Sunday 10 March 2013

ഖേദപൂര്‍വ്വം.



കപട സ്നേഹിതാ നിന്നോടു ജീവിത 
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ  കാണുമ്പൊഴൊക്കെയും 
കുശലമെയ്യുന്നു.
മുന്‍വരിപ്പല്ലിനാല്‍   ചിരി വിരിക്കുന്നു.
കീശയില്‍ കയ്യിട്ടു 
കുരുതി ചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖംമൂടി.
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുരമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടു വിദ്യയും
സുഖദമാത്മ പ്രകാശനം,നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും.

കപട സ്നേഹിതാ,നിന്നോടു വാസ്തവ-
ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്‍

വളരെ നാളായ് കൊതിക്കുന്നു ഞാന്‍, നാട്ടു-
പുളി മരങ്ങളേ പൂക്കുക,പൂക്കുക
കൊടികള്‍ കായ്ക്കും കവുങ്ങുകള്‍ പൂക്കുക
തൊടികള്‍ ചൂടും കിനാക്കളേ പൂക്കുക.

വിഫലമാകുന്നു വിശ്വാസധാരകള്‍
പതിയെ നില്‍ക്കുന്നു പ്രാര്‍ത്ഥനാഗീതികള്‍
മുളകള്‍ പൂക്കുന്ന കാലം.
മനസ്സിലും മുനകള്‍ കൊണ്ടു
പഴുക്കുന്ന വേദന.
നിലവിളിക്കുന്നു ഞാന്‍,തീവ്ര ദുഃഖങ്ങള്‍ 
അലറിയെത്തിക്കഴുത്തില്‍ കടിക്കുന്നു.

തടവുപാളയം ജന്മഗൃഹം 
മതില്‍പ്പഴുതിലൂടെ ഞാന്‍ 
രക്ഷപ്പെട്ടോടുന്നു.
ഒരു സുഹൃത്തിന്‍റെ സാന്ത്വനച്ഛായയില്‍
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു.
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതി രഹസ്യമായ് പൊട്ടിച്ചിരിച്ചു നീ.

കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ-
ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.

മറുപുറത്തൊരാള്‍  നില്‍ക്കുമെല്ലായ്പ്പൊഴും  
ഹൃദയഹസ്തങ്ങള്‍ നീട്ടി രക്ഷിക്കുവാന്‍ 
മറുപുറം.... ധ്രുവദൂരം,വിരല്‍ത്തുമ്പി-
നഭയമേകുവാനാവാത്ത  കൌതുകം.
പുകമറയ്ക്കു പിന്നാമ്പുറം നിന്നു  നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും 
പ്രിയ സഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ 
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍ 
കപട സ്നേഹിതാ,കൌരവാലിംഗന-
ച്ചതിയില്‍ ഞാന്‍ കാരിരുമ്പിന്‍റെ  വിഗ്രഹം.

തുടലിമുള്‍ക്കാടു തിങ്ങിയ ലൌകിക-
ക്കൊതികള്‍ വിങ്ങുന്ന വേനല്‍ക്കടല്‍ക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്‌ 
മണലുതിന്നുന്ന മക്കളെ കണ്ടു ഞാന്‍ 
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ-
മൊഴികളൂതി നിറച്ച ബലൂണുമായ്
മിഴികളില്‍ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങള്‍ വിസ്തരിച്ചീടവേ 

കപട സ്നേഹിതാ,നിന്‍റെ തേന്‍ വാക്കുകള്‍
കുളിരുപെയ്തെന്‍ രഹസ്യരോമങ്ങളില്‍ 

ഒരു മുഖം മാത്രമുള്ള ഞാനും നൂറു
മുഖപടങ്ങള്‍ തന്‍ ജന്മിയാം നീയുമായ് 
അകലമേറെയുണ്ടാവശ്യമില്ലെനിക്ക് 
അഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ട്,ഓര്‍ക്കുക, ജീവിത-
വ്യഥകള്‍ നീയുമായ് പങ്കു വെയ്ക്കില്ലിനി.

കപട സ്നേഹിതാ,നിന്‍ നാട്യ വൈഭവം 
കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍ 
(1990)

9 comments:

  1. ഇതൊക്കെ വായിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ.എന്നെ സംബന്ധിച്ച് വഴി മറന്നവന്റെ തിരിച്ചുവരവ്....നന്ദിയുണ്ട്.ഇനിയും കവിതകള്‍ ചേര്‍ത്താലും.

    ReplyDelete
    Replies
    1. നന്ദി രമേശ്‌. ഒരു സുഹൃത്തിന്‍റെ ആവശ്യപ്രകാരം ഇത് പോസ്റ്റുമ്പോള്‍ എഴുതിയ കാലത്ത് കുടിച്ച കണ്ണീരും ഓര്‍മ്മ വന്നു.

      Delete
  2. കണ്ണീരിനേ വിലയുള്ളൂ,പിന്നീടത് മധുരമായി തിരിച്ചുതരും.ലങ്കാലക്ഷ്മിയില്‍ വിവരം വയ്ക്കാന്‍ മുടി നരയ്ക്കണം എന്ന് രാവണന്‍ പറയുന്നതിന്റെ പൊരുളും ഇപ്പോഴാണ് തിരിയുന്നത്. അങ്ങേയ്ക്ക് നല്ലതു വരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  3. കപടസ്നേഹിതന്മാരെ തിരിച്ചറിയാനാവുന്നില്ലേ......?

    ReplyDelete
    Replies
    1. ചിലപ്പോള്‍ ബുദ്ധിമുട്ടാണ് അജിത്‌.

      Delete
  4. കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ-
    ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.

    ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
    അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
    ഒരു നഖപ്പാടിനപ്പുറം നീയെന്നെ
    അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍
    കപട സ്നേഹിതാ,കൌരവാലിംഗന-
    ച്ചതിയില്‍ ഞാന്‍ കാരിരുമ്പിന്‍റെ വിഗ്രഹം.

    ReplyDelete
  5. കാലം രാകി മിനുക്കുന്ന കാപട്യം തന്നെ അല്ലേ സൗഹൃദം?
    കവി ചിന്തകൾ വായിക്കാൻ കഴിയുന്നത്‌ തന്നെ ആവാം പണ്ട് പറഞ്ഞു കേട്ടിട്ടുള്ള പുണ്യം നന്ദി ശ്രീയേട്ടാ

    ReplyDelete