Tuesday 15 March 2022

മഹാകവിയെ കണ്ട അമ്മാമ്പാറ


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ് മഹാകവി കുമാരനാശാന്‍ കര്‍ണ്ണാടകത്തിലെ ഷിമോഗ ജില്ലയിലുള്ള ജോഗ് ഫാള്‍സ് കാണാന്‍ കാളവണ്ടിയില്‍ പോയത്.ഡോ.പല്‍പ്പുമായുള്ള ആശാന്‍റെ മൈസൂര്‍  സഹവാസകാലത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു അത്.

ശതാവരി നദിയില്‍ ലിംഗനമക്കി അണക്കെട്ടുണ്ടാകുന്നതിന് മുപ്പത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നു അത്.അണ കെട്ടിയതിനെ തുടര്‍ന്ന് വെള്ളച്ചാട്ടം ഇന്നു കാണുന്നതു പോലെ  മെലിഞ്ഞു അനാകര്‍ഷകമായി. ആശാന്‍ കാണുമ്പോള്‍ ഈ ജലസുന്ദരി വാസവദത്തയുടെ ശരീര ഭംഗിയെ ഓര്‍മ്മിപ്പിക്കത്തക്ക രീതിയില്‍ അത്യാകര്‍ഷകം ആയിരുന്നു.

അന്നാണ് മഹാകവി, ഗരിസപ്പ അരുവി അല്ലെങ്കില്‍ ഒരു വനയാത്ര എന്ന കവിതയെഴുതിയത്. രണ്ടു തവണ എഴുതിയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ കവിത അതുകൊണ്ടുതന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട വനമാലയിലാണ് ഈ കവിതയുള്ളത്. 

ഇതേ പേരില്‍ സമീപകാലത്ത് ഷിനിലാലെഴുതിയ കഥ മഹാകവിയുടെ ജീവിതത്തിലെ മറ്റ് ചില എപ്പിസോഡുകളിലേക്കും സഞ്ചരിച്ചു. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറയ്ക്കും വേങ്കോടിനും ഇടയ്ക്കുള്ള അമ്മാമ്പാറ അന്വേഷിച്ച് അദ്ധ്യാപകരും വിദ്യാര്‍ഥികളും എത്തിയത് അങ്ങനെയാണ്.

ഉച്ചിയില്‍ കയറി നിന്നാല്‍ അറബിക്കടല്‍ കാണാവുന്ന മനോഹരമഹാശില. അതിന്‍റെ പൂത്തുനില്‍ക്കുന്ന കാനനത്താഴ്വരയില്‍ മഹാകവിക്ക് പതിനാലേക്കര്‍ പുരയിടവും 
രണ്ടുമുറിയുള്ള ഒരു വീടുമുണ്ടായിരുന്നു. സമീപവാസിയും കവിയും ജ്ഞാനിയുമായ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരെ കാണാനും ദീര്‍ഘസംഭാഷണങ്ങള്‍ നടത്താനും ശിലാകാവ്യത്തിന്‍റെ മനോഹാരിത നുണയാനുമായി മഹാകവി ഈ വീട്ടില്‍  പലവട്ടം കുടുംബസമേതം വന്നു താമസിച്ചിട്ടുണ്ട്.ആശാന്‍റെ ചില സമസ്യാപൂരണങ്ങളിലും സൂര്യാസ്തമയ വര്‍ണ്ണനകളിലും തോട്ടത്തിലെ എട്ടുകാലിയെന്ന കവിതയിലും  അമ്മാമ്പാറയുടെ ലാവണ്യരേഖകളുണ്ട്.

വിദ്യാര്‍ഥികള്‍ അമ്മാമ്പാറയിലെത്തിയപ്പോള്‍ ഇതൊന്നുമല്ല കണ്ടത്. ആശാന്‍റെ വീടൊക്കെ വിറ്റ് പണ്ടേ കൈമാറിപ്പോയിട്ടുണ്ട്. അവിടെ ഒരു മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടം ആകാശത്തെ ചുംബിച്ചുനില്‍ക്കുന്നു. ആശാന്‍ നടന്ന ഒറ്റയടിപ്പാത കാലക്രമേണ വീതിയുള്ള റോഡായി.പക്ഷേ അത് ആശുപത്രിക്കുള്ളിലൂടെയായി! 

ആയിഷ,പിതാവിന്‍റെ കടനിന്നേടത്തൊരോയില്‍ മില്ലഹങ്കരിച്ചലറുന്നതു കണ്ടു എന്നു വയലാറെഴുതിയത് അപ്പോള്‍ കുട്ടികള്‍ ഓര്‍മ്മിച്ചിട്ടുണ്ടാകും. 

സര്‍വസംഗപരിത്യാഗികള്‍ ആയിരിക്കേണ്ട ഋഷിമാരെ സൃഷ്ടിക്കുന്നതിനു പകരം വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കൊളളലാഭം ലക്ഷ്യമാക്കി കൃഷിയിറക്കുന്ന മഠങ്ങള്‍ ഇക്കാലത്ത് സുലഭമാണല്ലോ. അങ്ങനെയുള്ളവരുടെ കയ്യിലാണ് ഇപ്പോള്‍ ആ പ്രദേശം!

 എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ കയ്യേറ്റക്കാര്‍, മരങ്ങള്‍ മുറിച്ചുകടത്തി.മാവുകളും പ്ലാവുകളും നിറഞ്ഞു നിന്ന പാറയുടെ സമീപം അക്കേഷ്യയും ശീമക്കൊന്നയും കൈ വിടര്‍ത്തി.ഒരിയ്ക്കലും ഒഴിയാത്ത ജലനിക്ഷേപങ്ങള്‍ വറ്റിത്തുടങ്ങി നിസ്സഹായരായ നെടുമങ്ങാട് നഗരസഭ ഉടമസ്ഥാവകാശം പാറച്ചോട്ടില്‍ രേഖപ്പെടുത്തിവച്ചു. ശ്രദ്ധിക്കാതിരുന്നാല്‍ ആ സ്മാരകമഹാശില മെറ്റല്‍ക്കഷണങ്ങളായി സിമന്‍റ് കൂടാരങ്ങളിലോ കീലറകളിലോ മറയ്ക്കപ്പെടും.

ഇപ്പോഴവിടെ മഹാകവി കുമാരനാശാന്‍റെ ഓര്‍മ്മക്കായി ഒരു സാംസ്കാരിക വേദിയും അമ്മാമ്പാറ സംരക്ഷണസമിതിയും രൂപീകൃതമായിട്ടുണ്ട്. എസ്.എസ്.ബിജു, നാഗപ്പന്‍, വേങ്കോട് മധു, ഡോ.ബി.ബാലചന്ദ്രന്‍, അനില്‍ വേങ്കോട്, ജി.എസ്.ജയചന്ദ്രന്‍, ഷിനിലാല്‍, ഇരിഞ്ചയം രവി തുടങ്ങിയവരുടെ ഉത്സാഹത്തിലാണ് ഈ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്.

അമ്മാമ്പാറ എന്ന പൈതൃകസമ്പത്തു സംരക്ഷിക്കുക,മഹാകവി കുമാരനാശാന്‍റെ ഓര്മ്മ നിലനിര്‍ത്തുന്ന വിധത്തില്‍ അമ്മാമ്പാറ ഒരു സാംസ്ക്കാരിക കേന്ദ്രമാക്കിമാറ്റുക, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പാറയുടെ പരിസരം സംരക്ഷിതമേഖലയാക്കുക, പരിസരത്തുള്ള പ്രാചീന സമൂഹത്തിന്‍റെ, അമ്മാമ്പാറയുമായി ബന്ധപ്പെട്ട  ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, കയ്യേറ്റത്തിനു കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവിടെയുള്ള സാംസ്ക്കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നു.

അതിരപ്പള്ളി വനമേഖല സംരക്ഷിക്കുവാനുള്ള സമരത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു നമ്മുടെ ആദരണീയനായ റവന്യൂ വകുപ്പുമന്ത്രി. അദ്ദേഹത്തിന്റെ ശ്രദ്ധ അമ്മാമ്പാറയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

No comments:

Post a Comment