പെരുമ്പുഴ ഗോപാലകൃഷ്ണനും കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു. പ്രായത്തിന്‍റെയോ കീര്‍ത്തിയുടെയോ സമ്പത്തിന്‍റെയോ കുലമഹിമയുടെയോ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരെ സമീപിക്കുന്ന ഗര്‍വില്ലാത്ത ഒരു സ്നേഹസാമീപ്യം കൂടി അസ്തമിച്ചു.
കേരളം ചുവന്ന ആയിരത്തിതൊള്ളായിരത്തി
അന്‍പതുകളില്‍ കൊല്ലം ശ്രീനാരായണാ കോളജിലെ
രാഷ്ട്രീയ സാംസ്ക്കാരിക നക്ഷത്രമായിരുന്നു പെരുമ്പുഴ. ഓ.എന്‍.വി യും ഓ.മാധവനും വി. സാംബശിവനും
തെങ്ങമം ബാലകൃഷ്ണനും കുരീപ്പുഴ നടരാജനും മറ്റും സമര സഹന
പഠന രംഗങ്ങളില്‍ ചരിത്രം സൃഷ്ടിച്ച ആ ചെമ്പരത്തിക്കാലം ഞാനടക്കമുള്ള പിന്‍ തലമുറയ്ക്ക് ഗവേഷണവിഷയം.
വിദ്യാര്‍ഥിയായിരുന്ന കാലത്താണ് ഓ എന്‍ വി- ദേവരാജന്‍- പെരുമ്പുഴ കൂട്ടുകെട്ടുണ്ടായത്. ആ കൂട്ടുകെട്ടിന്റെ സൌന്ദര്യസന്താനമാണ് പൊന്നരിവാളമ്പിളിയിലെന്ന അനശ്വരഗാനം. സി.കെ. ലില്ലിയായിരുന്നു വനിതാനക്ഷത്രം.
ജാതിമത വ്യത്യാസത്തെ അവഗണിച്ചു ഒന്നിച്ചുജീവിതം
കെട്ടിപ്പടുത്ത അവര്‍ ഞാനടക്കം മതാതീതജീവിതം ഉള്ളവര്‍ക്ക്
വഴിവിളക്കുകളായി. മരണം വരെ സ്നേഹം വിളമ്പിയ സഹോദരിയായിരുന്നു ലില്ലിടീച്ചര്‍.
കൊല്ലം വഴി വടക്കോട്ടു പോകുന്ന തീവണ്ടികളെ
കൌതുകത്തോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു.ഈ വണ്ടികളിലൊന്നില്‍ കയറി എന്‍റെ രാജ്യ തലസ്ഥാനമായ ദില്ലിയൊ ഹിമാലയമോ ഒന്നും കാണാന്‍ നിര്‍ധനനായ എനിക്കു കഴിയുന്നില്ലല്ലോ എന്നോര്‍ത്തു ദു:ഖിക്കുമായിരുന്നു
പെരുമ്പുഴ അറിയിച്ച ഒരു വാര്‍ത്ത എന്നെ അമ്പരപ്പിച്ചു ആഫ്രോ
ഏഷ്യന്‍ യംഗ് റൈറ്റേഴ്സ് കോണ്‍ഫറന്‍സ്
ദില്ലിയില്‍ വച്ചു നടത്തുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘത്തില്‍ കേരളത്തില്‍ നിന്ന് എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണ സംഭവിക്കാറുള്ളത് പോലെ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റമേയില്ല. കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായിത്തുടങ്ങിയ വി.എസ്. അനില്‍ കുമാര്‍ ആയിരുന്നു കേരളത്തില്‍ നിന്നുള്ള രണ്ടംഗങ്ങളില്‍ മറ്റൊരാള്‍.
ഞാന്‍ പെരുമ്പുഴയോടു ഒഴിഞ്ഞു പറഞ്ഞു.ഒന്നാമത്
ടിക്കറ്റെടുക്കാനുള്ള കാശില്ല. രണ്ടാമത് ഹിന്ദി സംസാരിക്കാനറിയില്ല. പെരുമ്പുഴ ധൈര്യപ്പെടുത്തി. ടിക്കറ്റ്
നമ്മള്‍ക്കെടുക്കാം. അവിടെ ചെന്നാല്‍ മതി. മറ്റുകാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. സി.അച്ചുതമേനോനാണ് തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പെരുമ്പുഴയുടെ ആ വാക്കുകള്‍ എന്നെ കൂടുതല്‍ അമ്പരപ്പിച്ചു.
ചര്‍ച്ചാവേദിയുടെ ഒരു സമ്മേളനത്തില്‍ അടുത്തിരുന്നിട്ടുണ്ട് എന്നുള്ളതല്ലാതെ അച്ചുതമേനോനെ എനിക്കു പരിചയമില്ല.
അര്‍ഹതയുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് മുന്‍ പരിചയം ആവശ്യമില്ലല്ലോ. മണക്കാട് സ്ക്കൂളില്‍ ചേര്‍ന്ന യുവകലാസാഹിതിയുടെ ഒരു മേഖലാ സമ്മേളനത്തില്‍ വച്ച്
എന്നെ നിര്‍ദ്ദേശിച്ച വിവരം പെരുമ്പുഴ പ്രഖ്യാപിക്കുകയും അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച
വണ്ടിക്കൂലിയും മറ്റും പരസ്യമായി തരികയും ചെയ്തു.
അങ്ങനെ ആദ്യമായി ഞാന്‍ രാജ്യതലസ്ഥാനം കണ്ടു.
തീവണ്ടിയില്‍ വച്ച് പരിചയപ്പെട്ട ചില മലയാളി സൈനികരുടെ സഹായത്താല്‍ ഹിമാലയം വരെ പോവുകയും ചെയ്തു. പിന്നെ പലവട്ടം പോയിട്ടുണ്ടെങ്കിലും ആരും അംഗീകരിക്കാത്ത ആ അനാഥകാലത്ത് വണ്ടിക്കാശും സംഘടിപ്പിച്ചു തന്നു ധൈര്യപ്പെടുത്തിയ പെരുമ്പുഴ അന്യരെ
അംഗീകരിക്കുവാന്‍ മടിയില്ലാത്ത മഹത്തായ കമ്മ്യൂണിസ്റ്റ് മനസ്സിന്റെ ഉടമയായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
റഷ്യന്‍ ഭാഷയിലേക്ക് ഏറെ മൊഴിമാറ്റപ്പെട്ടതാണ് പെരുമ്പുഴക്കവിത. ഗ്രാമീണ ശാലീനതയും
സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഇനിയും കേരളം വായിക്കേണ്ടിയിരിക്കുന്നു. ജനകീയ സംഗീതത്തെ സിനിമാച്ചുണ്ടിലെത്തിച്ച പരവൂര്‍ ജി. ദേവരാജനെ കുറിച്ചു പെരുമ്പുഴയെഴുതിയ പുസ്തകം കേരളത്തിന്റെ സാംസ്ക്കാരിക വായനശാലയിലെ പ്രകാശിക്കുന്ന പുസ്തകമാണ്.
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എന്നും പ്രോത്സാഹിപ്പിക്കുന്നവരുടെ സംഘത്തിലായിരുന്നു. സ്വയം മുന്നേറുന്നതിന് പകരം മറ്റുള്ളവരെ
മുന്നോട്ട് നീക്കി നിര്‍ത്താനാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.
പെരുമ്പുഴയെ ഓര്‍മ്മിച്ചുകൊണ്ടു കവി വീരാന്‍കുട്ടി
ഇന്നലെയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ സൌമ്യവും ദീപ്തവുമായ സാന്നിധ്യം എന്നാണ് വിശേഷിപ്പിച്ചത്. ചെമ്മരത്തൂരില്‍ യുവകലാസാഹിതി നടത്തിയകവിതാക്യാമ്പിലെ പെരുമ്പുഴ
യുടെ സാന്നിദ്ധ്യത്തെ കുറിച്ചായിരുന്നു വീരാന്‍കുട്ടി പറഞ്ഞത്.
അതുപോലെകേരളത്തില്‍നടന്ന അസംഖ്യം കവിതാക്യാമ്പുകളുടെ നിശ്ശബ്ദ നേതൃത്വംപെരുമ്പുഴയില്‍ നിക്ഷിപ്തമായിരുന്നു. കവിതയെ കുറിച്ചു ക്ലാസ്സെടുക്കാനോ സ്വന്തം കവിത വായിക്കാനോ അദ്ദേഹം മുന്നിട്ടിറങ്ങിയില്ല. പകരം മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.
പെരുമ്പുഴ കൂടി പങ്കെടുത്ത ഒരു പരിസ്ഥിതി ജലയാത്രയിലാണ്
ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന പരിസ്ഥിതിപ്പാട്ടും മൊട്ടിട്ടതു.
കേരള സാംസ്ക്കാരിക നഭസ്സിലെ വജ്രനക്ഷത്രമായി മാറിയ ജ്യേഷ്ഠകവി പെരുമ്പുഴ ഗോപാലകൃഷ്ണന് അന്ത്യാഭിവാദനം.
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എന്നും പ്രോത്സാഹിപ്പിക്കുന്നവരുടെ സംഘത്തിലായിരുന്നു.ഇദ്ദേഹത്തെ നന്നയി പരിചയപ്പെടുത്തി .
ReplyDelete