Thursday 28 May 2020

മഹാഭാരതം

ശത്രുപക്ഷത്തു നിന്നെത്തിയ യുയുത്സുവെ
കെട്ടിപ്പുണര്‍ന്നു വരിച്ചു യുധിഷ്ഠിരന്‍
ഒപ്പം വിയര്‍ത്തു സുയോധനന്‍, കര്‍ണ്ണന്‍റെ
രക്തം തിളച്ചു, ചിലച്ചു ദുശ്ശാസനന്‍

കുന്തിയും ഗാന്ധാരിയും നടുക്കങ്ങളാല്‍
നൊന്തുനൊന്തങ്ങനെ ജന്‍മപാപത്തിന്റെ
ശമ്പളം വാങ്ങി.

കുരുക്ഷേത്രഭൂമിയില്‍
ശംഖോടു ശംഖ് മുഴങ്ങീ വിളംബരം.

അച്ഛന്‍ മുറിച്ചു മഹാഭാരതം
പിന്നെയെത്ര സത്രങ്ങളില്‍
രാത്രിക്കു കാവലായ്
ഭിത്തിയില്‍ ചാരി ഞാന്‍ വച്ചു ദുരന്തങ്ങ-
ളുഗ്രാസ്ത്രമെയ്തു തുളച്ച മനസ്സിന്റെ
പ്രശ്നമായ് തീര്‍ന്ന മഹാഭാരതം
രോഷ തൃഷ്ണകള്‍ പൂക്കുന്ന കൃഷ്ണയ്ക്കു വേണ്ടി ഞാന്‍
മുക്കിയ ചോരയ്ക്കിതെന്‍റെ ഷര്‍ട്ടിന്‍ നിറം.

നെഞ്ചിലെ തോണിയില്‍ മഞ്ഞിന്‍ മറയ്ക്കുള്ളില്‍
നിന്നു കിതയ്ക്കും കറുത്ത പെണ്ണില്‍ നിന്നു
കണ്ണെടുക്കുന്നു മഹര്‍ഷി, യൊടുക്കമെന്‍
കണ്ണില്‍ നിന്നൂര്‍ന്നിറങ്ങുന്നു
കനല്‍ക്കട്ടയെന്ന പോല്‍ വ്യാസന്‍
വിഷക്കാറ്റുപോലെന്‍റെ-
യുള്ളില്‍ തറയ്ക്കുന്നു ഭീഷ്മപ്രതിജ്ഞകള്‍

അംബ തന്‍ കണ്ണീരുവീണു കുതിര്‍ന്നെന്റെ
ചിങ്ങപ്പുലര്‍ച്ചകള്‍
പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
നെറ്റിയില്‍ തൊട്ടന്നു
സന്ധ്യയാവോളമെന്‍ ചോര നുകര്‍ന്നുപോയ്

അര്‍ജ്ജുനജ്വാല പിറന്നൂ നഖത്തില്‍ നി-
ന്നസ്ഥിയില്‍ ഭീമസേനന്റെയലര്‍ച്ചകള്‍
സ്വപ്നം തൊടുത്തഭിമന്യുവിന്‍ ധീരത
ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള.

കത്തുന്നു ജാതുഗൃഹത്തില്‍ അനാഥരാം
മക്കളും അമ്മയും
കള്ളക്കരുക്കളില്‍ കത്തിയും പച്ചയും
യുദ്ധം തുടര്‍ന്നെന്റെ സന്ധിയും ഗ്രന്ഥിയും.

കാതു കീറുന്നുണ്ട് ഗാന്ധാരിയമ്മ തന്‍
പ്രേതാവലോകനം
ഉത്തരം തേടുന്നു മജ്ജയില്‍ ഉത്തര
ഉഷ്ണകാലം പോല്‍ സുഭദ്ര
മോഹത്തിന്റെ ദു:ഖം വിതച്ചു
കൊടും ദു:ഖവും കൊയ്തു
വസ്ത്രമില്ലാതെയകന്ന ജേതാക്കളില്‍
സ്വപ്നവും സ്വത്തും സ്വരാജ്യപ്രതീക്ഷയും
യുദ്ധാവസാനസ്സുഖങ്ങളും പൊള്ളുന്നു.

അച്ഛന്‍ മരിച്ചത് ഓഗസ്റ്റില്‍
പിന്നെത്രയോ സത്രങ്ങളില്‍
രാവുതോറും പുനര്‍ജ്ജനി-
ച്ചൊറ്റക്കിരിക്കുന്നൊറേന്‍റെ ത്രാസങ്ങളില്‍
കൊത്തി വയ്ക്കുന്നു മഹാഭാരതം
ക്രൂരദൂ:ഖങ്ങള്‍ മേയുമിരുട്ടിന്റെ പുസ്തകം
രക്തം പുരണ്ട കാലത്തിന്റെ വല്‍ക്കലം.

No comments:

Post a Comment