Monday 5 June 2017

പെരുങ്കള്ളൻ


രാത്രി..
കുത്തിച്ചുട് കുത്തിച്ചുടെന്നൊരു
പേപ്പക്ഷി തപ്പുകൊട്ടുമ്പോൾ
ഘോരവിശപ്പാൽ കരിഞ്ഞ പാവം കള്ളൻ
പാതയോരത്തു പമ്മുന്നു
വീടാണ്, വീടിന്നടുക്കളയിൽ വെറും
ചോറെങ്കിലും കാണുമല്ലോ
വാതിൽ തുറക്കുന്നു കള്ളൻ അടുപ്പിലെ
ചേരത്തണുപ്പിൻ മുകളിൽ
വായിൽ ചിലന്തി വല കെട്ടിവച്ചൊരു
പാവം പഴങ്കലം മാത്രം
പത്താമ്പുറം തപ്പി കിട്ടിയ തീപ്പെട്ടി
കത്തിച്ചു കൈമറയ്ക്കുള്ളിൽ
മറ്റൊരു വാതിൽ, നിലത്തു കിടക്കുന്ന-
തച്ഛനുമമ്മയുമാകാം
മക്കളാകാം രണ്ടു കുട്ടികൾ മദ്ധ്യത്തു
സ്വപ്നങ്ങളുണ്ടുറങ്ങുന്നു
കള്ളനൊരൈഡിയ കമ്മലോ മാലയോ
ഉള്ളതെല്ലാം സ്വന്തമാക്കാം
ഹോട്ടലിൽച്ചെന്നവനൽകി,വയർനിറ-
ച്ചാഹരിക്കാം യാത്രയാകാം
അച്ഛന്റെ കൈവിരൽ ശൂന്യം മക്കൾക്കില്ല
മിഞ്ചിയോ പാദസരമോ
അമ്മയെ തപ്പാൻ തുടങ്ങി, മൂക്കുത്തിയോ
പൊൻവളയോ തടഞ്ഞില്ല
എന്നാലരയിലെ നൂലിൽകരുതിയ
നാലായ് മടക്കിയ നോട്ട്
കൂരിരുൾ പോത്തുകൾ മേയുന്ന പാതയി-
ലോടിക്കിതയ്ക്കുന്നു കള്ളൻ
പാതവിളക്കിൻ വെളിച്ചത്തിൽ നിന്നയാൾ
നോട്ടു നിവർത്തിനോക്കുന്നു

നോട്ടല്ല നോട്ട് ബുക്കു കീറിയ പേപ്പറിൽ
കാട്ടുറുമ്പായ് മലയാളം

പട്ടിണി, വയ്യ ജീവിക്കുവാൻ, പോകുന്നു
ഞങ്ങൾ സ്വയം മരിക്കുന്നു
കള്ളൻ ഭയപ്പാമ്പു തീണ്ടിവിറയ്ക്കുന്നു
മുന്നിലൊരു പെരുങ്കള്ളൻ.

2 comments:

  1. വെറും പട്ടിണിക്കാരനായ
    സാധാ കള്ളനെ വിറപ്പിച്ച പെരുങ്കള്ളൻ...!

    ReplyDelete
    Replies
    1. വയസ്സാകുമ്പോള്‍ കുട്ടിയാകണം എന്നു തോന്നുമല്ലോ.അറുപത്തൊന്നു വയസ്സ് കഴിഞ്ഞപ്പോള്‍ പത്തൊന്‍പതാം വയസ്സിലെ വീണവില്‍പ്പനക്കാരനെ പോലെ എഴുതണമെന്നു തോന്നി. =D

      Delete