Wednesday 20 July 2022

പരീക്ഷാകേന്ദ്രത്തിലെ ദുശ്ശാസനക്രിയകള്‍


ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലെ കന്യകാത്വ പരിശോധനയും ഇന്‍ഡോനേഷ്യന്‍ യുവതികളില്‍ സൈന്യത്തില്‍ 
ചേരുന്നതിനു മുന്പ് നടത്തിയിരുന്ന ഇരട്ടവിരല്‍ പരിശോധനയും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ലോകവ്യാപകമായ ആക്ഷേപമുണ്ടായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചെങ്കിലും നമ്മുടെ നാട്ടില്‍ സ്ത്രീത്വാപമാനക്രിയകള്‍ തുടരുകയാണ്. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നീറ്റ് പരീക്ഷയോടനുബന്ധിച്ച് പെണ്‍ കുട്ടികളുടെ ഉള്‍വസ്ത്രങ്ങള്‍ നീക്കം ചെയ്ത സംഭവം സാക്ഷര കേരളം ഗൌരവത്തോടെ നിരീക്ഷിക്കേണ്ടതാണ്.

നീറ്റ് പരീക്ഷ എഴുതാന്‍ ഹാളില്‍ കടക്കേണ്ടത് ചോരയില്‍ പോലും ലോഹാംശങ്ങള്‍ ഇല്ലാതെ വേണം എന്ന പുരുഷ മേധാവിത്വത്തിന്റെ പിടിവാശിയാണ് ഈ അപമാനകരമായ പ്രവര്‍ത്തിക്ക് കാരണമായത്. പതിനേഴ് വയസ്സു കഴിഞ്ഞവരാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പെറ്റിക്കോട്ടെന്ന ബാലികാവസ്ത്രം ഉപേക്ഷിച്ച കേരളം ഹൈസ്കൂള്‍ ക്ലാസ്സിലെത്തുന്നതിന് മുന്പ് തന്നെ മാറിടം മറയ്ക്കാനായി പെണ്‍ കുഞ്ഞുങ്ങളെ ഉള്‍വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ കൊളുത്ത് ലോഹം കൊണ്ടുള്ളതുമാണ്. വര്‍ഷങ്ങളായി നിത്യേന ധരിക്കുന്ന ഈ വസ്ത്രം പരീക്ഷാഹാളില്‍ കടക്കുന്നതിന് മുന്പ് പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍ മക്കളുടെ മാനസിക നില തകരുകതന്നെചെയ്യും.

പരീക്ഷയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ദേശീയ പരിശോധനാ ഏജന്‍സിയാണ് ഇങ്ങനെ നമ്മുടെ കുട്ടികളെ അപമാനിച്ചിരിക്കുന്നത്. പുരോഹിതന്‍ പൂജിച്ചുകൊടുത്ത പേന തെളിയാതെ വന്നാല്‍ പോലും തകരുന്ന മനോനിലയുള്ള കുട്ടികളില്‍ ഇത്തരം ദുശ്ശാസനക്രിയകള്‍ ഉണ്ടാക്കുന്ന ആഘാതം അസാധാരണമാണ്.

പെണ്‍കുട്ടികളുടെ മനോവീര്യം കെടുത്തി പരീക്ഷാഹാളിലേക്ക് പറഞ്ഞയക്കുന്നതുവഴി എന്ത് വിജ്ഞാന പരീക്ഷണമാണ് നടത്തപ്പെടുന്നത്? ചില പെണ്‍കുട്ടികളുടെ അമ്മമാര്‍ കോളജ് ഗേറ്റിലുണ്ടായിരുന്നു. അവരെ വിളിച്ച് ഷാളെങ്കിലും വാങ്ങി മാറുമറയ്ക്കാനുള്ള അനുവാദം ദുശ്ശാസനസംഘം നല്കിയിരുന്നു. ആ സുരക്ഷപോലും ഇല്ലാതിരുന്ന കുട്ടികള്‍ നഗ്നതാബോധത്തോടെയാണ് പരീക്ഷാഹാളിലെത്തിയത്.

എന്തിനാണ് ഇത്തരം അപഹാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നത്? ഉള്‍വസ്ത്രം അഴിക്കാന്‍ വിസമ്മതിച്ച കുട്ടിയോട്, വസ്ത്രമാണോ പരീക്ഷയാണോ നിനക്കു പ്രധാനം എന്നു പോലും ചോദിക്കുകയുണ്ടായി. എല്ലാ ധൈര്യവും തകര്‍ന്നു പരീക്ഷയെ അഭിമുഖീകരിച്ച കുട്ടികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ വിവരം അമ്മമാരെ അറിയിച്ചത്.

എന്തിനാണ് ഇത്തരം പരീക്ഷണങ്ങള്‍? ഏതുകാലത്തും പെണ്ണുടുപ്പുകളെയും പെണ്ണൂടലുകളെയും പരീക്ഷണവിധേയമാക്കുന്നത് എന്തിനാണ്?

മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുക്കാനായി കൊല്ലം ജില്ലയില്‍ നടന്ന പെരിനാട് സമരം കേരളത്തിന്റെ സമാന്തര ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായമാണ്. അയ്യന്‍കാളിയാണ് സഹോദരിമാരുടെ മാനം രക്ഷിച്ചുകൊണ്ട് ആ സമരം തീര്‍പ്പാക്കിയത്. പിന്നേയും നമ്മള്‍ അക്കാലത്തേക്ക് തിരിച്ചു പോവുകയാണെങ്കില്‍ അയ്യന്‍കാളിയുടെ ആശയങ്ങള്‍ തന്നെ ആവര്‍ത്തിക്കേണ്ടിവരും. ദുശ്ശാസനന്‍മാരെ കായികമായിപ്പോലും നേരിട്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അയ്യന്‍കാളിയെന്നത് മറക്കരുത്.

റാഗിങ്ങിന് തുല്ല്യമായ ഇത്തരം പ്രവര്‍ത്തികളെ ക്രിമിനല്‍ കുറ്റമായാണ് കാണേണ്ടത്. പഴയ ചില ഇല്ലങ്ങളിലെ ഭൃത്യകള്‍ പടിപ്പുരയില്‍ വച്ച് മാര്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിട്ട് ഉള്ളിലേക്ക് കയറിയിരുന്നത് പോലെയാണോ ആധുനിക കാലത്ത് പെണ്‍ കുട്ടികള്‍ പരീക്ഷാഹാളിലേക്ക് കയറേണ്ടത്? പരീക്ഷാ കേന്ദ്രങ്ങള്‍ കൌരവസഭകള്‍ ആകരുത്. അവിടെ ദ്രൌപദിമാര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടരുത്. അങ്ങനെ ഉണ്ടായാല്‍ രാജാവും ഗുരുക്കന്മാരും മൌനം അവലംബിച്ച് പ്രോത്സാഹിപ്പിക്കരുത്. പെണ്ണിന്‍റെ കണ്ണുനീരിന് ആഗ്നേയായുധങ്ങളുടെ ശക്തിയുണ്ടെന്ന കാര്യം ഒരു കേന്ദ്ര ഏജന്‍സിയും മറക്കരുത്.

No comments:

Post a Comment