഖമാണ് കാട്ടിത്തരുന്നത്. ചക്ക മൊത്തമായി വാങ്ങി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വറ്റലും ബിസ്ക്കറ്റുമാക്കി കവറുകളില്‍ അടക്കി കേരളത്തിലെ കമ്പോളങ്ങളില്‍ തന്നെ എത്തിക്കുന്ന വ്യാവസായികളും ഉണ്ട്.

വിശപ്പടക്കാനുള്ള ഏറ്റവും നല്ല ഉപാധിയെന്ന നിലയില്‍ ചക്ക നമ്മുടെ തീന്‍ മേശയിലേക്ക്‌ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. പ്ലാവ് കൃഷിക്ക്  കേരളത്തിന്റെ കൃഷിവകുപ്പും പ്രോത്സാഹനം നല്‍കുന്നുണ്ട്. അധികമാരും വായിക്കാത്ത ഒരു നല്ല മാസിക കൃഷിവകുപ്പിനു ഉണ്ട്. കേരള കര്‍ഷകന്‍. ഈ മാസികയിലൂടെയും ചക്ക ഉത്പാദനത്തിന്റെ പ്രാധാന്യം കര്‍ഷകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചക്കകൊണ്ടുള്ള വിഭവമേളകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

ചക്കയ്ക്ക് എന്തെല്ലാം പ്രാധാന്യം ഉണ്ടായാലും ചമ്മന്തിക്ക് ഉപകരിക്കില്ലല്ലോ എന്ന് ഒരു കവിതയില്‍ കുഞ്ഞുണ്ണിമാഷ് വിലപിക്കുന്നുണ്ട്.എന്നാല്‍ ചക്ക കൊണ്ട് ചമ്മന്തിയും ഉണ്ടാക്കാം എന്നാണു പ്രമുഖ പാചക ഗവേഷകയായ ആന്‍സി മാത്യു പാലാ കണ്ടെത്തുന്നത്. ചക്ക കൊണ്ട് ചമ്മന്തിയും ചമ്മന്തിപ്പൊടിയും ഉണ്ടാക്കാമെന്നു ആന്‍സിയുടെ ചക്കവിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

നാട്ടുരുചികള്‍, പുതുരുചികള്‍, പലവക വിഭവങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പാചകകലാ ഗ്രന്ഥത്തില്‍ നൂറ്റമ്പത്തിലധികം ചക്കവിഭവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കാം.എന്നാല്‍ പ്ലാവിലയോ? ആടുകള്‍ക്ക് അല്ലാതെ മനുഷ്യനും പ്ലാവില ഭക്ഷണമാണോ? പ്ലാവില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നും ആന്‍സി പറയുന്നുണ്ട്. അധികം മൂക്കാത്ത പ്ലാവിലയും തേങ്ങ,പച്ചമുളക്,ചുവന്നുള്ളി,ഇഞ്ചി,ഉപ്പ്,മഞ്ഞള്‍പ്പൊടി, കടുക്,എണ്ണ, പയര്‍ എന്നിവയുമാണ് ഈ വിഭവത്തിന്റെ ചേരുവകള്‍.

ചക്കക്കുരു, ചക്ക,കൊഞ്ച് ഇവ ചേര്‍ത്തു ചക്കക്കൊഞ്ചു കറിയും ഇടിച്ചക്ക കൊണ്ടുള്ള സാമ്പാറും, ചക്കയും കടലയും ചേര്‍ത്തുള്ള കൂട്ടുകറിയും ചക്കക്കുരു കൊണ്ട് ഉപ്പിലിട്ടതും ഉണ്ടാക്കാം.ഇതെല്ലാം നമ്മുടെ ആദരണീയരായ വീട്ടമ്മമാര്‍ ഉണ്ടാക്കി രുചിച്ചു ബോധ്യപ്പെട്ടതുമാണ്.

പുതുരുചികള്‍ എന്ന വിഭാഗത്തില്‍ ചക്കയും ചിക്കനും ചേര്‍ത്തുള്ള ബിരിയാണി, ചക്കപ്പഴം പേട, ഇടിച്ചക്ക കബാബ്, ചക്കസൂപ്പ് തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞിരിക്കുന്നു.

പലവക എന്ന വിഭാഗത്തില്‍ ചക്കമുള്ള് കൊണ്ടുള്ള ദാഹശമനി, വൈന്‍,കൊണ്ടാട്ടം,വിനാഗിരി,ചക്കക്കുരു അവലോസുപൊടി തുടങ്ങിയവയും വിശദീകരിക്കുന്നുണ്ട്.

ചക്ക കേരളത്തിന്‍റെ ഏറ്റവും രുചികരവും പോഷകമൂല്യം ഉള്ളതുമായ ആഹാരമാണ്. പ്ലാവ് കേരളത്തിന്റെ മഹാസാധ്യതകള്‍ ഉള്ള വൃക്ഷവും.

1 comment:

  1. ഇപ്പോൾ പാശ്ചാത്യ നാട്ടിലൊക്കെ കൂടുതൽ ആളുകളും വീഗൻസ് ആയി മാറിക്കൊണ്ടിരിക്കുകയാണ് - അവരുടെയൊക്കെ മെനുവിൽ അനേകം ചക്ക വിഭവങ്ങൾ ഇടം പിടിക്കുന്നുണ്ട് , ആയതിനാൽ ചക്ക കേരളത്തിന്‍റെ ഏറ്റവും രുചികരവും പോഷകമൂല്യം ഉള്ളതുമായ ആഹാരവും . പ്ലാവ് കേരളത്തിന്റെ മഹാസാധ്യതകള്‍ ഉള്ള വൃക്ഷവുമായിത്തീരുന്നു  ...

    ReplyDelete