Sunday 5 May 2019

പാമ്പും പത്മിനിയും



ഏപ്രിലിൽ ഏതോ രാത്രിയിലുള്ളിൽ
മുല്ലക്കാടു വിയർത്ത സുഗന്ധം
നദിയായ് ഒഴുകി

തെങ്ങോലയിലൊരു കാറ്റിൻ കുസൃതി
ഏകാന്തതയുടെ തടവറയാം മുറി
മഞ്ഞനിലാവിൽ കൂവളവിരലിൽ
നിദ്രമുറിക്കും ഗന്ധർവ്വൻപാട്ടുണരുന്നുണ്ടോ?
അമ്മയുറങ്ങിപ്പോയോ?

മുറ്റത്താരുടെ കാൽപ്പെരുമാറ്റം
ചാരായച്ചിരി രാക്ഷസനഛൻ?

ചിമ്മിനിയൂതിയിരുന്നൂ പത്മിനി
കട്ടിയിരുട്ടിൽ പുകയിലമണമോ
കാലിൽ പാമ്പിൻപത്തിയുരുമ്മി
നടുങ്ങീ പത്മിനി.

തോറ്റ കണക്കുപരീക്ഷയിൽനിന്നും
തേച്ചു മഴക്കിയുണക്കിയടുപ്പിൽ
റേഷനരിത്തിള വിളയുംവരെയും
നോക്കിയിരുന്നു തീയായ് പത്മിനി.

ആകെ നനഞ്ഞ കൊതുമ്പും ചൂട്ടും
ആറിപ്പോയ കിനാവിൻ ചോറും
ഭാവിപ്പാത കരിമ്പിൻചോട്ടിൽ
വാരിക്കുഴികൾ പുരുഷച്ചതികൾ
വാതിലിലാരുടെ മേഘമുരൾച്ച?

വാലാൽ വായ വരിഞ്ഞുമുറുക്കും
പാമ്പാട്ടത്തിൽ നുറുങ്ങീ പത്മിനി
പ്രായക്കല്ലു ചവിട്ടിക്കയറി
സ്നേഹത്തിൻ മരുഭൂമി മടക്കി
ദു:ഖത്തിന്റെ പരിക്കിൻമുകളിൽ
സ്വപ്നത്തിന്റെ മണപ്പൊടി പൂശി
മൂളും മകുടിക്കൊപ്പം പാമ്പുകൾ
താളം തുള്ളി ശിഖരം തല്ലി
രക്തം തുപ്പി മരിപ്പതു കാണാൻ
പാമ്പുവളർത്തൽ തുടങ്ങീ പത്മിനി

ആയില്യത്തിനു നൂറുംപാലും
ശീമക്കള്ളും ഉള്ളിക്കറിയും
ക്രോധക്കയ്യാൽ നൽകീ പത്മിനി

ഉരഗോത്സവമിതു കാണുക
നെഞ്ചാൽ പൊടിമണ്ണു വകഞ്ഞലയുന്നു
കരിമൂർഖൻ
ഞൊടികേൾക്കുമ്പോൾ
കയറിൻമേൽ ചുറ്റിക്കയറും
തലയിൽ പൂവുള്ളോരടിമ
പുരികക്കൊടിയിളകുമ്പോഴേ-
ക്കൊരു നാഗം ശൂലത്തിൻമേൽ
വിരലിൻമേലൊന്നാം സർപ്പം
അരമണിയായ് രണ്ടാം സർപ്പം
മുലമറയായ് മൂന്നാം സർപ്പം
ചുമലിൻമേൽ നാലാം സർപ്പം
വയർ ചുറ്റിയതഞ്ചാം സർപ്പം
പാദത്തിൽ ആറാം സർപ്പം
തിരുനെറ്റിയിലേഴാം സർപ്പം
മുറിചുറ്റി വണങ്ങും സർപ്പ-
ക്കൊതി വിറ്റു വിളങ്ങീ പത്മിനി

മന്ദബുദ്ധിയായ് മണ്ണുതിന്നുന്നൊരു
സുന്ദരൻ സർപ്പമായെന്റെ ജീവിതം
പുറ്റടർത്തിപ്പിറന്നു വാല്മീകിയായ്
മിത്രദു:ഖം സമാഹരിച്ചീടവേ
ചത്തപാമ്പുകൾ പാതയിൽ പാറയിൽ
ചുറ്റുചുറ്റായ് കിടക്കുന്നു മാനത്തു
വജ്രനക്ഷത്രമായ് പകക്കണ്ണുമായ്
തൃപ്തയായിത്തിളങ്ങുന്നു പത്മിനി

1 comment:

  1. മന്ദബുദ്ധിയായ് മണ്ണുതിന്നുന്നൊരു
    സുന്ദരൻ സർപ്പമായെന്റെ ജീവിതം
    പുറ്റടർത്തിപ്പിറന്നു വാല്മീകിയായ്
    മിത്രദു:ഖം സമാഹരിച്ചീടവേ
    ചത്തപാമ്പുകൾ പാതയിൽ പാറയിൽ
    ചുറ്റുചുറ്റായ് കിടക്കുന്നു മാനത്തു
    വജ്രനക്ഷത്രമായ് പകക്കണ്ണുമായ്
    തൃപ്തയായിത്തിളങ്ങുന്നു പത്മിനി...

    ReplyDelete