Saturday, 3 August 2013

കാതുള്ളവരേ കരളുള്ളവരേ കാതിക്കുടം വിളിക്കുന്നു


     ചാലക്കുടിപ്പുഴയെ അപമാനിക്കാനും നശിപ്പിക്കാനും പുഴയോരത്തെ പാവപ്പെട്ട ജനതയെ രോഗബാധിതരാക്കി ഉന്മൂലനം ചെയ്യാനും കഠിനപ്രയത്‌നങ്ങളാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. പല അണക്കെട്ടുകള്‍ നിര്‍മിച്ച് ജലമൂറ്റിയതുപോരാഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മരണവിധിയെഴുതാനും ശ്രമിച്ചു. ശ്രീശക്തി പേപ്പര്‍ മില്ലിന്റെയും പരിയാരം മാംസസംസ്‌ക്കരണ കേന്ദ്രത്തിന്റെയും മാലിന്യക്കുഴലുകളുടെ രൂപത്തിലും പുഴശത്രുത വാസ്തവമായും ഭാവനയായും വന്നു.

ഈ ജനവിരോധത്തിന്റെ മൂര്‍ത്തരൂപമാണ് കാതിക്കുടത്ത് കേരളം കാണുന്നത്. ജനപക്ഷവും ശത്രുപക്ഷവും ഏറ്റുമുട്ടുകയാണ്. പൊലീസിനെ ആയുധമണിയിച്ച് ഭരണകൂടം ജനപക്ഷത്തിനെതിരെ നിലകൊള്ളുന്നു.

എന്‍ഡോസള്‍ഫാന്‍ ഭീകരത ആദ്യം തിരിച്ചറിഞ്ഞത് രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ലീലാകുമാരി അമ്മ ആയിരുന്നല്ലൊ. അതുപോലെ നിറ്റാജലാറ്റിന്‍ കമ്പനിയുടെ മാലിന്യക്കുഴലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്‍നിരയിലെത്തിയത് അവിടെത്തന്നെ ജോലിചെയ്തിരുന്ന കെ എം അനില്‍കുമാറാണ്.

കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ്, ഒരു ചാനലില്‍ കാതിക്കുടം സമരം സംബന്ധിച്ച് ഒരു പരിപാടിയുണ്ടായിരുന്നു. സമരസമിതി നേതാവു മാത്രമല്ല, കമ്പനിയുടെ പ്രതിനിധിയും പഞ്ചായത്ത് അധ്യക്ഷയും അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. 

ചാലക്കുടിപ്പുഴയില്‍ നിന്നെടുക്കുന്ന ശുദ്ധജലം ഫാക്ടറി ആവശ്യത്തിനുപയോഗിച്ചശേഷം രാസപ്രക്രിയയ്ക്ക് വിധേയമാക്കി പരിശുദ്ധ ജലമാക്കിയിട്ട് പുഴക്കു തിരിച്ചുകൊടുക്കുന്നു എന്നായിരുന്നു കമ്പനി പ്രതിനിധിയുടെ വാദം. കണ്ടിരുന്നവര്‍ക്ക്, സബര്‍മതി നദിയില്‍ നിന്നും ഒരു ചെറുപാത്രത്തില്‍ വെള്ളമെടുത്തിട്ട് ആവശ്യം കഴിഞ്ഞുള്ള വെള്ളം നദിയിലേയ്ക്കു തിരിച്ചൊഴിച്ച ഗാന്ധിയെയും മറ്റും ഓര്‍മ്മവരുമായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എഴുന്നേറ്റ്, ശുദ്ധീകരിക്കപ്പെട്ട ജലം ഒരു ഗ്ലാസ് താങ്കള്‍ക്കു കുടിക്കാമോ എന്നു ചോദിച്ചു. കമ്പനി പ്രതിനിധിയുടെ പ്രതികരണം രസാവഹമായിരുന്നു. പുഴവെള്ളവും കമ്പനി, പുഴയിലൊഴുക്കുന്ന പരിശുദ്ധവെള്ളവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞു, അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ചര്‍ച്ച അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം വിജയിക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.

ചാനലിലെ അലങ്കോല ശ്രമം പൊലീസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത്. പൊലീസ് വീടുകള്‍ കയറി ജനങ്ങളെ ആക്രമിച്ചു. സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും യുവകവിയുമായ കുഴൂര്‍ വിത്സനെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. അതിജീവനത്തിനുവേണ്ടി നടത്തുന്ന സമരം അന്ത്യഘട്ടത്തിലെത്തുകയും ജനാധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദിവസമാണ് പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തല്‍ ഉണ്ടായത്. മര്‍ദ്ദനാനന്തരം സമരക്കാരെ പിടികൂടി തുറുങ്കിലടക്കുകയും ചെയ്തു.

അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത കേരളത്തിലെ കണ്ണും കാതും കരളുമുള്ളവരോട് സ്‌നേഹശ്രദ്ധ അഭ്യര്‍ഥിക്കുകയാണ്. നിരവധിപേര്‍ അര്‍ബുദം ബാധിച്ച് മരണത്തിലേയ്ക്കു സഞ്ചരിക്കുകയാണ് ചാലക്കുടിപ്പുഴയുടെ അവകാശികളായ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. ജനവിരുദ്ധ സ്ഥാപനത്തിനു കുടപിടിക്കുന്നതിനുപകരം ജനജീവിതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുവാന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്.

മോതിരക്കണ്ണിയിലെ ഒരു ലൈബ്രറി ഉദ്ഘാടനവേദിയില്‍വച്ച് ആദരണീയനായ നിയമസഭാംഗം ബി ഡി ദേവസ്സിയുടെ സാന്നിദ്ധ്യത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, കാതിക്കുടം പ്രശ്‌നം ഉന്നയിച്ചതാണ്. ഗ്യാസ് പ്ലാന്റ് തകര്‍ന്ന് ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുക വഴി നിറ്റാ ജലാറ്റിന്‍ കമ്പനിയുയര്‍ത്തുന്ന വലിയ അപകടങ്ങളെക്കുറിച്ച് സൂചന കിട്ടിയിരുന്നതുമാണ്.

ഒരു വ്യവസായശാലയും ജനജീവിതത്തിനു ഭീഷണിയാകരുത്. പുഴകള്‍ നമ്മളുണ്ടാക്കിയതല്ല. രക്തധമനിപോലെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് നല്‍കാനുള്ളതാണ്. ഈ ബോധമാണ് കേരളത്തിലെ അധികാരിവര്‍ഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശി നേരിടുന്ന വലിയ അപായ സൂചനയാണ് കാതിക്കുടം തരുന്നത്.
 

6 comments:

 1. ഒരു വ്യവസായശാലയും ജനജീവിതത്തിനു ഭീഷണിയാകരുത്. പുഴകള്‍ നമ്മളുണ്ടാക്കിയതല്ല. രക്തധമനിപോലെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് നല്‍കാനുള്ളതാണ്. ഈ ബോധമാണ് കേരളത്തിലെ അധികാരിവര്‍ഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശി നേരിടുന്ന വലിയ അപായ സൂചനയാണ് കാതിക്കുടം തരുന്നത്.

  നമ്മുടെ പൊതുബോധത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും സാമൂഹികാവബോധത്തിന്റെയും നീതിബോധത്തിന്റെയും ഒരു ചെറുപതിപ്പ് ഈ പോസ്റ്റിനോടുള്ള പ്രതികരണത്തിലും കാണാം. നോക്കൂ, ആരുമില്ല ഒന്ന് വായിയ്ക്കാനോ ഐക്യദാര്‍ഢ്യമോ അല്ലെങ്കില്‍ എതിരഭിപ്രായമോ അറിയിയ്ക്കാന്‍. അവിടെ സീപിയെമ്മും മറ്റുള്ള ഇടതുപക്ഷരാഷ്ട്രീയപാര്‍ട്ടികളൊക്കെ സമരത്തൊട് കൊടും എതിര്‍പ്പുള്ളവരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്തായാലും ജനകീയമായ പോര്‍മുഖങ്ങള്‍ വിജയിക്കുന്നത് നമ്മുടെ രാഷ്ട്രീയസംഘടനകളൊന്നും താല്പര്യപ്പെടുന്നില്ല എന്നത് സത്യം. അവരുടെ കോയ്മകള്‍ക്ക് ഉടവ് തട്ടുമല്ലോ.
  എല്ലാ ഗവര്‍മെന്റും ചെയ്യേണ്ടത് വ്യവസായശാലകള്‍ സകലവിധ മലിനീകരണനിര്‍മ്മാര്‍ജനോപാധിയും ഒരുക്കിയിട്ട് വേണം ഉല്പാദനം തുടങ്ങേണ്ടത് എന്നുറപ്പ് വരുത്തുകയും ജനജീവിതത്തിന് സുരക്ഷിതത്വം ഒരുക്കുകയുമാണ്. അത് ചെയ്യാത്തിടത്ത് സമരങ്ങള്‍ ഉണ്ടാവുകതന്നെ വേണം.

  ReplyDelete
  Replies
  1. അത് ചെയ്യാത്തിടത്ത് സമരങ്ങള്‍ ഉണ്ടാവുകതന്നെ വേണം.athe ajith.ഇടതു പാർട്ടികളിൽ സി.പി.ഐ മാത്രമാണ് അല്പ്പമെങ്കിലും അനുകൂലിച്ചിട്ടുള്ളത്.കഷ്ടമാണ് കാര്യങ്ങൾ.

   Delete
 2. ഇതു വായിക്കുമ്പോൾ ഓർമ്മ വരുന്നത് , ആയിരങ്ങളെ കൊലപ്പെടുത്തിയശേഷം നിഷ്പ്രയാസം, നിർബ്ബാധം അമേരിക്കയിലേക്കു രക്ഷപ്പെട്ട മുൻ യൂണിയൻ കാർബൈഡ് മേധാവി വാറെൻ ആന്‍ഡേഴ്സന്‍റെ കാര്യമാണ്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തത്തിനു കാരണമായ ശേഷം, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, ഇൻഡ്യാഗവണ്‍മെന്റിന്‍റെ പൂർണ്ണ സഹായത്തോടെ, സർവ്വവിധ സന്നാഹത്തോടെ ഒരു വിശിഷ്ട വ്യക്തിയെപ്പോലെ തിരിച്ചുപോയ അയാൾക്ക്‌ ഇൻഡ്യയിലെ സാധാരണ മനുഷ്യരോടു തോന്നിയിട്ടുള്ള അവജ്ഞയും അപഹാസവും മാത്രമേ, ഇന്നത്തെ അഭിനവ ആന്‍ഡേഴ്സണ്‍മാർക്ക്, അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരിവൈകൃതങ്ങൾക്ക് കാതിക്കുടത്തെ സാധാരണജനങ്ങളോടു തോന്നുകയുള്ളൂ. അവരുടെ കണ്ണിൽ ഇവർ മനുഷ്യരേയല്ല; വെറും അപരിഷ്കൃത, അപ്രധാനമനുഷ്യക്കോലങ്ങൾ മാത്രം. അവരെ എങ്ങനെ നശിപ്പിച്ചും, എമ്മാതിരി കൊന്നൊടുക്കിയും, തങ്ങളുടെ കാര്യം നടത്തുക; പരമാവധി കാശുണ്ടാക്കുക; അതുമാത്രമാണ് അവരുടെ ഉദ്ദിഷ്ട ലക്‌ഷ്യം. അതിനു വിലങ്ങുതടിയായി കുറെ ജനകീയപ്രക്ഷോഭണങ്ങളോ, മാധ്യമഭൂകമ്പമൊ ഉണ്ടായാൽത്തന്നെ, അതിനെയെങ്ങിനെ നേരിടണമെന്നു അവർക്കു നന്നായിട്ടറിയാം; അതിനു വേണ്ട ആൾബലവും, അധികാരബലവും അവർ ഉറപ്പാക്കിയിട്ടുമുണ്ട്. അതിന്‍റെ ഭാഗം മാത്രമാണ്, ഇങ്ങിനെയൊരു ബഹുജനപ്രക്ഷോഭണമുണ്ടാകുമ്പോൾ, കെട്ടഴിച്ചുവിടുന്ന പോലീസ് മർദ്ദന ഭീകരതയും, ഭരണകൂടതേർവാഴ്ച്ചയും. ഏതാനും ദിവസങ്ങളോ, ആഴ്ച്ചകളോ ( പരമാവധി, മാസങ്ങളോ) കഴിയുമ്പോൾ ബഹുജനം ഇതെല്ലാം മറക്കുമെന്നും ( അപ്പോഴേക്കും അവർക്കു രസിക്കാൻ ചൂടുവിഷയങ്ങൾ വേറെയുണ്ടാകുമല്ലോ!), തത്സമയം തങ്ങളുടെ ഇംഗിതം സ്വച്ചന്ദം ലക്ഷ്യപ്രാപ്തിയിലെത്തിക്കാമെന്നും പ്രസ്തുത "ജനക്ഷേമവ്യക്താക്കൾ"ക്ക് ഉറപ്പുണ്ട്.

  ഇനി?

  ReplyDelete
  Replies
  1. അതെ ചങ്ങാതി.ജലത്തിന് വേണ്ടി മാത്രമല്ല വായുവിനു വേണ്ടിയും ഇനി സമരം ആവശ്യമാണ്‌..

   Delete

 3. വ്യവസായങ്ങൾ, വ്യവസായ മാലിന്യങ്ങൾ, വ്യവസായികൾ, പണം, തൊഴിൽ,
  സംഭാവനകൾ, വിദേശ യാത്രകൾ, ജനപ്രതിനിധികൾ, പിന്നെ ആഡംബരം ഇത്രയേ ആവശ്യമുള്ളു നാടിനു
  ജനം എന്ന് പറയുന്നത് വെറും മാലിന്യം ആണ്
  പാവപ്പെട്ടവരെ എങ്ങിനെ ഉന്മൂലനം ചെയ്യണം അതാണ് ഭരണകൂട സിദ്ധാന്തം

  ReplyDelete
 4. ജനം എന്ന് പറയുന്നത് വെറും മാലിന്യം ആണ്---nalla samoohya nireekshanam baiju.

  ReplyDelete