Wednesday, 9 January 2013

മലയാളം തുലയാതെ സൂക്ഷിക്കുമോ സര്‍വകലാശാല?

            കേരളത്തില്‍ മലയാളം സര്‍വകലാശാല ഉണ്ടാവുകയാണ്. സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം പോലെ ആകുമോ തുഞ്ചത്താചാര്യന്റെ പേരിലുള്ള സര്‍വകലാശാലയില്‍ നമ്മുടെ അമ്മമലയാളം.
 
 
മലയാള നാട്ടില്‍ മലയാള ഭാഷയുടെ പേരില്‍ ഒരു സര്‍വകലാശാല വിഭാവനം ചെയ്യുമ്പോള്‍ സാധുക്കളായ മലയാളികള്‍ ആശിക്കുന്നത് അവരുടെ ഭാഷ അന്യം നിന്നുപോകാതിരിക്കാന്‍ ഈ സര്‍വകലാശാല എന്തെങ്കിലും ചെയ്യണമെന്നതാണ്.
 
 
അവിടെയുണ്ടാകാന്‍ പോകുന്ന വിവിധ പാഠ്യക്രിയകള്‍ക്ക് ഒരു പേപ്പറെങ്കിലും മലയാളമായിരിക്കുമെന്ന് കരുതാമോ? വൈസ് ചാന്‍സലര്‍ക്കും പ്രോ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കമ്മിഷണര്‍, കണ്‍ട്രോളര്‍ തുടങ്ങിയ തസ്തികപ്പേരുകള്‍ മലയാളത്തില്‍ എഴുതി വയ്ക്കുമോ? ഈ സര്‍വകലാശാല മലയാളികളുമായി നടത്തുന്ന എല്ലാ എഴുത്തുകുത്തുകളും മലയാളത്തിലായിരിക്കുമോ? ജീവനക്കാരുടെ അവധി അപേക്ഷകളും മറ്റും മലയാളത്തിലേ പാടുള്ളു എന്ന് നിബന്ധനയുണ്ടാക്കുമോ?
 
 
കേരളവും മലയാളവും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ കേരള സര്‍വകലാശാലയുടെ അധീനതയില്‍പെട്ട ഒരു കോളജിലാണ് മലയാളിയുടെ അഭിമാന വസ്ത്രമായ മുണ്ടുടുത്തു ചെന്നതിന് വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെട്ടത്. മലയാള സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ സര്‍വകലാശാലയില്‍ മുണ്ടുടുത്തു വന്ന് പുതിയൊരു സംസ്‌ക്കാരം സൃഷ്ടിച്ചാലോ? ഓരോ സ്ഥാപനങ്ങളിലെ ഏതു തരത്തിലുള്ള വസ്ത്രധാരണാ നിബന്ധനയ്ക്കും വിധേയരാകാന്‍ തയ്യാറുള്ള മലയാളി മലയാളം സര്‍വകലാശാലയിലെ ഔദ്യോഗിക വസ്ത്രമായി മുണ്ട് അംഗീകരിക്കുമോ? സര്‍വ്വകലാശാലയില്‍ മലയാളം പഠിക്കാന്‍ വന്നേക്കാവുന്ന ഏതെങ്കിലും സായിപ്പ് മുണ്ടുടുത്താലും മലയാളിമുണ്ടുക്കുമെന്ന് തോന്നുന്നില്ല.
 
 
കേരളത്തിനുള്ളിലുള്ള മലയാളിയെക്കാള്‍ മലയാള സ്‌നേഹം കാണുന്നത് പ്രവാസികളിലാണ്. അവരുടെ പുതിയ തലമുറയെ മലയാളം കൂടി പഠിപ്പിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള മലയാളി കുഞ്ഞുങ്ങള്‍ക്കായി ഒരു ഏകീകൃത പാഠ്യപദ്ധതിയുണ്ടാക്കി, മലയാളത്തെ നിലനിര്‍ത്താന്‍ സര്‍വകലാശാല ശ്രമിക്കുമോ?
 
 
അവഗണിച്ചതു കൊണ്ടുമാത്രം അന്യം നിന്നുപോയ മലയാളം അക്കങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തുചെയ്യുമെന്ന് സര്‍വകലാശാല ചിന്തിക്കുമോ? ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചില്ലെങ്കിലും സാംസ്‌ക്കാരിക മുദ്രകളായി അവ നമ്മുടെ ഓര്‍മ്മയില്‍ നിലനില്‍ക്കേണ്ടതല്ലേ?
 
 
യു.ജി.സി. ശമ്പള നിരക്കിനുവേണ്ടി നടത്തുന്ന ഗവേഷണ പ്രഹസനങ്ങള്‍ക്ക് പകരം കേരളീയതയ്ക്കു ഗുണകരമായ രീതിയില്‍ ഗവേഷണ പദ്ധതികളെ പുനഃക്രമീകരിക്കുമോ? കേരളീയ സംഗീതം സംരക്ഷിക്കപ്പെടുമോ? കേരളീയ കലകള്‍ സൂക്ഷിക്കപ്പെടുമോ?
 
 
സര്‍വകലാശാലയ്ക്ക് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ടാകുമല്ലോ. പാഠപുസ്തകം അച്ചടിക്കുന്നതിനുപരിയായി മലയാള കൃതികള്‍ മറ്റു ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യന്നത് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ആ അടിയന്തര ചുമതല ഏറ്റെടുക്കുമോ? തെലുഗു കവിത എന്ന ബൃഹദ് സമാഹാരം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തത് ഹൈദരാബാദിലെ തെലുഗു സര്‍വകലാശാല ആയിരുന്നു.
 
മലയാള സാങ്കേതിക പദ നിഘണ്ടുവും നാട്ടുഭാഷാ ശബ്ദകോശവും സത്യമാകുമോ?
 
 
സര്‍വകലാശാലാ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വെറും സിമന്റ് 'കാട് ആക്കാതെ കേരളീയ ശില്‍പഭംഗിയോടെ നിര്‍മിക്കാന്‍ ശ്രദ്ധിക്കുമോ? ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കെട്ടിട നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് ദര്‍ഘാസ് ക്ഷണിച്ച് അടിയറവയ്ക്കുന്നതിനു പകരം രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ശങ്കറെപ്പോലെയുള്ള പ്രതിഭാധനരുമായി ആലോചിക്കുമോ?
 
 
കവിയും വിവര്‍ത്തകനും ചിത്രകാരനും ഗാനരചയിതാവുമൊക്കെയായ കെ ജയകുമാറാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നത് സന്തോഷകരമാണ്. അതുകൊണ് തന്നെ പ്രതീക്ഷ വര്‍ധിക്കുന്നുണ്ട്. മലയാളം സര്‍വകലാശാലയില്‍ മലയാളത്തിനു പ്രവേശനം ഇല്ലെന്നു ഫലകം സ്ഥാപിക്കാന്‍ ഇടയാകാതിരിക്കട്ടെ.
അകത്തും പുറത്തും കേരളീയത തുളുമ്പുന്ന ഒരു സര്‍വകലാശാല എന്നതാണ് മലയാളിയുടെ കിനാവ്.

6 comments:

 1. അകത്തും പുറത്തും കേരളീയത തുളുമ്പുന്ന ഒരു സര്‍വകലാശാല എന്നതാണ് മലയാളിയുടെ കിനാവ്.

  കിനാവ് സഫലമാകട്ടെ

  ReplyDelete
 2. മലയാള സര്‍വ്വകലാശാല സ്ഥാപിച്ചതുകൊണ്ടു മാത്രം മലയാളത്തിന് പുതുജീവന്‍ ഉണ്ടാകുമോയെന്നു സംശയമുണ്ട്‌ ; പേരിനൊരു സര്‍വ്വകലാശാലാ കെട്ടിടവും,കുറേ ഉദ്യോഗസ്ഥന്മാരും, മലയാള ബോര്‍ഡുകളും,പ്രചരണവുമല്ലാതെ, മലയാള ഭാഷയുടെ ഉന്നമനത്തിനായി, അഭിവൃദ്ധിക്കായി, സാര്‍വത്രികമായ ഉപയോഗത്തിനായി എന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന്, സര്‍ക്കാര്‍സ്ഥാപനങ്ങളുടെ തനിസ്വരൂപം അറിയുന്ന ആര്‍ക്കും സംശയം തോന്നിയേക്കാം. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും, ഔദ്യോഗികമായ, ഉപരിപ്ലവമായ മലയാളഭാഷാപ്രീതിയല്ലാതെ, യഥാര്‍ത്ഥത്തില്‍ മലയാളത്തിനോട് എന്തെങ്കിലും ആത്മാര്‍ഥമായ താല്പര്യമോ, കൂറോ ഉണ്ടാകുമോയെന്നുള്ളത് തീര്‍ത്തും സംശയാസ്പദമാണ്. ഇവരുടെയൊക്കെ സ്വകാര്യസംഭാഷണത്തിലും നിത്യജീവിതത്തിലും ഇംഗ്ലീഷിനോടായിരിക്കാം കലര്‍പ്പില്ലാത്ത പ്രതിപത്തി; കാരണം, സമകാലീന,ശരാശരി മലയാളി, തമിഴനല്ലല്ലോ, ബംഗാളിയല്ലല്ലോ!

  സ്വന്തം മാതൃഭാഷയോട് ഉല്‍ക്കടമായ താല്‍പ്പര്യവും അഭിനിവേശവും കളഞ്ഞുകുളിച്ച ഒരു ജനത, സ്വന്തം അന്തസ്സത്തയെയും ആത്മാഭിമാനത്തെയും സര്‍വ്വോപരി, മൗലികമൂല്യങ്ങളെയും നിര്‍ലജ്ജം വലിച്ചെറിഞ്ഞവരാണ് . അഴുക്കുപുരണ്ട വസ്ത്രം ധരിച്ചുനില്‍ക്കുന്ന സ്വന്തം അമ്മയെ പുറന്തള്ളി, മോടിയില്‍ വസ്ത്രം ധരിച്ചുനില്ക്കുന്ന വേലക്കാരിയോ, രണ്ടാനമ്മ യോയാണ് സ്വന്തം അമ്മയെന്ന് യാതൊരുളുപ്പുമില്ലാതെ പറയാനുള്ള മാനസികാവസ്ഥയാണ്, മാതൃഭാഷയുടെ കാര്യത്തില്‍ ശരാശരി മലയാളിക്കുള്ളത്. അതാകട്ടെ, അഭിജ്ഞരുടെ മുമ്പില്‍ സ്വയം അപഹാസ്യനാകാനേ, അവജ്ഞാവിധേയനാകാനേ കാരണമാകൂഎന്നുള്ളത് നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല; അശേഷം ഗൌനിക്കുന്നില്ല. മറ്റുസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും മലയാളി, മലയാളത്തില്‍ സംസാരിക്കാതിരിക്കുകയും മലയാളത്തെ പുച്ഛിക്കുകയും ചെയ്യുന്നതുകാണുമ്പോള്‍, തങ്ങളോടു പ്രശംസയല്ല, മറിച്ച് അപഹാസവും അവജ്ഞയുമാണു തോന്നുന്നതെന്ന് ഈ 'ആധുനികര്‍' അറിയുന്നില്ല. മലയാളമറിയുന്ന പങ്കാളിയോടും മക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇംഗ്ലീഷില്‍ സംസാരിക്കുന്ന മലയാളിയുടെ മാനസികനില, ആധുനികതയോ, ബൗദ്ധികവികാസത്തെയോയല്ല, മറിച്ച് അടിമത്തവും പാപ്പരത്തവുമാണു കാണിക്കുന്നത്. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച കണ്ടുപിടുത്തങ്ങളും ഉല്‌പ്പന്നങ്ങളുമായി ജപ്പാന്‍ മുന്നേറിയപ്പോഴെല്ലാം, അവരുടെ മുഴുവന്‍ ഗവേഷണ-വികസനങ്ങളും ഒരല്പ്പംപോലും ഇംഗ്ലീഷിലല്ല, ജാപ്പനീസിലൂടെയാണെന്നറിയുമ്പോള്‍, സ്വന്തം ഭാഷയിലൂടെ അത്ഭുതങ്ങള്‍ വിളയിച്ച ഒരു ജനതയുടെ അന്തസ്സത്തയും ആത്മാഭിമാനവും നമുക്ക് നല്ലൊരു പാഠം മനസ്സിലാക്കിത്തരുന്നു.

  സര്‍വ്വകലാശാലകളെയും വെള്ളാനകളെയും അവരുടെവഴിക്കുവിട്ട് (അവരെ നന്നാക്കുക, ഒരു പക്ഷേ, ദുഷ്കരമായേക്കാം) മലയാളം,നമ്മുടെ അമൂല്യമായ,അനിതരസാധാരണമായ മാതൃഭാഷയായി സ്വാംശീകരിക്കാന്‍ ഇഷ്ടപ്പെടുന്ന നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌, നിത്യജീവിതത്തില്‍ പരമാവധി മലയാളം ഉപയോഗിക്കുക; മലയാളത്തില്‍ സംസാരിക്കുക;മലയാളത്തില്‍ എഴുതുക; മലയാളത്തില്‍ ചിന്തിക്കുക; സര്‍വ്വോപരി, നമ്മുടെ ഉറ്റവരെയും ഉടയവരെയും മലയാളം സധൈര്യം,സാഭിമാനം ഉപയോഗിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക, അതിനവര്‍ക്ക് പ്രേരണയാകുക എന്നതാണ്. അങ്ങനെയെങ്കിലും അടുത്തതലമുറയോടെ, മലയാളം ഒരു മൃതഭാഷയാകാനുള്ള സാദ്ധ്യതയ്ക്കെതിരെ നമുക്ക് പ്രയത്നിക്കാം.

  ReplyDelete
  Replies
  1. നന്ദി രാധാകൃഷ്ണന്‍.ജപ്പാന്‍ കാരുടെ ഉദാഹരണം ശ്രദ്ധേയം.

   Delete
 3. എന്തുപറയാൻ,കവി ആശിക്കുന്നതുപോലെ നടക്കട്ടെ.....

  ReplyDelete