Saturday 18 March 2017

അവരോഹണം


ഇനി വിഷാദത്തിന്റെ മുടികെട്ടിയങ്ങനെ
പിരിയുക, പിരിയുക തകരാൻ പിറന്നൊരെൻ
കഥയറിയാതെ തുളുമ്പിയ സ്വപ്നമേ
പിരിയുക കരയാതെ വേഗം നടക്കൂക

മിഴിയൊഴുകുന്നതു കാണാതിരിക്കുവാൻ
ഇമകൾ ഇറുകിയടച്ചു നിൽക്കുന്നു ഞാൻ
മൊഴിമുള്ളുകൊണ്ടു നീയെറിയാതെ പോകണം
വഴിയിലൊരല്പവും തളരാതെ പോകണം
മുറിവേറ്റമൗനമുടച്ചു നീ പോകണം
മടിയിലെ മൗനം കൊറിച്ചു നീ പോകണം

കിളിവന്നു കൊത്തിയഴിച്ച കുപ്പായങ്ങളണിയുക
ഞാറപ്പഴം തിന്നു നീലിച്ച
മണിനാവിലിട്ടു
നുണഞ്ഞ മോഹത്തിന്റെ
മധുരം മറക്കുക കൈവെള്ളയിൽ തേച്ച-
മയിലാഞ്ചി മായ്ക്കുക
നെഞ്ചിലെപ്പൂക്കുടയൊഴിയുവാനെന്റെ
പൂവോരോന്നുമെറിയുക.

തണലില്ലിരിക്കുവാൻ
ഇനിയുള്ള ഗ്രീഷ്മങ്ങളിതിലും ഭയാനകം
സിരകളെരിയുന്നൊരാ
മണവുമായെത്തുന്നു കാറ്റിന്റെ കുട്ടികൾ
കരളുകളിലാഴ്ന്നിറങ്ങുന്നിരുൾ കത്തികൾ
ഇനിഗദ്ഗദത്തിന്റെ മുറി പൂട്ടിയങ്ങനെ
പിരിയുക പുകയാൻ പിറന്നൊരെൻ ജീവന്റെ
പൊരുളറിയാതെയിണങ്ങിയ സ്വപ്നമേ
പിരിയുക തളരാതെ വേഗം പറക്കുക

ഇവിടെ ഞാനഗ്നിശൈലത്തിൻ മുഖപ്പിലെ
കറുകയായ് നിന്നു നടുങ്ങുന്നു മാത്രകൾ
ഇനിയേഴുമാത്രമീഭൂമിയെ മറിക്കുന്ന
കിടിലം കുറിക്കുവാൻ തീച്ചോരയൊഴുകുവാൻ

ഇനിയാറു മാത്രകൾ മാത്രം മനസ്സിന്റെ
കതകടഞ്ഞീടാൻ വെളിച്ചം വിതയ്കുന്ന
പകലൊടുങ്ങീടാൻ ഇടിമുഴങ്ങീടാൻ

ഇനിയഞ്ചു മാത്രകൾ മാത്രം ഞരമ്പിന്റെ
തിരിപൂത്തു പൊട്ടുവാൻ മാംസം തെറിക്കുവാൻ

ഇനി നാലുമാത്രകൾ മാത്രമാണസ്ഥികൾ
കടലിന്നഗാഥഹ്രദത്തിൽ പതിക്കുവാൻ

ഇനിമൂന്നുമാത്രകൾ മാത്രമെന്നുള്ളിലെ
ചലനത്തിനവസാന ശൈത്യംകടിക്കുവാൻ

ഇനിരണ്ടുമാത്രകൾ മാത്രമീ നിസ്വന്റെ
കൊടികളിൽ തീപ്പക്ഷി പാറുവാൻ
സ്വപ്നമേ
ഇനിയൊറ്റമാത്ര....

2 comments:

  1. ഇനി വിഷാദത്തിന്റെ മുടികെട്ടിയങ്ങനെ
    പിരിയുക, പിരിയുക തകരാൻ പിറന്നൊരെൻ
    കഥയറിയാതെ തുളുമ്പിയ സ്വപ്നമേ
    പിരിയുക കരയാതെ വേഗം നടക്കൂക

    ReplyDelete
  2. വ്യതിരിക്ത ചിത്രത്തഴക്കം; വരികളില്‍
    ശ്രുതിചേര്‍ത്തയഴലിന്‍ പെരുക്കം,
    തീക്കനല്‍ക്കൊണ്ടെടുത്തീടുന്ന വാക്കിലെ-
    ന്നാര്‍ദ്രചിത്തത്തിന്‍ ഞരക്കം.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete