Wednesday 7 July 2021

കമ്പ്യൂട്ടര്‍ ബ്രോക്കറും കവിടി വിദഗ്ദ്ധരും


സാക്ഷരകേരളത്തിന് അപമാനം സമ്മാനിച്ചുകൊണ്ട് സ്ത്രീധന മരണങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്. മരിച്ച യുവതികളുടെ രക്ഷകര്‍ത്താക്കളുടെ മുന്നില്‍ സാന്ത്വനവാക്കുകളില്ലാതെ കേരളം നില്‍ക്കുന്നു.

കിട്ടിയ പണവും പൊന്നും കാറും പോരാഞ്ഞു ആര്‍ത്തി പിടിച്ച  ഭര്‍ത്താവുദ്യോഗസ്ഥന്‍ ഭാര്യയെ മര്‍ദ്ദിച്ച് സ്വയം ഹത്യയിലേക്ക് തള്ളി വിടുകയാണ്. ഭാര്യയെ  കൊല്ലാന്‍ പാമ്പിനെ മെരുക്കുന്ന പണി പോലും പഠിക്കുന്ന ഭര്‍ത്താവ് കേരളീയ സമൂഹത്തിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. 

എന്തായാലും കേരളത്തിലെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ സ്ത്രീധനത്തിനെതിരായ ജാഗ്രതാ സദസ്സുകള്‍ ആരംഭിച്ചിരിക്കുന്നു. നവോത്ഥാന പരിശ്രമത്തിന്‍റെ തുടര്‍ച്ചയാണത്. മഹേഷ് കക്കത്തും എ.എ.റഹിമുമൊക്കെ നയിക്കുന്ന ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ക്ക്   അത്തരം പരിശ്രമങ്ങള്‍ മനസ്സാക്ഷിക്കുത്തു കൂടാതെ നടത്തുവാന്‍ കഴിയും.

പ്രസംഗവേദികളില്‍ പരാമര്‍ശിച്ചു കേള്‍ക്കാത്ത രണ്ടു പ്രധാന വില്ലന്‍മാര്‍ കമ്പ്യൂട്ടര്‍ ബ്രോക്കര്‍മാരും കവിടിനിരത്തി പൊരുത്തപ്പെടുത്തുന്ന മിടുക്കന്മാരുമാണ്.

കാറിനെയോ ബൈക്കിനെയോ കല്ല്യാണം കഴിച്ചാല്‍ വധുവിനെ ഇനാമായി സംഘടിപ്പിച്ചു കൊടുക്കുന്ന, കാലന്‍ കുടയും കക്ഷത്തു ഡയറിയുമുള്ള കാല്‍നടക്കാരായ വിവാഹ ദല്ലാള്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ആ സ്ഥാനത്ത് ശാസ്ത്രത്തിന്‍റെ സംഭാവനയായ കംപ്യൂട്ടറാണ് ഉള്ളത്. സയന്‍സിന്റെ മികവുറ്റ ഒരു കണ്ടെത്തലിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ മികച്ച ഉദാഹരണമാണത്. അതുപയോഗിച്ച് വര്‍ഗീയ വിവാഹജോഡികളെ സാക്ഷാത്ക്കരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം  മാട്രിമോണിയലുകള്‍ യാതൊരു മറയുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വഴിയെത്തുന്ന വിവാഹാലോചനകളില്‍ പലപ്പോഴും  സ്ത്രീധനം ഒരു പ്രധാന വിഷയമാണ്. സ്ത്രീധന മരണങ്ങളില്‍ പെട്ടു ദു:ഖിക്കുന്ന കുടുംബങ്ങള്‍ക്ക് രാഷ്ട്രീയബന്ധങ്ങളെക്കാളും 
അടുപ്പം സാമുദായിക സംഘടനകളോടാണെന്നും കാണാവുന്നതാണ്.

ഇതിനു സമാന്തരമായി ചില ആദര്‍ശ വിവാഹ ബ്യൂറോകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ജാതിയോ മതമോ സ്ത്രീധമോ പരിഗണിക്കുകയില്ല. വര്‍ഗീയ വിവാഹ ബ്യൂറോകളിലെ തിരക്കുമായി താരതമ്യം ചെയ്താല്‍ ഇത്  അപൂര്‍വ വൃക്ഷങ്ങള്‍ മാത്രമുള്ള മരുഭൂമിയാണ്. എന്തായാലും ആ വഴിയേ കുടുംബ ജീവിതം തുടങ്ങുന്നവരില്‍ സ്ത്രീധനമരണം എന്നൊന്നില്ല.

സമുദായിക വിവാഹ ബ്യൂറോകള്‍ കേരളത്തെ ഇരുണ്ട ഭൂതകാലത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

സാമുദായിക വിവാഹ ബ്യൂറോകളിലൂടെ ഇണകളെ കണ്ടെത്തുന്നവരും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. പക്ഷേ മാനുഷികമൂല്യങ്ങള്‍ക്ക് പകരം വര്‍ഗ്ഗീയ പാഠങ്ങള്‍ പഠിച്ചിട്ടുള്ളതിനാല്‍ അന്തമില്ലാത്ത ധനാര്‍ത്തി അവരെ പിന്തുടരുന്നുണ്ട്. ഓരോ സ്ത്രീധനമരണവും കേരളീയ സമൂഹത്തിനുണ്ടാക്കുന്നത് അഗാധ ദു:ഖമാണ്.

വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍,  മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ച വിവാഹമാണെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും അതുകഴിഞ്ഞില്ലെങ്കില്‍ ഗുഡ് ബൈ പറയാനെങ്കിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു കഴിയണം.
സാമുദായിക സംഘടനകളോട് പരാതി പറഞ്ഞാല്‍ അവരതൊക്കെ ഒതുക്കി തീര്‍ക്കുകയേയുള്ളൂ.

ഈ രംഗത്തെ മറ്റൊരു പ്രധാന വില്ലന്‍ എല്ലാ പൊരുത്തവും ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന ജോത്സ്യസമൂഹമാണ്. കവിടി നിരത്തി കിറുകൃത്യം കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ വധുവിനെ ഒരു ദുര്‍മരണം കാത്തിരിക്കുന്നു എന്നു കാണാന്‍ കഴിയാതെപോയ ജ്യോതിഷം വെറും തട്ടിപ്പാണെന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. കോവിഡ് ഉണ്ടായത് ശനി ഗ്രഹവുമായി ബന്ധപ്പെട്ട ഒരു കാരണം കൊണ്ടാണെന്ന ഒരു ജ്യോത്സ്യന്‍റെ വിടുവായ്ക്ക് കേരളത്തിലെ ഒരു സമുദായപത്രം വലിയ പ്രാധാന്യമാണല്ലോ കൊടുത്തത്.

കൊറോണ എന്ന മാരക വൈറസ്സ് മനുഷ്യരെ കൊല്ലാന്‍ വേണ്ടി വരാന്‍ പോകുന്നു എന്നു കണ്ടെത്താന്‍ ഒരു ജോത്സ്യനും കഴിഞ്ഞില്ലെന്നുള്ളത് സാക്ഷരകേരളം ശ്രദ്ധിക്കേണ്ടതാണ്. കവിടിപ്പൊരുത്തമല്ല ജീവിതത്തിലെ മനപ്പൊരുത്തമെന്ന് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കുകയും ശുഭജീവിതം പ്രവചിച്ചവരെ പറഞ്ഞു പറ്റിച്ചതിനുള്ള നിയമനടപടിക്കെങ്കിലും വിധേയരാക്കേണ്ടതുമാണ്. 

അതും കഴിയുന്നില്ലെങ്കില്‍ സാമുദായിക വൈവാഹിക ബ്യൂറോകളെയും ജ്യോതിഷാലയങ്ങളെയും ജീവിതത്തിലിടപെ ടാന്‍  അനുവദിക്കില്ലെന്ന് കേരളീയ യുവത്വത്തിനു തീരുമാനിക്കാവുന്നതാണ്.

No comments:

Post a Comment