Tuesday 18 January 2022

സ്ത്രീത്വം നിരന്തരം അപമാനിക്കപ്പെടുമ്പോള്‍

 

സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയോ ഭരണഘടന അനുവദിച്ചിട്ടുള്ള സുരക്ഷിതത്വം  കാംക്ഷിച്ച് സ്വാതന്ത്ര്യം പ്രയോഗിക്കുകയോ ചെയ്താല്‍ വികാരപ്പെടുന്നത് മതവ്രണമാണ്.
പ്രാചീനതയെ പുണര്‍ന്ന് നില്‍ക്കുന്ന മതങ്ങള്‍ക്ക് അതൊന്നും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.

ഭരണകൂടവും കോടതിയുമൊക്കെ പ്രാചീനമതങ്ങളുടെ മുള്ളുമുരിക്കിന്‍ ചോട്ടില്‍  നിഴലുപോലുമില്ലാതെ നിഷ്പ്രഭമായിപ്പോകും.

വര്‍ത്തമാനകാലം ഈ അപകടാവസ്ഥയ്ക്ക് ഒന്നിലധികം തെളിവുകള്‍ തരുന്നുണ്ട്. രാഷ്ട്രീയശിശു, മതവൃദ്ധയെ കല്ല്യാണം കഴിച്ചു കഴിയുന്ന ഈ വിചിത്രകാലത്ത് ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

മതതീവ്രവാദരാഷ്ട്രീയം ഊട്ടിവളര്‍ത്തുന്ന അന്ധവിശ്വാസങ്ങളെ കോടതിവിധിയുടെ കുടയും പിടിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണിയാണ് സമീപകാലത്തെ നല്ല ഉദാഹരണം.ബിന്ദു അമ്മിണി ഒരു സാധാരണ വീട്ടമ്മയല്ല. ഇന്ത്യന്‍ ശിക്ഷാനിയമങ്ങളെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും മികച്ച അവബോധമുള്ള നിയമകലാലയ അദ്ധ്യാപികയാണ്. 
ദൈവവും നിയമപാലകരും നോക്കിനില്‍ക്കേ ശബരിമലയാത്രയ്ക്കിടയില്‍ അവര്‍ ആക്രമിക്കപ്പെട്ടു.ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ ആ അദ്ധ്യാപിക കേരളം വിടാന്‍ ആലോചിക്കുകയാണ്. എം.എഫ്.ഹുസൈനു ഇന്ത്യ വിടേണ്ടിവന്നതുപോലെ.

 അയ്യപ്പനെ കാണാന്‍ പോയ ബിന്ദു തങ്കം കല്ല്യാണിയുടെ   കുഞ്ഞിനെ ക്ലാസ്സിലിരിക്കാന്‍ അനുവദിച്ചില്ല. ഭക്തജനങ്ങള്‍ ആവേശത്തോടെ വിളിക്കാറുള്ള ഭക്തിവാക്യമായ സ്വാമിയേ അയ്യപ്പോ എന്ന പദപ്രയോഗം ഒരു നാലാം കിട മുദ്രാവാക്യമാക്കി മാറ്റിക്കൊണ്ടായിരുന്നു ഉപദ്രവിച്ചത്. 

കൊല്ലത്തെ ശബരിമലയാത്രക്കാരിയുടെ വീട്ടിലേക്ക് നടത്തിയ അസംബന്ധമാര്‍ച്ചിലും ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു.അന്നവടെ ഘോരഘോരം പ്രസംഗിച്ച ഒരു നേതാവിനെ ഇന്ന് കേള്‍ക്കാനേയില്ല. അദ്ദേഹത്തിന്റെ വേലിപ്പോള്‍ മറ്റാരോ ആയുധമാക്കിയിട്ടുണ്ട്.

കനകദുര്‍ഗ്ഗ കൊടുംക്രൂരമായി ആക്ഷേപിക്കപ്പെടുകയും റഹ് ന ഫാത്തിമ  കേന്ദ്ര സര്ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
 ഇവരുടെയൊക്കെ ജീവിതം വഴിമുട്ടിക്കുവാനുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷരകേരളം സാക്ഷിയായി. നിയമവ്യവസ്ഥയുടെ സംരക്ഷണമൊന്നും ഇവര്‍ക്കാര്‍ക്കും ലഭിച്ചില്ലെന്നത് ലജ്ജാകരമായിപ്പോയി.

നിഷേധികള്‍ക്ക് ചരിത്രമാണ് കുടയും ഇടവും നല്‍കുന്നത്. അങ്ങനെ പീഡിതരായി ചരിത്രത്തില്‍ തിളങ്ങുന്നവരാണ് പി.കെ റോസിയും നങ്ങേലിയും. എത്ര തമസ്ക്കരിച്ചിട്ടും ആ തീനാളങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതാണ് മറ്റൊരു ദുഖകരമായ സംഭവം. കന്യാസ്ത്രീകള്‍ ഹൈക്കോടതി പരിസരത്ത് സമരവുമായെത്തണമെങ്കില്‍ മുട്ടിയ മറ്റുവാതിലൊന്നും തുറന്നില്ലെന്നാണല്ലോ അര്‍ത്ഥം.

ലൈംഗികാക്രമണം തെളിവ് സഹിതം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇടയനായി വേഷമിട്ട വേട്ടക്കാരനു തുണയായത്. വന്മതിലുകള്‍ക്കുള്ളിലെ മതസ്ഥാപനങ്ങളില്‍ നടക്കുന്ന ബലാല്‍ഭോഗത്തിന്‍റെ കാര്യത്തില്‍ ഇരയുടെ വിലാപമാണ് മുഖവിലയ്ക്കേടുക്കേണ്ടത്. അതുണ്ടായില്ല.

ആട്ടിന്‍കുട്ടി ദൈവത്തിന്നു മുന്നില്‍ നീതിതേടിച്ചെന്ന കഥ പോലെയാണിത്. ആട്ടിന്‍കുട്ടിയുടെയും ചെന്നായുടെയും വാദങ്ങള്‍ കേട്ട ദൈവം, ഈ ആട്ടിന്‍ കുട്ടിയെ കണ്ടിട്ട് ഫ്രൈ ചെയ്തുകഴിക്കാന്‍ തനിക്കും തോന്നുന്നതായി പറഞ്ഞെന്നാണ് കഥ. 
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി ഓ എന്‍ വി ഒരു പൊതുയോഗത്തില്‍ പറഞ്ഞതാണ് ഈ നീതി നിര്‍വഹണകഥ.

കോടതിവിധിയില്‍ നിന്നും ഇരയ്ക്ക് നീതിലഭിച്ചില്ലെന്ന് കേന്ദ്ര സംസ്ഥാന വനിതാകമ്മീഷനുകള്‍ ഒന്നിച്ചു പറയുന്നു. കേസനേഷണത്തിനു മേല്‍നോട്ടം വഹിച്ച പോലീസ് സൂപ്രണ്ട്, വിധിയില്‍ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നു. മരണാനന്തര ശിക്ഷ അപ്രായോഗികമെന്ന് നന്നായറിയാവുന്ന കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ കണ്ണീരോടെയാണ് പ്രതിയെ വെറുതെ വിട്ടെന്ന വാര്‍ത്ത കേട്ടത്.വിധിക്കു പിന്നില്‍  പണവും സ്വാധീനവും ആയിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ വേദനയോടെ പ്രതികരിച്ചു.

സമരത്തെ പിന്തുണച്ചതിനാല്‍ വെളിച്ചം നിഷേധിച്ചതടക്കം നിരവധി പീഡനങ്ങള്‍ക്കു വിധേയയായ കവികൂടിയായ സിസ്റ്റര്‍ ലൂസി കളപ്പുരയും രോഷത്തോടെയാണ് പ്രതികരിച്ചത്. സിസ്റ്റര്‍ അഭയക്ക് മരണാനന്തര നീതി കിട്ടാന്‍ ഇരുപത്തെട്ടു വര്ഷം വേണ്ടിവന്നെന്ന കാര്യവും ലൂസി ഓര്‍മ്മിപ്പിച്ചു.

ഇവിടെയും ഇരയെ അവിശ്വസിക്കുക വഴി സ്ത്രീത്വത്തെ അപമാനിക്കുകയാണുണ്ടായത്. ആക്രമിക്കപ്പെട്ട നടിയുടെ പീഡനചിത്രം ആസ്വദിക്കപ്പെടുന്നതായുള്ള വാര്‍ത്തയും വന്നുകഴിഞ്ഞു.

 ഇനിയും എത്രയോ സംഭവങ്ങള്‍. സ്ത്രീത്വം ഇങ്ങനെ നിരന്തരം അവമതിക്കപ്പെടുമ്പോള്‍ സാക്ഷരകേരളം പാലിക്കുന്ന നിശ്ശബ്ദതയാണ് ഏറ്റവും ക്രൂരം.

No comments:

Post a Comment