Thursday 16 July 2020

ഇപ്പോൾ അവർ


അവർ എന്തു ചെയ്യുകയായിരിക്കും?

ഒരുവൾ
ബിയർകുടിച്ചുന്മത്തയായ്
കടലിനെ നൂലിൽ കൊരുത്തെടുത്ത്
വിരലാൽ നിയന്ത്രിക്കയായിരിക്കാം

ഒരുവൾ
നിലാവിന്റെ പർദ്ദയിട്ട്
മരുഭൂവിലൊട്ടകക്കപ്പലേറി
കുടിനീരു തേടുകയായിരിക്കാം

ഒരുവൾ
ഖനിക്കുള്ളിൽ ജീവിതത്തിൻ
തരികൾ തിരയുകയായിരിക്കാം

ഒരുവൾ
ബഹുനിലക്കെട്ടിടത്തിന്‍ 
നെറുകയിൽ കൂപ്പിയ കൈകളുമായ്
മതി, മതിയെന്നു പ്രാർത്ഥിച്ചുറച്ച്
കുതികൊണ്ടൊടുങ്ങുകയായിരിക്കാം

ഒരുവൾ
കൈക്കുഞ്ഞിനെ ചേർത്തുവെച്ച്
വിഷജലം മോന്തുകയായിരിക്കാം

ഒരുവൾ
കൈത്തോക്കിന്റെ മുന്നിൽനിന്ന്
ചിറകിനായ് യാചിക്കയായിരിക്കാം
ഇവിടെ നാം ചുണ്ടുകൾ പങ്കുവെയ്ക്കെ
അവർ എന്തുചെയ്യുകയായിരിക്കാം

1 comment:

  1. ചുണ്ട് ചുണ്ടോടോട്ടുമ്പോൾ അവരുടെ കാര്യങ്ങൾ എങ്ങിനെ ഓർക്കുവാൻ ...?

    ReplyDelete