വരൂ മക്കളേ, പൊതുവിദ്യാലയം വിളിക്കുന്നു.
------------------------------------------------------------------------
മഴ തണുപ്പും ഉത്സാഹവുമായി നേരത്തെ എത്തി. പുതിയ സ്കൂള്‍ വര്ഷം തുടങ്ങുകയാണ്.കണ്ണീര്‍ മഴയും കൌതുകവുമായെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്ക്കൂള്‍ മുറ്റം ഒരുങ്ങുകയാണ്.
രക്ഷകര്‍ത്താക്കളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ നേരത്തെതന്നെ സ്വകാര്യവിദ്യാലയങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മറുവശത്ത് ചരിത്രത്തിലെ അഭിമാനസ്തംഭങ്ങളായ പൊതു വി ദ്യാലയങ്ങളും ചിറകുകുടയുന്നു. മഹദ് വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുത്ത, മതാതീത മാനുഷിക ബോധത്തിന്റെ ഉദ്യാനങ്ങളായ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പുതിയ കുരുന്നുകളെ മാടിവിളിക്കുകയാണ്.വരൂ മക്കളേ, ഈ മടിയിലിരുന്നു നല്ല മനുഷ്യരാകാം.
വിദ്യാഭ്യാസമേഖലയില്‍ വലിയ ശ്രദ്ധയാണ് നമ്മുടെ ഭരണകൂടം നല്‍കുന്നത്. അതിന്റെ നേട്ടങ്ങള്‍ ചെറുതല്ല.പല സംസ്ഥാനങ്ങളിലും വര്‍ഗീയ ലഹളകള്‍ അരങ്ങേറുകയും തെരുവില്‍ വീണു മനുഷ്യനു പിടഞ്ഞു മരിക്കേണ്ടി വരികയും ചെയ്തപ്പോള്‍ കേരളം മാനവികതയുടെ പതാകയുയര്‍ത്തി സ്നേഹത്തിന്റെ ഭക്ഷണം കഴിച്ച് തലയുയര്‍ത്തി നിന്നത് ഈ ശ്രദ്ധകൊണ്ടാണ്.
കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളധികവും ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും മാത്രമല്ല, ചുമരിലിരുന്നു പക്ഷികളും മൃഗങ്ങളും മരങ്ങളും പൂക്കളുമൊക്കെ സ്വാഗതഗാനം പാടുന്നുണ്ട്. ടോട്ടോച്ചാനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പലകെട്ടിടങ്ങളെയും തീവണ്ടിച്ചന്തത്തില്‍ ഒരുക്കിയിട്ടുണ്ട്. ബസ്സുകളും ക്ലാസ്സുമുറികളാകുന്നുണ്ട്.
മതങ്ങളും മറ്റു വിദ്യാഭ്യാസ ബിസിനസ്സുകാരും വലിയ ഫീസ് ഈടാക്കുകയും, ഫീസു കൊടുത്തു പഠിച്ചാലേ ഉത്തരവാദിത്വം ഉണ്ടാകൂ എന്നൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടെയാണ്, മക്കള്‍ക്ക് ചോറുകൊടുത്താലും കൂലിവാങ്ങുന്ന ഹോട്ടലുകളല്ല പൊതുവിദ്യാലയങ്ങളെന്ന് നമ്മള്‍ തിരിച്ചറിയേണ്ടത്.
പൊതുവിദ്യാലയങ്ങളില്‍ സ്നേഹം മാത്രമല്ല,പാലും മുട്ടയും പഴവുമടക്കമുള്ള ആഹാരവും സൌജന്യമാണ്.പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൌജന്യമാണ്. ഈ സൌജന്യങ്ങളൊന്നും ഔദാര്യമല്ല. അവകാശമാണ്.
നിങ്ങള്‍ ജാതിയിലോ മതങ്ങളിലോ വിശ്വസിക്കാത്ത ഒരാളാണെങ്കില്‍ ഉത്തമബോദ്ധ്യത്തോടെ കുഞ്ഞുമായി പൊതുവിദ്യാലയത്തിലേക്ക് ചെല്ലാം. അവിടെ ആരും ജാതിയും മതവും എഴുതാന്‍ നിര്‍ബ്ബന്ധിക്കില്ല.
കുഞ്ഞുമക്കള്‍ കയ്യുംവീശി ചെന്നാല്‍ മതി. അവര്‍ക്ക് വേണ്ടതെല്ലാം സ്ക്കൂളിലുണ്ട്.. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുങ്ങിയിരിക്കയാണ്.അമ്മമലയാളം കൂടാതെ ഇംഗ്ലീഷും സംസ്കൃതവും ഹിന്ദിയും അറബിയും ഉറുദുവും എല്ലാം ഒരു ചെലവുമില്ലാതെ അവിടെ പഠിക്കാം.നമ്മുടെ സ്കൂളാണ്. സുസജ്ജമായ പരീക്ഷണശാലയും കളിസ്ഥലവും ശുചിമുറിയും എല്ലാമുണ്ട്.
സാഹിത്യ വാസനയുള്ള കുഞ്ഞുങ്ങള്‍ക്കായി വിദ്യാരംഗവും കലോത്സവങ്ങളും ഉണ്ട്.കലോത്സവത്തില്‍ പ്രതിഭകളായിക്കഴിഞ്ഞാല്‍ സിനിമയടക്കമുള്ള വിവിധ സാധ്യതകള്‍. ശാസ്ത്രമേളകള്‍, കായികമേളകള്‍,ഗണിത,പ്രവര്‍ത്തിപരിചയ ഐ ടി മേളകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, പഠന ധനസഹായങ്ങള്‍,..
സ്കൂളുകളിലിനി ഇന്‍റര്‍നെറ്റ് സൌകര്യവും ലഭിക്കും. ദേശീയ ഹരിതസേനയടക്കം ഇരുപത്തഞ്ചിലധികം ക്ലബ് പ്രവര്‍ത്തനങ്ങള്‍,കുട്ടിപ്പോലീസും സ്കൌട്ടും റെഡ് ക്രോസ്സും എന്‍ സി സിയും രോഗപരിശോധനയും എല്ലാം സ്കൂളില്‍ കിട്ടും. അദ്ധ്യാപകരുടെ ജ്ഞാനമേഖല വികസിപ്പിക്കാന്‍ വേണ്ടി വിവിധ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍.....
അതെ നമ്മുടെ മക്കളേ പൊതുവിദ്യാലയങ്ങളില്‍ സുരക്ഷിതരാക്കാം.ഒരു രൂപ പോലും ഡൊണേഷനില്ല. അധ്യാപക രക്ഷകര്‍ത്തൃ സമിതികളില്‍ സഹകരിക്കാം. മതരഹിതരായി ഒന്നിച്ചിരുന്നു നമ്മുടെ മക്കള്‍ മനുഷ്യരായി വളരട്ടെ. കേരളത്തിന്‍റെ അഭിമാനപതാക ഉയരത്തില്‍ പറക്കട്ടെ.
ഇനിയും മുന്നോട്ട് വരേണ്ട പൊതുവിദ്യാലയങ്ങളുണ്ടെന്ന കാര്യം മറക്കുന്നില്ല. ആദിവാസി മേഖലയാണ് അതില്‍ പ്രധാനം.ട്രൈബല്‍ സ്ക്കൂളുകളില്‍ വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ഇനിയും അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസി മക്കള്‍ക്ക് അനുവദിച്ചിട്ടുള്ള താമസസൌകര്യങ്ങള്‍ മികവുറ്റതാക്കാനും സര്ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.