Wednesday 22 July 2020

മഞ്ഞുമലയില്‍ നിന്നൊരു മഞ്ഞ രാമന്‍


പ്രസിദ്ധമായ ഒരു സിനിമാവാചകത്തിലെ ഗൂര്‍ഖ എന്ന പദം മാറ്റി 
രാമനെന്ന പദം ചേര്‍ക്കേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വം നേപ്പാള്‍ 
പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കാണ്. അദ്ദേഹത്തിന്റെ പ്രസ്താവന അനുസരിച്ച് രാമന്‍ നേപ്പാള്‍ കാരനാണ്. 

 ഭാരതത്തിന്റെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ബാബറിപ്പള്ളി പൊളിച്ചടുക്കുവാന്‍ മൌനാനുവാദത്തിന്‍റെ ഗോവര്‍ധനക്കുട പിടിച്ചു കൊടുത്ത അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സും സമായീസ് ഇരട്ടകളെപ്പോലെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തെ എതിര്‍ത്തിട്ടുണ്ട് 

ബാബറിപ്പള്ളിയില്‍ രാമവിഗ്രഹം കൊണ്ടു വച്ചതും 
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം വിജയിപ്പിച്ചെടുത്തതും ആരും മറന്നിട്ടില്ല. മതതീവ്രവാദമല്ല മനസ്സമാധാനമാണ് വലുതെന്നുള്ളതുകൊണ്ടു വിവേകമുള്ള ജനത പരമോന്നത നീതിപീഠത്തിന്‍റെ വിധി ഉള്‍ക്കൊള്ളുകയായിരുന്നു.

കഥ അനുസരിച്ച് രാമന്‍ ജനിച്ചത് അയോദ്ധ്യയില്‍ ത്തന്നെയാണ്. 
നമുക്കറിയാവുന്ന പ്രസിദ്ധമായ അയോദ്ധ്യ ഇന്ത്യയിലുമാണ്.
എന്നാല്‍ കേരളത്തിലെ വയനാടടക്കം നിരവധിസ്ഥലങ്ങളില്‍
രാമജന്‍മഭൂമിയെ കുറിച്ചും  വാല്‍മീകിയുടെ ആശ്രമത്തേ കുറിച്ചുമെല്ലാം  ഐതിഹ്യങ്ങളുണ്ട്.  ഇന്ത്യ മാത്രമല്ല, കംബോഡിയയും ഇന്തോനേഷ്യയും മ്യാന്‍മറും സിങ്കപ്പൂരും ശ്രീലങ്കയും വിയറ്റ്നാമും ലാവോസുമൊക്കെ രാമകഥയാല്‍ സമ്പന്നമാണ്.  

നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്, അവരുടെ രാജ്യത്തെ പടിഞ്ഞാറന്‍ ബിര്‍ഗഞ്ചിയിലെ തോറിയിലാണ് അയോദ്ധ്യയെന്നാണ്.സീത ജനിച്ച ജനക്‍പൂറും നേപ്പാളിലാണ്.  രാമന്‍ ഇന്ത്യക്കാരനായിരുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ 
ഇല്ലാത്ത അക്കാലത്ത് നേപ്പാളിയായ സീതയെ എങ്ങനെയറിഞ്ഞു എന്നും അദ്ദേഹം ചോദിച്ചു.

ശ്രീലങ്കയ്ക്കും ഇന്ത്യക്കും  ഇടയിലുള്ള പാറക്കൂട്ടങ്ങള്‍ രാമന്‍ നിര്‍മ്മിച്ച പാലമാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍  തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി ചോദിച്ച ഒരു ചോദ്യമുണ്ട്. അത് രാമന്‍ പി.ഡബ്ലിയു കോണ്ട്രാക്റ്റര്‍ ആയിരുന്നോ 
എന്നാണ്! ആ ചോദ്യത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നേപ്പാളില്‍ നിന്നുള്ള സംശയം.

രാമായണത്തിലെ ലങ്കയല്ല ശ്രീലങ്കയെന്നാണ് തുളസീദാസ രാമായണ  പണ്ഡിതന്മാര്‍ പറയുന്നത്. ലങ്കയ്ക്ക് ദ്വീപെന്നേ അര്‍ഥമുള്ളൂ
ഉത്തരേന്ത്യയില്‍ നിരവധി ലങ്കകളുണ്ടെന്നു പ്രസിദ്ധമായ ബനാറസ് ഹിന്ദു സര്‍വകലാശാല നില്‍ക്കുന്ന ലങ്കയെന്ന പ്രദേശം ചൂണ്ടിക്കാണിച്ചുകൊണ്ടു അവര്‍ സമര്‍ഥിക്കാറുണ്ട്.  ആമരം ഈ
മരം മാരാമരാ രാമരാമ എന്ന സിദ്ധാന്തം വൃക്ഷത്തിന് മരമെന്നു 
പറയുന്നിടത്ത് മാത്രമേ ചെലവാകുകയുള്ളൂ എന്നും ഉത്തരേന്ത്യന്‍ 
പണ്ഡിതന്മാര്‍ പറയുന്നു.അതിനാല്‍ സംസ്കൃത കാവ്യമായ 
രാമായണത്തിന് കേരളവുമായി ബന്ധമില്ല. ശബരീനദി ഒറീസ്സയിലും പമ്പാസരസ്സ് കര്‍ണ്ണാടകത്തിലുമുണ്ട്.  

രാമകഥ വിശദമായി അന്വേഷിച്ച കാമില്‍ ബുല്‍ക്കെ ഒന്നിലധികം വാല്‍മീകിമാരെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഡോ.അസീസ് തരുവണ കണ്ടെത്തിയ വയനാടന്‍ രാമായണത്തില്‍ പുല്‍പ്പള്ളിയാണ് വാല്‍മീകിയുടെയും മറ്റും വാസസ്ഥലം.   

അപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ വാദത്തിനു ഭാരതീയ രാമജന്മഭൂമി പോലെ   ഐതിഹ്യത്തിന്റെ പിന്‍ ബലമേയുള്ളൂ.
ഐതിഹ്യത്തെ ചരിത്രമായി കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണ്.

നേപ്പാളിലാണെങ്കില്‍ സമീപകാലം വരെ ഹിന്ദുമതത്തിനും 
സംസ്കൃതത്തിനും ഭരണഘടനാപരമായ പ്രാധാന്യം ഉണ്ടായിരുന്നു.
ഇന്ത്യയില്‍ അങ്ങനെയൊരു പ്രധാന്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്കൃതകാവ്യങ്ങളായ രാമായണത്തിലും ജയയിലാരംഭിച്ച മഹാഭാരതത്തിലും ഹിന്ദുപാരാമര്‍ശവുമില്ല.

കേരളത്തിലാണെങ്കില്‍ ശബരിമല, സീതത്തോട്, സീതകുളം, 
സീതാര്‍കുണ്ട്, രാമപുരം, രാമശ്ശേരി, രാമമംഗലം, രാവണേശ്വരം
എല്ലാമുണ്ട്. രാമപാദമുദ്രകളും ജഡായുവിന്റെ കൊക്കുരഞ്ഞ പാടും മരുത്വാമലയില്‍ നിന്നും അടര്‍ന്ന് വീണ കുന്നുകളും ഉണ്ട്.
പാഞ്ചാലിയും സീതയും കഞ്ഞിവയ്ക്കാത്ത സ്ഥലങ്ങള്‍  
അപൂര്‍വമാണ്. ഇതെല്ലാം പഴയൊരു വര്‍ണ്ണവ്യാപനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്.

വിശ്വസനീയമായ രീതിയില്‍ സങ്കല്‍പ്പങ്ങള്‍ മെനയുന്നത് സാഹിത്യസൃഷ്ടിയുടെ പ്രാഥമിക പാഠങ്ങളില്‍ പെടുന്നതാണ്.
ഇതിഹാസ ഗ്രന്ഥങ്ങള്‍ ആ പാഠത്തിന്‍റെ തൂവല്‍ക്കിരീടമാണ്.. 
യുദ്ധഭൂമിയില്‍ പൊന്നണിഞ്ഞു പൊന്‍മല പോലെ നടക്കുന്ന പതിനായിരക്കണക്കിന് ആനകളെയും കോടിക്കണക്കിനു
യോദ്ധാക്കളെയും അവരുടെ രാപ്പോരിനു വെട്ടം കാണാന്‍ എണ്ണിയാലൊടുങ്ങാത്ത പൊന്‍പിടിയുള്ള പന്തങ്ങളെയും ഭാവനയില്‍ കണ്ടവരാണ് ആ വിശ്വമഹാകവികള്‍.  കുബേരന്റെ
വിമാനം പറത്തിയ ഭാവനാകുബേരന്‍മാരാണവര്‍. അതെ. അതെല്ലാം അവരുടെ സൌന്ദര്യദര്‍ശനമാണ്. ചരിത്രമല്ല.

ഈ.വി.കൃഷ്ണപിള്ള വിദ്യാര്‍ത്ഥി ആയിരുന്ന കാലം. ഒരു 
അദ്ധ്യാപകന്‍, ചകോരം എന്ന വാക്കിന്‍റെ അര്‍ത്ഥം ക്ളാസ്സില്‍
പറഞ്ഞു. ഉപ്പന്‍.  ഒരു വിദ്യാര്‍ഥി പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ 
ഉക്കന്‍ എന്നാണ് പറയുന്നത്. ചില സ്ഥലത്ത് അങ്ങനെയും പറയും എന്നായി അദ്ധ്യാപകന്‍. അപ്പോള്‍ കുസൃതിയായ ഈ വി.കൃഷ്ണപിള്ള പറഞ്ഞു, ഞങ്ങളുടെ നാട്ടില്‍ ഈ പക്ഷിക്ക് ഉമ്മന്‍ എന്നാണ് പറയുന്നത്.അദ്ധ്യാപകന്‍ ഇങ്ങനെ തിരുത്തി. ചകോരത്തിന് ചില സ്ഥലങ്ങളില്‍ ഉപ്പന്‍ എന്നും ഉക്കന്‍ എന്നും  മറ്റു ചില സ്ഥലങ്ങളില്‍ ഉമ്മന്‍ എന്നും പറയാറുണ്ട്.

അപ്പോള്‍ പുരാണകഥാപാത്രങ്ങളൊക്കെ ജനിച്ചത് എവിടെയാണ്?

1 comment:

  1. വിശ്വസനീയമായ രീതിയില്‍ സങ്കല്‍പ്പങ്ങള്‍ മെനയുന്നത് സാഹിത്യസൃഷ്ടിയുടെ പ്രാഥമിക പാഠങ്ങളില്‍ പെടുന്നതാണ്.
    ഇതിഹാസ ഗ്രന്ഥങ്ങള്‍ ആ പാഠത്തിന്‍റെ തൂവല്‍ക്കിരീടമാണ്..
    യുദ്ധഭൂമിയില്‍ പൊന്നണിഞ്ഞു പൊന്‍മല പോലെ നടക്കുന്ന പതിനായിരക്കണക്കിന് ആനകളെയും കോടിക്കണക്കിനു
    യോദ്ധാക്കളെയും അവരുടെ രാപ്പോരിനു വെട്ടം കാണാന്‍ എണ്ണിയാലൊടുങ്ങാത്ത പൊന്‍പിടിയുള്ള പന്തങ്ങളെയും ഭാവനയില്‍ കണ്ടവരാണ് ആ വിശ്വമഹാകവികള്‍. കുബേരന്റെ
    വിമാനം പറത്തിയ ഭാവനാകുബേരന്‍മാരാണവര്‍.
    അതെ...
    അതെല്ലാം അവരുടെ സൌന്ദര്യദര്‍ശനമാണ്. ചരിത്രമല്ല...!

    ReplyDelete