Wednesday 6 January 2021

കോവിഡുകാലത്തെ തീരാനഷ്ടങ്ങള്‍


മഹാരോഗകാലം മഹാപ്രതിഭകളില്‍ പലരുടേയും വേര്‍പാടിന്‍റെ കൂടി കാലമായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യാഭിവാദനം അര്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ അവര്‍ കാലയവനികയ്ക്കുള്ളിലേക്ക് കടന്നു പോയി.
അവരുടെ അക്ഷരസംഭാവനകളാണ് ഇനി നമ്മോടൊപ്പമുള്ളത്.

സുഗതകുമാരിയുടെ വേര്‍പാട് കാവ്യ ലോകത്തെ മാത്രമല്ല    മറ്റു കാരുണ്യലോകങ്ങളെയും സാരമായി ബാധിക്കും.സ്വാതന്ത്ര്യ സമരസേനാനിയും ശ്രദ്ധേയനായ കവിയുമായിരുന്ന ബോധേശ്വരന്റെ  മകളുടെ ദേശാഭിമാനം സമരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. പരിസ്ഥിതിപ്രശ്നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സുഗതകുമാരി സജീവമായി ഇടപെട്ടു.
ആരെങ്കിലും  മരം മുറിക്കുന്നത് കണ്ടാല്‍ സുഗതകുമാരി അറിയേണ്ട എന്നു പറയുന്നിടം വരെ മലയാളിയെത്തി.

സുഗതകുമാരി ഒരു സന്ദേഹവുമില്ലാത്ത ദൈവവിശ്വാസി 
ആയിരുന്നു. എന്നാലവര്‍ ശാസ്ത്രവിശ്വാസികളെ ശത്രുക്കളായി കണ്ടില്ല. എന്‍റെ കവിതകളെ കുറിച്ചു  തലസ്ഥാനത്തു നടന്ന 
ഒരു ഏകദിന സംവാദത്തിന്‍റെ പേര് ചാര്‍വാക സന്ധ്യ എന്നായിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദത്തില്‍ അടിസ്ഥാനമിട്ട കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്ന സഖാക്കള്‍ ബിനോയ് വിശ്വവും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ആ സംവാദത്തില്‍ സംബന്ധിച്ചിരുന്നു. സംവാദം ഉദ്ഘാടനം ചെയ്തത് 
സുഗതകുമാരി. ദൈവത്തിലുള്ള വിശ്വാസം മറച്ചു വയ്ക്കാതെ
തന്നെ അവര്‍ പ്രസംഗിച്ചു.  വിശ്വാസികളെയും 
അവിശ്വാസികളെയും കവിതയെങ്ങനെയാണ് ഒന്നിപ്പിക്കുന്നതെന്നും സൌമ്യമായി അവര്‍ വിശദീകരിച്ചു.

മറ്റൊരു സന്ദര്‍ഭത്തില്‍ മകരവിളക്ക് തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് യുക്തിവാദികളുടെ അഭിപ്രായത്തിനു ഊര്‍ജ്ജം 
പകരാന്‍ അവര്‍ മടിച്ചതുമില്ല. വര്‍ഷങ്ങളായി ഉണ്ടായിരുന്ന എല്ലാ വ്യാജ അവകാശ വാദങ്ങളെയും നിരാകരിച്ചു കൊണ്ടു  മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചിട്ടുമുണ്ട്.തീര്‍ഥാടനവിനോദയാത്ര എന്ന പ്രയോഗം ഇപ്പോള്‍ സാര്‍വത്രികമാകുകയും ചെയ്തു.

കവിതാവാസനയല്ല, പ്രകൃതി പശ്ചാത്തലമായുള്ള മനുഷ്യസ്നേഹമാണ് സുഗതക്കവിതകളുടെ ഉറവിടം. അതുകൊണ്ടാണ് മനുഷ്യരും മരങ്ങളും മൃഗങ്ങളും കിളികളും പുഴകളുമെല്ലാം   ആ കവിതകളിലൂടെ വാചാലരായത്.

അടിയുറച്ച കമ്മ്യൂണിസ്റ്റ് കവിയായിരുന്നു നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍.ഫ്രെഡറിക് ഏംഗല്‍സിന്റെ കവിതകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് നീലമ്പേരൂരാണ്.കടലാസ്സിലല്ല, മനസ്സിലാണ് അദ്ദേഹം കവിത കുറിച്ചത്. അതിനാല്‍ കവിസമ്മേളനങ്ങളില്‍, പ്രസിദ്ധമായ ചമതയടക്കം എല്ലാ കവിതകളും ഒരു കഷണം കടലാസ്സിന്‍റെ പോലും സഹായമില്ലാതെ മനസ്സില്‍ നോക്കിയാണ് അദ്ദേഹം വായിച്ചത്. കാവ്യസമ്പത്തിന്റെ കാര്യത്തില്‍ അഹങ്കരിക്കാവുന്നത്ര സ്വത്ത് അദ്ദേഹത്തിന്നുണ്ടായിരുന്നു. പക്ഷേ ആ നിറകുടം തുളുമ്പിയില്ല.

തത്തമ്മയുടെ പത്രാധിപരായിരുന്ന കാലത്ത് പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ സ്ക്കൂളിലെ കുഞ്ഞു വിദ്യാര്‍ഥിനിയുടെ കവിത പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തു കൊണ്ട് കത്തെഴുതിയത്, മലയാളത്തിലെ സമാനതകളില്ലാത്ത പഞ്ചഭാഷാ നിഘണ്ടു  നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത്, യുഗരശ്മി ലിറ്റില്‍ മാസികയുടെ പത്രാധിപത്യം നിര്‍വഹിച്ചത്,പഴവിളയോടൊപ്പം മംഗളാദേവി കൊടുമുടി കയറിയത്, പഞ്ചമകാരങ്ങളെന്നാല്‍ മദ്യം മാംസം മൈഥുനം,മംഗളം,മനോരമ  എന്നു പറഞ്ഞ് വിനയചന്ദ്രനടക്കമുള്ള 
കവികളെ പൊട്ടിച്ചിരിപ്പിച്ചത്, വ്യാസമഹാഭാരതം കുട്ടികള്‍ക്ക് വേണ്ടി അതീവ ലളിതമായി പറഞ്ഞത്..... ഓര്‍മ്മയുടെ അറകളില്‍ എത്ര തേനറകള്‍!

ആയിരത്തി തൊള്ളായിരത്തെണ്‍പതുകളിലെ വൈകുന്നേരങ്ങളില്‍, തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ പടവുകളില്‍ നിന്നാല്‍ സ്ഥിരമായി   ഒരു കാഴ്ച കാണാമായിരുന്നു. എം.ജി.റോഡിലൂടെ രണ്ടുപേര്‍ തെക്കോട്ട് വേഗത്തില്‍ സഞ്ചരിക്കുന്ന  കാഴ്ച.വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും റെയില്‍ പാളവും തമ്മിലുള്ള ദൂരം ലൈബ്രറിയും റോഡും  തമ്മിലുണ്ട്. നിര്‍ത്താതെ പോകുന്ന രാജധാനി എക്സ്പ്രസ്സിനു പച്ചക്കൊടി കാട്ടുന്ന സ്റ്റേഷന്‍ മാസ്റ്ററെ പോലെ ഈ സ്ഥിര സഞ്ചാരികളുടെ വേഗയാത്ര കാണുന്നത് കൌതുകകരമായിരുന്നു. 
നീലമ്പേരൂരും പി.കെ.ബാലകൃഷ്ണനും .കവിതയും ചരിത്രവും ആള്‍രൂപമെടുത്തതുപോലെ! രണ്ടുപേരും അക്ഷരങ്ങളായി അവശേഷിച്ചു.

കായംകുളത്തും പരിസരത്തുമുള്ള കവിയരങ്ങുകളില്‍, പുതുപ്പള്ളി രാഘവന്‍റെ വിയര്‍പ്പു വീണ മണ്ണില്‍  നിന്നും വരുന്ന   ഒരു യുവാവ് ആകര്‍ഷകമായി  കവിത ചൊല്ലുമായിരുന്നു. അനില്‍ കുമാറെന്ന അനില്‍ പനച്ചൂരാന്‍. പിന്നീടദ്ദേഹത്തെ കാവിവസ്ത്രമിട്ടും ഉപേക്ഷിച്ചും കണ്ടു. നിയമവിദ്യാര്‍ഥിയായും സിനിമാപ്പാട്ടെഴുത്തുകാരനായും കണ്ടു.പനച്ചൂരാന്‍റെ കവിതകള്‍ പ്രസാധകര്‍ നിരാകരിച്ചു. ജനങ്ങള്‍ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ഗ്രാമീണപദഭംഗി കൊണ്ടും ശാലീനതകൊണ്ടും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി. ആ ഇളയസഹോദരനെയും   ലോകമഹാരോഗകാലം കൊണ്ടുപോയി.

നെഞ്ചില്‍ സങ്കടക്കിളികള്‍ ചിലക്കുകയാണ്.നഷ്ടപ്പെട്ടവരുടെ നക്ഷത്ര  മുഖങ്ങള്‍ തെളിയുമ്പോള്‍ കണ്ണുനീരിന്റെ കാട്ടാറ്
ഉറവയെടുക്കുകയാണ്. കവിതയുടെ പതാക താഴ്ത്തിക്കെട്ടുകയാണ്.
 

1 comment:

  1. കവിതാവാസനയല്ല, പ്രകൃതി പശ്ചാത്തലമായുള്ള മനുഷ്യസ്നേഹമാണ് സുഗതക്കവിതകളുടെ ഉറവിടം. അതുകൊണ്ടാണ് മനുഷ്യരും മരങ്ങളും മൃഗങ്ങളും കിളികളും പുഴകളുമെല്ലാം ആ കവിതകളിലൂടെ വാചാലരായത്...

    ReplyDelete