Tuesday 22 February 2022

കത്തുകള്‍

 കത്തുകള്‍ 

-----------------

ജയിലിന് 

---------------

ജയിലേ

ഇരുമ്പുവാതില്‍ തുറന്നു വയ്ക്കണേ

ഞാന്‍ വരുന്നുണ്ട് 


വായ് മൂടിക്കെട്ടിയപ്പോള്‍ നിലവിളിച്ചതിന്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവനെ 

തിരിച്ചറിഞ്ഞതിന് 

ബാലികയെ ബലാല്‍ഭോഗം ചെയ്യുന്നത് 

കണ്ടുനിന്ന വിഗ്രഹം ഉടച്ചതിന് 

വധശിക്ഷക്ക് വിധിക്കപ്പെട്ട് 

ഞാന്‍ വരുന്നുണ്ട്..


ഒരു തുണ്ടു കരിയോ ചെങ്കല്ലോ

എനിക്കു തരണേ 

നിന്‍റെ ഭിത്തികള്‍ ഹൃദയം കൊണ്ട് 

അലങ്കരിക്കാനാണ്.


ഈ കത്തിന് മറുപടി വേണ്ട.



കപ്പലിന് 

--------------

കൊടികള്‍ പാറുന്ന കപ്പലേ 

നീ ഇപ്പോള്‍ എവിടെയാണ്?


നിനക്കോര്‍മ്മയുണ്ടോ?

ഓഖിക്കുന്നന്‍ തിരയില്‍ 

നീ ആടിയുലഞ്ഞപ്പോള്‍ 

മാലിയിലെ പച്ച ലഗൂണുകള്‍

സ്വപ്നം കണ്ട് ഞാന്‍ പിടിച്ചിരുന്നത്?


ബാറില്‍ വച്ചുകണ്ട വൃദ്ധയുടെ കൈപ്പടത്തില്‍ 

മുത്തം നല്കി യുവതിയാക്കിയത്?


നീ കുലുക്കി ഉണര്‍ത്തിയത്?

തീരക്കടലില്‍ അയലവേട്ടയ്ക്കു പോയ 

എന്‍റെ കൂടപ്പിറപ്പുകളെ ഓര്‍മ്മിപ്പിച്ചത്?

ഞാന്‍ പൊട്ടിക്കരഞ്ഞത്?


ചിന്നം വിളിച്ചു നീങ്ങിയ കപ്പലേ 

നീ ഇപ്പോള്‍ ഏതു കൊടുങ്കാറ്റിലാണ്?

2


തുരുത്തിന് 

------------------

കായല്‍ത്തുരുത്തേ 

പ്രിയേ,

ഇപ്പൊഴും നിന്‍റെ മുടിക്കെട്ടില്‍ 

പരുന്തുകള്‍ മുട്ടയിടാറുണ്ടോ


പേരറിയാത്ത നിലംപറ്റിച്ചെടികളില്‍ 

നക്ഷത്രപ്പൂക്കള്‍ വിരിയാറുണ്ടോ

പുള്ളിപ്പുഴു പ്രഭാതസവാരിക്ക് 

ഇറങ്ങാറുണ്ടോ


പപ്പടപ്പുല്‍ത്തുമ്പില്‍ ജനുവരിത്തുമ്പി 

സൂര്യനെ കാത്തിരിക്കാറുണ്ടോ


ഈ കത്ത് 

കാറ്റ് കൊണ്ടുവരുമ്പോഴേക്കും നിന്നെ 

ജലചൂഷകര്‍ വിഴുങ്ങിയിട്ടുണ്ടാകുമോ?



ദേശാടനപക്ഷിക്ക് 

----------------------------

മള്‍ബറിച്ചുണ്ടും മഞ്ഞിന്‍ ചിറകുമുള്ള 

യാത്രക്കാരീ 

നീ ഇപ്പോള്‍ എവിടെയാണ്?


എന്‍റെ കായലും കാഞ്ഞിരക്കൊമ്പുകളും

ഓര്‍ക്കുന്നുണ്ടോ 

കലം തലയില്‍ കമഴ്ത്തി വന്ന്

നിന്‍റെ കാമുകനെ ഞെരിച്ചു കൊന്ന 

ജലഗുണ്ട 

ഇപ്പോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റാണ്.


നിങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതി 

ആസൂത്രണം ചെയ്യുകയാണ്.


ഇതറിഞ്ഞു നീ ഇനിയും വരരുത്

കലവും തലയും ബാക്കിയുണ്ട്.


നിനക്ക് ജലചുംബനങ്ങള്‍..




കുങ്കുമച്ചാമ്പയ്ക്ക് 

----------------------------

ഓര്‍ക്കുന്നോ?

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്‍റെ

വീട്ടുമുറ്റത്തുവച്ചാണ്

നമ്മളൊരിക്കല്‍ കണ്ടത്.


നൂല്‍പ്പൂക്കളുടെ ചുവന്ന വൃത്തത്തിനു നടുവിലെ 

നര്‍ത്തകി.


മാര്‍ക്സിയന്‍ കമ്മ്യൂണിസ്റ്റിന്‍റെ 

സ്മൃതികുടീരത്തില്‍ നിന്നും 

ഞാനൊരു ചാമ്പക്കുഞ്ഞിനെ 

വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്.


ചുവപ്പിനു കൂട്ട് ചുവപ്പ്!


കത്തിനു മറുപടിവേണ്ട.

ഉദയാദിത്യനൃത്തം തുടര്‍ന്നാല്‍ മതി..




പെങ്ങള്‍ക്ക് 

-------------------

ജനിച്ചപ്പോള്‍ തന്നെ 

മരിച്ചുപോയ പെങ്ങളേ

നീയെത്ര ഭാഗ്യവതിയാണ്.


മലിനമായ കായല്‍ നീ കണ്ടില്ലല്ലോ

പൂഴിവഴിയിലെ കൈതപ്പൂക്കള്‍ വിടരുന്നതും 

അടരുന്നതും നീ കണ്ടില്ലല്ലോ

വണ്ടിപ്പുക ശ്വസിച്ച് നിന്‍റെ ശ്വാസകോശത്തില്‍ 

വിഷമഷി ഭൂപടം വരച്ചില്ലല്ലോ 

പ്രണയക്കുരിശുമായി 

മലകയറേണ്ടി വന്നില്ലല്ലോ 

വിശപ്പിന്‍റെ തീയാഴി നീന്തേണ്ടി വന്നില്ലല്ലോ 


തപാല്‍ക്കാരനില്ലാത്ത സങ്കല്‍പ്പ രാജ്യത്തെ 

മുയല്‍ക്കൂഞ്ഞേ 

നിനക്കീ ആങ്ങളയുടെ പൂമുത്തം


No comments:

Post a Comment