Wednesday 21 August 2013

അമ്പലമുറ്റത്തെ ആരാമവും അന്ധവിശ്വാസകൃഷിയും


ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുമ്പോള്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടുപിടിച്ചിരിക്കുന്നു. കേരളീയര്‍ക്ക് സാമ്പത്തിക ഐശ്വര്യം തന്നത് തെങ്ങും റബറും കശുമാവുമാണ്. ഈ മൂന്നുമരങ്ങളും ആരുടെയും ജന്മനക്ഷത്രവൃക്ഷങ്ങളല്ല.

അമ്പലപരിസരത്താണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടേണ്ടത്. വെറുതെയങ്ങുനട്ടിട്ട് ഐശ്വര്യം അനുഭവിക്കാന്‍ കുടുംബത്തില്‍ പോയിരുന്നാല്‍ പോര, വെള്ളമൊഴിച്ചു പരിപാലിക്കുകയും വേണം. നട്ടവര്‍ തന്നെ വെള്ളമൊഴിക്കണമെന്നില്ല. ഐശ്വര്യവൃദ്ധിയുടെ ആ അടുക്കളപ്പണി ദേവസ്വം ബോര്‍ഡ് ചെയ്തുതരും. മൂവായിരത്തി അറുന്നൂറ് രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നേയുള്ളൂ.

വമ്പന്‍ ഐശ്വര്യം സംഭാവന ചെയ്യാന്‍ കഴിവുള്ളത് സീസണല്‍ ദൈവമായ ശബരിമല അയ്യപ്പനാണല്ലൊ. സഞ്ചാരം പുലിപ്പുറത്താകയാല്‍ ജനസാന്നിദ്ധ്യമുള്ളപ്പോള്‍ ആ ദൈവത്തെ പ്രതീക്ഷിക്കുകയും വേണ്ട. അതിനും പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള ശരണവഴിയുടെ ഇരുവശത്തും ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുക. അനുഗ്രഹദാതാവ് ഫോര്‍ത്ത് ഗിയറില്‍ പുലിയെ ഓടിച്ചുവരുമ്പോള്‍ മരമായി നില്‍ക്കുന്ന ഐശ്വര്യയാചകനെ എങ്ങനെ തിരിച്ചറിയും? അതിനും ദേവസ്വം ബോര്‍ഡിനു പരിഹാരമുണ്ട്. നട്ടവരുടെ പേര് അതാതു വൃക്ഷങ്ങളില്‍ ബോര്‍ഡിലെഴുതി തൂക്കുക. അതായത്, കാഞ്ഞിരം നട്ടത് അനന്തന്‍പിള്ളയാണെങ്കില്‍ കാഞ്ഞിരക്കൊമ്പില്‍ അശ്വതി അനന്തന്‍പിള്ള എന്ന ബോര്‍ഡ് തൂങ്ങും. അനന്തന്‍പിള്ള മരിച്ചു കഴിഞ്ഞാലും ഐശ്വര്യം അനന്തമായി പ്രവഹിച്ചുകൊണ്ടിരിക്കും.

മനുഷ്യന്റെ പേരും തൂക്കി നില്‍ക്കുന്ന മരങ്ങള്‍ ഒരു കാഴ്ചതന്നെ ആയിരിക്കും. പയിന്‍മരക്കൊമ്പില്‍ മൂലം മുകുന്ദന്‍ മേനോന്‍. കരിമ്പനയില്‍ ഉതൃട്ടാതി ഉര്‍വ്വശിനായര്‍. നാരകത്തില്‍ ആയില്യം ആതിരക്കുറുപ്പ്. മാങ്കൊമ്പില്‍ പൂരുരുട്ടാതിപ്പുരുഷോത്തമക്കൈമള്‍. അഹിന്ദുക്കള്‍ക്ക് നാളും നക്ഷത്രവൃക്ഷവും ഇല്ലാത്തതിനാല്‍ അവരാരും മരക്കൊമ്പില്‍ തുങ്ങുകയില്ല.

എന്താണീ ജന്മനക്ഷത്രവൃക്ഷം? അത് പ്രാകൃതമനുഷ്യന്റെ ഒരു ഭാവനയാണ്. നക്ഷത്രങ്ങള്‍ ആകാശത്തുള്ളതിനാല്‍ മാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപത്മനാഭനെപോലെയും നീര്‍ക്കുന്നത്തെ കറുത്തമ്മയെ പോലെയും സത്യമാണെന്നു തോന്നിപ്പിക്കുന്ന ഒരു ഭാവന.

ഹിന്ദുമതക്കാരുടെ തട്ടിപ്പുശാസത്രമായ ജ്യോതിഷമനുസരിച്ച് ഇരുപത്തേഴ് നക്ഷത്രങ്ങളാണുള്ളത്. ഹിന്ദുമതക്കാര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ കവിടിനിരത്തി നക്ഷത്രം കണ്ടുപിടിക്കും. അയല്‍വാസി ആയില്യമായാല്‍ വീടുമുടിയും; മകം പിറന്ന മങ്ക ഐശ്വര്യവതി തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ദേവത, ഗണം, യോനി, ഭൂതം, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുമുണ്ട്. ഉദാഹരണത്തിന് അത്തം നക്ഷത്രത്തില്‍ പിറന്ന അനൂപ്‌മേനോൻ ദേവഗണവും സ്ത്രീയോനിയും ആയിരിക്കും. ആ പാവപ്പെട്ടവന്റെ ഭൂതം അഗ്നിയും മൃഗം പോത്തും പക്ഷി കാക്കയും വൃക്ഷം അമ്പഴവുമായിരിക്കും. ഈ സങ്കല്‍പ്പങ്ങളെ സത്യമെന്നു വിശ്വസിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ദേവസ്വം ബോര്‍ഡ് ഐശ്വര്യക്കൊഞ്ചുകൊരുത്ത ചൂണ്ടയെറിയുന്നത്.

അന്ധവിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ജന്മനക്ഷത്ര മൃഗശാലയും പക്ഷിശാലയും കൂടി ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പൂരം പങ്കജാക്ഷിക്കുറുപ്പ്, ചോതിചന്ദ്രന്‍ പിള്ള, വിശാഖം വിനോദ് നമ്പ്യാര്‍ തുടങ്ങിയ നെയിംബോര്‍ഡും തൂക്കി യഥാക്രമം ചുണ്ടെലി, പോത്ത്, സിംഹം തുടങ്ങിയ ജീവികളെയും വളര്‍ത്താമല്ലൊ.

ഇനി, പക്ഷിസ്‌നേഹികളാണെങ്കില്‍ അനിഴം മുതല്‍ തിരുവോണം വരെയുള്ളവര്‍ക്ക് കോഴിവളര്‍ത്തലും പൂരം മുതല്‍ വിശാഖം വരെയുള്ളവര്‍ക്ക് കാക്ക വളര്‍ത്തലും സ്‌പോണ്‍സര്‍ ചെയ്യാവുന്നതേയുള്ളൂ.

അങ്ങനെയെങ്കിലും മരം വളരട്ടെ എന്നു പറയുന്ന പരിസ്ഥിതിസ്‌നേഹികളോട് മാര്‍ഗ്ഗത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചേ പറയാനുള്ളൂ.
ജന്മനക്ഷത്രവൃക്ഷ കൃഷി, വര്‍ഗ്ഗീയതയും അന്ധവിശ്വാസവും വിളയിക്കുന്നതാണ്.

16 comments:

  1. എങ്ങനേം നാലു കാശ് കൂടുതല്‍ ഉണ്ടാക്കണം
    നക്ഷത്രമെങ്കില്‍ നക്ഷത്രം. വൃക്ഷമെങ്കില്‍ വൃക്ഷം!

    ReplyDelete
  2. വിശ്വാസം അതല്ലെ എല്ലാം..
    കൂട്ടത്തിൽ ആ വകയിൽ അത് വിളയിക്കുന്നവർക്ക് ഇച്ചിരി കാശും....!

    ReplyDelete
    Replies
    1. അന്ധവിശ്വാസം.അതല്ലേ എല്ലാം!

      Delete
  3. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ ഈ ആക്ഷേപഹാസ്യം,നക്ഷത്രങ്ങളുടെയും,അവയാൽ നിയന്ത്രിതമെന്നു കരുതപ്പെടുന്ന മനുഷ്യജീവിതത്തിന്‍റെ പ്രവചനഭോഷ്ക്കും, അതിനേക്കാൾ അബദ്ധപ്പഞ്ചാംഗമായ ജന്മനക്ഷത്രവൃക്ഷഘോഷവും എത്രമാത്രം നിരർത്ഥകവും,യുക്തിരഹിതവുമാണെന്നു സ്പഷ്ടമാക്കുന്നു. ശുപാർശകർ ദേവസ്വംബോർഡായതുകൊണ്ട്, ഈ വൃക്ഷങ്ങളുടെ തായ് വേരുമുതൽ മേൽക്കൊമ്പുവരെ ആർക്കായിരിക്കും പ്രയോജനപ്പെടുമെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ!

    ഇതിന്‍റെയൊക്കെ ദാരുണമായ മറുവശം,വളരെക്കൂടുതൽ വിശ്വാസികൾ ഇത്തരം തട്ടിപ്പുകൾക്കു തലവെച്ചുകൊടുക്കാൻ തയ്യാറായിനില്പ്പുണ്ടെന്നുള്ളതാണ്.

    ReplyDelete
    Replies
    1. ഇതെന്തു സാക്ഷര കേരളം!

      Delete
  4. വിമർശിചെഴുതിയതായാലും ദേവസം ബോർഡിൻറെ ഈ പദ്ധതി ക്ക് താങ്കൾ കൊടുത്ത നല്ല പരസ്യത്തിനും ദേവസം ബോർഡിൻറെ ഈ നല്ല ഉദ്യമത്തിനും ആശംസകൾ

    ReplyDelete
  5. അങ്ങനെയെങ്കിലും മരം വളരട്ടെ എന്നു പറയുന്ന പരിസ്ഥിതിസ്‌നേഹികളോട് മാര്‍ഗ്ഗത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചേ പറയാനുള്ളൂ.
    ജന്മനക്ഷത്രവൃക്ഷ കൃഷി, വര്‍ഗ്ഗീയതയും അന്ധവിശ്വാസവും വിളയിക്കുന്നതാണ്.

    ReplyDelete
    Replies
    1. അതെ.പെരുവഴിയിൽ നട്ടിരുന്നെങ്കിൽ മതഭേദമെന്യേ എല്ലാവര്ക്കും തണൽ കിട്ടുമായിരുന്നു. പ്രതികരണങ്ങൾക്ക് നന്ദി.

      Delete
    2. This comment has been removed by the author.

      Delete
  6. This comment has been removed by the author.

    ReplyDelete
  7. വൃക്ഷകൃഷി മഹാസംഭവം
    ദേവസത്തിനും കിട്ടണം പണം.

    ReplyDelete
  8. കണ്ണശ്ശ പുരസ്ക്കാരം നേടിയ ശ്രീയേട്ടന് ആശംസകൾ അനുമോദനങ്ങൾ
    ചിന്തയും നന്മയും നിറഞ്ഞ കാവ്യായുക്തിക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു

    ReplyDelete
    Replies
    1. നന്ദി ബൈജു.മഹാപ്രതിഭയുടെ പേരിലുള്ള പുരസ്‌കാരം തല കുനിച്ചു നിന്ന് വാങ്ങണം.എന്റെ കൈ വിറച്ചേക്കും ബൈജു .

      Delete