Wednesday 14 September 2022

കളങ്കിതമായ ബസവശ്രീ പുരസ്ക്കാരം


ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു ബഹുമതിയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള ബസവശ്രീ പുരസ്ക്കാരം.മേധാപട്ക്കര്‍, വന്ദനശിവ, ദലായ് ലാമ, സ്വാമി അഗ്നിവേശ്,ഗദ്ദര്‍, ശബ് നാ ആശ്മി തുടങ്ങിയവരാണ് ഈ പുരസ്ക്കാരത്താല്‍ ബഹുമാനിതരായിട്ടുള്ളത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റു മരിച്ച ഡോ.എം.എം.കല്‍ബുര്‍ഗിക്ക് മരണാനന്തരം ഈ പുരസ്ക്കാരം പ്രഖ്യാപിച്ചിരുന്നു. മലയാളിയായ പി.ടി.ഉഷയ്ക്കും ഈ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.

പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സായ് നാഥിന് രണ്ടായിരത്തി പതിനേഴില്‍ ഈ പുരസ്ക്കാരം ലഭിച്ചിരുന്നു അദ്ദേഹം ഇപ്പോള്‍ ഈ പുരസ്ക്കാരം, സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപയടക്കം തിരിച്കു കൊടുക്കുകയാണ്. അവാര്‍ഡ് നല്കിയ ചിത്ര ദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ബാലികാ പീഡനത്തിന് ജയിലിലായതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്.

പുരസ്ക്കാരം ബസവേശ്വരന്റെ പേരിലാണ്. കന്നടിഗരെ മനുഷ്യരാക്കിയ മഹാനായിരുന്നു ബസവേശ്വരന്‍. ഭാരതീയകവിതയ്ക്ക് ബസവേശ്വരനോട് പ്രത്യേകിച്ചൊരു കടപ്പാടുണ്ട്. അത് വചനകവിതയെന്ന മഹാസമുദ്രത്തിലെ ആദ്യതുള്ളി ആയതാണ്. 

നാരായണഗുരുവിനു സംഭവിച്ചതുപോലെയുള്ള അപചയം മരണാനന്തരം  ബസവേശ്വരനും സംഭവിച്ചു. മരണാനന്തരം ആകയാല്‍ ഈ അപചയത്തിനവര്‍ ബാധ്യസ്ഥരുമല്ല. 

ആത്മീയതയുടെ ഏതെങ്കിലും ചില്ലകളുമായി കൂട്ടിക്കെട്ടിയിട്ടുള്ള സാമൂഹ്യപരിഷ്ക്കരണചിന്തകള്‍ക്കാണ് ഈ ദുര്‍ഗ്ഗതി സംഭവിക്കുന്നത്. തമിഴ് ജനതയെ ഉണര്‍ത്തിയെടുത്ത പെരിയോര്‍ ഈ.വി.രാമസ്വാമിയുടെ ചിന്തകള്‍ ഇപ്പോഴും കലര്‍പ്പില്ലാതെ തുടരുന്നുണ്ട്. 

അനുയായികള്‍ അധപ്പതിച്ചുപോയതിന്‍റെ ചരിത്രം ബുദ്ധനില്‍ നിന്നാണ് ആരംഭിക്കുന്നത്. അഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച ബുദ്ധമതവിശ്വാസികള്‍ ലോകത്ത് നടത്തിയ ഹിംസകള്‍ക്ക് കണക്കില്ല. രണ്ടാം ലോകയുദ്ധകാലത്തെ ജപ്പാനീസ് ഹിംസയും ചൈനയിലെ ടിയാനന്‍മെന്‍ ഹിംസയും കമ്പോഡിയന്‍ കൊലനിലവും തമിഴര്‍ക്കെതിരെ സിംഹളര്‍ നടത്തിയ കൊടും ഹിംസയും രോഹിങ്ക്യന്‍ നിരപരാധികള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടം നടത്തിയ ആട്ടിപ്പുറത്താക്കലും  ഒന്നും ചരിത്രം മറന്നിട്ടില്ല.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആരംഭിച്ച സാമൂഹ്യപരിഷ്ക്കരണം കര്‍ണ്ണാടകമാമൂലുകളെ പിടിച്ചുലച്ചു.നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ നമ്മള്‍ കാണുന്നത്,ഹിന്ദുമത തീവ്രവാദം പിടിമുറുക്കുന്ന കര്‍ണ്ണാടകമാണ്. ബസവണ്ണയുടെ അനുയായികളായ ലിംഗായത്തുകള്‍ പ്രത്യേക മതപദവിയും ആവശ്യപ്പെടുന്നുണ്ട്. എങ്കിലും എത്രയോ ഭേദമെന്ന് ആശ്വസിക്കാവുന്നതേയുള്ളൂ. കര്‍ണ്ണാടകത്തില്‍ ഹൃദയപക്ഷ,ദലിത് മുന്നേറ്റങ്ങള്‍ക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അതില്‍ ബസവേശ്വരചിന്തകല്‍ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്.

ലിംഗായത്തുകളുടെ കാണപ്പെട്ട ദൈവമാണ് ശിവമൂര്‍ത്തി മുറുഗ ശരണറു.ബസവേശ്വര സിദ്ധാന്തത്തിന്‍റെ ആധികാരികവക്താവ്.ആയിരങ്ങള്‍ ആരാധിക്കുന്ന പുരോഹിതപ്രമുഖന്‍. ഈ ആള്‍ദൈവമാണ് പോലീസ് കസ്റ്റഡിയിലായത്. ദലിത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി ജയിലിലായത്. പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് മഠാധിപതിക്കെതിരെ കൈക്കൊണ്ടിട്ടുള്ളത്.

പ്രശസ്തമായ ഒരു പുരസ്ക്കാരം അത് സമ്മാനിച്ച കൈകള്‍ കളങ്കമുള്ളതാണ് എന്നു തിരിച്ചറിയുമ്പോള്‍ ഉപേക്ഷിക്കുകയെന്ന മാര്‍ഗ്ഗം മാത്രമേ നീതിമാന്മാരുടെ മുന്നിലുണ്ടാവുകയുള്ളൂ. അഴുക്കുള്ള കൈകള്‍ കൊണ്ട് തരുന്ന സമ്മാനവും അഴുക്കുപുരണ്ടതായിരിക്കും. ദേശീയ ബഹുമതി തിരിച്ചുകൊടുത്ത ശിവരാമകാരന്തിന്‍റെ പിന്‍ തലമുറ ആശയദാര്‍ഢ്യത്തില്‍ അഴുക്കു പുരട്ടിയിട്ടില്ലെന്നാണ് ഈ തിരസ്ക്കാരത്തിലൂടെ നമ്മള്‍ തിരിച്ചറിയേണ്ടത്.
-

No comments:

Post a Comment