Tuesday 21 June 2022

വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്‍റെ അടയാളങ്ങള്‍

 വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്‍റെ അടയാളങ്ങള്‍ 

------------------------------------------------------------------------------------------
ഇന്ത്യയിലെ വിധവകള്‍ അനുഭവിച്ചതു പോലെ അവഗണനയും വേദനയും മറ്റൊരു നാട്ടിലെയും സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവുകയില്ല. സ്ത്രീയുടെ കുറ്റം കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത്. അതിനാല്‍ സ്ത്രീ ശിക്ഷിക്കപ്പെടണം എന്നായിരുന്നു ഇന്ത്യയിലെ പൌരാണിക അധീശ സംസ്ക്കാരമായ ഹിന്ദുമതത്തിന്റെ ധാരണ.

സ്ത്രീക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. സ്വയം തീയില്‍ ചാടി മരിക്കണം.മരണാനന്തരം അവര്‍ സതീദേവിയെന്ന ആരാധനാമൂര്‍ത്തിയാകുമെന്ന് പാവം പെണ്ണുങ്ങളെ പറഞ്ഞു പറ്റിക്കുന്നതില്‍ ഹിന്ദുമത പൌരോഹിത്യം വിജയിച്ചിരുന്നു.

മഹാഭാരതത്തില്‍ കൃഷ്ണന്‍റെ ആയിരക്കണക്കിനു ഭാര്യമാരില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണ്. ആത്മഹത്യ ചെയ്തില്ലെങ്കില്‍ അവരെ പിടിച്ചുകെട്ടി തീയിലേക്കെറിയും. ഷെഹനായ്,ഡോലക്ക് തുടങ്ങിയ വാദ്യങ്ങള്‍ ഉച്ചസ്ഥായിയില്‍ വായിച്ച് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷമാണ് അടുത്തകാലം വരെ രാജസ്ഥാനില്‍ ഉണ്ടായിരുന്നത്.

ജനിക്കുമ്പോള്‍ തന്നെ ആചാരപരമായ വിവാഹം നടത്തിയിരുന്നു.
പ്രായമായ പുരുഷന്മാരെയാണ് ചടങ്ങ് നില്ക്കാന്‍ തെരഞ്ഞെടുക്കുന്നത്. അതിനാല്‍ 1921 ല്‍ ഒരു വയസ്സുള്ള
597 വിധവകള്‍ രാജ്യത്തുണ്ടായിരുന്നു. രണ്ടുവയസ്സു വരെയുള്ള വിധവകളുടെ എണ്ണം 494 ആയിരുന്നു.ഇങ്ങനെ മുപ്പതു വയസ്സിനകമുള്ള 2631788 വിധവകളുണ്ടായിരുന്നു. ഒരു കാലത്ത് നിരോധിക്കപ്പെട്ടിരുന്ന ഇ.മാധവന്റെ സ്വതന്ത്രസമുദായം എന്ന പുസ്തകത്തിലാണ് ഈ അവിശ്വസനീയമായ കണക്കുകള്‍ ഉദ്ധരിച്ചിട്ടുള്ളത്.

തീയില്‍ ചാടി മരിക്കാത്ത പാവങ്ങളെ കാത്തിരുന്നത് അതിനെക്കാള്‍ ദുസ്സഹമായ മറ്റൊരു അഗ്നിപഥമാണ്. മരണം വരെ വെള്ളയുടുത്ത് ഇരുട്ടറയില്‍ കഴിയണം. മുടി വളര്‍ത്താന്‍  പാടില്ല.
നരകതുല്ല്യമായിരുന്നു അവരുടെ ജീവിതം. ഒരുനേരം മാത്രം അല്പഭക്ഷണം. വീട്ടുജോലികളെല്ലാം അവരാണ് ചെയ്യേണ്ടിയിരുന്നത്. ഇതൊന്നും വിധവന്‍മാര്‍ക്ക് ബാധകമല്ല.അവര്‍ക്ക് പിന്നേയും ശൈശവ,ബാല വിവാഹമടക്കം നടത്തി കാളക്കൂറ്റന്‍മാരായി ജീവിക്കാം.ഭാര്യമരിക്കുന്നതു പുരുഷന്റെ കുറ്റം കൊണ്ടല്ല, സ്ത്രീയുടെ ദോഷം കൊണ്ടാണ്. ഇതിന് ഹിന്ദുമതം ചൊവ്വാഗ്രഹത്തെ വരെ കൂട്ടുപിടിച്ചിരുന്നു.

വിധവാവിവാഹം എന്ന ആശയം മുന്നോട്ടുവച്ച ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിനും മറ്റും വലിയ അവഹേളനങ്ങള്‍ നേരിടേണ്ടിവന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെയും മറ്റും നേതൃത്വത്തില്‍ കേരളത്തിലാണ് വിധവാവിവാഹത്തിന്‍റെ പതാക പാറിയത്. 

പൊതുസമൂഹത്തില്‍ നിന്നും വിധവകളെ ചാപ്പകുത്തി മാറ്റിനിര്‍ത്തുന്ന സമ്പ്രദായം ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. അതിലൊരു പ്രധാനസ്ഥലം ഹിന്ദുമതത്തിന് അമിതപ്രാധാന്യമുള്ള മഹാരാഷ്ട്രയാണ്. അതേ  ഇത്തരം ദുഷ്പ്രവണതകകള്‍ക്കെതിരെ പോരാടി വീരമരണം വരിച്ച ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്രധബോല്‍ക്കറുടെയും സ്വന്തം മഹാരാഷ്ട്ര.മഹാത്മാ ഫൂലെയുടെയും ബാബ ആംതെയുടെയും പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഇടം നല്കിയ മഹാരാഷ്ട്ര. ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെയും ബി.ടി.രണദിവേയുടെയുമൊക്കെ കര്‍മ്മമണ്ഡലമായിരുന്ന  മഹാരാഷ്ട്ര. നാരായണ്‍ സുര്‍വേയെ പോലെയുള്ള വിപ്ലവകവികള്‍ ജീവിച്ച് മരിച്ച മഹാരാഷ്ട്ര.

കോവിഡ് മരണങ്ങള്‍ അധികമായതോടെ വിധവകളുടെ എണ്ണം വര്‍ധിച്ചു. ഈ അസാധാരണസംഭവം കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമത്തിന്റെയും മാന്‍ഗാവ് ഗ്രാമത്തിന്റെയും കണ്ണു തുറപ്പിച്ചു.
യുവതികളായ വിധവകള്‍ക്കായി മതം വാഗ്ദാനം ചെയ്യുന്ന ദാരുണജീവിതം അവസാനിപ്പിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

മഹാരാഷ്ട്രാ സര്‍ക്കാരും ഈ വഴിയേ ചിന്തിച്ചു. വിധവകളുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇനി മുതല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് പച്ച നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താം.ഭര്‍ത്താവിന്‍റെ മൃതശരീരം ചിതയിലേക്കെടുക്കുന്നതിനു മുന്‍പ് പച്ചകൈവളകള്‍ പൊട്ടിക്കേണ്ടതില്ല. താലി മുറിച്ചുകളയേണ്ടതില്ല. മൂക്കുത്തിയും മിഞ്ചിയും ഊരിമാറ്റേണ്ടതില്ല. മംഗളകര്‍മ്മങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടതില്ല. അടുപ്പില്‍ തീകത്തിക്കാം. ആഹാരം കഴിക്കാം. വധുവിന്‍റെ അമ്മയായിത്തന്നെ കല്ല്യാണമണ്ഡപത്തിലെത്താം. ആരെയും അനുഗ്രഹിക്കാം.

ഗ്രാമപഞ്ചായത്തിനെ സംസ്ഥാനം മാതൃകയാക്കുന്നതാണ്  നമ്മള്‍ മഹാരാഷ്ട്രയില്‍ കാണുന്നത്. സംസ്ഥാനത്തെ രാഷ്ട്രം മാതൃകയാക്കുന്ന കാലം എന്നാണുണ്ടാവുക?

No comments:

Post a Comment