Thursday 29 June 2017

രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും


രാഷ്ട്രീയ പ്രവർത്തനം മഹത്തായ ഒരു ജീവിതരീതിയാണ്‌. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകികളാണ്‌ നല്ല രാഷ്ട്രീയ പ്രവർത്തകർ. മഹാത്മാഗാന്ധി, ലെനിൻ, ഹോച്ചിമിൻ, മാവോസേത്തുങ്ങ്‌ തുടങ്ങിയവരെ ലോകം ആദരിക്കുന്നത്‌ അവർ രാഷ്ട്രീയ പ്രവർത്തകരായിരുന്നതുകൊണ്ടാണ്‌. മഹാത്മാഗാന്ധിക്കാകട്ടെ, തന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി രക്തസാക്ഷിയും ആകേണ്ടിവന്നു.

ഉന്നതദർശനവും മൂല്യബോധവും വച്ചുപുലർത്തേണ്ട രാഷ്ട്രീയ നേതാക്കൾ ആൾദൈവങ്ങളുടെ ശിഷ്യന്മാരാകുന്നത്‌ ഒട്ടും അഭികാമ്യമല്ല. ശാസ്ത്രപ്രതിഭയായിരുന്ന രാഷ്ട്രപതി എംപിജെ അബ്ദുൾ കലാം ഒരു ആൾദൈവത്തിനെ കാണാൻ ചെന്നപ്പോൾ അവർ പ്രായംകൂടിയ അദ്ദേഹത്തെ മോനേ എന്നാണ്‌ വിളിച്ചത്‌. അന്ന്‌ കൊല്ലം ജില്ലാ കളക്ടറായിരുന്ന ബി ശ്രീനിവാസനേയും ഈ ആൾദൈവം മോനേ എന്നു വിളിച്ചു. അങ്ങനെ വിളിക്കരുതെന്നും ഞാനീ ജില്ലയിലെ കളക്ടറാണെന്നും പറഞ്ഞ്‌ അദ്ദേഹം ആ വാത്സല്യദുഗ്ധം നിരസിക്കുകയായിരുന്നു.

ഈ ആൾദൈവം ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വ്യവസായം തുടരുന്നതാണ്‌ കേരളം കണ്ടത്‌. കച്ചവടത്തിനും ധനസമ്പാദനത്തിനുമുള്ള തന്ത്രമാണ്‌ അവർക്ക്‌ ആത്മീയത. ഇത്‌ രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയേണ്ടതാണ്‌.
പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്ന തീവണ്ടിക്ക്‌ പാലക്കാട്‌ എക്സ്പ്രസ്‌ എന്നു പേരിടുന്നതിനു പകരം അമൃതാ എക്സ്പ്രസ്‌ എന്ന്‌ പേരിട്ടതിൽ ആൾ ദൈവഭക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്ടലാക്കുകൂടി ഉണ്ടായിരുന്നല്ലോ. കേന്ദ്ര മന്ത്രിസഭയെ സ്വാധീനിക്കുന്നതിൽ വിജയിച്ച ചന്ദ്രസ്വാമിയുടെ കുതന്ത്രങ്ങൾ സുവിദിതമാണ്‌. നഗ്നസന്യാസിക്കുമുന്നിൽ കുമ്പിട്ടുനിൽക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രം അപഹാസ്യതയാണ്‌ സൃഷ്ടിക്കുന്നത്‌.

ഒരു ഇടത്തരം മജീഷ്യനായിരുന്ന സായിബാബയുടെ ഭക്തഗണത്തിൽ ന്യായാധിപന്മാർ പോലുമുണ്ടായിരുന്നു. ഭക്തിവ്യവസായികളായ ആൾദൈവങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയനേതൃത്വം മുതിരും എന്നതിൽ ഒരു സംശയവും വേണ്ട. അത്‌ ജനവിരുദ്ധമായിരിക്കുകതന്നെ ചെയ്യും. ജനങ്ങൾ അംഗീകരിച്ച്‌ ആദരിക്കുന്ന നേതാക്കളോട്‌ പ്രത്യേകിച്ച്‌ ഒരു ആദരവും ആൾദൈവങ്ങൾ കാട്ടാറില്ല. അവർ ഇരിപ്പിടത്തിൽ നിന്ന്‌ എഴുന്നേൽക്കുകയില്ല. കൈമുത്തേണ്ടവർ അടുത്ത്‌ മുട്ടുകുത്തിയിരുന്ന മുത്തി ആശീർവദിക്കപ്പെടുകയേ മാർഗമുള്ളു.

എല്ലാ ആൾദൈവങ്ങളും ഏതെങ്കിലും മതത്തിന്റെ വക്താവോ സ്വന്തം മതസ്രഷ്ടാവോ ആയിരിക്കും. കോടികളുടെ സമ്പാദ്യമാണ്‌ ഇവർക്ക്‌ ഉള്ളത്‌. രാഷ്ട്രീയ നേതാക്കന്മാർ ആൾദൈവങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്നത്‌ അനുഗ്രഹിക്കപ്പെടാനല്ല. അനുയായികളുടെ വോട്ടു പ്രതീക്ഷിച്ചാണ്‌. അതിനുവേണ്ടി അധികാരത്തിലെത്തുന്നവർ നടത്തുന്ന ആൾദൈവ പ്രീണനങ്ങൾ രാഷ്ട്രനന്മയ്ക്ക്‌ വിരുദ്ധമായിരിക്കും. പഞ്ചാബിലെ ആത്മീയാചാര്യനെ വളർത്തിയെടുത്തവർക്ക്‌ സുവർണക്ഷേത്രത്തിൽ കയറി വെടിവച്ചു കൊല്ലേണ്ടിവന്നതും ഒടുവിൽ വെടിയേറ്റു മരിക്കേണ്ടിവന്നതും ഞെട്ടലോടുകൂടി മാത്രമേ ഇന്ത്യക്ക്‌ ഓർമിക്കാൻ കഴിയൂ. ആൾദൈവ പ്രീണനം തീർത്തും ഒഴിവാക്കിയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പിൻഗാമികളാകുവാനുള്ള യോഗ്യത ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം എന്നേ ഒഴിവാക്കി.

ഓരോ ദിവസവും രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചുവരുന്നതായാണ്‌ നമ്മൾ കാണുന്നത്‌. കാഞ്ചിയിലെ ശങ്കരാചാര്യരെ ചെന്നുകാണുന്നതിനു പകരം അറസ്റ്റ്‌ ചെയ്തു കൽത്തുറുങ്കിലടച്ച ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ ശോഭ ചരിത്രത്തിൽ ഒറ്റപ്പെട്ടതായിരിക്കും.


1 comment:

  1. ഉന്നതദർശനവും മൂല്യബോധവും
    വച്ചുപുലർത്തേണ്ട രാഷ്ട്രീയ നേതാക്കൾ
    ആൾദൈവങ്ങളുടെ ശിഷ്യന്മാരാകുന്നത്‌ ഒട്ടും
    അഭികാമ്യമല്ല.രാഷ്ട്രീയ പ്രവർത്തനം മഹത്തായ
    ഒരു ജീവിതരീതിയാണ്‌. അന്യജീവനുതകി സ്വജീവിതം
    ധന്യമാക്കുന്ന വിവേകികളാണ്‌ നല്ല രാഷ്ട്രീയ പ്രവർത്തകർ.

    ReplyDelete