Thursday, 30 July 2020

സമദൂരം


അമ്മയിൽനിന്നും വനത്തിലേ-
യ്ക്കൊരു വിരൽദൂരം
നൻമയിൽനിന്നും നിലാവിലേ-
യ്ക്കൊരു സ്വരംദൂരം

ഉൺമയിൽനിന്നും ഉയർച്ചയിലേയ്ക്കൊരു
കണ്ണുനീർച്ചാലിന്റെ ദൂരം

പൊട്ടിയൊലിച്ച കാലത്തിൻ വ്രണങ്ങളിൽ
കത്തിപഴുപ്പിച്ചു വയ്ക്കുന്നു പിന്നെയും
ദു:ഖസ്മൃതികൾ, ദിനച്ചൂളയിൽ വെന്ത
സത്യങ്ങൾ കൊത്തിപ്പറന്നു പരുന്തുകൾ
തേരിൻ തിരോധാനമായീ പതാകയിൽ
തീ പിടിപ്പിച്ചു മടങ്ങുന്നു സൈനികർ
ന്യായമഞ്ഞുണ്ടു പിരിഞ്ഞു, ധ്രുവത്തിന്റെ
ജാതകം വായിച്ച പെൻഗ്വിന്റെ കോടതി.

തൂവലിൻ തുമ്പിൽ തുടിച്ചു തുള്ളുന്നൊരെൻ
ചോരയാൽ വീണ്ടും വരയ്ക്കുന്നു ഞാനൊരു
കീഴാറുകൊണ്ട കിനാവിന്റെ തിരുഹൃദയ-
രൂപം-തകർന്ന ശിരസ്സും മിഴികളും

ഓരോ ശിലയും മനസ്സിൽ പ്രതിഷ്ഠിച്ചു
ദൂരമളന്നു കുറിച്ചു ഞാൻ പിന്നെയും

അച്ഛനിൽനിന്നും തുരുത്തിലേ-
യ്ക്കൊരു നിഴൽ ദൂരം
പുത്രനിൽനിന്നു തുറുങ്കിലേ-
യ്ക്കൊരു പകൽദൂരം

വസ്തുവിൽ നിന്നും വളർച്ചയിലേയ്ക്കൊരു
പക്ഷിച്ചിറകിന്റെ ദൂരം
ജൻമത്തിൽനിന്നും മരണത്തിലേയ്ക്കൊരു
കൻമതിൽകെട്ടിന്റെ ദൂരം

Wednesday, 29 July 2020

നീലബലൂണുകൾ



മോഹവൃക്ഷം കാത്തു പൂവിട്ടതൊക്കെയും
നീലബലൂണുകൾ
സൂചിത്തലപ്പിനെ സ്നേഹിച്ചുതുള്ളുന്ന
നീലബലൂണുകൾ

ജൂണിന്റെ മാറിൽ കുഴഞ്ഞാടി വീഴുന്നു
മേഘങ്ങളെക്കണ്ടു മേലോട്ടു പോകുന്നു
കാറ്റിന്റെ കാണാത്ത നൂലിൽ കുരുങ്ങുന്നു
മാറ്റങ്ങൾ തേടി മനസ്സുപോൽ മാറുന്നു

കുങ്കുമത്തുമ്പികൾ കണ്ണെഴുതാൻ വന്ന
ചെമ്പനരുവിയിൽ കണ്ണീരൊഴുകുന്നു
പിച്ചകംപൂത്ത ജനൽപ്പുറത്തപ്പൊഴും
ഗദ്ഗദത്തിന്റെ കിളിപ്പാട്ടു ചിന്തുന്നു

സങ്കടത്തിന്നു മുഖംമൂടി തുന്നുവാൻ
സന്ധ്യകൾ പോലും വരാറില്ല
നെഞ്ചിലെ ചെമ്പുഖനികളിൽ
വാതകക്കൂത്തുകൾ
ചിന്തയിലൊക്കെയും ചെങ്കൽക്കോട്ടകൾ

പിന്നെ വലംകൈപ്പുറത്തന്ത്യ ചുംബനം
തന്നു പിരിഞ്ഞൊരെൻ സ്വസ്ഥതയെയ്യുന്ന
ചെന്തീക്കുറിപ്പുകൾ, ചങ്ങലപ്പാടുകൾ
അന്ധകാരത്തിന്റെ ആരംഭഗാഥകൾ

വേലകളൊക്കെയും പാഴ് വേലയായിനി
കാവിലേക്കില്ല ഞാൻ വാളെടുക്കില്ല ഞാൻ
ഉണ്ണി പിണങ്ങുന്നു ദൈവങ്ങളേ, കണ്ണി-
ലെണ്ണയൊഴിച്ചിനി കാത്തിരിക്കാൻ വയ്യ

ധിക്കാരസത്യമിരുമ്പും ഞരമ്പിലൂ-
ടട്ടഹാസങ്ങൾ കുതിച്ചു നീന്തുന്നെന്നെ
മുട്ടിയുരുമ്മിക്കടന്നുപോകുന്നുവോ
രക്തംപുരണ്ടൊരീ നീലബലൂണുകൾ

ഉമ്മവെച്ചെന്നെ തളർത്തും ബലൂണുകൾ
മുൾമുന തേടുന്ന നീലബലൂണുകൾ

സംഭാഷണം വില്ലുവണ്ടി

Wednesday, 22 July 2020

വിവാഹചിത്രം

Image may contain: 2 people

മഞ്ഞുമലയില്‍ നിന്നൊരു മഞ്ഞ രാമന്‍


പ്രസിദ്ധമായ ഒരു സിനിമാവാചകത്തിലെ ഗൂര്‍ഖ എന്ന പദം മാറ്റി 
രാമനെന്ന പദം ചേര്‍ക്കേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വം നേപ്പാള്‍ 
പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കാണ്. അദ്ദേഹത്തിന്റെ പ്രസ്താവന അനുസരിച്ച് രാമന്‍ നേപ്പാള്‍ കാരനാണ്. 

 ഭാരതത്തിന്റെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ബാബറിപ്പള്ളി പൊളിച്ചടുക്കുവാന്‍ മൌനാനുവാദത്തിന്‍റെ ഗോവര്‍ധനക്കുട പിടിച്ചു കൊടുത്ത അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സും സമായീസ് ഇരട്ടകളെപ്പോലെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തെ എതിര്‍ത്തിട്ടുണ്ട് 

ബാബറിപ്പള്ളിയില്‍ രാമവിഗ്രഹം കൊണ്ടു വച്ചതും 
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം വിജയിപ്പിച്ചെടുത്തതും ആരും മറന്നിട്ടില്ല. മതതീവ്രവാദമല്ല മനസ്സമാധാനമാണ് വലുതെന്നുള്ളതുകൊണ്ടു വിവേകമുള്ള ജനത പരമോന്നത നീതിപീഠത്തിന്‍റെ വിധി ഉള്‍ക്കൊള്ളുകയായിരുന്നു.

കഥ അനുസരിച്ച് രാമന്‍ ജനിച്ചത് അയോദ്ധ്യയില്‍ ത്തന്നെയാണ്. 
നമുക്കറിയാവുന്ന പ്രസിദ്ധമായ അയോദ്ധ്യ ഇന്ത്യയിലുമാണ്.
എന്നാല്‍ കേരളത്തിലെ വയനാടടക്കം നിരവധിസ്ഥലങ്ങളില്‍
രാമജന്‍മഭൂമിയെ കുറിച്ചും  വാല്‍മീകിയുടെ ആശ്രമത്തേ കുറിച്ചുമെല്ലാം  ഐതിഹ്യങ്ങളുണ്ട്.  ഇന്ത്യ മാത്രമല്ല, കംബോഡിയയും ഇന്തോനേഷ്യയും മ്യാന്‍മറും സിങ്കപ്പൂരും ശ്രീലങ്കയും വിയറ്റ്നാമും ലാവോസുമൊക്കെ രാമകഥയാല്‍ സമ്പന്നമാണ്.  

നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്, അവരുടെ രാജ്യത്തെ പടിഞ്ഞാറന്‍ ബിര്‍ഗഞ്ചിയിലെ തോറിയിലാണ് അയോദ്ധ്യയെന്നാണ്.സീത ജനിച്ച ജനക്‍പൂറും നേപ്പാളിലാണ്.  രാമന്‍ ഇന്ത്യക്കാരനായിരുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ 
ഇല്ലാത്ത അക്കാലത്ത് നേപ്പാളിയായ സീതയെ എങ്ങനെയറിഞ്ഞു എന്നും അദ്ദേഹം ചോദിച്ചു.

ശ്രീലങ്കയ്ക്കും ഇന്ത്യക്കും  ഇടയിലുള്ള പാറക്കൂട്ടങ്ങള്‍ രാമന്‍ നിര്‍മ്മിച്ച പാലമാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍  തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി ചോദിച്ച ഒരു ചോദ്യമുണ്ട്. അത് രാമന്‍ പി.ഡബ്ലിയു കോണ്ട്രാക്റ്റര്‍ ആയിരുന്നോ 
എന്നാണ്! ആ ചോദ്യത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നേപ്പാളില്‍ നിന്നുള്ള സംശയം.

രാമായണത്തിലെ ലങ്കയല്ല ശ്രീലങ്കയെന്നാണ് തുളസീദാസ രാമായണ  പണ്ഡിതന്മാര്‍ പറയുന്നത്. ലങ്കയ്ക്ക് ദ്വീപെന്നേ അര്‍ഥമുള്ളൂ
ഉത്തരേന്ത്യയില്‍ നിരവധി ലങ്കകളുണ്ടെന്നു പ്രസിദ്ധമായ ബനാറസ് ഹിന്ദു സര്‍വകലാശാല നില്‍ക്കുന്ന ലങ്കയെന്ന പ്രദേശം ചൂണ്ടിക്കാണിച്ചുകൊണ്ടു അവര്‍ സമര്‍ഥിക്കാറുണ്ട്.  ആമരം ഈ
മരം മാരാമരാ രാമരാമ എന്ന സിദ്ധാന്തം വൃക്ഷത്തിന് മരമെന്നു 
പറയുന്നിടത്ത് മാത്രമേ ചെലവാകുകയുള്ളൂ എന്നും ഉത്തരേന്ത്യന്‍ 
പണ്ഡിതന്മാര്‍ പറയുന്നു.അതിനാല്‍ സംസ്കൃത കാവ്യമായ 
രാമായണത്തിന് കേരളവുമായി ബന്ധമില്ല. ശബരീനദി ഒറീസ്സയിലും പമ്പാസരസ്സ് കര്‍ണ്ണാടകത്തിലുമുണ്ട്.  

രാമകഥ വിശദമായി അന്വേഷിച്ച കാമില്‍ ബുല്‍ക്കെ ഒന്നിലധികം വാല്‍മീകിമാരെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഡോ.അസീസ് തരുവണ കണ്ടെത്തിയ വയനാടന്‍ രാമായണത്തില്‍ പുല്‍പ്പള്ളിയാണ് വാല്‍മീകിയുടെയും മറ്റും വാസസ്ഥലം.   

അപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ വാദത്തിനു ഭാരതീയ രാമജന്മഭൂമി പോലെ   ഐതിഹ്യത്തിന്റെ പിന്‍ ബലമേയുള്ളൂ.
ഐതിഹ്യത്തെ ചരിത്രമായി കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണ്.

നേപ്പാളിലാണെങ്കില്‍ സമീപകാലം വരെ ഹിന്ദുമതത്തിനും 
സംസ്കൃതത്തിനും ഭരണഘടനാപരമായ പ്രാധാന്യം ഉണ്ടായിരുന്നു.
ഇന്ത്യയില്‍ അങ്ങനെയൊരു പ്രധാന്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്കൃതകാവ്യങ്ങളായ രാമായണത്തിലും ജയയിലാരംഭിച്ച മഹാഭാരതത്തിലും ഹിന്ദുപാരാമര്‍ശവുമില്ല.

കേരളത്തിലാണെങ്കില്‍ ശബരിമല, സീതത്തോട്, സീതകുളം, 
സീതാര്‍കുണ്ട്, രാമപുരം, രാമശ്ശേരി, രാമമംഗലം, രാവണേശ്വരം
എല്ലാമുണ്ട്. രാമപാദമുദ്രകളും ജഡായുവിന്റെ കൊക്കുരഞ്ഞ പാടും മരുത്വാമലയില്‍ നിന്നും അടര്‍ന്ന് വീണ കുന്നുകളും ഉണ്ട്.
പാഞ്ചാലിയും സീതയും കഞ്ഞിവയ്ക്കാത്ത സ്ഥലങ്ങള്‍  
അപൂര്‍വമാണ്. ഇതെല്ലാം പഴയൊരു വര്‍ണ്ണവ്യാപനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്.

വിശ്വസനീയമായ രീതിയില്‍ സങ്കല്‍പ്പങ്ങള്‍ മെനയുന്നത് സാഹിത്യസൃഷ്ടിയുടെ പ്രാഥമിക പാഠങ്ങളില്‍ പെടുന്നതാണ്.
ഇതിഹാസ ഗ്രന്ഥങ്ങള്‍ ആ പാഠത്തിന്‍റെ തൂവല്‍ക്കിരീടമാണ്.. 
യുദ്ധഭൂമിയില്‍ പൊന്നണിഞ്ഞു പൊന്‍മല പോലെ നടക്കുന്ന പതിനായിരക്കണക്കിന് ആനകളെയും കോടിക്കണക്കിനു
യോദ്ധാക്കളെയും അവരുടെ രാപ്പോരിനു വെട്ടം കാണാന്‍ എണ്ണിയാലൊടുങ്ങാത്ത പൊന്‍പിടിയുള്ള പന്തങ്ങളെയും ഭാവനയില്‍ കണ്ടവരാണ് ആ വിശ്വമഹാകവികള്‍.  കുബേരന്റെ
വിമാനം പറത്തിയ ഭാവനാകുബേരന്‍മാരാണവര്‍. അതെ. അതെല്ലാം അവരുടെ സൌന്ദര്യദര്‍ശനമാണ്. ചരിത്രമല്ല.

ഈ.വി.കൃഷ്ണപിള്ള വിദ്യാര്‍ത്ഥി ആയിരുന്ന കാലം. ഒരു 
അദ്ധ്യാപകന്‍, ചകോരം എന്ന വാക്കിന്‍റെ അര്‍ത്ഥം ക്ളാസ്സില്‍
പറഞ്ഞു. ഉപ്പന്‍.  ഒരു വിദ്യാര്‍ഥി പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ 
ഉക്കന്‍ എന്നാണ് പറയുന്നത്. ചില സ്ഥലത്ത് അങ്ങനെയും പറയും എന്നായി അദ്ധ്യാപകന്‍. അപ്പോള്‍ കുസൃതിയായ ഈ വി.കൃഷ്ണപിള്ള പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ ഈ പക്ഷിക്ക് ഉമ്മന്‍ എന്നാണ് പറയുന്നത്.അദ്ധ്യാപകന്‍ ഇങ്ങനെ തിരുത്തി. ചകോരത്തിന് ചില സ്ഥലങ്ങളില്‍ ഉപ്പന്‍ എന്നും ഉക്കന്‍ എന്നും  മറ്റു ചില സ്ഥലങ്ങളില്‍ ഉമ്മന്‍ എന്നും പറയാറുണ്ട്.

അപ്പോള്‍ പുരാണകഥാപാത്രങ്ങളൊക്കെ ജനിച്ചത് എവിടെയാണ്?

Tuesday, 21 July 2020

നാസ്തികം ചൊല്ലിയപ്പോള്‍

നാസ്തികം



സ്നേഹപൂർണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൗന്ദര്യസൂചകം
നീലഗോളമുൾച്ചേർന്ന ഗാലക്സിയിൽ
ജ്വാലകൾ വകഞ്ഞെത്തിയ ജാഗരം

എന്തതിങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാലനാനാത്വത്തിലുണ്മതൻ
നേർമുഖം കാട്ടുമൂർജ്ജപ്രചോദനം

ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോൽ സൂക്ഷ്മം സഹായകം
കാലബോധത്തിൽനിന്നുയിർക്കൊള്ളുമീ
കാവ്യതീവ്രമാമുത്തരം നാസ്തികം

ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയാൽ സാഗരാതിർത്തികൾ
ചൂണ്ടിടുന്ന സഞ്ചാരിതൻ സൗഹൃദം

ഭൗതികത്തിന്റെയുത്പന്നമാത്മാവ്
ലൗകികത്തിന്റെ ലീലയീ കൽപന
ഐഹികാനന്ദതീക്ഷ്ണപ്രവാഹമായ്
നൻമനൽകി ജ്വലിക്കുന്ന നാസ്തികം

അന്ധകാരത്തൊടേറ്റുമുട്ടുന്നവർ
ക്കിന്ധനം മനസ്പന്ദനം നാസ്തികം
വജ്രനക്ഷത്രമാർഗ്ഗം സുധായനം
ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം

മിത്തിനുദ്ഭവശൃംഗം മനസ്സെന്ന
രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം
മൃത്യുവിന്റെ അജ്ഞാതപ്രദേശത്ത്
വെട്ടമായ് വന്ന ശാസ്ത്രാവബോധനം

അർബുദാശങ്കയാലെന്റെ തൊണ്ടയിൽ
കൽക്കരിത്തീ ചുവന്നുകനക്കവേ
നിർഭയം വന്നു ശസ്ത്രക്രിയാമുറി-
ക്കപ്പുറത്തു കടത്തിയ നാസ്തികം

നിസ്തുലം നിത്യകാമിതം നിസ്സീമ-
സ്വപ്നമേഖല ചൂടും ഋതോൽസവം
അക്ഷരം അശ്രുബിന്ദുവിന്നർത്ഥമായ്
സ്വസ്ഥജീവിതം ചൂണ്ടുന്ന നാസ്തികം

ഉൾപ്പൊരുൾ തേടിയോരോ ചതുപ്പിലും
അഗ്നിബാധിച്ചു ഞാനലഞ്ഞീടവേ
ദു:ഖഹേതുക്കൾ ചൊല്ലി, അസാധ്യമാം
മുക്തി തന്ന ബോധിത്തണൽ നാസ്തികം
സ്നേഹപൂർണ്ണം സുധീരം സുനാസ്തികം

Saturday, 18 July 2020

കായലമ്മ


മഴ തുള്ളും കായലിലെ 
കണമ്പിന്‍ തോട്ടം 
വലപ്പെട്ടാല്‍ തത്തമോള്‍ക്ക്
കുടയും ഫ്രോക്കും 

ഞൊടിക്കുള്ളില്‍ പെരുംകാറ്റിന്‍ 
ചുരുളന്‍  ചാട്ടം 
പുലര്‍ച്ചയ്ക്കൊരനാഥമാം
കൊതുമ്പു വള്ളം 

കരഞ്ഞല്ലോ കായലമ്മ 
കവിഞ്ഞു വെള്ളം 
കര, യ്ക്കങ്ങേക്കരയെത്തും 

കരച്ചില്‍ മാത്രം.

Thursday, 16 July 2020

ഇപ്പോൾ അവർ


അവർ എന്തു ചെയ്യുകയായിരിക്കും?

ഒരുവൾ
ബിയർകുടിച്ചുന്മത്തയായ്
കടലിനെ നൂലിൽ കൊരുത്തെടുത്ത്
വിരലാൽ നിയന്ത്രിക്കയായിരിക്കാം

ഒരുവൾ
നിലാവിന്റെ പർദ്ദയിട്ട്
മരുഭൂവിലൊട്ടകക്കപ്പലേറി
കുടിനീരു തേടുകയായിരിക്കാം

ഒരുവൾ
ഖനിക്കുള്ളിൽ ജീവിതത്തിൻ
തരികൾ തിരയുകയായിരിക്കാം

ഒരുവൾ
ബഹുനിലക്കെട്ടിടത്തിന്‍ 
നെറുകയിൽ കൂപ്പിയ കൈകളുമായ്
മതി, മതിയെന്നു പ്രാർത്ഥിച്ചുറച്ച്
കുതികൊണ്ടൊടുങ്ങുകയായിരിക്കാം

ഒരുവൾ
കൈക്കുഞ്ഞിനെ ചേർത്തുവെച്ച്
വിഷജലം മോന്തുകയായിരിക്കാം

ഒരുവൾ
കൈത്തോക്കിന്റെ മുന്നിൽനിന്ന്
ചിറകിനായ് യാചിക്കയായിരിക്കാം
ഇവിടെ നാം ചുണ്ടുകൾ പങ്കുവെയ്ക്കെ
അവർ എന്തുചെയ്യുകയായിരിക്കാം

Wednesday, 15 July 2020

ശ്യാമനാവികൻ


ഒടുവിൽ
ആളെല്ലാം പിരിഞ്ഞു ഞാനൊറ്റയ്ക്കു
മുറിയിലീ മെയ്മാസ രാത്രിയി-
ലുറക്കുപാട്ടൊഴുകിവീഴാത്ത
മണൽതുരുത്തിൽ രക്ത-
കവിതകൾ ചൊല്ലിത്തളർന്നിരിപ്പൂ
എന്റെ മുറിവുകളിലാരൊ
പുതപ്പിച്ചമർത്തുന്നു കനലിന്റെ കംബളം
അദൃശ്യഹസ്തങ്ങളാൽ
അലമാരയിൽ നിന്ന് കത്തികളെടുത്തെന്റെ
കരളിൽ കുറിക്കുന്നു ഗ്രീഷ്മഗീതങ്ങൾ
നിന്നെരിയുന്ന ചിന്തയിൽ ഹോമപുഷ്പങ്ങളായ്
കരുണതേടുന്നു കിനാവും നിറങ്ങളും

ഇനിയുമിങ്ങെത്തിയില്ലല്ലോ കരിങ്കിളി
ഇരുൾവലകളോരോന്നറുത്തുനീക്കി
ഉതിരപ്പഴക്കുല കൊക്കിലേന്തി
മിഴിയിൽ മനസ്സിന്റെ കുടനിവർത്തി
വിരലിലക്കങ്ങൾ കൊരുത്തു കെട്ടി
മൃതിശാന്തിയായ്
ദീർഘനിദ്രയായ്
തോരാത്ത രതിരാഗമായ്
ഭ്രാന്തലഹരിയായ് ലാവയായ്
ഇനിയുമെത്തിയില്ലല്ലോ കരിങ്കിളി

കരിതുപ്പിയോടിക്കിതച്ചുപോകും രാത്രി-
യൊടുവിൽ കരിങ്കണ്ണിൽനിന്നും തെറിക്കുന്ന
ചുടുചോരയോടെ പിടഞ്ഞുവീഴും
വീണ്ടുമൊഴുകും പകൽ വെളിച്ചത്തിൻ ഹിമാനികൾ
ദുരിതങ്ങളട്ടിയിട്ടെന്നോ തിരിച്ചൊരി
പഴയകപ്പൽ പിളർന്നായുസ്സൊടുങ്ങവേ
അലറുന്നു നാവികർ
കുഞ്ഞുങ്ങൾ കുതിരകൾ
ചടുലനേത്രങ്ങൾ
ചരൽപ്പാതകൾ
സ്വപ്നലഹളകൾ, സിംഹങ്ങൾ
രോഗക്കിടക്കകൾ
ടെലിഫോണുകൾ
പദയാത്രകൾ സംഖ്യകൾ
ഇടിവെട്ടുമായരങ്ങേറിക്കുതിക്കുന്നു
പുതിയ തീവർഷം
വസുന്ധരേനിൻ സ്നേഹ-
മുഖവും സ്വരങ്ങളും പാദപത്മങ്ങളും
കരിയുമതു കാണുവാനാവില്ല
തൂവലിൽ തലവേദനയ്ക്കുള്ള
സാന്ത്വനശൈത്യവും
തിരുനെറ്റിയിൽ ശ്രീലമുദ്രയും മൃത്യുവിൻ
ദ്രുതതാളവും പ്രണയഗീതക്കൊലുസുമായ്
ഇനിയുമിങ്ങെത്തിയില്ലല്ലോ കരിങ്കിളി

ഒടുവിൽ
ആളെല്ലാം പിരിഞ്ഞെൻ മനസ്സിലെ
ജലനായകൻ
ശ്യാമനാവികൻ
കൈവീശി മറയുന്നു
തിരവന്നുമൂടും കൊടിയിൽനി-
ന്നൊരു കടൽപ്പക്ഷി പറന്നുപോകുന്നു

Friday, 10 July 2020

സാംസ്ക്കാരിക വിപ്ലവം - കീഴാളന്‍ - പബ്ലിക്ക

ഹരണഫലം



എത്ര ഹരിക്കിലും ജീവിതദു:ഖങ്ങൾ
ശിഷ്ടം വരുന്നു കണക്കിന്റെ പല്ലുകൾ
നെറ്റിയിൽ കൊണ്ടു മുറിഞ്ഞു മനസ്സിലെ
പൊട്ടിയ സ്ളേറ്റൊന്നൊളിക്കുന്നതെങ്ങനെ?

താളംതകർന്നു തെറിച്ച തീവണ്ടിയിൽ
ചൂളംവിളിച്ച കിനാവിൻകുരുന്നുകൾ
ചോരചുരത്തിക്കിടക്കുന്നു മിണ്ടുവാ-
നാവാതെ ദിക്കുകൾ തേങ്ങിപ്പതുങ്ങുന്നു
ഞാനൊരുനീലമൗനത്തുണികൊണ്ടെന്റെ
വായും വചനവും മൂടിയിരിക്കുന്നു

പാടുവാൻവയ്യ,പകൽക്കാഴ്ചകൾ നാവി-
ലാണി തറച്ചു കിടന്നതാണിന്നലെ
ഓർക്കുവാൻ വയ്യ, വിഷം തേച്ച വാക്കുകൾ
തീക്കനലായി പതിച്ചതാണിന്നലെ
ജാലകം വേഗമടയ്ക്കട്ടെ, ഞാനിനി
നാടകം നീട്ടുവാൻ വയ്യ, മുഷിത്തൊരീ
വേഷവും കൂടി മടുത്തു, നിലയ്ക്കാത്ത
വേദനവാറ്റിക്കുടിച്ചിരിക്കുന്നു ഞാൻ...
സ്വപ്നം കുടഞ്ഞു കുഴഞ്ഞ കൈയിൽ സ്നേഹ
പുഷ്പങ്ങളില്ല നിറംപോയ നാളുകൾ-
തുപ്പുന്ന ചോറുകയ്ക്കുന്നു കബന്ധങ്ങൾ
നൃത്തമാടുന്നു നിലാവിന്റെ വേദിയിൽ

കുറ്റങ്ങളേറ്റു ഞാൻ നിൽക്കുന്നു കോടതി-
യിക്കുറിയെന്നെ വധിക്കാൻ വിധിക്കുക
തെറ്റായിരുന്നു ഞാൻ കണ്ടതും കേട്ടതും
ശിക്ഷിക്കുകീമാപ്പുസാക്ഷിയെ മറ്റൊരു
തൃപ്തിയില്ലെന്നെശ്ശമിപ്പിക്കുവാൻ ശിഷ്ട-
ദു:ഖങ്ങൾ കണ്ടു നടുങ്ങിനിൽക്കുന്നു ഞാൻ

പാട്ടിൻതുരുത്തിൽ
ഒറ്റപ്പെട്ടവൾക്ക്
ഒരു വാക്ക്,
നീ കൈകൾ വിരിച്ചുനിന്നീടുക
എന്നെ, യെൻ സങ്കടചിന്തിനെയേറ്റുവാൻ
നിന്റെ ശരീരക്കുരിശൊരുക്കീടുക
കാലം കടലുകടത്തിയിക്രൂശിത-
രൂപം ചുമന്നു കടന്നുപോകുംവരെ
ഞാനുറങ്ങട്ടെ, മനസ്സിൽനിന്നെന്നെ നീ
വേദനയോടെയുണർത്താതിരിക്കുക

Wednesday, 8 July 2020

പെരുമ്പുഴയുടെ സഹായത്താലുള്ള ദില്ലിയാത്ര


പെരുമ്പുഴ ഗോപാലകൃഷ്ണനും കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു. പ്രായത്തിന്‍റെയോ കീര്‍ത്തിയുടെയോ സമ്പത്തിന്‍റെയോ കുലമഹിമയുടെയോ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരെ സമീപിക്കുന്ന ഗര്‍വില്ലാത്ത ഒരു സ്നേഹസാമീപ്യം കൂടി അസ്തമിച്ചു.

കേരളം ചുവന്ന ആയിരത്തിതൊള്ളായിരത്തി 
അന്‍പതുകളില്‍ കൊല്ലം ശ്രീനാരായണാ കോളജിലെ 
രാഷ്ട്രീയ സാംസ്ക്കാരിക നക്ഷത്രമായിരുന്നു പെരുമ്പുഴ. ഓ.എന്‍.വി യും ഓ.മാധവനും വി. സാംബശിവനും 
തെങ്ങമം ബാലകൃഷ്ണനും കുരീപ്പുഴ നടരാജനും മറ്റും സമര സഹന 
പഠന രംഗങ്ങളില്‍ ചരിത്രം സൃഷ്ടിച്ച ആ ചെമ്പരത്തിക്കാലം ഞാനടക്കമുള്ള പിന്‍ തലമുറയ്ക്ക് ഗവേഷണവിഷയം.

വിദ്യാര്‍ഥിയായിരുന്ന കാലത്താണ് ഓ എന്‍ വി- ദേവരാജന്‍- പെരുമ്പുഴ കൂട്ടുകെട്ടുണ്ടായത്. ആ കൂട്ടുകെട്ടിന്റെ സൌന്ദര്യസന്താനമാണ് പൊന്നരിവാളമ്പിളിയിലെന്ന അനശ്വരഗാനം. സി.കെ. ലില്ലിയായിരുന്നു വനിതാനക്ഷത്രം.
ജാതിമത വ്യത്യാസത്തെ അവഗണിച്ചു ഒന്നിച്ചുജീവിതം 
കെട്ടിപ്പടുത്ത അവര്‍ ഞാനടക്കം മതാതീതജീവിതം ഉള്ളവര്‍ക്ക് 
വഴിവിളക്കുകളായി. മരണം വരെ  സ്നേഹം വിളമ്പിയ സഹോദരിയായിരുന്നു ലില്ലിടീച്ചര്‍.

കൊല്ലം വഴി വടക്കോട്ടു പോകുന്ന   തീവണ്ടികളെ  
കൌതുകത്തോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു.ഈ വണ്ടികളിലൊന്നില്‍ കയറി എന്‍റെ രാജ്യ തലസ്ഥാനമായ ദില്ലിയൊ ഹിമാലയമോ ഒന്നും കാണാന്‍ നിര്‍ധനനായ എനിക്കു കഴിയുന്നില്ലല്ലോ എന്നോര്‍ത്തു ദു:ഖിക്കുമായിരുന്നു 

പെരുമ്പുഴ അറിയിച്ച ഒരു വാര്‍ത്ത എന്നെ അമ്പരപ്പിച്ചു ആഫ്രോ
ഏഷ്യന്‍ യംഗ് റൈറ്റേഴ്സ് കോണ്‍ഫറന്‍സ്  
ദില്ലിയില്‍ വച്ചു നടത്തുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘത്തില്‍ കേരളത്തില്‍ നിന്ന് എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
സാധാരണ സംഭവിക്കാറുള്ളത് പോലെ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റമേയില്ല. കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായിത്തുടങ്ങിയ വി.എസ്. അനില്‍ കുമാര്‍ ആയിരുന്നു കേരളത്തില്‍ നിന്നുള്ള രണ്ടംഗങ്ങളില്‍ മറ്റൊരാള്‍.

ഞാന്‍ പെരുമ്പുഴയോടു  ഒഴിഞ്ഞു പറഞ്ഞു.ഒന്നാമത് 
ടിക്കറ്റെടുക്കാനുള്ള കാശില്ല. രണ്ടാമത് ഹിന്ദി സംസാരിക്കാനറിയില്ല. പെരുമ്പുഴ ധൈര്യപ്പെടുത്തി. ടിക്കറ്റ് 
നമ്മള്‍ക്കെടുക്കാം. അവിടെ ചെന്നാല്‍ മതി. മറ്റുകാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. സി.അച്ചുതമേനോനാണ് തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പെരുമ്പുഴയുടെ ആ വാക്കുകള്‍ എന്നെ കൂടുതല്‍ അമ്പരപ്പിച്ചു. 

ചര്‍ച്ചാവേദിയുടെ ഒരു സമ്മേളനത്തില്‍ അടുത്തിരുന്നിട്ടുണ്ട് എന്നുള്ളതല്ലാതെ അച്ചുതമേനോനെ എനിക്കു പരിചയമില്ല.
അര്‍ഹതയുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് മുന്‍ പരിചയം ആവശ്യമില്ലല്ലോ. മണക്കാട് സ്ക്കൂളില്‍ ചേര്‍ന്ന യുവകലാസാഹിതിയുടെ ഒരു മേഖലാ സമ്മേളനത്തില്‍ വച്ച്
എന്നെ നിര്‍ദ്ദേശിച്ച വിവരം പെരുമ്പുഴ പ്രഖ്യാപിക്കുകയും അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച 
വണ്ടിക്കൂലിയും മറ്റും പരസ്യമായി തരികയും ചെയ്തു. 

അങ്ങനെ ആദ്യമായി ഞാന്‍ രാജ്യതലസ്ഥാനം കണ്ടു.
തീവണ്ടിയില്‍ വച്ച് പരിചയപ്പെട്ട ചില മലയാളി സൈനികരുടെ സഹായത്താല്‍ ഹിമാലയം വരെ പോവുകയും ചെയ്തു. പിന്നെ പലവട്ടം പോയിട്ടുണ്ടെങ്കിലും  ആരും അംഗീകരിക്കാത്ത ആ അനാഥകാലത്ത് വണ്ടിക്കാശും സംഘടിപ്പിച്ചു തന്നു ധൈര്യപ്പെടുത്തിയ പെരുമ്പുഴ അന്യരെ
അംഗീകരിക്കുവാന്‍ മടിയില്ലാത്ത മഹത്തായ കമ്മ്യൂണിസ്റ്റ് മനസ്സിന്റെ ഉടമയായി   മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

റഷ്യന്‍ ഭാഷയിലേക്ക് ഏറെ മൊഴിമാറ്റപ്പെട്ടതാണ് പെരുമ്പുഴക്കവിത. ഗ്രാമീണ ശാലീനതയും 
സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഇനിയും കേരളം വായിക്കേണ്ടിയിരിക്കുന്നു. ജനകീയ സംഗീതത്തെ സിനിമാച്ചുണ്ടിലെത്തിച്ച പരവൂര്‍ ജി. ദേവരാജനെ കുറിച്ചു പെരുമ്പുഴയെഴുതിയ പുസ്തകം കേരളത്തിന്റെ സാംസ്ക്കാരിക വായനശാലയിലെ പ്രകാശിക്കുന്ന പുസ്തകമാണ്.

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എന്നും പ്രോത്സാഹിപ്പിക്കുന്നവരുടെ സംഘത്തിലായിരുന്നു. സ്വയം മുന്നേറുന്നതിന് പകരം മറ്റുള്ളവരെ
മുന്നോട്ട് നീക്കി നിര്‍ത്താനാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

പെരുമ്പുഴയെ ഓര്‍മ്മിച്ചുകൊണ്ടു കവി വീരാന്‍കുട്ടി
ഇന്നലെയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ സൌമ്യവും ദീപ്തവുമായ സാന്നിധ്യം എന്നാണ് വിശേഷിപ്പിച്ചത്. ചെമ്മരത്തൂരില്‍ യുവകലാസാഹിതി നടത്തിയകവിതാക്യാമ്പിലെ പെരുമ്പുഴ
യുടെ സാന്നിദ്ധ്യത്തെ കുറിച്ചായിരുന്നു വീരാന്‍കുട്ടി പറഞ്ഞത്.

അതുപോലെകേരളത്തില്‍നടന്ന അസംഖ്യം കവിതാക്യാമ്പുകളുടെ നിശ്ശബ്ദ നേതൃത്വംപെരുമ്പുഴയില്‍  നിക്ഷിപ്തമായിരുന്നു. കവിതയെ കുറിച്ചു ക്ലാസ്സെടുക്കാനോ സ്വന്തം കവിത വായിക്കാനോ അദ്ദേഹം മുന്നിട്ടിറങ്ങിയില്ല. പകരം മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. 

പെരുമ്പുഴ കൂടി പങ്കെടുത്ത ഒരു പരിസ്ഥിതി ജലയാത്രയിലാണ് 
ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന പരിസ്ഥിതിപ്പാട്ടും മൊട്ടിട്ടതു.
കേരള സാംസ്ക്കാരിക നഭസ്സിലെ വജ്രനക്ഷത്രമായി മാറിയ ജ്യേഷ്ഠകവി പെരുമ്പുഴ ഗോപാലകൃഷ്ണന്   അന്ത്യാഭിവാദനം.