Tuesday 22 February 2022

ചന്ദ്രോദയം

 ചന്ദ്രോദയം 

------------------

മാറില്‍ മാനുഷപാദമിട്ട മറുകും

മാനും മുയല്‍ക്കൌതുകം 

ചാറും പണ്ടു പറഞ്ഞുറഞ്ഞ കഥയും 

സാക്ഷിത്വവും ധൂളിയും 

ഏറും സൂര്യകരങ്ങളേറ്റു കുളിരിന്‍ 

തൂവാല തുന്നിക്കരി-

മ്പാറക്കൂട്ടമൊളിച്ചു വച്ചു മികവായ് 

കാണുന്നു ചന്ദ്രോദയം 


ദൂരക്കാഴ്ചയിലല്ല, സ്വപ്നമിടറും

നെഞ്ചിന്‍റെയാഴങ്ങളില്‍

വേരായ് കുത്തിയമര്‍ന്നു വ്യാധി പെരുകും

ജന്മത്തിലെ പേടിയില്‍ 

ചേരാതങ്ങനെ മാറിമാറിയകലും 

സന്ദേഹസൌന്ദര്യമേ 

പോരൂ, കാമുകി കായലിന്‍റെ മിഴിയില്‍ 

വിങ്ങുന്നു ചന്ദ്രോദയം 


കാലം കാട്ടുകടന്നലായ് ചിറകടി-

ച്ചെങ്ങും, കൊടുംമൂളലില്‍

കോലം കെട്ടു കിടക്കയാണ് ഹൃദയം,

തേടുന്നു സത്യൌഷധം

നീലപ്പോര്‍മയില്‍ പീലി നീര്‍ത്തിയുലയും

വര്‍ഷാദ്യ ഹര്‍ഷങ്ങളില്‍ 

കാലില്‍ കാര്‍ത്തളയിട്ടു കേറി വരവായ് 

ജീവന്‍റെ ചന്ദ്രോദയം 


ജൂണിന്‍ മേനി നനച്ചുലച്ചു കുതറി-

പ്പായുന്ന മണ്‍സൂണിനെ

കാണാതായതു കൊണ്ടു നിന്നു കരയും 

രക്താമ്പലേ നോക്കുക 

വേണിക്കാറണി മാഞ്ഞുപോയ മലയില്‍ 

ദു:ഖങ്ങള്‍ വൃത്താകൃതി-

ച്ചാണയ്ക്കൊപ്പമുണര്‍ന്നുയര്‍ന്നു പടരാന്‍ 

തിങ്ങുന്നു ചന്ദ്രോദയം 


വേണം താരകസന്നിഭം ജലസുമം

ചൊല്ലുന്ന കാവ്യോത്ഭവം 

ഘ്രാണിക്കാതെ കടന്നുപോയ പവനാ-

ഹങ്കാര സിംഹാസനം 

നാണം കെട്ടു നടന്നു വീണ  വഴിയില്‍ 

തുള്ളുന്ന മഞ്ഞള്‍ക്കൊടീ 

കാണാം ജീവിതസന്ധ്യയില്‍ മരണമായ് 

പൂക്കുന്ന ചന്ദ്രോദയം.


No comments:

Post a Comment