Tuesday 6 August 2013

അറേബ്യൻ രാത്രി


പ്രണയനോവിന്റെ വില്പ്പനക്കാരിയാം
യുവതി,സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖി മീനം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു
എയര്‍ അറേബ്യയില്‍ കേറുമീ രാത്രിയില്‍
കടലിനക്കരെ കാറ്റ് തീ കൂട്ടിയ
കനല്‍മണല്‍ ചെമ്പുവട്ടളം പൊള്ളുന്നു.
ഒരു യുവാവ് പൊടി ക്കാറ്റില്‍ഏകനായ്
കവിത പോലുമില്ലാതെയലയുന്നു.

അകലെറബ്ബറും മണ്ഡരിത്തെങ്ങുമായ്    
പുഴകള്‍ വറ്റിയജന്മനാടെങ്കിലും
അതി മനോഹരം
വൈദ്യുതീഛെദനം  
മികവുയർത്തുന്ന മിന്നാമിനുങ്ങ് പോല്‍ .

ഒരുവളുണ്ട് നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി ചുമ ദുസ്സഹം
കഠിന ജീവിതം നെയ്തു തീര്‍ക്കുന്നവള്‍.
ഇരുളിലുണ്ട് കിടപ്പ് മുറിയിലെ
മുകുള ബള്‍ബില്‍ പ്രകാശ പ്രതീക്ഷകള്‍.

ഇമയടക്കുവാനാകാപ്പണി
അതിന്നിടയിലിട്ടൊരു കോമയില്‍ വിശ്രമം.

സോക്സ്‌ പാരിജാതം പോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്‌.
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി.
നനച്ചുനങ്ങാനിട്ട
മേഘമെല്ലാം പറന്നതെളിമാനം.

കുളിവരുത്തിപ്പുറത്തിറങ്ങുംപോഴോ
വലിയ പ്ലേറ്റില്‍ കുബൂസ് പോല്‍ അമ്പിളി
ഉപമയെ മരുക്കാട്‌കേറാന്‍ വിട്ടു
തിരികെയെത്തി ഞാന്‍ കൈഫോണ്‍ എടുക്കുന്നു.

അകലെയെന്റെ പെണ്ണ്
ഓമലെ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണ ചന്ദ്രനെ?

കഴിയുമല്ലോ.

ശരി,എന്കിലിത്തിരി
ഇടതു മാറി മുന്നോട്ടേക്ക് നില്‍ക്കുക.
അടിപൊളി
എന്‍റെ പെണ്ണെ വെന്‍തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞു കാണാം നിന്നെ.

അതുശരി.
അത്ഭുതം തന്നെ,യേട്ടനെ
ഇവിടെ നിന്ന് ഞാന്‍ കാണുന്നു ചന്ദ്രനില്‍

വാക്ക് മുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടു നില്കുന്നുണ്ട്
കടലിനക്കരെ ഇക്കരെ സ്തബ്ധരായ്.

4 comments:

  1. സത്യം


    പക്ഷെ എങ്ങനെ അറിയാം ഇത്രയൊക്കെ??!!

    ReplyDelete
  2. ഗൾഫിലെ ലേബർക്യാമ്പിലെ ( ഞാൻ കണ്ടിട്ടില്ല!) ആത്മസംഘർഷം പൂണ്ട പച്ചയാഥാർത്ഥ്യം സ്ഫുരിക്കുന്നു!

    ReplyDelete
  3. ഹൃദയങ്ങൾ മനസ്സുകൾ പലപ്പോഴും വിസ ഇല്ലാതെ സമുദ്രങ്ങൾ നീന്തി ക്കടന്നു വന്നെത്താറുണ്ട് ലേബര് ക്യാമ്പുകളിലെ അടുക്കു കട്ടിലുകളിൽ
    സോക്ക്സും ഫോണും ലേബര് കംപുകളിലെ ചില അടയാളങ്ങളാണ് വിയര്പ്പും കണ്ണീരും നനയുന്ന ഓരോ തൊഴിലാളിയുടെയും ആത്മനൊമ്പരങ്ങൾ

    ആശംസകൾ ശ്രീയേട്ടാ

    ഹൃദ്യമായ കവിത നോവിന്റെ അകമ്പടിയോടെ

    ReplyDelete
  4. >>>കവിത പോലുമില്ലാതെയലയുന്നു. >>. :)

    >>അത്ഭുതം തന്നെ,യേട്ടനെ
    ഇവിടെ നിന്ന് ഞാന്‍ കാണുന്നു "ചന്ദ്രനില്‍">>> ഇതിനു രണ്ടർത്ഥമുണ്ടോ? ;)

    പഴയ ഗൾഫല്ല ഇപ്പോൾ.,, ഇതൊന്നു കണ്ടു നോക്കൂ...
    http://njaanumenteorublogum.blogspot.com/2012/12/blog-post_27.html

    ReplyDelete