തമിഴ് അറിയാവുന്നവര്‍ അധികമുള്ള കേരളത്തിലെ ഒരു കിഴക്കന്‍ പ്രദേശം. ആകെ ഒരേയൊരു സിനിമാകൊട്ടക. ഒരിക്കല്‍ അവിടെ ഡ്രാക്കുള എന്ന സിനിമ കളിക്കാനെത്തി.
ബ്രാംസ്റ്റോക്കറുടെ വിഖ്യാതമായ കഥയാണ്. ആറര അടി പൊക്കവും ചിരിച്ചു കണ്ടാല്‍ മനുഷ്യന് ബോധക്ഷയം വരുന്നത്ര ഭാവഗരിമയുമുള്ള ക്രിസ്റ്റഫര്‍ ലീയാണ് ഡ്രാക്കുളയായി വരുന്നത്.
പക്ഷെ, ആരും സിനിമകാണാന്‍ പോയില്ല. തിയേറ്ററിന്റെ ഉടമസ്ഥനു ഒരു ബുദ്ധിതോന്നി. ഡ്രാക്കുള എന്ന പേരിനൊപ്പം മറ്റൊരു വാക്കുകൂടി പരസ്യപ്പെടുത്തി. ഭക്തഡ്രാക്കുള. ആളുകള്‍ ഇരച്ചുകയറിയെന്നാണ് പിന്‍കഥ.
അതുപോലെ ഏതു പരിപാടിയുടെയും കൂടെ കൊറോണ എന്നുകൂടി ചേര്‍ത്താണ് ചാനലുകളും റേഡിയോകളും വിളമ്പുന്നത്. പഴംപൊരി ഉണ്ടാക്കുന്ന കാര്യമാണ് പ്രതിപാദിക്കുന്നതെങ്കില്‍ കൊറോണക്കാലത്ത് പഴംപൊരി ഉണ്ടാക്കുന്ന വിധം എന്നാവും ശീര്‍ഷകം.
ഈ പഴുതുപയോഗിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാനും കേരളം തള്ളിക്കളഞ്ഞ മൂഢധാരണകളെ ന്യായീകരിച്ച് എഴുന്നള്ളിക്കാനും ചിലര്‍ ശ്രമിക്കുന്നു. അപലപിക്കേണ്ട ഒരു പാഴ്ശ്രമമാണത്.
അനന്തപുരി റേഡിയോവിലാണ് സാഹിത്യകാരനായ ഒരു പ്രഭാഷകന്‍ ഒരു പഴയ ആചാരത്തെ ന്യായീകരിച്ചത്. പണ്ടുകാലത്ത് പുറത്ത് പോയിട്ടുവന്നാല്‍. കാലും മുഖവും കഴുകിയിട്ടെ വീട്ടിനുള്ളില്‍ കയറാവൂ എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. വീട്ടുപടിക്കല്‍ കിണ്ടിയില്‍ വെള്ളവും വച്ചിരുന്നു. അതിന്റെ കാരണം ഇതുപോലെയുള്ള സാംക്രമിക രോഗങ്ങള്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാനായിരുന്നു. നമ്മള്‍ അത് ഒഴിവാക്കിയത് കൊണ്ടാണ് ഇപ്പോള്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. എത്ര നിരുപദ്രവകരമായ ഒരു ചിന്ത എന്നേ ശ്രോതാക്കള്‍ക്ക് തോന്നൂ.
എന്നാല്‍ കാര്യമെന്താണ്? അക്കാലത്ത് ആര്‍ക്കും ചെരുപ്പ് ഇല്ലായിരുന്നു. മാലിന്യ സംസ്ക്കരണത്തിനു ഇന്നുള്ള സൗകര്യങ്ങളും ഇല്ലായിരുന്നു. പുറത്തുപോയിവന്നാല്‍ മാലിന്യം കൂടി പുരയ്ക്കുള്ളില്‍ കയറുമായിരുന്നു. അത് തടയാനാണ് അങ്ങനെ പറഞ്ഞിരുന്നത്.
കിണ്ടിയുടെ ഉപയോഗം മനസ്സിലാക്കിയ മന്നത്തു പത്മനാഭന്‍ കിണ്ടി വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തത് കൂടി ഇവിടെ ഓര്‍മ്മിക്കാം. കിണ്ടിസംസ്ക്കാരം നിലനില്ക്കണമെന്നു താല്‍പ്പര്യം ഉള്ളവരാണ് പഴമയെ പുകഴ്ത്തുന്നത്.
ട്വന്റ്റിഫോര്‍ ചാനലിലെ ഗംഭീരമായ ഒരു പരിപാടിയില്‍ അതിഥിയായി വന്ന മതപണ്ഡിതന്‍ സ്വന്തം മതത്തിലെ ഒരു ആചാരത്തെ ന്യായീകരിക്കുന്നതും കേട്ടു. കൊറോണയെ പ്രതിരോധിക്കാന്‍ കൈ കഴുകണം എന്നാണല്ലോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ മതത്തില്‍ നമസ്ക്കരിക്കുന്നതിനു മുന്‍പ് ഇക്കാര്യം നിര്‍ബ്ബന്ധമാണ്. ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ പോകുന്ന കൊറോണയെ പ്രതിരോധിക്കാനുള്ള ലളിതമാര്‍ഗ്ഗം അന്നേ പറഞ്ഞു എന്നര്‍ത്ഥം.
അങ്ങനെയെങ്കില്‍ അത്യുന്നത ആരാധനാലയങ്ങള്‍ അടച്ചിട്ടത് എന്തിനു? തബ്ലീഗ് സമ്മേളനത്തിനു പോയവര്‍ ഇന്ത്യയൊട്ടാകെ കൊറോണ പടര്‍ത്തുന്നു എന്ന് ഭീതിപ്പെട്ടത് എന്തിനാണ്?
കൈകാലുകള്‍ ശുദ്ധീകരിക്കുകയെന്നത് രോഗപ്രതിരോധത്തെ ഉദ്ദേശിച്ചു ഉണ്ടാക്കിയ ഒരു നിഷ്ഠയല്ല. ഈശ്വരനെ പ്രാര്‍ഥിക്കുമ്പോള്‍ ശരീരം ശുദ്ധമായിരിക്കട്ടെ എന്ന ചിന്തയേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഈശ്വരനാണെങ്കില്‍ കൊറോണ ക്കാര്യത്തില്‍ നിസ്സഹായനുമാണ്.
കൊറോണ ബാധിച്ച ഒരാള്‍ ആരാധനാസമയത്ത് കൂടെയുണ്ടെങ്കില്‍ കൈകാലുകള്‍ ശുദ്ധീകരിച്ചതു കൊണ്ട് അതിന്റെ സംക്രമണം തടയാന്‍ സാധിക്കുമോ? മസൂരിക്കാലത്ത് തടയാന്‍ സാധിച്ചി രുന്നോ?
ഈ കാലം അന്ധവിശ്വാസങ്ങളെ ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് കാലം കൂടിയാണ്. ആരാധനാലയങ്ങള്‍ പൂട്ടിയത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ദുഃഖവെള്ളിയും ഉയിര്‍പ്പ് ദിനവും ആഘോഷിക്കാതെ പോയത് എന്തുകൊണ്ട്? ശബരിമലയിലെ വിഷു ദര്‍ശനം ഒഴിവാക്കിയത് എന്തുകൊണ്ട്?
തൃശൂര്‍ പൂരം ഒഴിവാക്കി ചടങ്ങുകളില്‍ ഒതുക്കിയപ്പോള്‍ സര്‍വലോകസംരക്ഷകയായ ഭഗവതിയുടെ പ്രതിനിധികള്‍ മാസ്ക്ക് ധരിച്ചത് എന്തിന്? അവരും മനുഷ്യരാണെന്നേ അര്‍ത്ഥമുള്ളൂ. കെട്ടിപ്പിടിച്ചുള്ള ഉമ്മ നിര്‍ത്തിയ ആള്‍ദൈവവും ശ്വാസകോശമുള്ള മനുഷ്യരാശിയിലെ ഒരംഗം മാത്രമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ആള്‍ദൈവത്തിനും കൊറോണ വരാം.
അന്ധവിശ്വാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത് ഭക്തിവ്യവസായികളുടെ ആവശ്യമാണ്. ലോകജനത പ്രതീക്ഷയോടെ ശ്രദ്ധിക്കുന്നത് ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അല്ല. ശാസ്ത്രത്തെയാണ്.
ശാസ്ത്രത്തിനു മാത്രമേ കൊറോണയില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ സാധിക്കൂ.പൂട്ടിയ ആരാധനാലയങ്ങള്‍ തുറക്കണം എങ്കിലും താക്കോലിട്ടു തിരിക്കുക എന്നതിലെ ഫിസിക്ക്സ് ഉപയോഗിക്കേണ്ടതുണ്ട്.