Tuesday 23 May 2023

തിരുമുറിവുമായി കക്കുകളി

 തിരുമുറിവുമായി കക്കുകളി 

-----------------------------------------------
ഒടുവില്‍ കക്കുകളിയെന്ന നാടകം താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ആലപ്പുഴയിലെ നെയ്തല്‍ നാടകസംഘം തീരുമാനിച്ചിരിക്കുന്നു.ക്രിസ്തു അടക്കമുള്ള രക്തസാക്ഷികളെ ആക്ഷേപിച്ച പൌരോഹിത്യത്തിനും താല്‍ക്കാലികമായി ആഹ്ളാദിക്കാം. ഈ താല്‍ക്കാലിക പിന്മാറ്റം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. അത് കഴിഞ്ഞു കളിയ്ക്കാന്‍ മുതിര്‍ന്നാല്‍ കോടതിവിധി മുഖേനയോ ഒരു പ്രസിദ്ധനായ  ക്രിസ്തുമതദാസനെ നാടകം കാണിപ്പിച്ച് അവതരണം എന്നേക്കുമായി തടയുകയോ ചെയ്യാം..എന്തായാലും മത വന്‍മതിലിനുള്ളിലെ ജീവിതം കുറെ മലയാളികളെയെങ്കിലും  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ നാടകസംഘത്തിന് അഭിമാനിക്കാം

കക്കുകളി ഫ്രാന്‍സിസ് നൊറോണയുടെ ഒരു കഥയാണ്. തൊട്ടപ്പന്‍ എന്ന പുസ്തകത്തിലുള്ളത്. ക്രിസ്തുമത സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും സമൂഹത്തിലെ ദാരിദ്ര്യഅവസ്ഥയെ കുറിച്ചും  സംസാരിക്കുന്ന ആ കഥ കെ.ബി.അജയകുമാര്‍ നാടകമാക്കുകയും ജോബ് മഠത്തിലിന്‍റെ സംവിധാനത്തില്‍ ഇരുപതോളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ദൈനം ദിന സജീവപ്രവര്‍ത്തനമുള്ള ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ നെയ്തല്‍ നാടക സംഘമാണ് അവതരിപ്പിച്ചത്.

തൃശൂരെ നാടകോത്സവത്തിനടക്കം ഈ നാടകം കളിച്ചു. അതിനു മുന്‍പു തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ ഈ നാടകം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് നതാലിയ. കമ്മ്യൂണിസ്റ്റ് കാരനായ പിതാവ് മരണമടഞ്ഞു. കുടുംബം നിത്യ ദാരിദ്ര്യത്തിലായി. ആഹാരത്തിന് പോലും മാര്‍ഗമില്ലാതായപ്പോള്‍ അമ്മ നതാലിയയെ കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കുന്നു. അവിടെയുണ്ടായ പീഡാനുഭവങ്ങളാണ് പിന്നെ നാടകത്തിലുള്ളത്. പ്രാചീനകലാരൂപമായ ചവിട്ട് നാടകത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം കണ്ടവരുടെ മനസ്സിലേക്ക് സിസ്റ്റര്‍ അഭയ അടക്കമുള്ള പീഡിതരായ നിരവധി മണവാട്ടികള്‍ കടന്നു വന്നിട്ടുണ്ട്.

വിമര്‍ശനാതീതമാണോ മതം? മതത്തെ അപഗ്രഥനത്തിന് വിധേയമാക്കരുതെന്നുണ്ടോ? ഇല്ല. കാരണം എല്ലാ മതസ്ഥാപകരും അവരുടെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്തവര്‍ ആയിരുന്നു.

മതസ്ഥാപനങ്ങളിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയാല്‍ എഴുത്തുകാരെ അഭിനന്ദിക്കുകയും തെറ്റുകള്‍ തിരുത്തുകയുമല്ലേ വേണ്ടത്? ഈ കഥാകാരനാണെങ്കില്‍ ക്രിസ്തുമതം സുപരിചിതമാണ് താനും.

എപ്പോഴെല്ലാം മതവിമര്‍ശനം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം മത വ്രണം വികാരപ്പെടുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ മതാതീത മനനുഷ്യാവബോധം സൃഷ്ടിക്കുമായിരുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിന് എതിരേ ഉണ്ടായ പ്രക്ഷോഭം മറക്കാറായിട്ടില്ല. മത സംഘടനകളാണ് അതിനു നേതൃത്വം നല്കിയത്. ഭരണകൂടം എക്കാലത്തും പരാജയപ്പെട്ടിട്ടുള്ളത് മത സമ്മര്‍ദങ്ങള്‍ക്ക് മുന്നിലാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിന് മതങ്ങള്‍ പുല്ലുവിലപോലും കൊടുത്തിട്ടില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ളതുമല്ല. കേരളാ സ്റ്റോറിയെന്ന സിനിമയെ തള്ളി പ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. മഠത്തില്‍ ലൈംഗിക പ്രശ്നങ്ങള്‍ പോലുമുണ്ടെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പോലും സമ്മതിച്ച സ്ഥിതിക്ക് ഒരു പുനര്‍ വിചിന്തനത്തിന് കേരളത്തിലെ പൌരോഹിത്യം തയ്യാറാകേണ്ടതാണ്. കേവലമൊരു നാടകത്തിനു മുന്നില്‍ തകര്‍ന്നു വീഴുന്നതാണോ മതത്തിന്‍റെ മണിമാളിക?

മതത്തിന്‍റെ എതിര്‍പ്പുമൂലം കളിയ്ക്കാന്‍ കഴിയാതെപോയ ഒരു നാടകമാണ് ആലപ്പുഴയില്‍ത്തന്നെ ഉണ്ടായിരുന്ന സൂര്യകാന്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്. നാടകം കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകളെയാണ് ആ പ്രക്ഷോഭത്തിന് മുന്നില്‍ നിറുത്തിയത്. സാഹിത്യ അക്കാദമി അവാര്ഡ് ജേതാവായ ജനകീയ നാടക കലാകാരന്‍ പി.എം ആന്‍റണി എഴുതിയ ആ നാടകം കാണുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു. 

മതക്രോധത്തിനിരയായ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരളപുരം കലാമിന്‍റെ ഫസഹ് നാടകം അവതരിപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജ് കത്തിച്ചതും നിലമ്പൂര്‍ ആയിഷയ്ക്കുനേരെ നിറയൊഴിച്ചതും അക്കാലത്തെ മത ഭീകരതയുടെ ഇളം മുളകളായിരുന്നു. മതക്രോധത്തിന് ഇരയായ നാടകങ്ങളില്‍ കെ.പി.എ സിയുടെ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം മാത്രമാണു റെഡ് വോളണ്ടിയേഴ്സിന്‍റെ കാവലില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പതാക പറപ്പിക്കേണ്ടത്? 

ജനപ്രിയതയാര്‍ന്ന ഒരു നാടകം പിന്‍വലിക്കേണ്ട ദുരവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭയാനകമാണ്. കുറെ ആളുകള്‍ സന്തോഷപ്പാര്‍ട്ടി നടത്തി വീഞ്ഞും പന്നിയിറച്ചിയും കഴിക്കുമെന്നല്ലാതെ ഇതുകൊണ്ട് സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.അത് സാംസ്ക്കാരിക മൂല്യങ്ങള്‍ക്ക് നേരെയുയര്‍ത്തുന്ന കൊലക്കത്തിയാണ്. ഇങ്ങനെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കേരളം ഉണ്ടാകട്ടെയെന്ന് ആശിക്കാം

No comments:

Post a Comment