Sunday 5 May 2019

ചേച്ചി



എന്റെ ചേച്ചിക്കു നൂറുമ്മ
ചുമ്മാതിരുന്നാലു
മെന്നും ചിരിക്കാതെ
വിമ്മിക്കരഞ്ഞു
തളർന്നു നീറുന്നൊരെൻ
പൊന്നുചേച്ചിക്കു നൂറുമ്മ

വേനലിൽ കൈനഖ-
പ്പാടുമായ് വീഴുന്ന
പൂവിനെപോൽ മൂക-
വേദനയേന്തിയും
കാണാത്ത ലോകാ-
ന്തരങ്ങളിൽ ചിന്തതൻ
പ്രാവിനെത്തൊട്ടു
തലോടിപ്പറത്തിയും
ഏകാന്തവേളയിൽ
ദീർഘനിശ്വാസങ്ങ-
ളേറുന്ന മാത്രക-
ളെണ്ണിക്കുഴയുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ

നീലക്കരിമ്പിൻ
വിലോലമാം നാമ്പുപോ-
ലാലസ്യപൂർണയായ്
അസ്വസ്ഥയായ്, കൊടും
ചൂടിൻ ശരങ്ങളേ-
റ്റാകെ പിടഞ്ഞിട്ടു-
മേതോ വിദൂരസ്ഥ-
വാസന്ത സന്ദേശ-
വാഹകയെപ്പോൽ
ചിരിക്കാൻ ശ്രമിക്കയാ-
ണോരോ കിനാവിലും മോഹം

സ്വപ്നങ്ങളസ്ഥിത്വ-
മില്ലാത്ത രൂപങ്ങ-
ളർത്ഥരാഹിത്യങ്ങൾ
ഏതിലോ ചെന്നു ചേർന്നെപ്പൊഴും
ദു:ഖം കൊളുത്തും വിപത്തുകൾ

എന്റെ ചേച്ചിക്കുണ്ടു
സ്വപ്നങ്ങൾ, കണ്ണുനീരുണ്ടാ
മനസ്സിന്റെ ദാഹം കെടുത്തുവാൻ

തുമ്പിക്കിടാങ്ങൾ തൻ
ചുണ്ടിൽ നറുംചിരി-
ത്തുമ്പക്കുടങ്ങൾ
വിടരവേ നാദങ്ങൾ
തങ്കച്ചിലങ്ക കിലുക്കവേ
നേത്രങ്ങൾ
അമ്പരപ്പിൻ പട്ടുതൂവാല തുന്നവേ
ഉള്ളിൽ പൊടിക്കുന്ന
നൊമ്പരങ്ങൾ നുള്ളി
നുള്ളിക്കളയാതെ
പിന്നെയും കേഴുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ
സാന്ത്വനത്തിന്റെ നൂറുമ്മ

1 comment:

  1. സ്വപ്നങ്ങളസ്ഥിത്വമില്ലാത്ത രൂപങ്ങളർത്ഥരാഹിത്യങ്ങൾ
    ഏതിലോ ചെന്നു ചേർന്നെപ്പൊഴും ദു:ഖം കൊളുത്തും വിപത്തുകൾ ...

    ReplyDelete