Tuesday 1 March 2022

കൈവെള്ളയോളമുള്ള ഒരു മൈതാനം


കൊല്ലത്തെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ജനയുഗത്തിലെ കോഴിശ്ശേരി ലക്ഷ്മണനാണ് നടന്നാലും നടന്നാലും തീരാത്ത, മരുഭൂമിക്കു സമാനമായ ഒരു മൈതാനത്തെക്കുറിച്ചു സംസാരിച്ചത്.കൊല്ലത്തു നിന്നും  ചെങ്കോട്ടയ്ക്ക് പോകേണ്ട ആദ്യത്തെ തീവണ്ടിയുടെ എഞ്ചിനും ബോഗികളും മദിരാശിയില്‍ നിന്നു കപ്പല്‍ മാര്‍ഗ്ഗം കൊല്ലം തുറമുഖത്തേക്ക് കൊണ്ടുവന്ന കാര്യം പറഞ്ഞപ്പോഴാണ് ഈ മൈതാനസൂചന ഉണ്ടായത്.പുതിയ തലമുറ കൌതുകത്തോടെ കേട്ടിരുന്നത്.

ആശ്രാമത്തുനിന്നാരംഭിച്ച് അറബിക്കടലോളം നീണ്ടു കിടന്ന വര്‍ണ്ണനാതീതമായ മൈതാനം. ആ മൈതാനത്തെ പലകാലങ്ങളില്‍ പലതായി വിഭജിച്ചു. അവിടെ റയില്‍വേ സ്റ്റേഷനും പോലീസ് സ്റ്റേഷനും  ശ്രീനാരായണാ കോളജും ഫാത്തിമാമാതാ നാഷണല്‍ കോളജും കര്‍ബ്ബലാ വളപ്പും ഇംഗ്ലീഷ് പള്ളിയും  ലാല്‍ബഹാദൂര്‍ സ്റ്റേഡിയവും പൊതു ശ്മശാനവും കോര്‍ പ്പറേഷന്‍ ഓഫീസും ടി.കെ.ദിവാകരന്‍ സ്മാരകവും പ്രസ്സ് ക്ലബ്ബും മേല്‍പ്പാലവും കീഴ്പ്പാതയും മണിമേടയും  അഡ്വെഞ്ചര്‍ പാര്‍ക്കും ജലസംഭരണിയും ടൌണ്‍ ഹാളും എഫ് സി ഐ ഗോഡൌണും   പബ്ലിക് ലൈബ്രറിയും  ഒക്കെയുണ്ടായി.

കോഴിശ്ശേരി ലക്ഷ്മണന്‍ പറഞ്ഞു നിര്‍ത്തൂമ്പോള്‍ അവശിഷ്ട പീരങ്കി മൈതാനത്തിന്‍റെ ഒത്ത നടുക്ക് ചുടുകല്ലു കൊണ്ടു കെട്ടിയുയര്‍ത്തിയ അരയാള്‍പ്പൊക്കത്തിലുള്ള തറയില്‍ പടിഞ്ഞാറോട്ട് നോക്കിയിരുന്ന വലുതും ചെറുതുമായ പീരങ്കികള്‍ 
ഇളക്കിമാറ്റുമോ എന്നു ഭയപ്പെടുകയായിരുന്നു.

പ്രസ്സ് ക്ലബ്ബിന് പുറത്തു ഹിപ്പോപൊട്ടാമസ്സിന്‍റെ വായ തുറന്നു കാട്ടുന്ന സുന്ദരിയുടെ ബോര്‍ഡുമായി ജംബോ സര്‍ക്കസ്സ് തുടങ്ങുന്ന അറിയിപ്പുമായി  അനൌണ്‍സ്മെന്‍റ് വാഹനം കടന്നു പോവുകയായിരുന്നു. സര്‍ക്കസ്സുകൂടാരങ്ങള്‍ ഉയര്‍ന്നിരുന്നത് എപ്പോഴും പീരങ്കി മൈതാനത്തായിരുന്നു. കന്‍റോണ്‍മെന്‍റ് മൈതാനമെന്ന് പരിഷ്കൃതര്‍ പറയാന്‍ ശ്രമിച്ചപ്പോഴും പീരങ്കികളെ പൊക്കിയെടുത്ത് പോലീസ് മ്യൂസിയത്തില്‍  സാക്ഷികളാക്കിയപ്പോഴും സര്‍ക്കസ്സുകാരത് പീരങ്കി മൈതാനമായിത്തന്നെ സൂക്ഷിച്ചു.

കലാനിലയം നാടകവേദി സ്ഥിരമായി പീരങ്കി മൈതാനത്ത് ഓലകൊണ്ട്  ഓഡിറ്റോറിയം കെട്ടി കായംകുളം കൊച്ചുണ്ണിയും നാരദന്‍ കേരളത്തിലും മാസങ്ങളോളം കളിച്ചു.നാടകവേദി പലപ്പോഴും തീപിടിച്ചവസാനിച്ചു.

തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ മഹാസമ്മേളനങ്ങള്‍ക്ക് പീരങ്കി മൈതാനം വേദിയാക്കി. മത  പ്രസംഗങ്ങള്ക്കും പീരങ്കി മൈതാനം വേദിയായി.

തളിയിലെ ദൈവവുമായി കേരളഗാന്ധി അലഞ്ഞതുപോലെ അയ്യന്‍കാളിയുടെ പ്രതിമയൊന്നിറക്കി വയ്ക്കാന്‍  കഴിയാതെ ടി.കൃഷ്ണന്‍ എന്ന കീഴാളജന നേതാവ് അലഞ്ഞതും ഒടുവില്‍ അഭയം കൊടുത്തതും പീരങ്കി മൈതാനമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് പീരങ്കി മൈതാനത്ത് നടന്ന മഹാസമ്മേളനവും തുടര്‍ന്ന് നടന്ന നരനായാട്ടും കൊല്ലത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ട് എഴുതിയിട്ടുണ്ട്.ആശ്രാമം ലക്ഷ്മണനും , കുരീപ്പുഴ കൊച്ചുകുഞ്ഞും അടക്കമുള്ള പോരാളികള്‍ അവിടെ വീണു മരിച്ചു.

മഹാത്മാ ഗാന്ധിയടക്കമുള്ള ദേശീയനേതാക്കള്‍ ഇവിടെവച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊല്ലം യുദ്ധത്തിന് വേദിയായതും ഈ മൈതാനമാണ്. വേലുത്തമ്പി നയിച്ച തിരുവിതാംകൂര്‍ പട്ടാളവും ബ്രിട്ടീഷ് പട്ടാളവും പീരങ്കി മൈതാനത്തു വച്ച് ഏറ്റുമുട്ടിയതാണ് കൊല്ലം യുദ്ധം

അടിമത്തത്തിന്‍റെ അടയാളമായിരുന്ന കല്ലമാല അറുത്തെറിഞ്ഞതും അയ്യങ്കാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെയും സാന്നിധ്യത്തില്‍ റൌക്ക അണിഞ്ഞതും പീരങ്കി മൈതാനത്തു വച്ചായിരുന്നല്ലോ.

അഖിലേന്ത്യാ പ്രദര്‍ശനങ്ങള്‍ നടന്നതെല്ലാം പീരങ്കി മൈതാനത്താണ്.വിജ്ഞാനവും കൌതുകവും കൈകോര്‍ത്തുനിന്ന ഉത്സവങ്ങള്‍! ഇങ്ങനെയൊരു പ്രദര്‍ശനവേളയിലാണ് കൊല്ലത്തുകാര്‍ ആദ്യമായി ടെലിവിഷന്‍റെ സംപ്രേഷണകല മനസ്സിലാക്കിയത്

കവര്‍ന്നെടുത്തു കവര്‍ന്നെടുത്തു കൈവെള്ളയോളമായിപ്പോയ പീരങ്കി മൈതാനത്തെ ഇനിയും ഉപദ്രവിക്കരുത്.റവന്യൂ ടവര്‍ കെട്ടാന്‍ മറ്റുസ്ഥലം കണ്ടെത്തണം.

അവശിഷ്ട പീരങ്കിമൈതാനത്ത് റവന്യൂ ടവര്‍ പണിയുന്നതിന് കൊല്ലം കോര്‍പ്പറേഷനും ഇടതുപക്ഷ മുന്നണിയും എതിരാണ്.
ഇടതുമുന്നണി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നതും. പിന്നെ ആരാണ് എതിര്‍ പക്ഷത്തുള്ള നിര്‍ബ്ബന്ധബുദ്ധികള്‍?

ചരിത്രം അവിടെ നില്‍ക്കട്ടെ. മനുഷ്യനു ശുദ്ധവായു ശ്വസിക്കാന്‍ തുറന്ന ഇടങ്ങള്‍ ആവശ്യമാണ്. ചുറ്റും ചോലമരങ്ങള്‍ വച്ചുപിടിപ്പിച്ച് പ്രാണവായു സമൃദ്ധമായി സഞ്ചരിക്കുന്ന തുറസ്സുകള്‍. ശാസ്ത്രബോധമുള്ള ഒരു ഭരണകൂടത്തിനു ഈ ബോധം കൂടി ഉണ്ടാകേണ്ടതാണ്.

കൊടുത്തുമുടിഞ്ഞ മുത്തശ്ശി മാവിനോടെന്നതു പോലെയുള്ള കാരുണ്യവും ദയയും സ്നേഹവും സംരക്ഷണവും പീരങ്കി മൈതാനം അര്‍ഹിക്കുന്നുണ്ട്.

1 comment: