Tuesday 1 February 2022

ആദിവാസിയെ കൊന്നവരെ എന്തുചെയ്തു?


ആദിവാസി മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതി ചോദിച്ച ചോദ്യം ശ്രദ്ധേയമാണ്.എവിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍?

രണ്ടായിരത്തിപ്പതിനെട്ട് ഫെബ്രുവരിയില്‍ നടന്നതാണ് സാക്ഷരകേരളത്തെ ഞെട്ടിച്ച ഹീനമായ ആ കൊലപാതകം.ആ കാലത്തുതന്നെ ഇതേ പംക്തിയില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. അവര്‍ണ്ണ വിഭാഗത്തിലുള്ളവരെ കൊലപ്പെടുത്തുന്നത് സവര്‍ണ്ണ സംസ്ക്കാരമാണെന്ന് അന്നിവിടെ പറഞ്ഞിരുന്നു.അതേ വിഷയത്തില്‍ നാലാം വര്‍ഷത്തില്‍ കുറിപ്പെഴുതേണ്ടി വരുന്നത് 
സങ്കടകരമായ കാര്യമാണ്. പക്ഷേ എഴുതാതെ വയ്യല്ലോ.ഇതുവരെയും ആദിവാസി മധുവിന്‍റെ കൊലപാതകികളെ ശിക്ഷിച്ചിട്ടില്ല. ആദിവാസിക്ക് ജീവിതം നിഷേധിച്ച അവര്‍ ജാമ്യജീവിതം ആസ്വദിച്ച് യഥേഷ്ടം വിഹരിക്കുന്നു!

കോടതിവിചാരണയ്ക്കൊ മന്ത്രിസഭായോഗത്തിനു പോലുമോ കോവിഡ് തടസ്സമല്ല. ഓണ്‍ലൈനിലൂടെ ഇതെല്ലാം നടക്കുന്നുണ്ട്. കല്ല്യാണം പോലും ഓണ്‍ ലൈനിലൂടെ നടന്നു കഴിഞ്ഞു.ഓണ്‍ ലൈന്‍ സിറ്റിങ്ങില്‍ തന്നെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

പലതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് ആദിവാസി സമൂഹം ഇരയാകുന്നു എന്നത് ഇന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. ചൂഷണം സംബന്ധിച്ച കഥാകാവ്യങ്ങള്‍ വരെ അട്ടപ്പാടിയിലെ ആദിമമലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

അതിലൊന്ന് ഡോ.എസ്.ആര്‍.ചന്ദ്രമോഹനന്‍ ശേഖരിച്ച് പൊതു സമൂഹസമക്ഷം എത്തിച്ചിട്ടുണ്ട്.അതിലൊരു കഥ ഇങ്ങനെയാണ്.

ആദിവാസികള്‍ക്ക് സൌജന്യമായി വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവാകുന്നു.കാമ്പേ എന്നു പേരുള്ള  ഒരു ഗ്രാമസേവകനാണ് ഗൃഹനിര്‍മ്മാണത്തിന്റെ ചുമതലയുള്ളത്. അയാള്‍ മാരിയെന്ന സുന്ദരിയായ ആദിവാസി വിധവയില്‍,വിവാഹവാഗ്ദാനം കൊടുത്ത് ഭ്രൂണോത്പാദനം നടത്തുന്നു.പരമരഹസ്യമായി സ്ഥലം മാറ്റം സംഘടിപ്പിച്ചു കടക്കുന്നു.വഞ്ചിതയായ മാരിയുടെ വിലാപഗാനമാണ് ലാലെ ലാലെ ലാലേ എന്ന വായ്ത്താരിയോടെ ആരംഭിക്കുന്നത്.

പൂതാരെന്ന ഊരിലെ കാമ്പേ / താഴെയുള്ള പ്ലാവിലേ കാമ്പേ / ആളുകല്ലു വഴിയിലേ കാമ്പേ / ചങ്ങലപ്പാലം കെട്ട്വോ കാമ്പേ/
അവിടന്നും പോയോ നീ കാമ്പെ / കഴുത്തറുത്ത് ഞാന്‍ മരിക്കും കാമ്പേ .... ആ ആദിവാസിപ്പാട്ടിന്‍റെ ചില വരികളുടെ  ഏകദേശ മലയാളം ഇങ്ങനെയാണ്. നമ്മുടെ കണ്ണീര്‍ ഗ്രന്ഥികള്‍ ചുരന്നു പോകുന്ന അനുഭവകഥാഗാനം.

ഇത്തരം വഞ്ചനയുടെയും അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ തിരുനെല്ലിയെന്നോ അട്ടപ്പാടിയെന്നോ ഭേദമില്ലാതെ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഇരുളഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന അട്ടപ്പാടി ടെലിവിഷന്‍ എന്ന പ്രാദേശികചാനല്‍ ആദിവാസികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തെ ഇപ്പോള്‍ പുറം ലോകത്തെ അറിയിക്കുന്നുണ്ട്.  നീതി എത്ര അകലെയാണ്. അനീതി എത്ര അടുത്താണ്!

മധുവിന്‍റെ ദാരുണമായ അന്ത്യം കേരളത്തിലെ ചിത്രകാരന്മാരെയും കവികളെയും നാടകക്കാരെയും  കഥാകാരന്മാരെയും ചെറുസിനിമക്കാരെയും പ്രസംഗകരെയും  മാധ്യമപ്രവര്‍ത്തകരെയുമെല്ലാം പ്രചോദിപ്പിച്ചു. മധുവിന്‍റെ ചിത്രം
മലയാളിയുടെ മനസ്സില്‍ പതിഞ്ഞു. മധുവിന്‍റെ പെങ്ങള്‍ക്ക് ജോലികിട്ടിയ കാര്യം പോലും കേരളം അറിഞ്ഞു. കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യത്തില്‍ ഉണ്ടാകേണ്ട പ്രതിഷേധം മാത്രം പിറവി കൊണ്ടില്ല.

ഒടുവില്‍ കോടതി ഉണര്‍ന്നിരിക്കുന്നു. അത്രയും സന്തോഷവും സുരക്ഷിതത്വവും തോന്നുന്നു.

ശ്രദ്ധേയമായ മറ്റൊരുകാര്യം മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇക്കാര്യത്തില്‍ ഇടപെട്ടതാണ്. മധുവിന്‍റെ കൊലപാതകക്കാര്യത്തില്‍ നിയമസഹായം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.മമ്മൂട്ടിയുടെ പ്രതിനിധി അട്ടപ്പാടിയിലെ ആദിവാസി ഊരിലെത്തുമെന്നും വാര്‍ത്തയുണ്ട്.

അത്രയും നല്ലത്. ആദിവാസികളടക്കമുള്ള പാവം കേരളീയര്‍ ഊണുകാശും ബീഡിക്കാശും മാറ്റിവച്ചാണ് താരങ്ങളുടെ ഇടിപ്പടം കാണാന്‍ തററ്റിക്കറ്റെങ്കിലും എടുത്തത്.ആ പണമൊക്കെ ബലാല്‍ഭോഗക്വട്ടേഷനുകൊടുക്കുന്ന മിന്നുംപൊന്‍താരങ്ങളുള്ള ഇക്കാലത്ത് ആദിവാസി മധുവിനെ കരുണയോടെ കാണുന്ന  നിയമബിരുദധാരികൂടിയായ  മമ്മൂട്ടിയെ അഭിനന്ദിക്കുന്നു. എം ജി ആറിനാണ് ഈ തിരിച്ചറിവ് നേരത്തെയുണ്ടായത്.

ഇനിയെങ്കിലും നിയമജ്ഞാനികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു കരുതാം.ഫ്രാങ്കോപ്പിതാവ് പ്രതിയായ കേസിലെ വിധിയെത്തുടര്‍ന്ന് വല്ലാതെ മങ്ങിപ്പോയ സര്‍ക്കാര്‍ഭാഗസംവിധാനത്തിന്‍റെ പ്രതിച്ഛായ തെളിയാന്‍ ഈ കേസ് ഇടയാവട്ടെ.


No comments:

Post a Comment