Wednesday 15 July 2020

ശ്യാമനാവികൻ


ഒടുവിൽ
ആളെല്ലാം പിരിഞ്ഞു ഞാനൊറ്റയ്ക്കു
മുറിയിലീ മെയ്മാസ രാത്രിയി-
ലുറക്കുപാട്ടൊഴുകിവീഴാത്ത
മണൽതുരുത്തിൽ രക്ത-
കവിതകൾ ചൊല്ലിത്തളർന്നിരിപ്പൂ
എന്റെ മുറിവുകളിലാരൊ
പുതപ്പിച്ചമർത്തുന്നു കനലിന്റെ കംബളം
അദൃശ്യഹസ്തങ്ങളാൽ
അലമാരയിൽ നിന്ന് കത്തികളെടുത്തെന്റെ
കരളിൽ കുറിക്കുന്നു ഗ്രീഷ്മഗീതങ്ങൾ
നിന്നെരിയുന്ന ചിന്തയിൽ ഹോമപുഷ്പങ്ങളായ്
കരുണതേടുന്നു കിനാവും നിറങ്ങളും

ഇനിയുമിങ്ങെത്തിയില്ലല്ലോ കരിങ്കിളി
ഇരുൾവലകളോരോന്നറുത്തുനീക്കി
ഉതിരപ്പഴക്കുല കൊക്കിലേന്തി
മിഴിയിൽ മനസ്സിന്റെ കുടനിവർത്തി
വിരലിലക്കങ്ങൾ കൊരുത്തു കെട്ടി
മൃതിശാന്തിയായ്
ദീർഘനിദ്രയായ്
തോരാത്ത രതിരാഗമായ്
ഭ്രാന്തലഹരിയായ് ലാവയായ്
ഇനിയുമെത്തിയില്ലല്ലോ കരിങ്കിളി

കരിതുപ്പിയോടിക്കിതച്ചുപോകും രാത്രി-
യൊടുവിൽ കരിങ്കണ്ണിൽനിന്നും തെറിക്കുന്ന
ചുടുചോരയോടെ പിടഞ്ഞുവീഴും
വീണ്ടുമൊഴുകും പകൽ വെളിച്ചത്തിൻ ഹിമാനികൾ
ദുരിതങ്ങളട്ടിയിട്ടെന്നോ തിരിച്ചൊരി
പഴയകപ്പൽ പിളർന്നായുസ്സൊടുങ്ങവേ
അലറുന്നു നാവികർ
കുഞ്ഞുങ്ങൾ കുതിരകൾ
ചടുലനേത്രങ്ങൾ
ചരൽപ്പാതകൾ
സ്വപ്നലഹളകൾ, സിംഹങ്ങൾ
രോഗക്കിടക്കകൾ
ടെലിഫോണുകൾ
പദയാത്രകൾ സംഖ്യകൾ
ഇടിവെട്ടുമായരങ്ങേറിക്കുതിക്കുന്നു
പുതിയ തീവർഷം
വസുന്ധരേനിൻ സ്നേഹ-
മുഖവും സ്വരങ്ങളും പാദപത്മങ്ങളും
കരിയുമതു കാണുവാനാവില്ല
തൂവലിൽ തലവേദനയ്ക്കുള്ള
സാന്ത്വനശൈത്യവും
തിരുനെറ്റിയിൽ ശ്രീലമുദ്രയും മൃത്യുവിൻ
ദ്രുതതാളവും പ്രണയഗീതക്കൊലുസുമായ്
ഇനിയുമിങ്ങെത്തിയില്ലല്ലോ കരിങ്കിളി

ഒടുവിൽ
ആളെല്ലാം പിരിഞ്ഞെൻ മനസ്സിലെ
ജലനായകൻ
ശ്യാമനാവികൻ
കൈവീശി മറയുന്നു
തിരവന്നുമൂടും കൊടിയിൽനി-
ന്നൊരു കടൽപ്പക്ഷി പറന്നുപോകുന്നു

1 comment:

  1. തൂവലിൽ തലവേദനയ്ക്കുള്ള
    സാന്ത്വനശൈത്യവും
    തിരുനെറ്റിയിൽ ശ്രീലമുദ്രയും മൃത്യുവിൻ
    ദ്രുതതാളവും പ്രണയഗീതക്കൊലുസുമായ്
    ഇനിയുമിങ്ങെത്തിയില്ലല്ലോ കരിങ്കിളി ...

    ReplyDelete