Tuesday 14 April 2020

പ്രവാസി മലയാളികള്‍ ഭാരതീയരാണ്‌


ലോകത്തെവിടെയും മരണമണി മുഴക്കുന്ന കൊറോണ എന്ന മഹാരോഗം ഓരോ ദിവസം കഴിയും തോറും സമ്പന്ന രാഷ്ട്രങ്ങളില്‍ നിയന്ത്രണാതീതമാവുകയാണ്. അതിനനുസരിച്ച് വിദേശങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ ജീവിതവും തുലാസ്സില്‍ തൂങ്ങുകയാണ്. ചാനലുകളില്‍ പ്രവാസി മലയാളികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവരുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നത്.

പ്രവാസി മലയാളിയെന്നാല്‍ എല്ലാവര്ക്കും പെട്ടെന്ന് ഓര്‍മ്മ വരുന്നത് ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന മലയാളികളെയാണ്.
ആടുജീവിതം മുതല്‍ ആനന്ദജീവിതം വരെയുള്ള വിവിധ ജീവിതക്രമങ്ങളില്‍ പെട്ടവരായി അവര്‍ ഒറ്റപ്പെടുന്നില്ല. കേരളത്തില്‍ നിന്നും തൊഴില്‍ തേടി പോയ മനുഷ്യര്‍,തൊഴില്‍ ചെയ്യുക മാത്രമല്ല, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക കൂടി ചെയ്തു. കേരളത്തിലെ വലിയ പാട്ടുകാരെയും നാടകക്കാരെയും പ്രഭാഷകരെയും മിമിക്രിക്കാരെയും എല്ലാം അവര്‍ അവിടെ കൂട്ടിക്കൊണ്ടു പോയി.
സൗഹൃദവും ധനവും നല്‍കി അംഗീകരിച്ചു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയര്‍പ്പിന്റെ വില വാരിക്കോരിക്കൊടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ മുന്‍പന്തിയിലാണ്.

ഗള്‍ഫ് മേഖലയിലും അമേരിക്ക,ഓസ്ട്രേലിയ,സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും മലയാളികള്‍ സംഘടിപ്പിച്ച ക്ലബ്ബുകളും ഗ്രന്ഥശാലകളും പ്രതിമാസ സാഹിത്യ ചര്‍ച്ചകളും, വ്യാപകമായി നടത്തിയ മലയാളം ക്ലാസ്സുകളും കേരളവുമായും അത് വഴി ഭാരതവുമായുമുള്ള അവരുടെ രക്ത ബന്ധത്തെ കൂടുതല്‍ ഊര്‍ജ്ജമുള്ളതാക്കി.

എന്നാലിന്ന് പ്രവാസിമലയാളികള്‍ രോഗവും അരക്ഷിതാവസ്ഥയും നല്‍കിയ ഭീതിയുടെ തോക്കിന്‍ തുമ്പിലാണ്.പല രാജ്യങ്ങളില്‍ നിന്നും ശരിയായ വാര്‍ത്തകള്‍ പുറത്തേക്കു വരുന്നില്ല. ഇരുമ്പുമറ എന്ന പ്രയോഗം പണ്ട് കമ്മ്യൂനിസ്റ്റ് രാജ്യങ്ങളെ ആക്ഷേപിക്കാനുപയോഗിച്ചതായിരുന്നുവെങ്കില്‍ ഇന്ന് ആ പ്രയോഗം എല്ലാ രാജ്യങ്ങള്‍ക്കും യോജിക്കുന്നത് ആയിരിക്കുന്നു.

ഗള്‍ഫില്‍ ഒറ്റമുറിയില്‍ ഒന്‍പതു പേര്‍ ജീവിക്കുന്ന തൊഴിലിടങ്ങളുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ വലിയ ഹാളില്‍ നൂറിലധികം പേര്‍ ഖുബൂസും കറിയും മാമലകള്‍ക്കപ്പുറത്ത് 
 എന്ന സിനിമാപ്പാട്ടും പാടി കഴിയുന്നുണ്ട്. ഇവരൊക്കെ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്.
ഫ്രാന്‍സ്,ഈജിപ്റ്റ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ ഒഴിവായതിനെ തുടര്‍ന്നു മലയാളി നഴ്സുമാര്‍ മാത്രം പണിയെടുക്കുന്ന ആശുപത്രികളുണ്ട്. കൊറോണ ബാധിതരെന്നു സംശയമുള്ളവരുമായി ഇടപഴകേണ്ട മറ്റു തൊഴിലാളികള്‍ ഉണ്ട്.

ഇവരുടെ ആശങ്ക അകറ്റേണ്ടത് അത്യാവശ്യമാണ്. പോകണമെന്ന് വിദേശ സര്‍ക്കാരും എവിടെയാണോ അവിടെ തുടരുക എന്ന് കുഞ്ചന്‍ നമ്പ്യാരുടെ വായു പണിമുടക്കിയ  കാലത്തെ കുറിച്ചുള്ള തുള്ളല്‍ക്കഥ പോലെ നമ്മളും പറഞ്ഞാല്‍ ആ പാവം മനുഷ്യരുടെ ആശങ്കകള്‍ ഒഴിവാകുകയില്ല.

രോഗമുള്ളവര്‍ എത്തിയാല്‍ നിരീക്ഷിക്കാനും ചികിത്സിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നു കേരളം ഉറപ്പു പറയുന്നുണ്ട്. അവരെ ഇവിടെ എത്തിക്കുക എന്ന കൃത്യമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. കുവൈറ്റ് ആക്രമണകാലത്ത് കെ.പി.ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രമന്ത്രി വിമാനസംവിധാനമുണ്ടാക്കി മലയാളികളെ നാട്ടിലെത്തിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്.ഐ.കെ.ഗുജ്റാള്‍ വിദേശകാര്യചുമതല ഉണ്ടായിരുന്ന കാലത്ത് സദ്ദാം ഹുസൈനുമായി നേരിട്ടു ചര്‍ച്ച നടത്തി മലയാളികളെ നാട്ടില്‍ എത്തിച്ചതും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. 

രോഗബാധിതരെ വിമാനത്തില്‍ കൊണ്ട് വരികയും നാട്ടിലെത്താന്‍ തിടുക്കപ്പെട്ടു നില്‍ക്കുന്ന രോഗമില്ലാത്തവരെ കപ്പല്‍ മാര്‍ഗം എത്തിക്കുകയും ചെയ്യാമല്ലോ എന്നൊരു നിര്‍ദ്ദേശം ചില മലയാളികള്‍  മുന്നോട്ടു വയ്ക്കുന്നുണ്ട്‌. കപ്പലില്‍ നാട്ടിലെത്താന്‍ പതിനാലു ദിവസമാണ് വേണ്ടത്. അപ്പോഴേക്കും അവരുടെ നിരീക്ഷണ കാലയളവ്‌ അവസാനിക്കുകയും ചെയ്യും.

ഗള്‍ഫ് മലയാളികള്‍ അധ്വാനിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വേണ്ടിയാണ്. കിട്ടുന്ന കൂലിയില്‍ കുറച്ചു തുക മാത്രമാണ് ജന്മനാട്ടിലേക്ക് അവര്‍ അയക്കുന്നത്. ബാക്കിയെല്ലാം അവിടെ ചെലവഴിക്കുന്നവരാണ്. അവരെ വിയര്‍പ്പിന്റെ ഫലമായി ഉണ്ടാകുന്ന രമ്യ ഹര്‍മ്മ്യങ്ങളും നിരത്തുകളും പൂന്തോട്ടങ്ങളും അടുക്കളയില്‍ വേവുന്ന കറികളും ഓടിക്കുന്ന വണ്ടികളും എല്ലാം സ്നേഹധനരായ അറബികളുടെതാണ്. അതിനാല്‍ ഗള്‍ഫ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌.

പ്രവാസി മലയാളികള്‍ അഭിമാനികളായ ഭാരതീയരാണ്‌.വക്കം ഖാദറിന്റെയും ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും പാരമ്പര്യമുള്ളവര്‍. അവരുടെ ആശങ്ക അകറ്റുവാനുള്ള ഭാരത സര്‍ക്കാരിന്റെ ഉത്തരവാദിത്തവും വളരെ വലുതാണ്‌.
- കുരീപ്പുഴ ശ്രീകുമാര്‍ 

1 comment:

  1. പ്രവാസികളുടെ പ്രയാസങ്ങൾ ആരറിവൂ  ....

    ReplyDelete