Sunday 14 July 2024

കാലത്തിന്റെ സഹയാത്രികർ

കാലത്തിന്റെ സഹയാത്രികർ
------------------------------------
കാലമാണല്ലോ ഏറ്റവും വലിയ അത്ഭുത പ്രതിഭാസം.എല്ലാ സവിശേഷതകളും കാലത്തെ അവലംബിച്ചിരിക്കുന്നു. കാലം ചിലരെ അവരുടെ ജീവിതകാലത്ത് വല്ലാതെ താലോലിക്കും.ചിലരെ വല്ലാതെ പീഡിപ്പിക്കും. ഇതൊരു താൽക്കാലിക അവസ്ഥയാണ്.കാലത്തെ നിരീക്ഷിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും.താലോലിച്ചവർ നിലവിലുള്ള വ്യവസ്ഥയെ പുകഴ്ത്തിപ്പാടിയവർ ആയിരിക്കും. അവർക്ക് ജീവിതകാലം സന്തോഷകരം ആയിരിക്കും.ഇത് പുറമെയുള്ള ഒരു ജീവിതമാണ്. ആ ജീവിതകാലത്ത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും. ആ ആശയങ്ങൾ പുതുമയില്ലാത്തതും വർത്തമാനകാലത്തെ അഭിവാദ്യം ചെയ്യുന്നതുമാണെങ്കിൽ അക്കാലം അവസാനിക്കുന്നതോടെ ആ ആശയവും അവസാനിക്കും

എന്നാൽ മറ്റുചില ജീവിതങ്ങൾ പീഡനകാലത്തിലൂടെ കടന്നു പോകുന്നവയായിരിക്കും.അവർക്ക് കുരിശോ വിഷമോ വെടിയുണ്ടയോ പട്ടിണിയോ  ഒക്കെയായിരിക്കും ജീവിതകാലം സമ്മാനിക്കുക.അവരുടെ ആശയങ്ങൾ മുന്നോട്ടു പോകും. നിലവിലുള്ള വ്യവസ്ഥയെ എതിർക്കേണ്ടിവരുന്നവർക്കാണ് ഈ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നത്. അവർ പലതിനെയും ചോദ്യം ചെയ്തിരിക്കും. നിരാകരിച്ചിരിക്കും. സാമൂഹ്യവ്യവസ്ഥയെ നിഷേധിക്കുകയും അതനുസരിച്ചു ജീവിച്ചു മരിക്കുകയും ചെയ്യും കാലം സഹയാത്രികരായി കൂടെ കൂട്ടുന്നത് ആ നിഷേധികളെയാണ്. കാലത്തിന്റെ സഹയാത്രികർ അവരുടെ ജീവിതകാലത്തെ അനുസരിക്കാത്തവരാണ്. അതുകൊണ്ടാണ് വഞ്ചീശമംഗളം എന്ന രചന ചവറ്റുകുട്ടയിൽ ആയിപ്പോയത്. അതെഴുതിയ ആണിയുന്തുകാരനും ചവറ്റുകുട്ടയിൽ  തന്നെ സ്ഥാനം.

നമ്മുടെ നവോത്ഥാന നായകരെല്ലാം അക്കാലത്തെ സാമൂഹ്യവ്യവസ്ഥയെ നിരാകരിച്ച ധിക്കാരികളാണ്.അവരുടെ ആശയങ്ങളാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നമ്മളെ പ്രചോദിപ്പിക്കുന്നത്. അവർണ്ണക്ക് സ്പര്ശനാനുമതി ഇല്ലാത്ത ക്ഷേത്രത്തേരിൽ സ്പർശിക്കുകയും തലപ്പാക്കെട്ടിനു നിരോധനമുണ്ടായിരുന്ന അക്കാലത്ത് തലപ്പാക്കെട്ടോടുകൂടി അറിവാലയത്തിലെത്തി കണ്ണാടിയിൽ നോക്കി സ്വയം ബോധ്യപ്പെടണം എന്ന് പഠിപ്പിക്കുകയും ചെയ്തു  അയ്യാവൈകുണ്ഠർ. നവോത്ഥാന നായകരിൽ തുറുങ്കിലടയ്ക്കപ്പെട്ടയാൾ അയ്യാ വൈകുണ്ഠർ ആണ്. കിണറിൽ തൊടാനും വെള്ളം കോരിക്കുടിക്കാനും അനുമതിയില്ലാതിരുന്ന കാലത്ത് മുന്തിരിക്കിണറുകൾ കുത്തി എല്ലാർക്കും വെള്ളം നൽകിയ ധിക്കാരിയായിരുന്നു അദ്ദേഹം. കീർത്തന രചയിതാവ് എന്ന ഖ്യാതിനേടിയ  സ്വാതിതിരുനാളിനെ തിരുവിതാം കൂർ നീചൻ എന്നാണു അഭിമാനിയായ അയ്യാവൈകുണ്ഠർ വിളിച്ചത്.

അവർണ്ണർക്ക് വിഗ്രഹപ്രതിഷ്ഠ നിഷിദ്ധമായിരുന്ന കാലത്ത് ത്രിമൂർത്തികളിൽ പെട്ട  ശിവനെത്തന്നെ പ്രതിഷ്ഠിച്ച ധിക്കാരിയായിരുന്നു നാരായണഗുരു.ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയെന്നും ജാതിയും മതവും ഉപേക്ഷിച്ചെന്നും പരസ്യപ്രസ്താവന നടത്തിയ പരമധിക്കാരി. അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇപ്പോഴും കേരളത്തിലെ പുരോഗമനവാദികൾക്ക് പ്രചോദനമായിട്ടുള്ളത്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ധിക്കാരിയായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി. വേദപുസ്തകം കത്തിക്കുകയും പാട്ടിനെ സമരായുധമാക്കുകയും ചെയ്ത വ്യവസ്ഥാനിഷേധിയായിരുന്നു പൊയ്കയിൽ അപ്പച്ചൻ. നവോത്ഥാനനായകരിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.ഏതോ വാടകഗുണ്ടയുടെ കൊലക്കത്തിക്കിരയായ പുരോഗമനവാദി. കഥകളി അവർണ്ണർക്ക് നിഷിദ്ധമായിരുന്ന കാലത്ത് അത് പഠിക്കുകയും മൂക്കുത്തി നിരോധിച്ചിരുന്ന കാലത്ത് അത് ധരിപ്പിക്കുകയും ചെയ്ത, മാമൂലുകളെ ചോദ്യംചെയ്ത നിഷേധി.പെൺകുഞ്ഞിന് വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ കർഷക തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചു വ്യവസ്ഥിതിയെ വെല്ലുവിളിച്ച ധിക്കാരിയായിരുന്നു അയ്യങ്കാളി.ജാതിയും മതവും മാത്രമല്ല ദൈവവും വേണ്ടെന്നു പറഞ്ഞു മനുസ്മൃതിയുടെ ആരാധകരടക്കമുള്ള മതജീവികളെ നിരാകരിച്ചു സഹോദരൻ അയ്യപ്പൻ.കലാരംഗത്ത് പ്രവർത്തിക്കാൻ അവകാശമില്ലാത്ത കാലത്ത് സിനിമയിൽ അഭിനയിച്ച്
യാഥാസ്ഥിതികരെ ഞെട്ടിച്ചു പി.കെ റോസി.ഇവരെല്ലാം  അവരുടെ ജീവിതകാലത്ത് അപമാനിക്കപ്പെട്ടവരും ആക്രമിക്കപ്പെട്ടവരുമാണ്. പൊയ്കയിൽ അപ്പച്ചനും സഹോദരൻ അയ്യപ്പനും വധശ്രമങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആനന്ദതീർത്ഥന് ഏൽക്കേണ്ടിവന്ന മർദ്ദനങ്ങൾക്ക് കണക്കില്ല.

സാംസ്ക്കാരിക രാഷ്ട്രീയപ്രവർത്തനങ്ങൾ സുരക്ഷാകവചങ്ങൾക്ക് അപ്പുറമാണ്. അവരുടെ സഞ്ചാരങ്ങൾക്ക് ആംബുലൻസ് അടക്കമുള്ള വാഹനവ്യൂഹത്തിന്റെ അകമ്പടിയില്ല. ചെല്ലേണ്ട സ്ഥലത്തെ സ്ഥിതിഗതികളറിയാൻ രഹസ്യപ്പോലീസില്ല.കാവൽ നിൽക്കാൻ കരിമ്പൂച്ചകളില്ല. പക്ഷെ അവരുടെ ആശയങ്ങൾ വർത്തമാനകാലത്തെ തിരുത്തുകയും ഭാവിയെ ഐശ്വര്യപൂർണ്ണമാക്കുകയും ചെയ്യും. ഗാന്ധി, കോൺഗ്രസ്സിൽ നിന്നും മുക്തനായതുപോലെ ഈ ജനുസ്സിൽ പെട്ടവർ സംഘടനകളിൽ നിന്നുപോലും മുക്തരായി സമൂഹത്തിനു വെളിച്ചം പകരും. അവരാണ് കാലത്തിന്റെ സഹയാത്രികർ. വർത്തമാനകാലത്തിന്റെ മഹാവിദ്യാലയത്തിലെ അനുസരണയില്ലാത്ത കുട്ടികൾ.

No comments:

Post a Comment