Wednesday 21 July 2021

മതവികാരത്തെക്കാള്‍ പ്രധാനം ആരോഗ്യം


പൌരന്മാരുടെ യുക്തിബോധത്തിന് പരിഗണന നല്‍കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.മത വിശ്വാസത്തിനു നല്‍കുന്ന പരിരക്ഷയെപ്പോലെതന്നെ യുക്തിബോധത്തിനും നമ്മുടെ നാട്ടിലിടമുണ്ട്. 

ചിലപ്പോഴെങ്കിലും മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മറന്നു പോകുന്ന ഈ വസ്തുതയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ആശാവഹമായ ഒരു വിധിയാണ് ഈയിടെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായത്. 

ഉത്തര്‍പ്രദേശിലെ സര്ക്കാര്‍ വോട്ടുപെട്ടി ലക്ഷ്യമാക്കി പ്രോത്സാഹിപ്പിച്ചിരുന്ന ഒരു മതാചാരത്തെയാണ് കോടതി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തടഞ്ഞിട്ടുള്ളത്.

കാവടിയുമേന്തി പഴനിയിലേക്കൊ കാവുമേന്തി കൊട്ടിയൂരേക്കോ പോകുന്നതു പോലെയുള്ള ഒരു യാത്രയാണ് ഹിന്ദുമതവിശ്വാസികള്‍ ഹരിദ്വാറിലേക്കും ഗംഗോത്രിയിലേക്കും  നടത്താറുള്ളത്. ഉത്തരാഖണ്ഡിലുള്ള ഈ സ്ഥലങ്ങളിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ ഗംഗാജലം ശേഖരിക്കുകയും അവ പല ശിവക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തുകയും ചെയ്യും.ഒരു വടക്കന്‍ ശിവാലയഓട്ടം.

നഗ്നത മര്യാദയ്ക്ക് മറയ്ക്കാതെയുള്ള കുംഭമേള മുതല്‍ കേരളത്തിലെ തീണ്ടാരിക്കാര്യം വരെയുള്ള സര്‍വ്വവിധ അനാചാരങ്ങളെയും വോട്ടിന് വേണ്ടി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്ക്കാരം ഇക്കാര്യത്തിലും അവരുടെ പൌരാണിക നിലപാട് തുടര്‍ന്നു. 

കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നു കോടതി വ്യക്തമാക്കുകയും  യാത്ര അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരിക്കുകയാണ്.

ലോകം ഒരു അദൃശ്യ രോഗാണുവിനെ നേരിടാനും അതുവഴി മനുഷ്യരാശിയെ രക്ഷിക്കാനുമുള്ള തീവ്രപരിശ്രമത്തിലാണ്. ആ ശ്രമത്തില്‍ നമ്മളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഔത്സുക്യത്തോടെ പങ്കെടുക്കുകയുമാണ് വേണ്ടത്.

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. ജെറുസലേമിലും മക്കയിലും ഭക്തജന പ്രവേശനം അവിടെയുള്ള ഭരണകൂടങ്ങള്‍ യുക്തിപൂര്‍വം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതൊന്നും ഇന്ത്യയിലെ മത പൌരോഹിത്യത്തിനു ബാധകമല്ല.
വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാതെ പരസ്യമായും സാമൂഹികമായും പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ പലതരം വിലപേശലുകള്‍ നടക്കൂ എന്നു അവര്‍ കരുതുന്നു. മതാചാരങ്ങള്‍ പ്രകടിപ്പിക്കാനായി  കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം കാറ്റില്‍ പറത്താനാണവര്‍ ശ്രമിച്ചത്..

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം  പറയുമ്പോള്‍ മുഖ്യമന്ത്രി യുക്തിവാദികളെ പോലെ സംസാരിക്കുന്നു എന്നാണ് ഒരു മത വിദ്യാര്‍ഥി സംഘടന പ്രസ്താവിച്ചത്. 

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.അച്ചുതമേനോന്‍,പി.കെ.വാസുദേവന്‍ നായര്‍,ഇ.കെ.നായനാര്‍, വി.എസ്.അച്ചുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ ഭൌതികവാദം അംഗീകരിച്ചവരാണ്. ഐക്യകേരളത്തിന് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരായ സി.കേശവനും പനമ്പിള്ളി
ഗോവിന്ദമേനോനും ഈശ്വരവിശ്വാസികള്‍ ആയിരുന്നില്ല. പക്ഷേ ഇവരാരും ആരുടേയും മത വിശ്വാസത്തെ തടഞ്ഞിട്ടില്ല. അവരുടെ യുക്തിബോധം അതാണ്.

ബാബറിപ്പള്ളി പൊളിച്ചതിനെ ഒരു യുക്തിവാദിയും അനുകൂലിച്ചില്ല. മതത്തിനു ഒരു പ്രാധാന്യവുമില്ലാത്ത, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളല്ലാത്ത സ്ക്കാന്‍റിനേവിയന്‍ രാജ്യങ്ങളില്‍ പോലും ആളില്ലാപ്പള്ളികളെ ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിച്ചിട്ടുണ്ട്. ബാബറിപ്പള്ളിയും അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകളും തകര്‍ത്തത് കഠിന മതവിശ്വാസികളാണ്.ഒന്നു ശരിയും ഒന്നു തെറ്റും ആകുന്നില്ല.

രോഗം ഈശ്വരനിശ്ചയമാണ്, അത് വന്നോട്ടേ എന്ന പ്രാകൃതചിന്തയെ അംഗീകരിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല.

ആചാരങ്ങളെന്നപേരില്‍ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച് രോഗം പടര്‍ത്തുന്നതിന് പകരം രോഗകാല നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് ഉചിതമായിട്ടുള്ളത്.

No comments:

Post a Comment