Saturday 2 May 2020

തേള്‍ക്കുടത്തെ കുറിച്ച് ഡോ.ഇ.എം.സുരജ


ഒരു പൊൻനാണയംകൊണ്ട് അടിമപ്പെണ്ണ് എന്തു ചെയ്യാനാണ് !
അതുകൊണ്ട് എന്തെങ്കിലും ചെയ്യാനാവുമെന്നു കരുതിയിട്ടാവില്ല, അർദ്ധരാജ്യം മോഹിച്ചിട്ടുമാവില്ല,
അടിമത്തത്തേക്കാൾ ഭേദം കരിന്തേള് കുത്തിച്ചാവുന്നതാണ് എന്നു വിചാരിച്ചിട്ടാവില്ലേ, ആ കുടത്തിൽ അവൾ കൈയ്യിട്ടിട്ടുണ്ടാവുക?
* * *
കുരീപ്പുഴയുടെ 'തേൾക്കുടം' എന്ന കവിത, പഴയൊരു നാടോടിക്കഥയെ ഓർമ്മിപ്പിക്കും. അങ്ങനെയൊരു കഥ ഉണ്ടായിരുന്നോ? മുമ്പുണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴുണ്ട്; ഇനി ഉണ്ടായിരിക്കുകയും ചെയ്യും.
അധികാരമത്തനായ ഒരു മഹാരാജാവ്‌; അത്രമേൽ മടുത്തിട്ടാവണം, ഒരിക്കലൊരു മത്സരം നടത്താൻ തീരുമാനിച്ചു: കുടത്തിലിട്ടടച്ച ഒരു പൊൻനാണയമെടുക്കണം; ഉഗ്രവിഷമുള്ള ഒരു കരിന്തേളുമുണ്ട് അതിൽ. മത്സരം സ്ത്രീകൾക്കു മാത്രം. സമ്മാനവും നിസ്സാരമല്ല. അർദ്ധദേശം, സ്വതന്ത്രസൗധം, വജ്രഹാരം, വിശിഷ്ടവസ്ത്രം.
തുടികൊട്ടിക്കൊടിയേറ്റി, അരങ്ങു കെട്ടി, പുരുഷാരമിരമ്പിയാർത്തു, മിടുക്കിപ്പെണ്ണുങ്ങളുടെ വരവു കാത്തൂ, തലസ്ഥാനം. ഒപ്പം, ഒരുത്തിയും വരില്ലെന്ന് അടക്കം പറയുകയും ചെയ്തു. കുടത്തിലോ, വാളുയർത്തിയ തേള്, അതിന്റെ പുകക്കോളിൽ നീലിച്ച ആകാശം. അപ്പൊഴാണ് അവൾ വന്നത്: ഒരടിമപ്പെണ്ണ്. കുടത്തിന്മേൽ കൈ വെച്ച് അവൾ ഉറച്ചു നിന്നു. അത്ഭുതമെന്നല്ലേ പറയേണ്ടത്? തേൾ അവളെ കൊത്തിയില്ല. അതിനറിയാം:
'ഇവളുമെൻ ദുർവിധിപോൽ
കുടത്തിന്നുള്ളിൽ
കുടുങ്ങിയോളാണിവളെ
ത്തൊടില്ലെൻ ദാഹം'
ഒരേ ദുർവിധിയുടെ വ്യസ്തങ്ങളായ കുടങ്ങളിൽ കുടുങ്ങിപ്പോയവർ: കരിന്തേളും അടിമപ്പെണ്ണും. അവൾ അടിമ മാത്രമല്ല, പെണ്ണുമാണ്, പെണ്ണുമാത്രമല്ല അടിമയുമാണ്. സ്വതന്ത്രരായിരുന്നാൽ, കുടത്തിലടച്ചവർ ഭയപ്പെടേണ്ടുന്ന കരുത്തുള്ളവർ. നോക്കൂ, അവൾ അനായാസമായി നാണയമെടുക്കുന്നു, ആ പൂവിരലിൽ കരിന്തേൾ മയങ്ങിക്കിടക്കുന്നു.
ഒന്നുമില്ലാത്തവൾ രാജ്ഞിയായി, വസന്തവംശത്തിന്റെ മാതാവായി, അവരുടെ പതാകയിൽ കരിന്തേൾ അശോകചക്രമായി; ശോകമൊഴിക്കുന്ന നിത്യമുദ്രയായി.
* * *
ആ കുടത്തിനകത്ത് കവിതയാണെന്നറിയാം, അതിന്റെ കുത്തുകൊണ്ടാൽ ജീവിതം നീറുമെന്നറിയാം, ഇനി കുത്താതെ കനിഞ്ഞാലും ഒരു പൊൻനാണയം കൊണ്ട് ഒന്നുമാവില്ലെന്നറിയാം, പുതുലോകങ്ങളും അവിടെ യുവനൃപപ്പട്ടങ്ങളുമില്ലെന്നുമറിയാം: എന്നാലും അടിമപ്പെണ്ണിന്റെ ജീവിതം എന്തു ജീവിതമെന്ന് ഉള്ളു ചുട്ട് പിന്നെയും പിന്നെയും തേൾക്കുടത്തിൽ കയ്യിടുന്നവളേ...

No comments:

Post a Comment