Tuesday 14 February 2023

 മഹാഭാരതം - വ്യാസന്‍റെ സസ്യശാല ആസ്വാദനക്കുറിപ്പ് 

------------------------------------------------------------------------------------------

മോഹനൻ ചേനോളി

കഥകളും ഉപകഥകളും ആയിരത്തിലധികം കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണല്ലോ വിശ്വമഹാകവി വേദവ്യാസ വിരചിതമായ മഹാഭാരതം: ഇതിലുള്ളത് മറ്റ് പലേടത്തുമുണ്ടാവാമെങ്കിലും ഇത് പോലൊന്ന് വേറെയില്ല തന്നെ.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ എത്ര അയത്നലളിതമായാണ് ആ മഹത് ഗ്രന്ഥം പദാനുപദം മലയാളമാക്കിയതെന്ന്‌ നമുക്ക് നന്നായറിയാം. സാമാന്യ സംസാരത്തിൽപ്പോലും കവിതയുള്ള കവി തന്നെയായിരുന്നല്ലോ തമ്പുരാൻ.
ഓരോ ഭാരത കഥാപാത്രവും നമുക്കുള്ളിലുണ്ട്: ഓരോ അനുഭവത്തിൽ, ഓരോ രൂപത്തിൽ, ഭാവത്തിൽ... ചിലപ്പോൾ സ്വീകാര്യമായി, മറ്റു ചിലപ്പോൾ അസ്വീകാര്യമായി....
കലഹങ്ങളിൽ ഐക്യപ്പെട്ടും ചില ഐക്യങ്ങളിൽ കലഹപ്പെട്ടുമങ്ങനെ കൂടെത്തന്നെയുണ്ട് പലരും.
ഭൂരിഭാഗം പേരുകളും നാം ഓർക്കാറേയില്ല: ഇങ്ങനെയൊരു പേര് അവർക്കുണ്ടെന്നു പോലുമോർക്കാറില്ല: ആ അറിയാപ്പേരുകാരുടെ അന്തസ്സംഘർഷങ്ങളുടെ കഥ കൂടിയാണ് ഈ ഇതിഹാസമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ 'മഹാഭാരതം- വ്യാസൻ്റെ സസ്യശാല' എന്ന കൃതിയിലൂടെ.
മഹാഭാരതമെന്ന വടവൃക്ഷത്തിലൊട്ടിയോ അരികുപറ്റിയോ വേരുറച്ച എണ്ണൂറോളം കഥാപാത്രങ്ങളെ സൂക്ഷ്മവൽക്കരിക്കുകയാണ് ഈ സസ്യ ശാലയിൽ. അവരെയൊക്കെ സൂക്ഷ്മമായ കുറുങ്കവിതകളാക്കി കവി മാറ്റുന്നു.
ഒരു നാടൻ പാട്ടുണ്ടല്ലോ സൂക്ഷ്മവൽക്കരണത്തിന് നിദർശനമായി:
''രാമായണമൊരു
പെണ്ണുകഥ
ഭാരതമൊരു -
പിടി മണ്ണുകഥ'' എന്ന്.
കുരീപ്പുഴ പറയുന്നുണ്ട്: യുദ്ധവും സമാധാനവും ഈ പുസ്തകത്തിലുണ്ട്. കുറ്റവും ശിക്ഷയുമതെ. നിന്ദിതരും പീഡിതരുമുണ്ട്.
അഗമ്യഗമനം, സ്ത്രീ അപഹരണം, ബലാൽസംഗം, ശവഭോഗം, നരഹത്യ, മൃഗ ഹത്യ, യാഗം, സവർണ്ണാധിപത്യം, സ്വയംവരം, ചാർവാക ദർശനം, സാംഖ്യം, യാഗനിഷേധം, പ്രണയം, മാതൃകാ ദാമ്പത്യം, പ്രാണിസ്നേഹം, ആദിവാസി ജീവിതം... ഇവയൊക്കെ ഈ കൃതിയിലുണ്ട്. ഒപ്പം ഭാവനയുടെ അനന്തവിഹായസ്സുമാണ് മഹാഭാരതം..
ദൃശ്യവും അദൃശ്യവുമായ വൻ മരങ്ങളുടെ മഹാവനമായ ഈ കൃതിയെ പുതിയ കാലത്തു നിന്നു കൊണ്ട് നോക്കിക്കാണുകയാണ് കവി, ഈ സസ്യ ശാലയിൽ..
ഭാരത കഥയിൽ ഏറെ കണ്ണീർ വീണത് അഭിമന്യു എന്ന കൗമാരക്കാരന് വേണ്ടിയാവും:
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകൾ -
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാൻ.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാൻ
നിസ്സഹായത്വമേ
മർത്യൻ്റെ ജീവിതം.. എന്ന് കുരീപ്പുഴ എഴുതുമ്പോൾ ആ അശരണ കൗമാരത്തിൻ്റെ ധർമ്മസങ്കടങ്ങൾ നമ്മിലേയ്ക്കരിച്ചിറങ്ങും.
തൊട്ടപ്പുറത്ത് ഗർഭിണിയായ ഉത്തരയെ നോക്കൂ..
അടിവയറ്റിൽ
മൃദുസ്പന്ദനം
ജീവൻ്റെ കണിക.
പരീക്ഷിതമെൻ്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതിൽ വെന്തു
വീഴുന്ന പ്രാണികൾ സ്ത്രീകൾ..
ഉള്ളുവെന്ത വാക്കുകൾ തീയായി കവിതയാവുന്നത് കാണൂ.
ഇതിനെച്ചേർത്ത് സുഭദ്രയെക്കൂടി വായിച്ച് നമുക്ക് നിർത്താം:
അകത്തും പുറത്തും
മഹോത്സവം, തേർ -
വിട്ടൊടുക്കം നടുക്കുന്ന
യുദ്ധപ്പറമ്പിൽ.
മകൻ, തെറ്റു ചെയ്യാതെ
കൊല്ലപ്പെടുമ്പോൾ
പ്രിയൻ വെന്ന രാജ്യ -
മമ്മയ്ക്കോ ശ്മശാനം
ഈ സസ്യ ശാലയിലേക്കൊന്ന് കയറി നോക്കൂ. ചിലപ്പോൾ നിങ്ങൾക്ക് കൈവിട്ടു പോയ നിങ്ങളെത്തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും... ഇവരിൽപ്പലരും നിങ്ങൾ തന്നെയായേക്കാം.
സ്നേഹം പ്രിയ കവീ@kureeppuzha sreekumar
മോഹനൻ ചേനോളി
11/02/23

No comments:

Post a Comment