Tuesday 20 September 2022

മല കണ്ടുള്ള ജീവിതം

 മല കണ്ടുള്ള ജീവിതം 

-----------------------------------

അടുക്കളജനല്‍ തുറന്നാലക്കരെ 

ഇരുപറക്കോണം മല കാണം 

മലയ്ക്കെന്നെ കാണാം, മലമുകളിലെ 

മുകിലിനെന്നടിവയര്‍ കാണാം.


മലയിലെ തേക്കുമരങ്ങള്‍ പൂത്തതും 

ചുടുമിന്നല്‍ പൂവില്‍ കിരീടം വച്ചതും 

അടുത്ത മാത്രയില്‍ കരിന്തുകില്‍ ചുറ്റി 

ഇരു രാപ്പക്ഷികള്‍ പറന്നകന്നതും 

വെറുതെയോര്‍ത്തു ഞാന്‍ തല പുകയ്ക്കുമ്പോള്‍ 

ഉരുളുരുളുന്ന മുരള്‍ച്ചയും കേള്‍ക്കാം 


മലയിലാരെല്ലാം ഇരതേടുന്നുണ്ട് 

പകല്‍ പോലും മറന്നിണചേരുന്നുണ്ട്

മുയലുകള്‍ കുഞ്ഞനെലികള്‍ പാമ്പുകള്‍ 

ഉടുമ്പുകള്‍ ഉടുപ്പഴിക്കും ചേരകള്‍ 

പുലി പോല്‍ കണ്ണിലുജ്ജ്വലിക്കും സൂര്യനെ 

മറനീക്കിക്കാട്ടി വിരട്ടും പൂച്ചകള്‍ 


മലയിലെന്തെല്ലാമരുമക്കാഴ്ചകള്‍ 

വിവിധജീവിതസിനിമാസീനുകള്‍ 

അരിക്കുരുവികള്‍ കടവാതല്‍ തൂങ്ങി-

ക്കയറും മഞ്ചാടിമരങ്ങള്‍, പുള്ളുകള്‍

ഉറുമ്പുകള്‍ ജാഥയൊരുക്കും സസ്യങ്ങള്‍ 

ജലകണികകള്‍ പനയ്ക്കും പാറകള്‍


മലമുകളിലെ മരത്തില്‍ കേറിയാല്‍ 

പടിഞ്ഞാറന്‍കായല്‍ തെളിഞ്ഞു കാണുമോ

തല തകര്‍ക്കുവാന്‍ വരുന്ന യന്ത്രന്‍റെ 

തുറന്ന വായയും ചിരിയും കാണുമോ

വിതുമ്പും കാറ്റിന്‍റെ കുഴലു കേള്‍ക്കുമോ

മഴ നിലവിളിച്ചിടിച്ചിറങ്ങുമോ?


മലയിലെങ്ങാനും ഗുഹയുണ്ടാകുമോ

അവിടെ പണ്ടൊരു പുരുഷനും പെണ്ണും 

ഉറങ്ങിക്കാണുമോ, അവര്‍ക്ക് കാവലായ് 

കടുവകള്‍ നിന്ന പടവുണ്ടാകുമോ?


മല കയറുവാന്‍ മനസ്സ് പായുന്നു 

അരുതു കാല്‍മുട്ടു മടിച്ചു നില്ക്കുന്നു.


No comments:

Post a Comment