Sunday, 4 August 2013

മനുഷ്യപ്രദര്‍ശനം

  ചെങ്കല്‍കവാടം നരച്ച വിളക്കുകള്‍
  മഞ്ഞയുടുത്ത മരിച്ച മാഞ്ചില്ലകള്‍
  ഗന്ധമില്ലാത്ത പുഷ്‌പങ്ങള്‍
  നമസ്‌കാരസംഗീതമാലപിക്കും
  ഊര്‍ജസംഘങ്ങള്‍

  ഒന്നാം മണിമുഴങ്ങുമ്പോള്‍ പ്രവേശനം
  ഇന്ന്‌, ഉച്ചതൊട്ട്‌, മനുഷ്യപ്രദര്‍ശനം.

  യന്ത്രജന്മങ്ങള്‍, നഗരപിതാവിനാല്‍്‌
  ഗന്ധര്‍വരെന്നു വാഴ്‌ത്തപ്പെട്ട ജീവികള്‍
  വന്നിരിക്കുന്നു കുടുംബങ്ങളായ്‌
  കുറെ കുഞ്ഞു റോബോര്‍ട്ടുകള്‍
  ഓടിക്കളിക്കുന്നു.

  ഉദ്‌ഘാടനാനന്തരം, പട്ടുടുപ്പിട്ടു
  വിദ്യുല്‍ക്കരങ്ങളുയര്‍ത്തി,
  ഒരു ലോഹപുത്രന്‍ വരുന്നു
  വിശദീകരിക്കുന്നു.
  ബുദ്ധിമാന്‍മാര്‍ നമ്മള്‍, യാന്തികവംശജര്‍
  തൊട്ടും തുടച്ചും അശുദ്ധമാക്കീടരുത്‌
  ഒറ്റമനുഷ്യപ്രദര്‍ശനവസ്‌തുവും.

  കാണുക,
  ഈ കരിങ്കൂറ്റന്‍ പെരുന്തച്ചന്‍
  ഈ കൈകളാല്‍ തീര്‍ത്തതാണ്‌ സര്‍വസ്വവും.
  കണ്ണീരിനാല്‍ കരള്‍കിണ്ണം നിറച്ചവന്‍
  കണ്ണടയ്‌ക്കാതെ നടന്നു വിയര്‍ത്തവന്‍

  പെറ്റമ്മയാണിവള്‍, നൂറ്റൊന്നു മക്കളെ
  തെറ്റാതെ മാര്‍ഗം തെളിച്ചു വളര്‍ത്തിയോൾ ;
  കഷ്ടത തിന്നു മാറത്തലച്ചോടിയോള്‍
  ശിഷ്ടജന്മത്തെ ശപിച്ചു ജീവിച്ചവള്‍

  ഇതു കവി
  വൃദ്ധിക്ഷയങ്ങള്‍ക്കുമപ്പുറം
  സ്ഥിരതാരകപ്രഭ മുള്‍മുടിയാക്കിയോന്‍
  ഇരവുപകലില്ലാതെ, വര്‍ത്തമാനത്തിന്റെ
  കുരിശും ചുമന്നു മലകേറിയോന്‍
  പീഡിതന്‍

  നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍
  നിര്‍വികാരം നടക്കുന്നൂ റോബോട്ടുകള്‍ .
  കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത്‌;
  ഗോത്രരാജവിന്‍ ജനനേന്ദ്രിയമിത്‌;
  ശാസ്‌ത്രക്കാരന്റെ തലച്ചോറിത്‌, നീല-
  നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്‌.
  യന്ത്രസല്ലാപം പിറക്കുന്നതിന്‍ മുന്‍പ്‌
  സംഗമഗീതം കുടിച്ച കാട്ടാറിവള്‍.
  ഞായറോടൊപ്പമുണര്‍ന്നു നിലങ്ങളില്‍
  ഞാറു നട്ടിട്ടും വിശന്ന കരുത്തിവള്‍
  പാറ പൊട്ടിച്ചു വിയര്‍ത്തിട്ടുമോര്‍മയില്‍
  പാല്‍ നിറം പോലുമില്ലാത്ത മരുത്തിവള്‍

  ഇതു ഹൃദയം
  ഇതു വിരല്‍
  ഇതു കാല്‍നഖം.
  സ്‌്‌നേഹഭരിതം ത്രസിച്ച ഞരമ്പുകളാണിത്‌്‌
  സ്‌്‌മരണകള്‍ സൂക്ഷിച്ച മസ്‌തിഷ്‌കമാണിത്‌.

  ഇതു മുഖം
  ഇതു മുടി
  ഇതു മുലപ്പാല്‍പ്പൊടി.
  വജ്രം വിളഞ്ഞ ചരിത്രഖനികളില്‍
  ലജ്ജയില്ലാതെയലഞ്ഞു റോബോട്ടുകള്‍ .

  പെട്ടെന്നു ചെങ്കല്‍കവാടത്തിനപ്പുറം
  പൊട്ടിതെറിച്ചണുബോംബുകള്‍
  സര്‍വവും കത്തിയമര്‍ന്നു
  പ്രകമ്പനം കൊള്ളുന്നു നക്ഷത്രവും
  സൂര്യനേത്രവും സൂക്ഷ്‌മവും.

  കൂറ്റിരുട്ടിന്റെ കാര്‍ബണ്‍ പുതപ്പിന്നുള്ളില്‍
  മുട്ടി മരിച്ചുകിടക്കുന്നു യാന്ത്രികര്‍.
  അപ്പൊഴും മര്‍ത്ത്യശില്‍പങ്ങള്‍ വിളിക്കുന്നു
  മൃത്യുവില്ലാത്തോര്‍ പ്രദര്‍ശനം കാണുക .

  24 comments:

  1. മനുഷ്യപ്രദര്‍ശനം കണ്ട് സ്തബ്ധനായ് നില്‍ക്കുന്നു ഞാന്‍
   കവിയ്ക്ക് ബഹുമാനാദരങ്ങളോടെ!

   ReplyDelete
  2. " മൃത്യുവില്ലാത്തോര്‍ പ്രദര്‍ശനം കാണുക".....ഞാനയോഗ്യന്‍ ഈ ദര്‍ശനത്തിന്....അഭിനന്ദനങ്ങള്‍ മാഷെ

   ReplyDelete
  3. വല്ലാത്തൊരു ലോകം തന്നെയാണിവിടെ വരിയില്‍ വറുത്തിട്ടിരിക്കുന്നത് .................

   ReplyDelete
  4. യാന്ത്രികതയുടെ ലോകത്ത് യദാര്‍ത്ഥ മുഖം കാട്ടുന്നു കവി എന്ന സാമൂഹിക ജീവി . നല്ലൊരു വായന നല്കിയത്തിനു നന്ദി .

   ReplyDelete
  5. ഇത് നാളയുടെ പ്രദര്‍ശനമാണ്.
   മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഒരു ജനതയ്ക്ക് മുന്‍പില്‍ നടത്തപ്പെടുന്ന നന്ഗ്ന പ്രദര്‍ശനം.
   തീവ്രമായാ വരികള്‍ സര്‍. Hats Off .

   സസ്നേഹം.

   ReplyDelete
  6. കൂടങ്കുളത്തുന്നിങ്ങു കേരളത്തിലെത്താന്‍ പോകും വെളിച്ചം വെളിച്ചമോ അതോ വരാന്‍ കാത്തുനില്‍ക്കുമിരുട്ടോ?

   ReplyDelete
  7. ലളിതവും അർത്ഥവത്തുമാ‍യ നല്ല കവിത

   ReplyDelete
  8. മനുഷ്യ പ്രദർശനം കാണാൻ റോബോട്ടുകൾ കുടുംബ സമേതം എത്തുന്ന കാലം...................

   ഹാ വിദൂരമാകട്ടേ എന്ന് പ്രത്യാശിക്കാം

   ReplyDelete
  9. ഒരു പ്രദര്‍ശന വസ്തുവിനോളം പോലും ഇതിനു വിലയില്ലാത്ത ക്കാലം അല്ലെ കവീ

   ReplyDelete
  10. ജൈവികമായതെല്ലാം പ്രദർശനശാലയിൽ മാത്രം കാണ്മാനാകുന്ന ആസുരകാലത്തിന്റെ ആഗമനത്തിന് കേളികൊട്ടുണരുമ്പോൾ...... കവിത ഒരു പേക്കിനാവ് പോലെ മനസ്സിൽ.....

   ReplyDelete
  11. സൌജന്യമെങ്കിലും ഈ പ്രദര്‍ശനത്തിനു ഞാനില്ലാ.. അങ്ങനെയൊന്നു ഉണ്ടാകാതിരിക്കട്ടെ... കിടിലം കവിത.

   ReplyDelete
  12. ഉള്ളുലയ്ക്കും നേരിന്റെ പ്രവചനം ഈ കവിത

   ReplyDelete
  13. പ്രീ നേര്‍സറി ക്ലാസുകള്‍ മുതല്‍ തുടങ്ങുന്നു ഈ യന്ത്രവല്‍ക്കരണം...

   ReplyDelete
  14. എങ്ങനെ എങ്ങനെ എന്ന സ്തബ്ധതയില്‍ നിന്ന്.... ആശംസകള്‍ , സ്നേഹം , ബഹുമാനം പ്രിയ കവിയ്ക്ക്

   ReplyDelete
  15. മനോജേട്ടനോട് ഞാനും ചേരുന്നു, കവിയുടെ ആ കാലത്തിനു
   മുൻപേ ഗമിക്കുന്ന ആശയരചനാ പാടവത്തിനെ ഞാൻ നമിക്കുന്നു.
   പക്ഷെ ആ പ്രദർശനത്തിന് ഞാനും ഇല്ല,അങ്ങനൊന്നുണ്ടാവാനും കാണാനും ആഗ്രഹിക്കുന്നില്ല.
   അങ്ങയുടെ ഒരു ബ്ലോഗ് വായിക്കാൻ കണ്ണിൽ പെട്ടതിൽ ഞാൻ
   അത്യധികം സന്തോഷിക്കുന്നു. ആശംസകൾ.

   ReplyDelete
  16. റോബോട്ടിന്റെ മുഖം മൂടി അണിഞ്ഞ മനുഷ്യനാണ് അവൻ മനുഷ്യരിൽ മനുഷ്യത്വമുള്ള വരെ തിരഞ്ഞു പിടിച്ചു കൊന്നുകഴിഞ്ഞു അവരുടെ പ്രദർശനം വിജയമാകട്ടെ
   അവനെ വെറുതെ വിടുക റോബോട്ടിന് പോലും ഇത്രയും നിസ്സങ്കനാവാൻ കഴിയില്ല

   ശ്രീയേട്ട ആശംസകൾ മനുഷ്യത്വം വിജയിക്കട്ടെ മാനവികതയും യാന്ത്രികത പുലരട്ടെ മനുഷ്യത്വത്തോളം മാത്രം.

   ReplyDelete
  17. കവീ ഒന്നും പറയാൻ ഇല്ലാ, എല്ലാം കവിതയിൽ തന്നെയുണ്ട്

   ReplyDelete
  18. അര്‍ത്ഥവത്തായ കവിത..അഭിനന്ദനങ്ങള്‍..

   ReplyDelete
  19. തലച്ചോറുകളുടെ പ്രദര്‍ശനം

   അറിവിന്റെ കനല്‍ക്കാടുകള്‍
   അടക്കം ചെയ്യപ്പെട്ട
   അശാന്തിയുടെ കരിമേഘം പുരണ്ട
   കറുത്തു തുടുത്ത തലച്ചോറ്...
   അഗ്നിയാമറിവിന്റെ മുറിവേകും നോവുമായ്
   പിടയുന്ന തലച്ചോറ്...
   അറിവിന്റെ മോഹന സുന്ദര നിധികുംഭങ്ങള്‍
   ഒളിഞ്ഞിരിക്കുന്ന തലച്ചോറ്...
   'അറിവുണ്ട്'എന്നറിയാത്തവന്റെ തലച്ചോറും
   'അറിവില്ല'എന്നറിയാത്തവന്റെ തലച്ചോറും
   സമമാണെന്ന തിരിച്ചറിവുള്ള
   'മഹാനായ'മൂന്നാമന്റെ തലച്ചോറ് ...
   ഒരു കൊച്ചു സൂത്രവാക്യം ആറ്റം ബോംബാക്കി മാറ്റി
   സഹസ്രങ്ങളുടെ ജീവനും സ്വപ്നങ്ങളും
   ചാരമാക്കി മാറ്റിയ അവിവേകിയുടെ തലച്ചോറ്..

   സാർ ,ഇപ്പോളാണ് ഇത് വായിക്കാൻ കഴിഞ്ഞത് .....
   ഈ മഹാ കവിക്ക്‌ നന്മകൾ മാത്രം നേരുന്നു...

   ReplyDelete
  20. പുനർചിന്തയ്ക്ക് ഇവിടെ വഴിയൊരുങ്ങുന്നു

   ReplyDelete
  21. പുനർചിന്തയ്ക്ക് ഇവിടെ വഴിയൊരുങ്ങുന്നു

   ReplyDelete