ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
------------------------------
ചെയ്തത് കുന്നിമണിയോളം. പ്രചാരണം കുന്നോളം. ഈ രീതിയിലായിട്ടുണ്ട് ഇന്നത്തെ മനുഷ്യന്റെ പൊതുജീവിതശൈലി. അതിൽ നിന്നും. വ്യത്യസ്തമായി ജീവിച്ചു കടന്നുപോയ
അപൂർവം പേരെങ്കിലുമുണ്ട്. അവർ പ്രശസ്തി ആഗ്രഹിച്ചില്ല.സ്വയം ഊതിപ്പെരുപ്പിക്കുന്ന
ഫേസ്‌ബുക്ക് രീതി അവർക്ക് അപരിചിതമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് ജ്ഞാനത്തിന്റെ രജതപാഠങ്ങൾ നൽകി. പുരസ്‌കാരങ്ങൾക്ക് അപ്പുറമായിരുന്നു അവരുടെ മേച്ചിൽ സ്ഥലം. അങ്ങനെ ജീവിച്ചു കടന്നുപോയവരിൽ ഒരാളാണ് ഡോ.നന്ദിയോട് രാമചന്ദ്രൻ.
വിവിധ ശ്രീനാരായണകോളജുകളിൽ ഹിന്ദി അധ്യാപനായി പ്രവർത്തിച്ച അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ, അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ ഉപയോഗിച്ചു. പഞ്ചാബിൽ പോയി ഭഗത് സിംഗിന്റെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാന്തര ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ ഡോ.നന്ദിയോട് രാമചന്ദ്രൻ നിരീക്ഷിച്ചു പഠിക്കുകയും മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അജിത് സിംഗിന്റെ ആത്മകഥ മലയാളികൾക്ക് കിട്ടിയത്. മന്മഥനാഥ ഗുപ്തയുടെ ഗാന്ധിയും കാലവും എന്ന കൃതിയും അങ്ങനെയാണ് കിട്ടിയത്.
മുപ്പത്തേഴു വർഷം മാത്രം ജീവിച്ചിരുന്ന പഞ്ചാബി കവിയാണ് പാഷ് എന്ന അവതാർ സിംഗ് സന്ധു. പഞ്ചാബിലെ സിഖ്മതതീവ്രവാദികൾക്കെതിരെയുള്
സിഖ് മതഭീകരവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ആപൽക്കരമായത് എന്ന കവിത ഉയർത്തിക്കാട്ടിക്കൊണ്ട്, മതതീവ്രവാദത്തിനെതിരെയുള്ള സാംസ്ക്കാരിക നിലപാടുകളെ ഡോ.നന്ദിയോട് രാമചന്ദ്രൻ കേരളയുവതയോട് വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നത് ഒരു വടക്കൻ വീരഗാഥയാണെന്ന് കരുതുന്നവരുടെ മുന്നിലേക്ക് വക്കം ഖാദറിനെയും ചെമ്പകരാമൻപിള്ളയെയും നീക്കിനിറുത്തി ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രതിരോധിച്ചു. ട്രിവാൻഡ്രം ഹോട്ടലിലും. മറ്റും യുവാക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി തിരുവനന്തപുരത്തുകാരനായ ചെമ്പകരാമൻപിള്ളയുടെ സാഹസിക ജീവിതവും അവിശ്വസനീയമായ മരണവും വിശദീകരിച്ചു. ജർമ്മൻ മുങ്ങിക്കപ്പലായ യമണ്ടനെ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തി. വളരെ വലുതെന്നു അർത്ഥത്തിൽ ഉപയോഗിക്കുന്ന എമണ്ടൻ എന്ന വാക്കിന്റെ ഉത്ഭവചരിത്രം കൂടി അങ്ങനെ പുതുതലമുറയ്ക്ക് ബോധ്യമായി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തിയതാണ്. നേതാജി ജന്മവാര്ഷിക ആചാരണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഡോ. നന്ദിയോട് രാമചന്ദ്രൻ, ഇന്ത്യൻ ഭരണകൂടം എപ്പോഴൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിച്ച ആ പ്രതിഭയെ കൂടുതൽ വെളിച്ചത്തിലേക്ക് നീക്കിനിറുത്തി. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയതും ഡോ.നന്ദിയോട് രാമചന്ദ്രനാണ്. കവിയും വിപ്ലവകാരിയുമായിരുന്ന ബിസ്മിലിനെ നിരവധി ഗൂഡാലോചനകളിൽ പെടുത്തി ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിക്കൊന്ന ചരിത്രം അതീവ ശാന്തമായും എന്നാൽ ചടുലമായ ചോരയോട്ടത്തോടെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു. സൗമ്യതയ്ക്കുള്ളിൽ ഇരമ്പുന്ന ദേശാഭിമാനബോധം ഡോ.നന്ദിയോട് രാമചന്ദ്രന്റെ സവിശേഷതയായിരുന്നു.
ആയിരക്കണക്കിന് ശിഷ്യന്മാർ ഡോ.നന്ദിയോട് രാമചന്ദ്രനുണ്ടായിരുന്നു. അവരോടെല്ലാം ഒരു ചെറുചിരിയോടെ അദ്ദേഹം പെരുമാറി. പുറമെ ശാന്തവും ഉള്ളിൽ ദേശാഭിമാന പ്രചോദിതമായ ക്ഷോഭങ്ങളും അദ്ദേഹം സൂക്ഷിച്ചു. വടക്കേ ഇന്ത്യൻ വിപ്ലവകാരികളുടെ അറിയപ്പെടാത്ത ജീവിതരംഗങ്ങൾ തേടിയുള്ള സഫലയാത്രകളാണ് അദ്ദേഹം നടത്തിയത്.
അഗസ്ത്യപർവ്വതത്തിന്റെ താഴ്‌വരയിലുള്ള നന്ദിയോട് സ്വാതന്ത്ര്യ സമരസേനാനികളുടെയും കമ്യുണിസ്റ് വിപ്ലവകാരികളുടെയും ഈറ്റില്ലമാണ്. അവിടെ ജനിച്ച ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം നഗരമായിരുന്നു. സിറ്റിയിലെ രാഷ്ട്രീയ സാംസ്ക്കാരിക മഹാപ്രകടനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തീർത്തും നിശബ്ദമായി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ.നന്ദിയോട് രാമചന്ദ്രൻ. മൗനത്തിൽ പൊതിഞ്ഞ മഹാശബ്ദം. പുറമെ ശാന്തവും അകമേ അശാന്തവുമായ സാമൂഹ്യബോധസമുദ്രം.
Monday, 30 December 2024
ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
Tuesday, 17 December 2024
മതേതര കലണ്ടറും സയൻസ് കലണ്ടറും
മതേതര കലണ്ടറും സയൻസ് കലണ്ടറും
------------------------------
പുതുവർഷം പിറക്കാൻ ഇനി രണ്ടാഴ്ചപോലുമില്ല. രണ്ടുമാസം മുൻപേ കമ്പോളത്തിൽ കലണ്ടറുകൾ തൂങ്ങാൻ തുടങ്ങി. സർക്കാർ കലണ്ടർ കൂടാതെ പ്രമുഖ പത്രസ്ഥാപനങ്ങളും
വ്യവസായ സ്ഥാപനങ്ങളും ഇറക്കിയ കലണ്ടറുകളും വ്യക്തികൾ സമ്മാനിക്കാൻ പുറത്തിറക്കിയ കലണ്ടറുകളും രംഗത്തുണ്ട്. എല്ലാ കലണ്ടറുകളും മതാധിഷ്ഠിത വിശേഷങ്ങളും അനാചാര സൂചനകളും കൊണ്ട് സമൃദ്ധമാണ്. ഇറക്കുന്നവരുടെ പരസ്യമാധ്യമമാണ് കലണ്ടർ എന്നാലും പുറത്തുനിന്നും പരസ്യങ്ങൾ സ്വീകരിക്കുന്ന കലണ്ടറുകളും ഉണ്ട്. കാവ്യബോധമുള്ള ചിലർ പുറത്തിറക്കിയ കലണ്ടറിൽ വയലാറിന്റെയും ഇടശ്ശേരിയുടെയും മറ്റും ഈരടികളും ചേർത്തിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മതേതര കലണ്ടറും സയൻസ് കലണ്ടറും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സയൻസ് കലണ്ടർ പുറത്തിറക്കിയിട്ടുള്ളത്.യുക്തി
മതേതരകലണ്ടറിൽ നവോത്ഥാന നായകരുടെയും സാംസ്ക്കാരികജ്വാലകളുടെയും സയൻസ് കലണ്ടറിൽ ശാസ്ത്ര പ്രതിഭകളുടെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നു. മതേതര കലണ്ടറിൽ ജനുവരി ഫെബ്രുവരി മാസങ്ങളടങ്ങുന്ന ആദ്യപേജിൽ സഹോദരൻ അയ്യപ്പൻ, ഗോവിന്ദ് പൻസാരെ, വി.ടി.ഭട്ടതിരിപ്പാട്,കുറ്റിപ്
തുടങ്ങിയവരുടെ ചിത്രങ്ങളും വിശദവിവരങ്ങളും ഈ കലണ്ടറിലുണ്ട്. അവയവദാനം, ശരീരദാനം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ നിർവഹിക്കണമെന്നും ഈ കലണ്ടറിലുണ്ട്. കൊല്ലവർഷ തീയതികളും ഈ കലണ്ടറിലുണ്ട്. ശകവർഷമോ ഹിജ്റാ വർഷമോ ഇല്ല.
ആദിയിൽ ജൈവതന്മാത്രകൾ ഉണ്ടായിയെന്ന ജനുവരിക്കുറിപ്പോടെയാണ് സയൻസ് കലണ്ടർ ആരംഭിക്കുന്നത്. ഓരോ മാസവും അതാതുമാസത്തെ ആകാശവിശേഷങ്ങൾ ഈ കലണ്ടറിലുണ്ട്. എല്ലാർക്കും ആവശ്യമുള്ള തിയ്യതികളും അവധിസൂചനകളും കൂടാതെയാണ് ഈ വിശേഷങ്ങൾ. രാഹുകാലം ഗുളികകാലം ജ്യോതിഷനക്ഷത്രം നിസ്‌ക്കാരസമയം ഇതൊന്നും സയൻസ് കലണ്ടറിലില്ല. സ്റ്റാൻലി മില്ലർ,കൊളീൻ കവനോ.ലൈൻ മാർഗളിസ്. വില്യം റാഡ്ക്ലിഫ്,
വില്യം ഷിയർ,റിച്ചാർഡ് ഓവൻ തുടങ്ങിയ ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങളും ലഘുവിവരണവും ഈ കലണ്ടറിലുണ്ട്. സ്‌കാൻ ചെയ്തു വിജ്ഞാന മേഖലയുടെ അനന്തതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. കലണ്ടർ എന്നാൽ രാഹുകാലവും ഗുളികകാലവും നിസ്‌ക്കാരസമയവും ശകവർഷവും അറിയാനുള്ളതുമാത്രമല്ല, മനുഷ്യന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും വിശേഷങ്ങൾ കൂടി അറിയാനുള്ളതാണെന്നു ഈ കലണ്ടറുകൾ കേരളത്തോട് പറയുന്നുണ്ട്.
സൂര്യന്റെയും ഭൂമിയുടേയുമൊക്കെ ഭ്രമണം കണക്കാക്കി നിർമ്മിച്ചെടുക്കുന്ന ഏതുകലണ്ടറും സയൻസാണ്. റോബിൻസൺ ക്രൂസോ ദ്വീപിൽ അകപ്പെട്ടപ്പോൾ മരത്തിൽ അടയാളങ്ങളുണ്ടാക്കി ദിവസങ്ങൾ കണക്കാക്കിയതും, കുഞ്ഞിന്റെ അരയിൽ ജനിച്ചിട്ടെത്ര ദിവസമായി എന്നുകണക്കാക്കാനായി ഇരുപത്തെട്ടാം ദിവസം ചരടിൽ കെട്ടിട്ട് ബന്ധിച്ചതും
ചന്ദ്രനെ ശ്രദ്ധിച്ച് അടയാളമിട്ടതുമെല്ലാം പഴയ മനുഷ്യർ അവലംബിച്ച കാലഗണനാരീതികളാണ്. ആ പഴമയിൽ നിന്നും കലണ്ടറുകൾ അസാധാരണമാം വിധം മാറിയിരിക്കുന്നു. ചരിത്രവും ശാസ്ത്രവുമെല്ലാം കലണ്ടറായി വീടുകളിൽ എത്തിയിരിക്കുന്നു. വീട് ഒരു വിദ്യാകേന്ദ്രം തന്നെയായിരിക്കുന്നു. മൊബൈൽ ഫോണിലും കലണ്ടർ ഉള്ളതിനാൽ കാലം ഇപ്പോൾ നമ്മുടെ കീശയിൽ സുരക്ഷിതമായിരുന്നു.
- കുരീപ്പുഴ ശ്രീകുമാർ
Tuesday, 3 December 2024
കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്
കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്
------------------------------
കേരളത്തിലെ കുട്ടികൾ ക്രിസ്തുമസ് പരീക്ഷ അടക്കമുള്ള വിവിധ പരീക്ഷകൾക്ക്
തയ്യാറെടുക്കുന്ന സമയമാണിത്. പകലന്തിയോളം വലിയ ശബ്ദമുണ്ടാക്കി അവരുടെ പഠനം തടസ്സപ്പെടുത്തരുത്. കേരള സർക്കാർ ഇക്കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് 2023 നവംബർ 23 നു ആഭ്യന്തര വകുപ്പിലൂടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കുട്ടികൾ നന്നായി വായിച്ചും പഠിച്ചും വിജയിക്കേണ്ടവരാണ്. അവരിലാണ് കേരളത്തിന്റെ നല്ല ഭാവി കുടികൊള്ളുന്നത്. വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ള ഈ ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതിവകുപ്പിനും എല്ലാം യഥാസമയം അയച്ചുകൊടുത്തിട്ടുമുണ്ട്. ദേശീയ ബാലാവകാശക്കമ്മീഷന്റെ കത്തും സംസ്ഥാന പോലീസ് മേധാവിയുടെ കത്തുകളും സൂചിപ്പിച്ചിട്ടുള്ള ഈ ഉത്തരവിൽ വളരെ കൃത്യതയോടെ സമൂഹം പാലിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമൂഹ്യവും മതപരവും രാഷ്ട്രീയവുമായുള്ള ചടങ്ങുകളിലും മറ്റു സന്ദർഭങ്ങളിലും അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടുണ്ടാകുന്നു എന്ന് മാത്രമല്ല, പരീക്ഷകളിൽ നന്നായി കഴിവ് പ്രകടിപ്പിക്കാനും സാധിക്കുന്നില്ല. രാവിലെ ആറുമണിക്കും രാത്രിയിൽ പത്തുമണിക്കും ഇടയിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുപോലും വലിയ ശബ്ദമുണ്ടാക്കരുത്. അമിതമായ ശബ്ദം പഠനത്തെ മാത്രമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അവർക്ക് ഉറക്കക്കുറവുണ്ടാകും. മാനസികസമ്മർദ്ദം വർധിക്കും.നിരന്തരമായ തലവേദന അനുഭവപ്പെടും.ക്രമേണ കേൾവിനാശം ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകുന്നതിനാൽ അപകടകരമായ അമിതാകാംക്ഷ വളരെ വർധിക്കും. ഓർമ്മക്കുറവുണ്ടാകും . കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും സ്വസ്ഥതയും നൽകുകയെന്നത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണ്.
ശബ്ദമലിനീകരണ നിയന്ത്രണം സംബന്ധിച്ച് സമൂഹത്തിനു പ്രയോജനപ്രദമായ രീതിയിൽ ഉണ്ടായിട്ടുള്ള കോടതി നിർദ്ദേശങ്ങളും ഉത്തരവുകളുമെല്ലാം നടപ്പിലാവാതെപോകുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. മുന്നൂറ്ററുപത്തഞ്ചു ദിവസവും കൂടുതൽ സമയം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത് ഹിന്ദുമത സ്ഥാപനങ്ങളാണ്. അഞ്ചു നേരത്തെ നിസ്‌കാര അറിയിപ്പുമായി ഇസ്‌ലാം മതസ്ഥാപനങ്ങൾ ഉയർത്തുന്ന അമിതശബ്ദം ഒരു ദിവസം ആകെക്കൂടി ഇരുപതു മിനിറ്റിൽ കൂടുതൽ വരുന്നില്ല. മതപ്രസംഗങ്ങൾ നടക്കുന്ന ചില ദിവസങ്ങളിൽ രാത്രികാലങ്ങളിൽ കുറേമണിക്കൂറുകൾ അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാറുണ്ട്. അടുത്തകാലത്ത് ചില പള്ളികളിൽ ഉച്ചയ്ക്കുള്ള പ്രസംഗത്തിനും
ഉച്ചഭാഷിണി പുറത്തേക്കുവച്ചു ഉപയോഗിക്കുന്നുണ്ട്. കിസ്തുമതത്തിലെ ചില വിഭാഗങ്ങൾ ഞായറാഴ്ചകളിൽ അതി കഠിനമായി ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് മുങ്ങിയതിനു ശേഷം ഇപ്പോൾ പൊങ്ങിവന്നിട്ടുള്ള ദൈവീക രോഗശുശ്രൂഷാ പരിപാടികളിലും അമിതമായ ശബ്ദം ഉണ്ടാകുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിലും നിത്യേന പാട്ടോ പ്രസംഗമോ മൈക്ക് വച്ച് കേൾപ്പിക്കുന്നില്ല. ഉയർന്ന തൂണുകളിലും മറ്റും ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ഒരു പാർട്ടിഓഫീസും കേരളത്തിലില്ല. സാംസ്ക്കാരിക സമ്മേളനങ്ങളെല്ലാം അനുവദനീയമായ രീതിയിലുള്ള ശബ്ദമേ ഉപയോഗിക്കുന്നുള്ളൂ. മിക്ക സമ്മേളനങ്ങളും ഹാളുകൾക്കുള്ളിലാണ് നടക്കാറുള്ളത്. ഞാൻ ഒടുവിൽ പങ്കെടുത്ത സമ്മേളനം പുത്തൂരിൽ നടന്ന ഇപ്റ്റയുടെ സമ്മേളനമാണ്. തീർത്തും മാതൃകാപരമായാണ് അവിടെ ശബ്ദം വിന്യസിച്ചിരുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മതങ്ങളുടെയും ഉത്തരവാദിത്വമാണ്.
എന്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നത്? പ്രധാനമായും മതരാഷ്ട്രീയപ്പാർട്ടികളുടെ സമരഭീഷണിയാണ് തടസ്സം സൃഷ്ടിക്കുന്നത്. നമ്മുടെ പോലീസ് സേനയിലാണെങ്കിൽ അഗ്രം മുതൽ അടിത്തട്ടുവരെ മതസംഘടനകളോട് വിധേയത്വമുള്ളവർ ഉണ്ട്. അവർ കണ്ണടയ്ക്കുന്നതും ഒരു കാരണമാണ്. മതരാഷ്ട്രീയപാർട്ടിയുടെ സമരഭീഷണിക്ക് നല്ലൊരു ഉദാഹരണം കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിൽ നടന്ന റോഡ് ഉപരോധമാണ്. ഭാരതീയ വെറുപ്പ് ഫാക്റ്ററിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.
ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഇതുപോലെയുള്ള ശബ്ദമലിനീകരണമില്ല. ഇന്ത്യയിൽ തന്നെ കേരളത്തിന് പുറത്ത് ഉഗ്രശബ്ദത്തിലുള്ള പുരാണ പാരായണവുമില്ല. നമ്മളെന്നാണ്
പരദ്രോഹം കൂടാതെ ജീവിക്കുന്ന നല്ല ജനതയാകുന്നത്? നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്നാണു സ്വസ്ഥതയോടെ പഠിച്ചു പരീക്ഷയ്ക്കിരിക്കാൻ സാധിക്കുന്നത്?
Wednesday, 20 November 2024
മണ്ഡലകാലം മൈക്കിന്റെ പൂക്കാലം
മണ്ഡലകാലം മൈക്കിന്റെ പൂക്കാലം
------------------------------
വൃശ്ചികം ഒന്നുമുതൽ എല്ലാ ഹിന്ദുമതാരാധനാലയങ്ങളിലെയും ഉച്ചഭാഷിണികൾ
ആവുന്നത്ര ഉച്ചത്തിൽ അലറിത്തുടങ്ങിയിരിക്കുകയാണ്. ഭക്തിയുടെ മാർഗ്ഗം ഉച്ചഭാഷിണിയല്ലല്ലോ. ആരാധനാലയങ്ങളിലും പരിസരത്തും ശാന്തിയും സ്വസ്ഥതയും ഉണ്ടാകണമെങ്കിൽ നിശബ്ദമായ അന്തരീക്ഷമാണല്ലോ അഭികാമ്യം. സങ്കൽപ്പദൈവങ്ങൾ പോലും ഉച്ചഭാഷിണിയുടെ ശല്യം സഹിക്കാനാവാതെ ഒന്നടങ്കം നാടുവിട്ടു പോയിരിക്കാനാണ് സാധ്യത. ഉച്ചഭാഷിണിയും ദൈവസങ്കല്പവുമായി യാതൊരു ബന്ധവുമില്ല. ഉച്ചഭാഷിണി കണ്ടുപിടിക്കുന്നതിനു മുൻപേ തന്നെ കേരളത്തിൽ ദൈവസങ്കല്പവും ആരാധനാലയങ്ങളും ഒക്കെയുണ്ട്. ഉച്ചഭാഷിണിയെക്കുറിച്ച് ക്ഷേത്രാചാര ഗ്രന്ഥങ്ങളിലെങ്ങും ഒരു പരാമര്ശവുമില്ല.
ശബ്ദമലിനീകരണം മറ്റു പരിസ്ഥിതി മലിനീകരണ പ്രവർത്തനം പോലെ വളരെ ഗൗരവത്തോടെതന്നെയാണ് നമ്മുടെ നിയമവ്യവസ്ഥ കണ്ടിട്ടുള്ളത്. കൃത്യമായ നിയമനടപടികളും ശിക്ഷാരീതികളുമെല്ലാം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുമുണ്ട് .ഇതെല്ലാം മതതീവ്രവാദ രാഷ്ട്രീയത്തോടുള്ള ഭയപ്പാടുമൂലം അസാധുവാക്കപ്പെടുകയാണ്. എത്രകൈകളും ആയുധങ്ങളുമുണ്ടെങ്കിലും സങ്കൽപ്പദൈവങ്ങളെ ഭക്തർക്ക് ഭയമില്ല. എന്നാൽ അവരെ ഭയപ്പെടുത്തി ബധിരരാക്കുന്നത് സങ്കൽപ്പ ദൈവങ്ങളുടെ കാവൽക്കാരാണ്. ദൈവമില്ലെന്നും നരകവും അവിടത്തെ തിളച്ച വെളിച്ചെണ്ണപ്പാത്രവും മുടിനാരേഴായി കീറിക്കെട്ടിയ പാലവും ബാർ അറ്റാച്ച്ഡ് സ്വർഗ്ഗവും അവിടത്തെ ചുവന്നപരവതാനി വിരിച്ച സുന്ദരിത്തെരുവുകളും ഭാവനയാണെന്നു നന്നായറിയാവുന്നത് പാവം ഭക്തജനങ്ങൾക്കല്ല. അന്ധവിശ്വാസങ്ങളെ മൊത്തമായും ചില്ലറയായും കച്ചവടം ചെയ്‌ത് ജീവിക്കുന്ന ദൈവ സെക്യൂരിറ്റിക്കാർക്കാണ്.
അവർ പ്രവാസികളിൽ നിന്നും നേർച്ചപ്പണം സ്വീകരിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ വരെ കേൾക്കത്തക്ക രീതിയിൽ മൈക്ക് പ്രവർത്തിപ്പിക്കും. അതവരുടെ വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ്.അമേരിക്കൻ മലയാളിയാണ് സംഭാവന നല്കിയതെങ്കിൽ അമേരിക്കയിൽ കേൾക്കുവോളം മൈക്കുവയ്ക്കും.
ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ,ഓഫീസുകൾ എന്നിവ പോലെത്തന്നെ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അവയുടെ നൂറ് മീറ്റർ ചുറ്റളവിൽ ശബ്ദയന്ത്രങ്ങളൊന്നും പ്രവർത്തിപ്പിക്കാൻ പാടില്ല.മറ്റു സ്ഥലങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ ഡെസിബെൽ അളവുകളും നിയമവ്യവസ്ഥയിലുണ്ട്.
വ്യവസായ മേഖലയിൽ എഴുപത്തഞ്ച് ഡെസിബെൽ വരെയും ഭവനമേഖലയിൽ അമ്പത്തഞ്ച് ഡെസിബെൽ വരെയും അനുവദനീയമാണ്.ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) റൂൾ 2000 ഇപ്പോഴും നിലവിലുണ്ട്.ഇതനുസരിച്ചാണ് കേരളാ പോലീസിന്റെ ലൗഡ് സ്പീക്കർ ലൈസൻസ് നിബന്ധനകൾ. കുട്ടികൾ പരാതിപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകേണ്ടതാണ്.ബാലാവകാശ കമ്മീഷന്റെ സുവ്യക്തമായ ഉത്തരവും നിലവിലുണ്ട്. നിയമം ലംഘിച്ചാൽ അഞ്ചു വര്ഷം തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷയായിട്ടുണ്ട്.
ഉപകരണങ്ങൾ പൊലീസിന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കാവുന്നതുമാണ്.അമിതമായ ശബ്ദം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനു ഹാനികരമാകയാലാണ് പ്രധാനമായും ഈ നിയമങ്ങളൊക്കെ നിർമ്മിച്ചിട്ടുള്ളത്.വ്യക്തി
ഏത് അധികാരിക്കും പരാതികൊടുക്കാനുള്ള അവകാശം പൗരർക്കുണ്ട്. സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ലാ കളക്റ്റർക്കും സംസ്ഥാന പോലീസ് സേനാ മേധാവിക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കും ഒക്കെ പരാതി സമർപ്പിക്കാവുന്നതാണ്. എവിടെനിന്നെങ്കിലും പൗരാവകാശം സംരക്ഷിച്ചു കിട്ടുമെന്ന് ഉറപ്പാക്കാവുന്നതാണ്. ആലപ്പുഴയിലെ പി പി സുമനൻ, കൊല്ലത്തെ മനു തുടങ്ങിയവർ ശബ്ദമലിനീകരണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുള്ളവരാണ്. ഇവരുടെ നേതൃത്വത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
ഇങ്ങനെ പ്രതികരിക്കുന്നവർക്കെതിരെ അമ്പലക്കമ്മിറ്റിക്കാർ ഭക്തജനക്കൂട്ടായ്മ എന്നൊക്കെയുള്ള കള്ളപ്പേരുകളിൽ പോസ്റ്റർ അടിച്ചു ഒട്ടിക്കാറുണ്ട്.
നാമജപഘോഷയാത്രപോലും സംഘടിപ്പിച്ചെന്നു വരും. അതൊക്കെ അവർ മുന്നോട്ടുവയ്ക്കുന്ന സംഹാരശക്തിസ്വരൂപിണിയായ ദൈവസങ്കല്പത്തിന്റെ ശക്തിരാഹിത്യത്തിനു തെളിവായിമാത്രമേ മാറുകയുള്ളൂ.
മണ്ഡലകാലം മൈക്കുവച്ചുകെട്ടി അഹങ്കരിച്ച് ആഘോഷിക്കുമ്പോൾ ചവിട്ടിയരയ്ക്കപ്പെടുന്നത്
മനുഷ്യന്റെ സമാധാനമാണ്. സ്വസ്ഥജീവിതം ആഗ്രഹിക്കാത്ത മനുഷ്യരില്ല. കിടപ്പുരോഗികളെ സംബന്ധിച്ചാണെങ്കിൽ തടവറയ്ക്കു ചുറ്റും സിംഹഗർജ്ജനം ഉണ്ടായാലത്തെ അനുഭവമായിരിക്കും. എഴുത്തുകാർക്ക് വായിക്കുന്നതിലുള്ള ശ്രദ്ധയും എഴുത്തിലുള്ള ഏകാഗ്രതയും വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാർത്ഥികൾക്ക് ശബ്ദരഹിതയും സ്വസ്ഥവുമായ അന്തരീക്ഷം പഠനത്തിന് അത്യാവശ്യമാണ്. മൈക്കുകൾ മിതമായിരിക്കട്ടെ. ശാന്തമായ കേരളം നമ്മുടെ അവകാശമാണ്.
Monday, 4 November 2024
സനുക്രിസ്റ്റോ എന്ന പ്രവാസിയുടെ തുടർജീവിതം
സനുക്രിസ്റ്റോ എന്ന പ്രവാസിയുടെ തുടർജീവിതം
-------------------------------------------------------------
കൊല്ലത്തെ അഞ്ചാലുംമൂട്ടിനടുത്തുള്ള മതിലിൽ കൊച്ചുതൊടിയിൽ മിന്നാരത്തിൽ സനുക്രിസ്റ്റോ അബുദാബിയിൽ ജോലിചെയ്യുകയായിരുന്നു. കുടുംബത്തോടും നാടിനോടും ജോലിസ്ഥലമായ അറബിരാജ്യത്തിനോടും സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്ന ക്രിസ്റ്റോ ഒരു ദിവസം ഓഫീസിലേക്ക് പോകവേ പൊടുന്നനെ ശരീരം തളർന്നു. ഉടൻതന്നെ അബുദാബിയിലെ എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ആശുപത്രിയിൽ എത്തിക്കപ്പെട്ടെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചു. യൂനാനികാലത്തെ മരുന്നും മന്ത്രവുമൊന്നുമല്ല ഇപ്പോൾ അറബ് രാജ്യങ്ങളിലുള്ളത്. മോഡേൺ മെഡിസിനാണ്. എന്നിട്ടും ക്രിസ്റ്റോ കൈവിട്ടുപോയി. അവിടെയാണ് ക്രിസ്റ്റോയുടെ തുടർജീവിതം ആരംഭിച്ചത്.
ആശുപത്രി അധികൃതർ, ക്രിസ്റ്റോയുടെ ആന്തരികാവയവങ്ങൾ സഹജീവികൾക്ക് പ്രയോജനപ്പെടുത്താനായി നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടുന്നു. ക്രിസ്റ്റോയുടെ ഭാര്യ പ്രിയദർശിനിയും മക്കളും സമ്മതിക്കുന്നു. അങ്ങനെയാണ് ക്രിസ്റ്റോവിനു മരണാനന്തര ജീവിതം ലഭിക്കുന്നത്. പ്രവാസിലോകത്തെ മഹത്തായ മാതൃകയായി സനുക്രിസ്റ്റോ മാറി.
അപരിഷ്കൃതമായ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന മതങ്ങൾ അവയവദാനത്തെയോ ശരീരദാനത്തെയോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതൊക്കെ ദൈവനിശ്ചയത്തിനു വിരുദ്ധമാണെന്നുതന്നെ അവർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന പുരോഹിതരും പ്രഭാഷകരും ജീവിതം പ്രതിസന്ധിയിലാകുമ്പോൾ അന്യരക്തം സ്വീകരിക്കാൻ സന്നദ്ധരാകുന്നു. ഏതു ശസ്ത്രക്രിയയ്ക്കും വൃക്കരോഗ ചികിത്സയ്ക്കും മറ്റു മനുഷ്യരുടെ രക്തം അത്യാവശ്യമാണ്. ആശുപത്രിയോട് ചേർന്നുള്ള രക്തബാങ്കുകളിൽ മതപരമായ വേർതിരിവുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇത്തരം ചികിത്സകളുടെ ആരംഭകാലത്ത് സ്വന്തംമതത്തിലുള്ളവരുടെ രക്തം മാത്രമേ സ്വീകരിക്കാവൂ എന്ന ചില കടുംപിടുത്തങ്ങൾ എല്ലാ മതക്കാരും പുലർത്തിയിരുന്നു. ക്രമേണ അതുമാറി. ഇവിടെയെങ്കിലും മനുഷ്യൻ മതാതീതനായി. മതേതരരോഗങ്ങളാണ് ലോകത്തുള്ളത്. പ്ളേഗ് മുതൽ കോവിഡ് വരെയുള്ള എല്ലാ രോഗങ്ങളും മതമോ രാജ്യാതിർത്തികളോ കണക്കാക്കാതെയാണ് പിടിമുറുക്കിയത്. ഒരുകഷ്ണം സോപ്പും ഒരുതുണ്ടു തുണിയും ഉപയോഗിച്ച് കോവിഡിനെ പ്രതിരോധിക്കാമെന്നു നമ്മളെ പഠിപ്പിച്ചു സഹായിച്ചത് മതങ്ങളല്ല, സയൻസാണ്. അക്കാലത്ത് മാളത്തിലൊളിച്ച അത്ഭുത ദൈവരോഗശുശ്രൂഷക്കാരും ആലിംഗനസ്വാമിനിമാരും പിഞ്ഞാണത്തിലെഴുത്തുകാരും സഹതാപം അർഹിച്ച കഥാപാത്രങ്ങളാണ്.
അവയവമാറ്റം ആദ്യമായി നടന്നത് ഇന്ത്യയിലാണോ? അല്ല. അതിനു ഐതിഹ്യേതരമായ പിൻബലമൊന്നുമില്ല. ഗണപതിത്തല ചൂണ്ടിക്കാട്ടിക്കൊണ്ട് പ്ലാസ്റ്റിക് സർജറി അടക്കമുള്ള ശാസ്ത്രമുന്നേറ്റങ്ങൾ ഭാരതത്തിലാണ് ആരംഭിച്ചതെന്ന് ഏത് പ്രധാനമന്ത്രി പറഞ്ഞാലും സ്‌കൂളിൽ പോയിട്ടുണ്ടെന്ന ഒറ്റക്കാരണത്താൽ നമ്മളത് വിശ്വസിക്കില്ല. ആറ്റംബോംബ് കമ്പനി മുതൽ അണ്ടിയാപ്പീസുവരെ ദിവസേന ഉദ്ഘാടനം ചെയ്യേണ്ടിവരുന്ന നമ്മുടെ പാവം രാഷ്ട്രീയക്കാർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. കുരുക്ഷേത്ര യുദ്ധഭൂമിയോട് ചേർന്ന് ആശുപത്രികളോ രക്തബാങ്കുകളോ ഇല്ലല്ലോ. ഛേദിക്കപ്പെട്ട രാവണശീർഷങ്ങൾ തുന്നിച്ചേർക്കാതെതന്നെ മുളച്ചു വന്നു എന്നാണു കവിസങ്കല്പം. ഒറ്റയാളിന് പത്തുതലകളും മുന്നൂറ്റിയിരുപത് പല്ലുകളും സങ്കൽപ്പിക്കാൻ കഴിഞ്ഞ മഹാകവിക്ക് ആശുപത്രിയും ഡോക്ടറും നേഴ്‌സും ഓക്സിജൻ കിറ്റടക്കമുള്ള ഉപകരണങ്ങളും ഇല്ലാതെ തലമുളച്ചെന്നൊക്കെ സങ്കൽപ്പിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
ദക്ഷിണാഫ്രിക്കയിലെ ഡോ ക്രിസ്ത്യൻ ബർണാഡാണ് ഹൃദയം മറ്റൊരാളിനു മാറ്റിവച്ച് വിനയപൂർവം ചരിത്രം കുറിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കണ്ണും വൃക്കയും കരളുമടക്കം പല അവയവങ്ങളും മനുഷ്യജീവിതത്തിന് പ്രയോജനപ്പെടുത്താം. അത് സയൻസിന്റെ കണ്ടെത്തലാണ്. സയൻസിന്റെ കണ്ടെത്തൽ സമ്മതിക്കുക വഴിയാണ് ഒരാൾക്ക് തുടർ ജീവിതം സാധ്യമാകുന്നത്. ഇപ്പോഴാണെങ്കിൽ കേരളത്തിലും ഹൃദയമടക്കമുള്ള അവയവങ്ങൾ മാറ്റിവയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. പോലീസിന്റെയും ബഹുജനങ്ങളുടെയുമെല്ലാം സമ്പൂർണ്ണ സഹകരണം ഇത്തരം കാര്യങ്ങൾക്ക് കേരളത്തിൽ ലഭിക്കുകയും ചെയ്യും. മതമൗലിക വാദത്തിന്റെ തുരുമ്പിച്ച പരിചയൊന്നു മാറ്റിയാൽ മതി, സയൻസ് അതിന്റെ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊള്ളും.
അവയവദാനം മനുഷ്യന്റെ മഹദ്കർമ്മങ്ങളിലൊന്നാണ്. അതാണ് സനുക്രിസ്റ്റോയെ മറ്റുള്ളവരിലൂടെ ജീവിക്കാൻ പ്രാപ്തനാക്കിയത്.
49
Wednesday, 23 October 2024
നാസ്തികം
നാസ്തികം
---------------
സ്നേഹപൂർണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൗന്ദര്യ സൂചകം
നീലഗോളമുൾചേർന്ന ഗാലക്സിയിൽ
ജ്വാലകൾ വകഞ്ഞെത്തിയ ജാഗരം
എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാലനാനാത്വത്തിലുണ്മതൻ
നേർമുഖം കാട്ടുമൂർജ്ജപ്രചോദനം
ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോൽ സൂക്ഷ്മം സഹായകം
കാലബോധത്തിൽ നിന്നുയിർക്കൊള്ളുമീ
കാവ്യതീവ്രമാമുത്തരം നാസ്തികം
ഭാവസാന്ദ്ര മഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയാൽ സാഗരാതിർത്തികൾ
ചൂണ്ടിടുന്ന സഞ്ചാരിതൻ സൗഹൃദം
ഭൗതികത്തിന്റെയുൽപ്പന്നമാത്മാവ്
ലൗകികത്തിന്റെ ലീലയീ കൽപ്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നൽകി ജ്വലിക്കുന്ന നാസ്തികം
അന്ധകാരത്തോടേറ്റു മുട്ടുന്നവർ-
ക്കിന്ധനം മനസ്‌പന്ദനം നാസ്തികം
വജ്രനക്ഷത്രമാർഗ്ഗം സുധായനം
ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം
മിത്തിനുത്ഭവശൃംഗം മനസ്സെന്ന
രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം
മൃത്യുവിന്റെ അജ്ഞാതപ്രദേശത്ത്
വെട്ടമായ്‌വന്ന ശാസ്ത്രാവബോധനം
അബുദാശങ്കയാലെന്റെ തൊണ്ടയിൽ
കൽക്കരിത്തീ ചുവന്നു കനക്കവേ
നിർഭയം വന്നു ശസ്ത്രക്രിയാ മുറി-
ക്കപ്പുറത്തു കടത്തിയ നാസ്തികം
നിസ്തുലം നിത്യകാമിതം നിസ്സീമ-
സ്വപ്നമേഖല ചൂടും ഋതോത്സവം
അക്ഷരം അശ്രുബിന്ദുവിന്നർത്ഥമായ്
സ്വസ്ഥജീവിതം ചൂണ്ടുന്ന നാസ്തികം
ഉൾപ്പൊരുൾ തേടിയോരോ ചതുപ്പിലും
അഗ്‌നിബാധിച്ചു ഞാനലഞ്ഞീടവേ
ദുഃഖഹേതുക്കൾ ചൊല്ലി അസാധ്യമാം
മുക്തിതന്ന ബോധിത്തണൽ നാസ്തികം
സ്നേഹപൂർണ്ണം സുധീരം സുനാസ്തികം
Monday, 21 October 2024
കാഥികൻ സാംബശിവനും വെടി വഴിപാടും
കാഥികൻ സാംബശിവനും വെടി വഴിപാടും
-----------------------------------------------------
പല ആരാധനാലയങ്ങളിലും ഇന്നും നിലനിൽക്കുന്ന തികച്ചും പ്രാകൃതമായ ഒരു നേർച്ചയാണ് വെടി. ഒറ്റവെടി,ഇരട്ടവെടി, കൂട്ടവെടി എന്നിങ്ങനെ പാവം ഭക്തജനങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചു വിവിധ വെടിവഴിപാടുകൾ ഉണ്ട്. അമ്പലപ്പറമ്പിൽ നടത്തിയിരുന്ന കഥാപ്രസംഗപരിപാടിക്കിടയ്ക്ക് കാഥികസമ്രാട്ട് പ്രൊഫ.വി.സാംബശിവൻ ഈ പ്രാകൃത നേർച്ചയെ നന്നായി പരിഹസിച്ചിരുന്നു. ഭക്തൻ ആവലാതി പറയുന്നതിനിടയ്ക്ക്, കുംഭകർണ്ണകുറുപ്പായ ദൈവം ഉറങ്ങിപ്പോകുന്നു. ദൈവത്തെ ഉണർത്തി ബാക്കി ആവലാതികൂടി പറയാൻ വേണ്ടിയാണ് ഇടയ്ക്കിടെ വെടി പൊട്ടിക്കുന്നതെന്നാണ് സാംബൻ പരിഹസിച്ചത്. ഭഗവാനുറക്കമാണല്ലോ ...ഠോ...ഒറ്റവെടി... ഇരുപത്തഞ്ചു പൈസ.. ഭഗവാനുണർന്നു...പപ്പനാവൻ തന്റെ ആവലാതി പറഞ്ഞു....എന്റെ കൊച്ചിന്റെ.....ഭഗവാനുറങ്ങി..ഠോ... വയറിളക്കം ...പിന്നേം ഭഗവാനുറങ്ങി ഠോ... മാറിക്കിട്ടണേ ...ഠോ... എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ദൈവത്തെ ഇടയ്ക്കിടെ വെടിവച്ചുണർത്തി പറയണം. വേദിക്കനുസരിച്ചു ഭക്തരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം മാറ്റം വരുത്തമായിരുന്നു. സദസ്യർ പൊട്ടിച്ചിരിച്ചും കയ്യടിച്ചും ഈ പരിഹാസം, വെടി വഴിപാടുള്ള അമ്പലപ്പറമ്പിൽ ഇരുന്നുതന്നെ ആസ്വദിച്ചു. കുറെ ആളുകളുടെ മനസ്സിൽ ഇതിന്റെ അർത്ഥശൂന്യത തറച്ചിട്ടുണ്ടാകും. അവർ ദൈവത്തെ വെടിവച്ചിടുന്നതിൽ നിന്നും പിന്തിരിഞ്ഞിട്ടുമുണ്ടാകും.എന്നാൽ ഈ പ്രാകൃത നേർച്ച ഇപ്പോഴും തുടരുന്നു എന്നതാണ് സാക്ഷരകേരളത്തിന്റെ മുഖത്തുള്ള മാലിന്യം.
ശബ്ദമുണ്ടാക്കി മൃഗങ്ങളെയും പക്ഷികളെയും അകറ്റാമെന്നത് നമ്മുടെ പൂർവികരുടെ ആദ്യത്തെ കണ്ടെത്തലുകളിൽ ഒന്നാണ്. മൃഗങ്ങളും പക്ഷികളും ശബ്ദത്താൽ പ്രസാദിച്ച് ഉപദ്രവിക്കാത്തതാണെന്നു ഏതോ വഴിത്തിരിവിൽ വച്ച് മനുഷ്യർ വിചാരിച്ചിട്ടുണ്ടാകും. കബന്ധ മാതൃകയിലുള്ള അമ്പലക്കൊടിപോലെ ഒരു പക്ഷേ ഈ ഭയാനകശബ്ദവും ഒരു അടയാളമായി മാറിയിട്ടുണ്ടാകും ഭരണിത്തെറിക്കും മനുഷ്യത്തൂക്കത്തിനും എതിരെയൊക്കെ കേരളത്തിൽ സമരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രാകൃത വെടിവയ്‌പ്പ് ഇപ്പോഴും തുടരുകയാണ്. സർക്കാർ ആണെങ്കിൽ ദേവസ്വങ്ങൾക്കുള്ള വമ്പൻ വരുമാനമാർഗം എന്ന നിലയിൽ ഈ പ്രാകൃത ആചാരം അനുവദിച്ചിട്ടുമുണ്ട്. ശബരിമലയിലൊക്കെ വമ്പൻ തുകയ്ക്കാണല്ലോ വെടിവയ്ക്കാനുള്ള അവകാശം ലേലത്തിൽ പോകുന്നത്.
നിയമമനുസരിച്ചു ആരാധനാലയങ്ങൾ ആശുപത്രിപോലെ ശബ്ദരഹിതമേഖലയാണ് . അവിടെ വലിയ മുഴക്കങ്ങൾ ഉണ്ടാക്കാൻ പാടില്ല. പല ആരാധനാലയങ്ങളിലും ഈ വ്യവസ്ഥലംഘിച്ചു ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ചോദിക്കാനും പറയാനും ആളുള്ളിടത്ത് ശബ്ദം കുറച്ചും പ്രവർത്തിപ്പിക്കുന്നുണ്ട്. ഭക്തിക്ക് വേണ്ട സമാധാന അന്തരീക്ഷത്തെ കുറിച്ചൊക്കെ വിവരമുള്ള സ്വാമിമാർ പോലും പറഞ്ഞിട്ടുണ്ടെങ്കിലും വഞ്ചിപ്പെട്ടിയിൽ നോട്ടമുള്ള കമ്മിറ്റിക്കാർക്ക് അതൊന്നും ബാധകമല്ലല്ലോ. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വെടിയും വെടിക്കെട്ടും അടക്കമുള്ള എല്ലാ കൊടുംമുഴക്കങ്ങൾക്കും ബാധകമാക്കേണ്ടതാണ്.
ശബരിമല, ഓച്ചിറ,കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ വിസ്തൃതമായ ചുറ്റുപ്രദേശം ഉള്ളതിനാൽ പരിസരവാസികൾക്കു ബുദ്ധിമുട്ടു ഉണ്ടാകില്ലായിരിക്കാം. എന്നാൽ ഭക്തരുടെ ഏകാഗ്രത എന്നൊന്നുണ്ടെങ്കിൽ അതിനെ ഭഞ്ജിക്കുമല്ലോ. വെടിക്ക് പരമപ്രാധാന്യമുള്ള ചില തെരുവോരക്ഷേത്രങ്ങളുണ്ടാക്കുന്ന മലിനീകരണം വളരെ വലുതാണ്.യുദ്ധപ്രദേശത്തുകൂടി പോകുന്ന പ്രതീതിയാണ് അവിടെയുള്ളത്. വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയെ ഒരു ഞെട്ടലോടെ മാറ്റിമറിക്കാൻ ഈ വെടിയൊച്ചകൾ കാരണമാകും. ഒരിക്കൽ കുമിളിയിലെ ഒരു ക്ഷേത്രപരിസരത്ത് സായിപ്പിനോടൊപ്പം സൊറപറഞ്ഞിരുന്ന മദാമ്മ, വെടിമുഴക്കം കേട്ട് മലർന്നുവീണത് മറ്റുവിനോദ സഞ്ചാരികൾ കണ്ടുഞെട്ടിയത് ഓർത്തുപോകുന്നു. അമ്പല പരിസരത്ത് താമസിക്കുന്ന കിടപ്പുരോഗികൾക്കും രണ്ടും മൂന്നും തവണ ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടുന്ന പ്രമേഹരോഗികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടാണ്. പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടുണ്ടാക്കും,.
പുറ്റിങ്ങൽ ഭഗവതിയെ കരുവാക്കി വെടിക്കെട്ടുനടത്തുകയും നൂറിലധികം ആളുകളെ കൊല്ലുകയും ചെയ്ത സംഭവത്തിന് ശേഷം വെടിക്കെട്ട് നടത്തുന്നതിന് ചില നിബന്ധനകൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാൾ പ്രധാനം വെടിവഴിപാടും മറ്റും നിയമം മൂലം നിരോധിക്കുകയാണ്.
ഈ പ്രാകൃതാചാരം ഒരു പരിഷ്കൃതസമൂഹത്തിനു യോജിച്ചതേയല്ല. നരബലി,മൃഗബലി,പക്ഷിബലി ഇവയൊക്കെ നിരോധിച്ച സമൂഹമാണ് കേരളീയസമൂഹം.വളരെ അപൂർവമായി ഇവ ഇപ്പോഴും അരങ്ങേറുന്നെങ്കിലും നിയമപരമായി ഇത് കുറ്റകൃത്യം തന്നെയാണ്.
ശബരിമലയിൽ വെടിവഴിപാടിന് സമയക്ലിപ്തതയുണ്ട്. സന്താനസൗഭാഗ്യത്തിനായി സന്തതിയില്ലാത്ത മാളികപ്പുറത്തിനു വെടി നടത്തുന്ന ഭക്തജനങ്ങൾക്ക് ഒരിക്കൽ കൂടി സ്‌കൂളിൽ പോകാനുള്ള സൗകര്യം വേണ്ടതാണെന്നു പോലും തോന്നിപ്പോകും.ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാഭ്യാസവും പരീക്ഷയ്ക്ക് വേണ്ടിയല്ല അതെന്ന തിരിച്ചറിവും സമൂഹത്തിനു ഉണ്ടാകേണ്ടിയിരിക്കുന്നു. അവിടെ വെടി വഴിപാടുപോലെയുള്ള പ്രാകൃത ആചാരങ്ങൾക്ക് പ്രസക്തിയില്ലാതാകും. ഭാരവാഹികളുടെ കുടിലചിന്തകൾക്ക് കടിഞ്ഞാണിടാൻ വെടിവഴിപാട് നിരോധിക്കുന്നത് നല്ലതാണ്.
54
Monday, 7 October 2024
ആയിരം രൂപയ്ക്ക് ബുദ്ധിയുള്ള കുട്ടി
ആയിരം രൂപയ്ക്ക് ബുദ്ധിയുള്ള കുട്ടി
----------------------------------------------
വിദ്യാരംഭസീസൺ ആയതോടെ എഴുത്തിനിരുത്തേണ്ട കുട്ടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്.തുഞ്ചൻ പറമ്പ് മുതൽ ആശാൻ സ്മാരകം വരെയുള്ള സാംസ്ക്കാരിക സ്ഥാപനങ്ങളും ഗ്രന്ഥശാലകളും പത്രസ്ഥാപനങ്ങളും ഏതാണ്ട് മത്സരബുദ്ധിയോടെ തന്നെ രംഗത്തുണ്ട്.
ഹിന്ദുമത വിശ്വാസികൾക്ക് ഇങ്ങനെയൊരു ഉത്സവസാധ്യത ഉണ്ടെന്നുകണ്ടപ്പോൾ മറ്റുമതസ്ഥാപനങ്ങളും വിദ്യാരംഭം തുടങ്ങി. സ്വന്തം മതത്തിൽ നിന്നും കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഹിന്ദുമന്ത്രം എഴുതിക്കാൻ പോകുന്നവരുടെ പ്രവാഹത്തിന് തടയിടാനായാണ് മറ്റുമതക്കാരും സമീപകാലത്ത് പരസ്യവിദ്യാരംഭപദ്ധതി ആരംഭിച്ചത്. ബോണസ് വാങ്ങുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഓണം ആഘോഷിക്കരുതെന്നും പെരുന്നാൾ വിഭവങ്ങൾ അയൽക്കാർക്ക് കൈമാറരുതെന്നും മറ്റും റീൽസിടുന്ന മതപ്രഭാഷണജീവനക്കാർ ഒരു പ്രതിരോധ പ്രവർത്തനം എന്നനിലയിൽ ഈ ദുരാഘോഷത്തെ വരവേൽക്കുന്നുണ്ട്. അതിൽ ഏറ്റവും കൗതുകമുണ്ടാക്കിയത് മലങ്കര ഓർത്തഡോക്സ് സഭക്കാരുടെ പരസ്യമാണ്. മലങ്കര സഭാരത്നം ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ശവകുടീരത്തിനുമുന്നിൽ വച്ച് പുരോഹിത ശ്രേഷ്ഠൻ റമ്പാൻ തന്നെയാണ് ആദ്യക്ഷരം കുറിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് കൂടുതൽ ബുദ്ധി ലഭിക്കുമെന്നും പരസ്യത്തിലുണ്ട്. രജിസ്‌ട്രേഷൻ ഫീസ് വെറും ആയിരം രൂപമാത്രം. പഴയ മുപ്പതു വെള്ളിക്കാശിനു തുല്യം. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് പിന്നീട് സംഘാടകർ അവകാശപ്പെട്ടിട്ടുണ്ട് .
എന്താണ് വിദ്യാരംഭം? പുസ്തകങ്ങൾ ഒന്നിലധികം ദിവസം പൂജവച്ചിട്ട് തിരിച്ചെടുക്കുന്ന പ്രഭാതത്തിൽ ഹിന്ദുമതത്തിലെ സവർണ്ണ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് കാരണവന്മാരോ പൂജാരിമാരോ കൈവിരൽ ബലമായിപിടിച്ച് അരിയിൽ എഴുതിപ്പിക്കുന്നതാണ് ചടങ്ങ്. ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്ത, കാവ്യഭാവന മാത്രമായ ഇന്ത്യൻ വിദ്യാദേവത സരസ്വതിയുടെ തിരുമുമ്പിലാണ് ഈ അഭ്യാസം നടത്തുന്നത്. നാലുകൈയുള്ള ഒരു വിചിത്ര സങ്കൽപ്പമാണ് സരസ്വതി. സാരിയും ബ്ലൗസുമണിയിച്ച് രാജാരവിവർമ്മ വരച്ചെടുത്ത സരസ്വതി അനങ്ങാൻ തുടങ്ങിയത് നിർമ്മിതബുദ്ധിയുടെ വരവോടുകൂടിയാണ്. ബലപ്രയോഗത്തിലൂടെ പിഞ്ചുകുഞ്ഞുങ്ങളുടെ നാരങ്ങാ അല്ലിപോലെയുള്ള വിരലുകൾ കൊണ്ട് എഴുതിപ്പിക്കുന്നത് മാതൃഭാഷയായ അമ്മമലയാളമല്ല.സാധാരണമനുഷ്യരാരും ഉപയോഗിക്കാത്ത ശുദ്ധസംസ്കൃതമാണ്. ഹരി ശ്രീ ഗണപതയെ നമ: എന്നാണാ ഹിന്ദുമന്ത്രം. ഇപ്പോൾ അൽപ്പം പുരോഗമനം ബാധിച്ചവർ അമ്മയെന്നും അച്ഛനെന്നും മറ്റും എഴുതിപ്പിച്ച് ജാള്യത മറയ്ക്കുന്നുണ്ട്.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളിൽ നടത്തുന്ന ഈ ബലപ്രയോഗം സവർണ്ണഹിന്ദു സമൂഹത്തിലെ ആൺകുട്ടികൾക്ക് മാത്രമുള്ളതായിരുന്നു. ആ ദിവസത്തോടെ അവരുടെ അക്ഷരപരിചയം ഉപബോധമനസ്സിൽ നിന്നുപോലും അപ്രത്യക്ഷമാകും. പിന്നീട് മാൻ മാർക്ക് കുടയെന്നെങ്കിലും വായിക്കണമെങ്കിൽ പള്ളിക്കൂടത്തിൽ പോയ ആരുടെയെങ്കിലും സഹായം അവർക്ക് വേണമായിരുന്നു. കീഴാളജനതയ്ക്ക് അക്ഷരബോധം നിരോധിച്ചിരുന്നു. ഇതിനെതിരെ കൃഷിത്തൊഴിലാളികളായ അവർ പണിമുടക്കിയത് ചരിത്രമാണല്ലോ. അതിനാൽ അയ്യൻകാളിയുടെ പിന്മുറക്കാർ സരസ്വതിക്ക് പകരം പഞ്ചമിയെ മനസ്സിൽ വിചാരിച്ചുകൊണ്ട് സർക്കാർ സ്‌കൂളിലേക്ക് പോകുന്നതാണ് ഉചിതം. സവർണ്ണരോ അവർണ്ണരോ ആയ ഒരു പെൺകുട്ടിക്കുപോലും അക്ഷരം പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. മതജീവിതത്തിനു വേദപുസ്തകവായന അത്യാവശ്യമാകയാൽ മിഷനറിമാരാണ് സ്ത്രീവിദ്യാഭ്യാസത്തിനു മുൻകൈ എടുത്തത്. ഇസ്‌ലാം മതത്തിൽ പെട്ടുപോയ പെൺകുഞ്ഞുങ്ങൾക്ക് സമീപകാലത്തുമാത്രമേ ഈ സൗകര്യം നൽകിയിട്ടുള്ളൂ. ഇതാണ് പശ്ചാത്തലം എന്നിരിക്കെ വിദ്യാരംഭകേന്ദ്രങ്ങളിലേക്ക് പാവം കുഞ്ഞുങ്ങളെ ബലമായി കൊണ്ടുപോകേണ്ട കാര്യമില്ല.
പത്രസ്ഥാപനങ്ങളും മറ്റും പാവം കുഞ്ഞുങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്.ഈ സർട്ടിഫിക്കറ്റല്ല, ജനന സർട്ടിഫിക്കറ്റാണ് സ്‌കൂളിൽ ചേരുമ്പോൾ ഹാജരാക്കേണ്ടത്. വിദ്യാരംഭസർട്ടിഫിക്കറ്റിന് ആക്രിക്കടലാസ്സിന്റെ വിലപോലും സ്‌കൂൾ അധികൃതർ കൽപ്പിക്കുന്നില്ല.ഇംഗ്ലീഷ് മീഡിയത്തിൽ സീറ്റ് ബുക്ക് ചെയ്തിട്ട് നടത്തുന്ന ഈ വിദ്യാരംഭം ഒരു ഹാസ്യാനുഭവമാണ്.
ഏകദിനഗുരുക്കന്മാർക്ക് വലിയ പ്രതിഫലവും ലഭിക്കുന്നുണ്ട്. വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയാണ് ഇതിനുപിന്നിലുള്ളത്. ജാതിയും മതവും അവയുടെ വാണിജ്യമുദ്രകളായ സങ്കൽപ്പകഥാപാത്രങ്ങളും വോട്ടായിമാറും എന്നചിന്തയുള്ള വർഗീയരാഷ്ട്രീയപ്പാർട്ടികൾക്ക് ഇതുമൊരു ചാകര. അല്ലാതെ വിജയദശമി ദിനത്തിലെ വിദ്യാരംഭം കൊണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒരു ഗുണവും ഉണ്ടാവുകയില്ല. ആയിരം രൂപയും അത്രയും സമയവും നഷ്ടമാകുമെന്നേയുള്ളു. കുഞ്ഞുങ്ങളുടെ ബുദ്ധി വികസിക്കാൻ മത വിദ്യാരംഭം ഒരു മാർഗ്ഗമേയല്ല.
52
- കുരീപ്പുഴ ശ്രീകുമാർ
ഇലയട
ഇലയട
---------
ഇലയിൽ നീയെന്നെ കിടത്തി
മലർവിരൽത്തുമ്പാൽ പരത്തി
ലവണവും മധുരവും ചേർത്ത്
ലഹരി ചൂടിച്ചു ചിരിച്ചു
തിരുനെറ്റിയിൽ നിന്നുവീണ വിയർപ്പിന്റെ
കണികയാൽ ഞാനുല്ലസിച്ചു
ഒടുവിൽ നീ പൊള്ളുന്ന
ചട്ടിയിലേക്കിട്ട്
അതിഗൂഢമായ് പുഞ്ചിരിച്ചു.
ഇലയാട, മാംസം,ഉൾവെല്ലവും വെന്തിട്ടും
പറയാതെതന്നെ കിടന്നു
മരണവും സന്തോഷമാണെനിക്ക്
പശിതീർന്നു നീ നടക്കുമ്പോൾ.
04 /10 /2024
Wednesday, 2 October 2024
ബൊമ്മ
ബൊമ്മ
----------
അറിയാനില്ലൊരുപായം
അതീവസുന്ദര നടനം
മാന്ത്രിക വചനം
യാന്ത്രിക ചലനം
അരയ്ക്കു കെട്ടിയ കാണാച്ചരടിൽ
കൊരുത്തനക്കും വിരലേ
അഴിച്ചു നോക്കൂ, തിരിഞ്ഞു ഞാൻ നിൻ
മുഖത്തുതന്നെ തകർക്കും.
ഞാനും നീയും നമ്മളുമെല്ലാം
ആരുടെ കയ്യിലെ ബൊമ്മ?
- കുരീപ്പുഴ ശ്രീകുമാർ
Sunday, 29 September 2024
സൈക്കിൾ
സൈക്കിൾ
--------------
മാവ് പൂക്കുമ്പോഴാകട്ടെയെന്നൊരു
പൂങ്കുയിലിന്റെ ഗാനവാഗ്‌ദാനം
നെല്ലി കായ്ക്കുമ്പോഴാകട്ടെയെന്നൊരു
പെൺകിടാവിന്റെ നേത്രസന്ദേശം
ചാകരവരുമ്പോൾ വരാമെന്നൊരു
മീൻകൊത്തിച്ചാത്തന്റെ യാത്രാമൊഴി
മണ്ഡരിക്കാലം മാറട്ടെയെന്നൊരു
ചെങ്കരിക്കിന്റെ സങ്കടസ്വപ്നം
എന്തിരുട്ടീ വരണ്ട ദിനങ്ങളിൽ
സഞ്ചരിക്കുകയാണെന്റെ സൈക്കിൾ
Tuesday, 24 September 2024
മൃതദേഹസംസ്‌ക്കരണത്തിനു നിയമം വേണം
----------------------------------------------------------
മുൻ പാർലമെന്റംഗവും തൊഴിലാളി നേതാവുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം സംസ്ക്കരിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കം സാക്ഷരകേരളത്തെ വേദനിപ്പിക്കുന്നതായിരുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു.
മരണാനന്തരം മൃതശരീരം വൈദ്യശാസ്ത്രവിദ്യാര്ഥികള്ക്ക് പാഠപുസ്തകമാക്കണം എന്ന ആ മനുഷ്യസ്നേഹിയുടെ ആഗ്രഹം അട്ടിമറിക്കാനുള്ള ശ്രമമാണ് അവിടെയുണ്ടായത്. ലോറൻസ് സഖാവ്, ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിപ്രതിപത്തി രേഖപ്പെടുത്തിയിരുന്ന മകൾ ശവപേടകത്തെ കെട്ടിപ്പിടിക്കുകയും സെക്രട്ടറിയേറ്റിനു മുന്നിൽ പിക്കറ്റിങ്ങിനു പോകുന്നവരെപ്പോലെ അറസ്റ് വരിക്കാനുള്ള കഠിനശ്രമം നടത്തുകയുമായിരുന്നല്ലോ. ജനങ്ങളും പോലീസ് സേനയും സംയമനം പാലിച്ചുനിന്നു. അവിടെയുണ്ടായിരുന്ന വനിതാസഖാക്കളാകട്ടെ നിലയവിദ്വാന്മാരുടെ വീണവായനപോലെ ശാന്തരായി ഇല്ല സഖാവ് മരിക്കുന്നില്ല എന്ന അനശ്വരമുദ്രാവാക്യം യാതൊരു പ്രകോപനവുമില്ലാതെ വിളിച്ചു. അവരെനോക്കി ദുഃഖിതയായ മകൾ മൂർദ്ദാബാദ് എന്ന് ആക്രോശിക്കുന്നതായിരുന്നല്ലോ നമ്മൾ കണ്ടത്. കോടതി വിധിക്ക് പുല്ലുവിലപോലും കൽപ്പിക്കാതെ ശബരിമലയിൽ നടത്തിയ വികാരവിക്ഷുബ്ധതക്ക് തുല്യമായിരുന്നു എറണാകുളത്തും കണ്ടത്. ഒരാൾ മതവിശ്വാസിയാണോ എന്നറിയാൻ മക്കൾക്കിട്ട പേരുമാത്രം നോക്കിയാൽ മതിയല്ലോ. മറിയം,ഫിലോമിന, യോഹന്നാൻ എന്നൊക്കെയിടുന്നതിനു പകരം ആശയെന്നും സജീവനെന്നും സുജാതയെന്നുമൊക്കെ മക്കൾക്ക് പേരിട്ടയാളെ മതവിശ്വാസിയായി കണക്കാക്കാൻ കഴിയില്ലല്ലോ.
ഇതിനൊരു പരിഹാരം, മൃതദേഹം എങ്ങനെസംസ്ക്കരിക്കണമെന്നു, ജീവിച്ചിരിക്കുമ്പോൾത്തന്നെ തീരുമാനിക്കാൻ കഴിയുന്ന വിധത്തിൽ ഒരു നിയമം നിർമ്മിക്കുന്നതാണ്. ഇങ്ങനെയൊരു ബിൽ വി.എസ്.അച്യുതാനന്ദന്റെ കാലത്ത് കേരളനിയമസഭയിൽ വന്നതുമാണ്. അന്നത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോയാണ് ഈ ബിൽ മുന്നോട്ടുവച്ചത്. ശാസ്ത്രബോധമുള്ളവരും മതേതരവാദികളും ആയിട്ടുള്ളവരെയാണ് ഈ ബിൽ പ്രധാനമായും സുരക്ഷിതരാക്കുന്നത്.മതനിരപേക്ഷ മൃതദേഹസംസ്‌ക്കരണ സ്വാതന്ത്ര്യം ഉറപ്പാക്കൽ ബിൽ എന്നായിരുന്നു ഇതിന്റെ പേര്.
ഈ ബില്ലനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനന മരണ രജിസ്ട്രാർമാരെയും ഇതിനുള്ള അധികാരികളായി സർക്കാർ ചുമതലപ്പെടുത്തേണ്ടതുണ്ട്. മതാതീത മനുഷ്യനായി മൃതദേഹം സംസ്ക്കരിക്കപ്പെടണം എന്നുള്ളവർക്ക് ഈ അധികാരി മുൻപാകെ പത്രിക സമർപ്പിക്കാം.പത്രികയിൽ, അവകാശിയായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ആളുകളുടെ സമ്മതപത്രവും ചേർക്കേണ്ടതാണ്.വ്യക്തിയെയോ വിശ്വാസമുള്ള സംഘടനയെയോ അവകാശിയായി ചേർക്കാം സ്വീകരിക്കപ്പെടുന്ന അപേക്ഷകൾ പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധീകരിക്കണം. കണ്ണുകളും മറ്റവയവങ്ങളും ദാനം ചെയ്യണമെങ്കിൽ അതും, മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്നാണ് ആഗ്രഹമെങ്കിൽ അതും അപേക്ഷയിൽ രേഖപ്പെടുത്താം. അഭിലാഷത്തിനു വിരുദ്ധമായി മൃതദേഹസംസ്ക്കരണം നടത്തിയാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും വേണം. പതിനായിരം രൂപയിൽ കുറയാത്ത പിഴയോ മൂന്നുമാസത്തിൽ കുറയാത്ത തടവോ ആണ് ബില്ലിൽ നിർദേശിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മരിച്ചപ്പോൾ കെട്ടിപ്പുണർന്നു പള്ളിപ്പറമ്പിലേക്കോ ജാതിശ്മശാനത്തിലേക്കോ കൊണ്ടുപോകാൻ ബഹളമുണ്ടാക്കുന്നവരുടെ താൽപ്പര്യങ്ങൾ ഈ നിയമത്തോടെ ഇല്ലാതാവും.
ബിൽ ചർച്ച ചെയ്യപ്പെടാതെ പോയപ്പോൾ സൈമൺ ബ്രിട്ടോ വിശ്വസ്തരോട് തന്റെ തീരുമാനം പറഞ്ഞു. അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ പാഠപുസ്തകമായി.
മൃതശരീരം, വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകുകയെന്നത് മഹത്തായ ഒരുകാര്യമാണ്. അതിനാൽ പുതിയൊരു നിയമനിർമ്മാണത്തെക്കുറിച്ച് കേരളസർക്കാർ ആലോചിക്കുന്നത് നന്നായിരിക്കും.
43
Monday, 9 September 2024
തടവറയെ അരങ്ങാക്കിയ നാടുഗദ്ദിക
തടവറയെ അരങ്ങാക്കിയ നാടുഗദ്ദിക
------------------------------
ഒളിവിലിരുന്നു നാടകമെഴുതുകയും ആ നാടകത്തിനു പിന്നാലെ കേരളത്തിലെ ജനസഹസ്രങ്ങളെ ചെങ്കൊടി കയ്യിലേന്തി നടത്തിക്കുകയും ചെയ്തത് തോപ്പിൽ ഭാസിയായിരുന്നു. അരങ്ങിൽ നിന്ന് തുടങ്ങിയ ആ വിപ്ലവം രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ സ്വാധീനിച്ചു. മലയാളനാടകവും ഭരണസംവിധാനവുമെല്ലാം മാറി. നാടകകൃത്തുകൂടി അംഗമായ നിയമസഭയുണ്ടായി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിക്കു ശേഷം മാറ്റത്തിന്റെ തുടിമുഴക്കി കേരളത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച നാടകമായിരുന്നു നാടുഗദ്ദിക.നിരോധിക്കപ്പെടുകയും നാടകകൃത്തടക്കം ജയിലിലാവുകയും ചെയ്തു. ജയിലിലായ നാടകസംഘം ജയിലിനെ അരങ്ങാക്കി. നാടകം കാണേണ്ടിവന്ന പോലീസ് മേധാവിയെ കോടതിവിസ്തരിച്ചു. നല്ല നാടകമായിരുന്നു എന്ന മൊഴിയെത്തുടർന്നു നാടകക്കാർ ജയിൽ വിമോചിതരായി. ഇത് കെ.ജെ.ബേബിയുടെ നാടകജീവിതം. അവിശ്വസനീയമായ പരീക്ഷണജീവിതത്തിനു ബേബി സ്വയം അന്ത്യം കുറിച്ചു. കുടുക്കയെഴുതിയ പി.എം.താജിന്റെയും നക്സൽബാരി വിപ്ലവത്തിന് നേതൃത്വം നൽകിയ കനുസന്യാലിന്റെയും പാത.
കെ.ജെ.ബേബിയെ വയനാട്ടിലെ ജനങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചത് വയനാട് എന്ന സ്വാഭിമാന ഗാനം കേട്ടപ്പോഴാണ്. മാനന്തവാടിയിൽ നടന്ന ഗാനമേള മത്സരം. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ വാദ്യോപകരണങ്ങളോടെ എത്തിയ സംഘങ്ങളുമായിട്ടായിരുന്നു മത്സരം. ആദിവാസികളായ ആറുപാട്ടുകാരും പുഴയിലെ പളുങ്കുകല്ലുകൾ തുണിയിൽ കെട്ടി സ്വയം ഉണ്ടാക്കിയ താളക്കിഴിയുമായി സ്റ്റേജിൽ കയറിയ
ബേബിയെ കൂവലോടെയാണ് സദസ്യർ എതിരേറ്റത്. ഒന്നുമില്ലാത്തവരായതിനാൽ അവരുടെ സംഘത്തിന്റെ പേര് സീറോ തിയേറ്റേഴ്സ് എന്നുമായിരുന്നു. വീട് എൻ നാട് വയനാട്, കൂട് എൻ മേട് വയനാട് എന്നായിരുന്നു പാട്ടിന്റെ ആദ്യവരികൾ. ആ പാട്ടിൽ പഴശ്ശിരാജയും കുറിച്യപ്പടയും തലയ്ക്കൽ ചന്തുവും കരിന്തണ്ടനുമെല്ലാം ജീവൻ വച്ച് വന്നു. ദരിദ്രരായ പാട്ടുകാരെ കൂവലോടെ സ്വാഗതം ചെയ്ത നല്ലവരായ മാനന്തവാടിയിലെ ആസ്വാദകസമൂഹം ആ പാട്ട് ഏറ്റുപാടി. സമ്മാനമായ ഗിറ്റാർ, സീറോകൾ സ്വന്തമാക്കുകയും ചെയ്തു.
പിന്നെയാണ് നാടുഗദ്ദിക എന്ന തെരുവ് നാടകം പിറക്കുന്നത്. ഗദ്ദിക ആദിവാസികളുടെ അനുഷ്ഠാനമാണ്. അതിനെ ഒരു കലാരൂപമാക്കി മാറ്റി അവതരിപ്പിക്കാൻ നേതൃത്വം നൽകിയത്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും കേരള നാടൻകലാ അക്കാദമിയുടെ അധ്യക്ഷനുമായിരുന്ന പി.കെ കാളനായിരുന്നു. നാടുഗദ്ദികയിൽ ആ അനുഷ്ഠാനത്തെ വിമോചന രാഷ്ട്രീയത്തിന്റെ ദൃശ്യരൂപമാക്കുകയാണ് ബേബി ചെയ്തത്. പലയിടത്തും വാഴ്ത്തുന്നു മർത്യായെന്നജനകീയഭജനയും ഉണ്ടായിരുന്നു. വിശക്കുന്ന ഞങ്ങടെ വയറുകൾ വീർപ്പിച്ചു തന്നവനേ ഉദ്ധാരകനേ നീയേ ശരണം തുടങ്ങിയ വരികളിലെ പരിഹാസമുനയിൽ കാണികൾ മുറിവേറ്റവരായി കൂടെപ്പാടി. വിഖ്യാത നാടകവിലയിരുത്തൽ പ്രമാണിമാർ തള്ളിക്കളഞ്ഞ ഈ നാടകത്തെക്കുറിച്ച് കേരളത്തോട് സംസാരിച്ചത് ഡോ. ടി.പി സുകുമാരനാണ്.
കെ.ജെ ബേബി പത്തിലധികം നാടകങ്ങൾ എഴുതി. ഒടുവിൽ ഒറ്റയാൾ നാടകവും എഴുതി അരങ്ങിൽ നിറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അവിടെ തളം കെട്ടിയില്ല. വയനാട്ടിലുണ്ടായിരുന്ന അടിമക്കച്ചവടത്തിന്റെ തെളിവുകൾ, കോളജ് അധ്യാപികയായ ഭാര്യ ഷേർളിയോടൊപ്പം ശേഖരിച്ചു പഠിക്കുകയും മാവേലിമന്റം എന്ന നോവൽ പിറക്കുകയും ചെയ്തു. പോൾ കല്ലാനോടിന്റെ മുഖചിത്ര രചനയോടോപ്പമിറങ്ങിയ ആ പുസ്തകം കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരത്തിന് അർഹമായി. കുടിയേറ്റം പ്രമേയമായ ബസ്‌പുർക്കാനായും ശ്രദ്ധേയമായ നോവലായി. വില്യം ലോഗൻ അടയാളപ്പെടുന്ന ഗുഡ് ബൈ മലബാർ എന്ന നോവലും ഏറെ വായിക്കപ്പെട്ടു.
കനവ് ആയിരുന്നു മറ്റൊരു പരീക്ഷണം. നിലവിലുള്ള പാഠ്യപദ്ധതികളെയെല്ലാം തിരസ്ക്കരിച്ചുകൊണ്ട് തുടങ്ങിയ ബദൽ വിദ്യാലയം. അവിടെ ജീവിക്കാൻ ആവശ്യമുള്ള കണക്കും ചരിത്രവും പല ഭാഷകൾ സംസാരിക്കാനുള്ള പരിശീലനവും പാട്ടും നൃത്തവും ചിത്രകലയും ശില്പകലയും ഛായാഗ്രഹണവുമെല്ലാം പഠനവിഷയമായി. മിനിമം സൗകര്യത്തിൽ മാക്സിമം പ്രയോജനം, സ്ക്കൂൾപ്പേടിയുള്ള ആദിവാസിക്കുഞ്ഞുങ്ങൾക്കുണ്ടായി. മനോജ് കാനയുടെ കെഞ്ചിരയെന്ന പണിയഭാഷാസിനിമയിൽ ആദിവാസിക്കുഞ്ഞുങ്ങൾ പഠിക്കാൻ പോകാത്തതു വിഷയമാകുന്നുണ്ട്. അവർക്ക് താല്പര്യമുള്ള വിഷയങ്ങൾ സ്വയം പരിശീലിക്കാൻ അവസരം ഒരുക്കിക്കൊണ്ട് ലോകഭൂപടത്തിലേക്ക് സഞ്ചരിപ്പിക്കുകയായിരുന്നു കെ ജെ ബേബി ചെയ്തത്.ഗുഡ എന്ന സിനിമ ഈ പരീക്ഷണത്തിന്റെ ഫലമാണ്. ഒടുവിൽ ആ വിദ്യാലയം കനവുമക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
മേധാപട്ക്കർ നടത്തിയ സമരങ്ങളിലൊക്കെ പങ്കെടുക്കുകയും ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞ് അനുഭവപാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത കെ ജെ ബേബി, കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഒറ്റപ്പെട്ട നക്ഷത്രമായി തിളങ്ങിനിൽക്കും.
51
Monday, 2 September 2024
ബംഗ്ളാദേശിലെ ഹിന്ദുക്കൾ
ബംഗ്ളാദേശിലെ ഹിന്ദുക്കൾ
------------------------------
പ്രമീളാ ദേവിയെ പ്രണയിച്ചു വിവാഹം കഴിക്കുകയും അവരുടെ മരണം വരെ ശുശ്രൂഷിക്കുകയും
ചെയ്ത ബംഗാളി ഭാഷയിലെ എക്കാലത്തെയും വലിയ മതാതീത മനുഷ്യത്വ വാദിയായ കവി ക്വാസി നസ്രുൾ ഇസ്‌ലാമിന്റെ നാടായ ബംഗ്ളാദേശ് പിന്നെയും കലാപഭൂമിയായി മാറിയിരിക്കുന്നു. രണ്ടു മാരക പ്രവണതകളാണ് ബംഗ്ളാദേശിനെ എപ്പോഴും ബാധിച്ചിട്ടുള്ളത്.
ഒന്ന് അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റും പ്രളയവും. രണ്ട് മതതീവ്രവാദം.
ഇസ്‌ലാമിക നിയമങ്ങൾക്ക് സ്വന്തം ജീവിതത്തിൽ വലിയ വിലയൊന്നും കൊടുക്കാതിരുന്ന മുഹമ്മദ് അലി ജിന്ന, ഇസ്‌ലാം മതത്തെ മുൻനിർത്തി ഒരു രാജ്യം തന്നെ, സൃഗാലബുദ്ധിയുള്ള ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുത്തെങ്കിലും രാഷ്ട്രരൂപീകരണത്തിനു ശേഷം നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ഇനി നമ്മൾ മുസ്ലീങ്ങളോ ഹിന്ദുക്കളോ അല്ല, പാകിസ്ഥാനികളാണ്. വിശുദ്ധിയുടെ പ്രദേശമെന്നാണ് അർത്ഥമെങ്കിലും ക്രമേണ അത് ഇസ്‌ലാമിക രാഷ്ട്രമായി മാറുകയും മതേതര രാജ്യമായ ഇന്ത്യയെ പരമശത്രുവായി കണക്കാക്കുകയും ചെയ്തു. കാലക്രമേണ ഇരു രാജ്യങ്ങളെയും ശത്രുരാജ്യങ്ങളായി നിലനിർത്തേണ്ടത് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലനിൽപ്പിന് ആവശ്യമായി. ഈ ശത്രുപ്രതിച്ഛായ നിലനിർത്തുവാൻ ആയിരക്കണക്കിന് പട്ടാളക്കാരെ കൊലയ്‌ക്കുകൊടുത്തു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മണ്ണ് അമ്മമാരുടെയും വിധവകളുടെയും കണ്ണീരുകൊണ്ടു നനയ്ക്കുകയും ചെയ്തു. ആ നനവിൽ ഭരണകൂടങ്ങൾ ഗോതമ്പും ചണവും കൃഷിചെയ്തു.
ആ സസ്യങ്ങളിൽ നിന്നും വെറുപ്പിന്റെ വിളവെടുപ്പ് നടത്തി.
വിശുദ്ധിയുടെ പ്രദേശമായിരുന്നെങ്കിലും കിഴക്കൻ വിശുദ്ധപ്രദേശം ക്രൂരമായി അവഗണിക്കപ്പെട്ടു. ടാഗോറിനെയും ക്വാസി നസ്രുൾ ഇസ്‌ലാമിനെയും ഒരുപോലെ ഇഷ്ടപ്പെട്ട കിഴക്കൻ ബംഗാളികൾ, സ്വന്തം ഭാഷയായ ബംഗാളിപോലും നഷ്ടപ്പെട്ടു ഉറുദു പറയേണ്ടി വരുമോ എന്ന് പോലും ഭയപ്പെട്ടു. ഷേക്ക് മുജീബുർ റഹ്‌മാനും മുക്തിബാഹിനിയുമൊക്കെയുണ്ടായി.
വിഭജനകാലത്ത് ബംഗാളിലെ മുറിവിൽ നിന്നും അധികം ചോര വാർന്നുപോകാതിരിക്കാൻ മഹാത്മാഗാന്ധിയും മറ്റും ശ്രമിച്ചെങ്കിൽ, പുതിയകാലത്ത് അങ്ങനെയാരുമില്ലാതായി. മുജീബുർ റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ളാദേശ് ഉണ്ടായി. ആ ഭരണത്തെ പട്ടാളം അട്ടിമറിച്ചു.സിയാവുർ റഹ്‌മാനെയും ഇർഷാദിനെയും ഖാലിദാ സിയായെയും ഷേക്ക് ഹസീനയെയും ചരിത്രം കണ്ടു.
ബംഗ്ളാദേശിൽ ഹിന്ദുക്കളും ബൗദ്ധരും മറ്റും സൂക്ഷ്മദർശിനിയിൽ ഒതുങ്ങുന്ന ന്യുനപക്ഷമാവുകയും ഇസ്‌ലാം മതം ദേശീയമതമാവുകയും ചെയ്തു. പഴയ മുസ്ലിം ലീഗിന് വംശനാശം വന്നു. ഇസ്‌ലാമിക ഭീകരവാദത്തിന്റെ വക്താക്കളായി അവിടത്തെ ജമാ അത്തെ ഇസ്‌ലാമി മാറി. ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാറ്റിനിർത്തി പെട്ടവരെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രമിച്ചതെങ്കിൽ ബംഗ്ളാദേശിൽ ഭൂരിപക്ഷമതത്തിന്റെ ദംഷ്ട്രകൾ അവർ മൂർച്ചപ്പെടുത്തിയെടുത്തു. ഇസ്‌ലാം മത തീവ്രവാദികളെ അതിനു സഹായിച്ചത് ഇന്ത്യയിലെ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ തീവ്രവാദികൾ
ബാബറീപ്പള്ളി പൊളിച്ച സംഭവമാണ്. അവരത് ആഘോഷിച്ചു. ഒരു പള്ളിക്കുപകരം ധാക്കേശ്വരീ ക്ഷേത്രമടക്കം നിരവധി പുരാതന ഹിന്ദു ദേവാലയങ്ങൾ തകർത്തു. ബാബറിപള്ളിക്ക് നാനൂറു വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നതെങ്കിൽ അറുനൂറു വർഷത്തിലധികം പഴക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ബംഗ്ലാദേശിൽ തകർക്കപ്പെട്ടു. രണ്ടുരാജ്യത്തും മതതീവ്രവാദികൾ മനുഷ്യമാസം കൊണ്ട് വടംവലിനടത്തി . ഒരിടത്തു തക്ബീർ വിളികൾ. മറ്റൊരിടത്ത് ജയ് ശ്രീറാം വിളികൾ. ഇരു രാജ്യങ്ങളിലെയും ഭൂരിപക്ഷ ന്യൂനപക്ഷ വികാരങ്ങൾ പൂത്തുല്ലസിച്ചു. പച്ചവെള്ളത്തിനു ബംഗ്ളാദേശിൽ ഉടനീളം പറഞ്ഞിരുന്ന ജൽ എന്ന വാക്ക് പാനിയും ജലുമായി വേർതിരിക്കപ്പെട്ടും അമൂല്യഖനികളായ ഉറുദുവും ബംഗാളിയും മതപരമായി വിഭജിക്കപ്പെട്ടു.
ഹിന്ദുക്കളിൽ പലരും ജന്മനാടുപേക്ഷിച്ചു ഇന്ത്യയിലേക്ക് കടന്നു. അവർക്ക് ഇന്ത്യാമഹാരാജ്യം പ്രത്യേകിച്ച് ഒരു മാന്യതയും കല്പിച്ചില്ല. സ്വത്തു നഷ്ടപ്പെട്ട ആ പാവങ്ങൾ കൊൽക്കത്തയിൽ റിക്ഷാവാലകളായി പരിണമിച്ചു. ലജ്ജ എന്ന നോവലിലൂടെ, ബംഗ്ളാദേശിലെ ന്യൂനപക്ഷത്തിന്റെ ക്ഷതങ്ങൾ ലോകത്തോട് പറഞ്ഞ തസ്ലിമ നസ്രീൻ, ജമാ അത്തെ ഇസ്‌ലാമിയുടെ ആവശ്യപ്രകാരം നാട് കടത്തപ്പെട്ടു. ഇന്ത്യയിൽ വന്ന തസ്ലിമ, ഹൈദരാബാദിൽ വച്ച് മജ്ലിസ് ഇത്തിഹാദുൽ മുസ്ലീമിൻ എന്ന സംഘടനയുടെ പ്രതിനിധികളായി നിയമസഭയിലെത്തിയവരാൽ ആക്രമിക്കപ്പെട്ടു. 2007 ഓഗസ്റ് പത്തിന് ജനയുഗം, മതമൗലിക വാദികളുടെ അസഹിഷ്ണുത എന്നപേരിൽ മുഖപ്രസംഗമെഴുതി. തസ്ലിമയ്ക്ക് ഇന്ത്യയിലും സമാധാനം കിട്ടിയില്ല. അവർക്ക് ഈ മതേതര രാജ്യത്തുനിന്നും ഒരു സ്ക്കാന്ഡിനേവിയൻ രാജ്യത്തേക്ക് പോകേണ്ടിവന്നു.
ഇപ്പോഴിതാ, അതേ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഗ്രഹത്തോടെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഷേക്ക് ഹസീനക്ക് നാടുവിടേണ്ടി വന്നിരിക്കുന്നു. പ്രക്ഷോഭകാരികൾ അവരുടെ വീട് കയ്യേറുകയും മെത്തയിൽ കിടക്കുകയും മറ്റും ചെയ്‌ത് ശ്രീലങ്കയെ ഓർമ്മിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവിടെ ഉണ്ടായിട്ടുള്ള കലാപത്തിലും ന്യൂനപക്ഷമായ
ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മതേതരവാദി
ഏതുനാട്ടിലും ഭൂരിപക്ഷമതം. ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും.നാസിക്കാലത്തെ ജർമ്മൻ യഹൂദർ ഗ്യാസ് ചേമ്പറിൽ ഒടുങ്ങി. ഇന്ത്യയിലെ ഗുജറാത്തിലും നമ്മൾ അത് കണ്ടതാണ്.ന്യൂനപക്ഷമായ നിരാലംബ മുസ്ലിംകൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇസ്രായേൽ പരിസരമായ പലസ്തീനിൽ, ശ്രീലങ്കയിലെ തമിഴ് പ്രവിശ്യകളിൽ... എവിടെയും ഇതാണ് കാണുന്നത്. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോൾ,സ്പെയർ പാർട്ട് വിറ്റ്
ജീവിച്ചിരുന്ന പാവം സിഖ് മതക്കാരെപ്പോലും കൊലക്കത്തിക്ക് ഇരയാക്കി.
മതത്തിൽ നിന്നും മുളച്ചു പൊന്തുന്ന തീവ്രവാദത്തിനു ഹിംസയുടെ ചരിത്രമേ പറയാനുള്ളു.
ബംഗ്ളദേശിലെ മുസ്ലിം പള്ളികളിൽ നിന്നും ന്യൂനപക്ഷത്തെ ആക്രമിക്കരുതെന്നു മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട്. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിൽ നമ്മുടെ അമർത്യസെന്നിനെക്കാളും ഒരു മില്ലറ്റോളമെങ്കിലും മുന്നിലാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. നോബൽസമ്മാന ജേതാവായ അദ്ദേഹം രാജ്യത്തോട് പറഞ്ഞത്, ന്യൂനപക്ഷത്തെ ആക്രമിച്ചാൽ താൻ രാജിവയ്ക്കുമെന്നാണ്. ഇങ്ങനെയൊരു പ്രഖ്യാപനം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായിരുന്നെങ്കിലെന്ന് ഇന്ത്യയിലെ മതേതരവാദികൾ ആഗ്രഹിക്കുന്നുണ്ട്.
മതം, അത് ഇന്ത്യയിലായാലും ബംഗ്ളാദേശിലായാലും മനുഷ്യവിരുദ്ധമാണ്.
വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?
വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?
------------------------------
പാരീസ് ഒളിമ്പിക്സിന്റെ ആരവം അവസാനിച്ചപ്പോൾ അഭിമാനിയായ ഓരോ ഭാരതീയന്റെയും
ഹൃദയത്തിൽ നിന്നുയർന്ന ചോദ്യമാണിത്. വിനേഷ് ഫോഗട്ടിനെ ആരാണ് റിംഗിന് വെളിയിൽ നിറുത്തിയത്? അഭിമാനികളായ ഭാരതീയരിൽ ഭാരതത്തിന്റെ ഭരണകർത്താക്കളോ ഇന്ത്യൻ ഒളിമ്പിക്സ് സംഘടനയുടെ ഭാരവാഹികളോ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളോ
ഓട്ടുമെഡലുകൾ ക്ലാവുപിടിക്കാതിരിക്കാൻ പുളിയും ചാരവുമായി പാരീസ് വിടുന്ന താരങ്ങളോ ഇല്ലായെന്നത് ദുഃഖകരമാണ് .
വേദനയുടെ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ജീവിതമാണ് ഫോഗട്ടിന്റേത്. പഞ്ചാബ്, ഹരിയാന പ്രദേശത്തുള്ളവർക്ക് മൽപ്പിടുത്തം ഒഴിച്ചുകൂടാൻ കഴിയാത്ത വിനോദമാണ്.ഒരു പ്രാദേശിക ഗുസ്തിമത്സരത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ ഒരാൾ, ഭാരതത്തിന്റെ പ്രഥമപൗരൻ വരെയായിട്ടുണ്ട്. അടുത്തകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരമായിരുന്നല്ലോ കർഷക സമരം. അവർ സമരത്തിനിടയ്ക്ക് വിനോദത്തിനായി നടത്തിയിരുന്നത് ഗുസ്തിയാണ്.
ഗാമസിംഗ്, ഷാങ്കിസിങ്, ഇമാംബക്സ് തുടങ്ങിയ എണ്ണം പറഞ്ഞ ഫയൽമാന്മാർ പഞ്ചാബിന്റെ സംഭാവനയാണ്.കൊല്ലത്തുകാരൻ പോളച്ചിറ രാമചന്ദ്രനെ തോൽപ്പിക്കുകയും പിന്നീട് പോളച്ചിറയാൽ തോൽപ്പിക്കപ്പെടുകയും ചെയ്ത ഇമാംബക്സ്, കൊല്ലത്തെ പഴമക്കാരുടെ ഇതിഹാസ കഥാപാത്രമാണ്. ഗുസ്തിക്കാർക്ക് പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഒരു
ഫയൽവാൻ ഹോട്ടൽ തന്നെ കൊല്ലത്ത് ഉണ്ടായി. അതൊക്കെ ഗുസ്തിയുടെ പുഷ്ക്കരകാലം. ഇന്ത്യൻ ഗുസ്തിയിൽ പഞ്ചാബിന്റെ സംഭാവനകൾ വളരെ വലുതാണെങ്കിലും അവർ വനിതകളെ മല്പിടുത്തതിന് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഫോഹട്ടിനെ പരിശീലിപ്പിച്ചപ്പോൾ ആ കുടുംബത്തിന് നിരവധി ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഫോഗട്ടിന്റെ ബാല്യകാലത്തുതന്നെ അവരുടെ പിതാവ് വീട്ടിനു മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. ഇത്തരം സാമൂഹ്യപ്രതിബന്ധങ്ങളെ നേരിട്ടാണ് ഫോഗട്ട് ഒന്നാം നിരയിലെത്തിയത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടന്ന മത്സരങ്ങളിൽ അവർ രാജ്യത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടി.
ഇന്ത്യൻ ഗുസ്തിക്കാരികളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവരിൽ ചിലർ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളാൽ അപമാനിക്കപ്പെട്ടപ്പോഴാണ്. ലൈംഗികാതിക്രമം വരെയുണ്ടായി. ഗുസ്തിക്കാരികളാണെങ്കിലും അവർക്ക് ചെറുത്തുനിൽക്കാനൊന്നും സാധിച്ചില്ല. അപമാനിതരായ അവർ സമരത്തിനിറങ്ങുകയായിരുന്നല്ലോ. സാക്ഷി മാലിക്കിന്റെയും മറ്റും നേതൃത്വത്തിൽ ഉണ്ടായ ആ സമരത്തിലെ പ്രധാനകണ്ണിയായിരുന്നല്ലോ ഫോഗട്ട്. ബൂട്ടൂരിവയ്ക്കുകയും മെഡലുകൾ നദിയിലെറിയുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ആ സമരം ഗുസ്തിപ്രേമികൾ അല്ലാത്തവരെപ്പോലും വിഷമിപ്പിച്ചു. കര്ഷകസമരത്തിലെന്ന പോലെ ഈ സമരത്തിനോടൊപ്പവും ആത്മാർത്ഥതയുള്ള ഭാരതീയർ നിലയുറപ്പിച്ചു. പക്ഷെ ഇന്ത്യൻ ഭരണകക്ഷിയുടെ ഓമനയായ ഗുസ്തിസംഘടനാ ഭാരവാഹിയെ ഭരണകൂടം രക്ഷിക്കുകയാണുണ്ടായത്.
എന്തായാലും പ്രതികൂലാവസ്ഥകളെ മറികടന്നു അവർ പാരീസിലെത്തി.പങ്കെടുത്ത മത്സരങ്ങളിൽ നക്ഷത്രശോഭവിടർത്തി. ഒടുവിൽ നൂറുഗ്രാം ഭാരം കൂടി എന്ന കാരണത്താൽ ഫോഗട്ട് റിങ്ങിനു പുറത്തേക്ക് മാറ്റി നിർത്തപ്പെട്ടു. അവസാന ദിവസമെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു. വെള്ളിയോ സ്വർണ്ണമോ നേടി ഭാരതത്തിന്റെ മൂവർണ്ണക്കൊടി പാറിക്കുന്ന ഈ സഹോദരിയെ കാണാൻ നമ്മൾ രാത്രിയെ പകലാക്കി കാത്തിരുന്നു. ഒന്നും ഉണ്ടായില്ല. പൂരം കഴിഞ്ഞു. പൊടിയുടെ പൂരവും കഴിയാറായി. അമേരിക്കൻ ദേശീയഗാനം പാടി ലാത്തിരി കത്തിച്ചു.
നമ്മുടെ സംശയങ്ങൾ അവശേഷിക്കുകയാണ്. കായികതാരങ്ങൾക്ക് കൃത്യമായ ഭാരം നിലനിർത്താൻ വേണ്ട ആഹാരം നൽകാൻ പ്രത്യേകം ആളുകളുണ്ട്. ഫോഗട്ട് മത്സരത്തിന്റെ തലേന്ന് രാത്രിയിൽ പോലും കഠിന പരിശീലനത്തിൽ ആയിരുന്നു. ഒളിമ്പിക്സിൽ ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത ചില കേമന്മാരുടെ സാന്നിധ്യവും അവിടെയുണ്ടായി. ഉത്തേജകമരുന്നുപയോഗിച്ചു എന്ന ആരോപണമൊന്നും ഈ കായികതാരത്തിനു മേൽ ഇല്ല. അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷൻ നൂറു ഗ്രാമിൽ കൂടുതൽ ഭാരം കണ്ടെത്തിയ താരങ്ങൾക്ക് ഇളവ് കൊടുത്തിട്ടുണ്ട്. ഈ ഇന്ത്യക്കാരിക്ക് അത് കിട്ടാഞ്ഞതെന്തുകൊണ്ട്?
ഗുസ്തിതാരങ്ങൾ ഡൽഹിയിൽ നടത്തിയ സമരവും കണ്ണുനീരും കണ്ടവർക്ക് സംശയങ്ങൾ വർധിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന് അനുകൂലമായ ഒരു നീക്കം നടത്താഞ്ഞത് എന്തുകൊണ്ട്? എന്തെങ്കിലും ഗൂഡാലോചനകളോ ഇടപെടലുകളോ ഇതിൽ ഉണ്ടായിട്ടുണ്ടോ? സഹതാരത്തിന്റെ വൈഷമ്യത്തിൽ ഒരു മുഖഭാവം കൊണ്ടെങ്കിലും മറ്റു കായികതാരങ്ങൾ പ്രതികരിക്കാഞ്ഞതെന്തുകൊണ്ട്? സ്പോർട്സ് ആർബിട്രേഷൻ കോടതിയുടെ തീരുമാനം വൈകുന്നത് എന്തുകൊണ്ട്? ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് എന്താണ്? ഒരു ഉത്സാഹമില്ലായ്മ പ്രകടമാകുന്നത് എന്തുകൊണ്ട്?
വിനേഷ് ഫോഹട്ടിന്റെ നിരാശ മനസ്സാക്ഷിയുള്ള മുഴുവൻ ഭാരതീയരുടെയും ദുഃഖമാണ് ഭാരതസർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരുണ്ടെന്നു തെളിഞ്ഞാൽ അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും വേണം. ഫോഗട്ടും സംഘവും ദില്ലിയിൽ നടത്തിയ സമരത്തോടുള്ള സർക്കാർ സമീപനം ഓർത്താൽ അഭിമാനികളായ ഭാരതീയർക്ക് എന്ത് പ്രതീക്ഷിക്കാനാണ്!
Friday, 2 August 2024
ദുരവസ്ഥയിലെ മതനിന്ദ
ദുരവസ്ഥയിലെ മതനിന്ദ
-------------------------------
കൊല്ലത്തുനിന്നും അഷ്ടമുടിക്കായലിലൂടെ യാത്രയാരംഭിച്ച രക്ഷകൻ എന്ന ബോട്ട് പല്ലന വളവിൽ വച്ച് മറിയുകയും അതിലുണ്ടായിരുന്ന മഹാകവി കുമാരനാശാൻ മുങ്ങിമരിക്കുകയും ചെയ്തിട്ടിപ്പോൾ നൂറു വര്ഷം കഴിഞ്ഞിരിക്കുന്നു. അന്നുയരാത്ത കുറെ ഭാവനാകുസുമങ്ങൾ വർഗ്ഗീയതയുടെ ദുർഗന്ധവുമായി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വിടർന്നിട്ടുണ്ട്. മതാധിഷ്ഠിത രാഷ്ട്രീയകഞ്ചാവിന്റെ അടിമകളായിപ്പോയ കുറെ പാവങ്ങൾ ആ വിഷസസ്യത്തിന്റെ മുൾപ്പഴങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുമുണ്ട്. തീയില്ലാതെ പുകവരുമോ എന്ന ന്യായത്തിൽ സംശയരോഗികളായും കുറേയാളുകൾ മാറിയിട്ടുണ്ട്.
ഹിന്ദുമതതീവ്രവാദികളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.ആശാന്റെ ദുരവസ്ഥയിൽ ഇസ്‍ലാം മതത്തെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും അതിൽ നിരപരാധികളായ മുസ്ലീങ്ങൾക്കുവരെ വിഷമമുണ്ടായിയെന്നും ആലപ്പുഴയിലെ മുസ്ലിം യുവജന സംഘടന ഒരു കത്തിലൂടെ ആശാനെ പ്രതിഷേധം അറിയിച്ചിട്ടും മഹാകവി, മുസ്ലീങ്ങളെല്ലാം ക്രൂരന്മാരാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നതിനാൽ ദുരവസ്ഥയിലെ പ്രയോഗങ്ങൾ പിൻവലിച്ചില്ലെന്നുമാണ്
സാമൂഹ്യമാധ്യമങ്ങളിൽ വിതച്ച വിഷവിത്ത്. ദുരവസ്ഥ ഇസ്‌ലാംമത നിന്ദയാണെന്നുവരെ മുതലക്കണ്ണീർപ്പുഴ ഒഴുക്കിയിട്ടുണ്ട്.
മഹാകവി ദുരവസ്ഥയെഴുതിയത് മലബാർ കലാപത്തെ രേഖപ്പെടുത്താനല്ല.ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ എന്ന വിപത്തിനെ മിശ്രവിവാഹം കൊണ്ട് പൊളിച്ചെഴുതുകയെന്ന ലക്ഷ്യമായിരുന്നു നാരായണഗുരുവിന്റെ അനുയായിയായ ആശാന് ഉണ്ടായിരുന്നത്. അതിനുള്ള പശ്ചാത്തലം എന്ന നിലയിലാണ് മഹാകവി മലബാർ സമരത്തെ സ്വീകരിച്ചിട്ടുള്ളത്.ദുരവസ്ഥയിൽ ഹിന്ദുമതത്തിലെ ഉന്നതസരണിയിൽ പെട്ട ബ്രാഹ്മണജാതിയിലെ ഒരു യുവതി, കലാപത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യുന്നതിന് പകരം ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ശ്രേണിയായ ശൂദ്രരിൽ പോലും പെടാത്ത, മതതട്ടുകൾക്ക് വളരെ അകലെ നിൽക്കുന്ന പുലയസമൂഹത്തിൽ പെട്ട ഒരു കര്ഷകത്തൊഴിലാളിയുമായി ജീവിക്കാൻ തീരുമാനിക്കുകയാണല്ലോ. ആ കര്ഷകത്തൊഴിലാളിയാകട്ടെ സൂരിനമ്പൂതിരിപ്പാടിന്റെയോ സംബന്ധക്കൊതിയന്മാരുടെയോ
പെണ്ണുടൽപ്രേമമൊന്നുമില്ലാത്ത സംസ്ക്കാരസമ്പന്നനായ ഒരു മനുഷ്യനായിരുന്നു. ഹിന്ദുമതത്തിന്റെ ആത്മാവും പരമാത്മാവുമൊക്കെയായ ജാതിവ്യവസ്ഥയെയാണ് ഈ കൃതിയിലൂടെ ആശാൻ നിന്ദിക്കുന്നത്. ദുരവസ്ഥയിൽ ഇസ്‌ലാംമതനിന്ദയല്ല, ഹിന്ദുമത നിന്ദയാണുള്ളത്.പൂർവാചാര നിരതമായ മനസ്സുകളിൽ ദുരവസ്ഥയിലെ പ്രമേയം അരുചിയും അനൗചിത്യ ബുദ്ധിയും ജനിപ്പിക്കുമെന്നു മഹാകവി കൃതിയുടെ മുഖവുരയിൽ പറഞ്ഞിട്ടുമുണ്ട്. പൂർവാചാരനിരതർ അവരുടെ അരുചി ഇപ്പോൾ പുറത്തെടുത്തുവെന്നേയുള്ളു. ഫോസിലുകളിൽ നിന്നും ദിനോസറുകൾ പുനർജനിക്കുന്ന ജുറാസിക് പാർക്കാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ആലപ്പുഴയിൽ നിന്നുള്ള കത്തിന് മഹാകവി കുമാരനാശാൻ എഴുതിയ മറുപടി ശ്രദ്ധിക്കേണ്ടതാണ്. അക്രമപ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ള ചില ഇസ്‌ലാംമതഅനുയായികളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം ആ മറുപടിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം മതത്തോട് ബഹുമാനമുണ്ടെന്നും അതിൽ അദ്ദേഹത്തിന് നിരവധി മാന്യസ്നേഹിതരുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ദുരവസ്ഥയിൽതന്നെ ഒരുഭാഗത്ത് കലാപകാരണം കവി സൂചിപ്പിക്കുന്നുണ്ടല്ലോ.വെള്ളക്കാരെ ചുട്ടെരിക്കണമെന്നും ജന്മിമാരുടെ ഇല്ലമിടിച്ചു കുളം കുഴിക്കണമെന്നും കവിതയിലുണ്ട്. കലാപപ്രദേശത്ത് പിൽക്കാലത്തുണ്ടായ കവി കമ്പളത്ത് ഗോവിന്ദൻ നായർ ഈ ആശയം ഒരു കവിതയിൽ വിശദീകരിക്കുന്നുമുണ്ട്. നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ സമ്മതിക്കില്ല,നമ്മുടെ കാശുവാങ്ങി ഇംഗ്ലണ്ടിൽ അയക്കുവാൻ സമ്മതിക്കില്ല ഈ ജനകീയ നിലപാടായിരുന്നു ഏറ്റുമുട്ടലിന്റെ ഹേതുവെന്ന് കമ്പളത്ത് പാടുന്നുണ്ട്. ഈ വിഷയം ഈ വി കൃഷ്ണപിള്ള, സി കേശവൻ തുടങ്ങിയവരും ആശാനുമായി സംസാരിച്ചു വിശദീകരിച്ചിട്ടുണ്ട്.
അപ്പോൾ ക്രൂരമുഹമ്മദർ എന്നുപറഞ്ഞത് അവസാനഘട്ടത്തിലൊക്കെ വഴിതെറ്റിപ്പോയിട്ടുള്ള മലബാർ കലാപത്തിൽ അത്തരം പ്രവർത്തി ചെയ്തവരെ പറ്റിയാണ്. അല്ലാതെ മൊയ്തു മൗലവിയെ പോലെയോ വക്കം മൗലവിയെപ്പോലെയോ കേരളത്തിലെ നല്ലവരായ ആയിരക്കണക്കിന് ഇസ്‌ലാംമതവിശ്വാസികളെപോലെയോ ഉള്ളവരെയല്ല. ക്രൂരഹിന്ദുക്കൾ എന്നുപറഞ്ഞാൽ മഹാത്മാഗാന്ധിയുടെ ഘാതകർ, ബാബറിപ്പള്ളിപൊളിച്ച് ചരിത്രപരമായ തെറ്റ് ചെയ്തവർ എന്നൊക്കെയാണ് അർഥം. അതിൽ പൂന്താനമോ ഗുരുവായൂർ അമ്പലനടയിൽ പൽപ്പൊടി വിറ്റുനടന്ന പോതായൻ നമ്പൂതിരിയോ പെടുന്നില്ല. ക്രൂരസിഖ്കാർ എന്ന് പറഞ്ഞാൽ
ഖുഷ്‌വന്ത് സിംഗിനെ പോലെയോ ഫുട്ബാൾ കളിക്കാരൻ ജർണയിൽ സിംഗിനെ പോലെയോ ഉള്ള സിഖ് മതക്കാരല്ല. ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നവരും അതിനു പ്രേരണയായവരും എന്നാണർത്ഥം.
നൂറു വര്ഷം മുൻപ് പല്ലനയിലുണ്ടായ ബോട്ടപകടം മുസ്ലിം തീവ്രവാദികളുടെ ആസൂത്രിതശ്രമം ആയിരുന്നു എന്ന വാദം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതുണ്ട്. അതോടൊപ്പം ദുരവസ്ഥയിലെ ഹിന്ദുമതവിമർശനം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുമുണ്ട്.
Thursday, 18 July 2024
എന്തുകൊണ്ട് ബേപ്പൂർ സുൽത്താൻ?
എന്തുകൊണ്ട് ബേപ്പൂർ സുൽത്താൻ?
----------------------------------------------
സയൻസിന്റെ സമ്മാനമാണ് ഇന്റർനെറ്റ് എങ്കിലും അവിടെ ഒളിഞ്ഞും തെളിഞ്ഞും വിളയാടുന്നത് സയൻസ് വിരോധികളായ മതവിശ്വാസികളാണ്. അവർ മനുഷ്യവിരുദ്ധമായ മൗലികവാദ നിലപാടുകൾ നിരത്തിവയ്ക്കാനും പരസ്പരം ചളിവാരിയെറിയാനും ഈ പ്രതലം ഉപയോഗിക്കുന്നു. അറയ്ക്കുന്ന തെറിവിളികളാൽ സാമൂഹ്യമാധ്യമങ്ങളിൽ സ്വന്തം സ്വത്വം വെളിപ്പെടുത്തുന്നു. അതിൽ വളരെ തന്ത്രപൂർവം ഉണ്ടായ ഒരു ചോദ്യം വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം മാത്രം എന്തുകൊണ്ട് വ്യാപകമായി കൊണ്ടാടപ്പെടുന്നു എന്നാണ്. ഏതു കാര്യത്തിലും വർഗീയത കാണുന്നവർ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇതൊരു നിർഗ്ഗുണപോസ്റ്റായി അവശേഷിക്കും. എന്നാൽ കളി തുടർന്നാണ് നടക്കുന്നത്. അനുയായികൾ അവിടേയ്ക്ക് പ്രവഹിക്കും. അവരുടെ കമന്റുകളെല്ലാം വൈക്കം മുഹമ്മദ് ബഷീർ എന്ന പേര് സൂചിപ്പിക്കുന്ന മതത്തിനെ ആഭാസക്കുപ്പായമണിയിക്കുന്നതായിരിക്കും. മുഹമ്മദ് ബഷീർ എന്ന പേരിനോടോപ്പമുള്ള വൈക്കത്ത് മഹാദേവ ക്ഷേത്രമുണ്ടെന്നകാര്യം പോലും അവർ ഓർക്കുകയില്ല.
ഏതെങ്കിലും സംഘടനകളുടെ ആഹ്വാനമില്ലാതെ മലയാളികൾ ഒരു പ്രമുഖവ്യക്തിയുടെയും ഓർമ്മദിനം കൊണ്ടാടാറില്ല. കവികളിൽ വയലാറും കഥാകൃത്തുക്കളിൽ വൈക്കം മുഹമ്മദ് ബഷീറും സിനിമാ നടന്മാരിൽ കലാഭവൻ മണിയുമാണ് ഇതിന് അപവാദമായിട്ടുള്ളത്.
ബഷീർ ദിനം ജൂലായ് മാസം അഞ്ചാം തിയതിയാണ്. തിരുനല്ലൂർ കരുണാകരൻ, ഇടപ്പള്ളി രാഘവൻ പിള്ള, യുവകവി സി.പിന്റോ എന്നിവരുടെ ഓർമ്മ ദിനങ്ങളും അന്നുതന്നെയാണ്. തിരുനല്ലൂരിന്റെയും ഇടപ്പള്ളിയുടെയും ഓർമ്മദിനങ്ങൾ കൊല്ലത്തും സി പിന്റോയുടെ ഓർമ്മദിനം
തിരുവനന്തപുരത്തും അനുസ്മരണപ്രഭാഷണങ്ങളോടെ ആചരിക്കുന്നുണ്ട്. തിരുനല്ലൂരിന്റെ പ്രിയദിനം മെയ് ദിനമാകയാൽ മെയ് ഒന്നുമുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തിരുനല്ലൂർ കാവ്യോത്സവം മികച്ചനിലയിൽ സംഘടിപ്പിക്കാറുണ്ട്.
കവിതയുടെയും കഥയുടെയും നാടകത്തിന്റെയും സിനിമയുടെയും മറ്റും സംവേദനതലങ്ങൾക്കു വ്യത്യാസമുണ്ട്. മലയാളത്തിലുണ്ടായിട്ടുള്ള കഥാകൃത്തുക്കളുടെ രചനകളിൽ ഏറ്റവും ജനകീയമായത് ബഷീറിന്റെ കഥാപാത്രങ്ങൾ തന്നെയാണ്. ഭാഷാപരവും ജനകീയവുമായ അവതരണ രീതിയാണ് അതിനു കാരണമായിട്ടുള്ളത്. എട്ടുകാലി മമ്മൂഞ്ഞ് നമ്മുടെ നിയമസഭയിൽ പോലും പലവട്ടം കടന്നുവന്നിട്ടുണ്ട്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ അധികവും ബഷീറിന്റെ ഭൂമിയുടെ അവകാശികളോ മറ്റു രചനകളെയോ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പ്രേമലേഖനം മുതിർന്നവരുടെ വേദികളിൽ നിരന്തരം അവതരിക്കപ്പെട്ടുപോരുന്നുണ്ട്. ബഷീർ കഥാപാത്രങ്ങൾ എം വി ദേവനടക്കം നിരവധി ചിത്രകാരന്മാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബഷീറിന്റെ നീലവെളിച്ചം നാടകമായും ഭാർഗ്ഗവീനിലയമായും ജനങ്ങളിലെത്തി. ഭാർഗ്ഗവീനിലയത്തിലെ പാട്ടുകൾ മരണമില്ലാത്തവയായി.
മതിലുകൾ അടൂർ ഗോപാലകൃഷ്ണന്റെ നിർവഹണത്തിൽ ലോകശ്രദ്ധനേടി. മജീദും സുഹറയും മലയാളികൾക്ക് പ്രിയപ്പെട്ടവരായി. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന വാചകം വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ബഷീർ ചായപീട്യകൾ പോലും ഉണ്ടായി. ഇതിനു കാല ദേശ മത പരിഗണനകളൊന്നും ഇല്ലായിരുന്നു. ബഷീറിന്റെ കൃതികൾ ഇപ്പോഴും വായിക്കപ്പെടുന്നു.നന്നായി വിറ്റുപോകുന്നു. ബഷീർ കഥാപാത്രങ്ങളോളം ജനസ്വാധീനം മറ്റൊരു കഥാപാത്രത്തിനും ഉണ്ടായില്ല. രമണനും ചന്ദ്രികയും ആയിഷയുമാണ് പിന്നെയും അൽപ്പമെങ്കിലും കൂടെ സഞ്ചരിക്കുന്നത്. അമിത ജനകീയത ഉണ്ടായില്ലെന്നു കരുതി മറ്റു കഥകളിലെ മനുഷ്യ പ്രതീകങ്ങൾ ചെറുതാവുന്നില്ല. ഓരോ ഇരിപ്പിടങ്ങൾ മലയാളസാഹിത്യത്തിൽ അവർക്കെല്ലാമുണ്ട്.
കേരളത്തിലെ സാംസ്ക്കാരിക സമ്മേളനങ്ങളിൽ സാറാമ്മയും കേശവൻ നായരും പൊൻകുരിശുതോമയും ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടു. പാറുക്കുട്ടി, കൊച്ചുനീലാണ്ടൻ
എന്നീ ആനകൾ പോലും ജനസംസാരത്തിലുണ്ട്. കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ
ആനവാരി രാമൻ നായർ നിത്യസാന്നിധ്യമാണ്. ഒരു പ്രത്യേക സന്ദർഭത്തിൽ ബഷീർ എഴുതിയ ഹയേമാലീ ഐലേസാ പോലും അടുത്തകാലത്തു ഫേസ്‌ബുക്കിലെ ഇന്നും വായിച്ച കവിതയിലൂടെ നൂറുകണക്കിന് വായനക്കാരാൽ ലൈക്ക് ചെയ്യപ്പെട്ടു. എം എ റഹ്‌മാന്റെ ബഷീർ ദി മാൻ, സാഹിത്യകാരന്മാരെ കുറിച്ചുണ്ടായ ഡോക്കുമെന്ററികളിൽ ഏറ്റവും കൂടുതൽ പ്രദര്ശിപ്പിക്കപ്പെട്ടു. മാപ്പിളപ്പാട്ടു സാഹിത്യശാഖയിൽ ബഷീർ മാലപോലും ഉണ്ടായി. ബേപ്പൂർ സുൽത്താൻ വിശ്രമിച്ചിരുന്ന മാങ്കോസ്റ്റീൻ മരത്തിന്റെ തണലിൽ ആവണം ഖബർ എന്ന് പല സന്ദര്ശകരോടും ബഷീർ പറഞ്ഞിരുന്നു. ഞാനടുത്തിരുന്നപ്പോൾ വന്ന സന്ദര്ശകരോടും അദ്ദേഹം ഇത് പറഞ്ഞിരുന്നു.അവിടെയല്ല അദ്ദേഹത്തെ സംസ്ക്കരിച്ചതെങ്കിലും ഇന്നും ആ വീട്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നു. കവികളിൽ ചങ്ങമ്പുഴയുടെ സ്മാരകവും സിനിമാതാരങ്ങളിൽ കലാഭവൻ മണിയുടെ സ്മാരകവും കാണാനാണ് ആളുകൾ പോകാറുള്ളത്.
പാത്തുമ്മയുടെ ആടും വീരപാണ്ഡ്യപണ്ടാരത്തിന്റെ പാമ്പും ചൊറിയൻപുഴുവും പുട്ടിനുള്ളിൽ ഒളിച്ചു വച്ച് പുഴുങ്ങിയ മുട്ടയും മുഴയൻ നാണുവിന്റെ ബുദ്ധിയും, നമ്മുടെ സര്ക്കാര് നല്ലൊരു
സർക്കാര് ശമ്പളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ എന്ന് പാടുന്ന പോലീസ് മൂരാച്ചികളുമെല്ലാം
മലയാളമനസ്സിൽ സ്ഥിരതാമസമാക്കി. ഇതിന് അക്ഷരങ്ങളുടെ ശക്തിയല്ലാതെ മതത്തിന്റെ
സംവരണാനുകൂല്യങ്ങളൊന്നും ആവശ്യമില്ലെന്ന വാസ്തവം കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ്
ചില കേന്ദ്രങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത്.മണ്ടൻ മുത്തപ്പയെപ്പോലും അത്ഭുതപ്പെടുത്തുന്ന ഇത്തരം കുത്സിത പ്രവർത്തികളെ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.
Sunday, 14 July 2024
കാലത്തിന്റെ സഹയാത്രികർ
കാലത്തിന്റെ സഹയാത്രികർ
------------------------------
കാലമാണല്ലോ ഏറ്റവും വലിയ അത്ഭുത പ്രതിഭാസം.എല്ലാ സവിശേഷതകളും കാലത്തെ അവലംബിച്ചിരിക്കുന്നു. കാലം ചിലരെ അവരുടെ ജീവിതകാലത്ത് വല്ലാതെ താലോലിക്കും.ചിലരെ വല്ലാതെ പീഡിപ്പിക്കും. ഇതൊരു താൽക്കാലിക അവസ്ഥയാണ്.കാലത്തെ നിരീക്ഷിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും.താലോലിച്ചവർ നിലവിലുള്ള വ്യവസ്ഥയെ പുകഴ്ത്തിപ്പാടിയവർ ആയിരിക്കും. അവർക്ക് ജീവിതകാലം സന്തോഷകരം ആയിരിക്കും.ഇത് പുറമെയുള്ള ഒരു ജീവിതമാണ്. ആ ജീവിതകാലത്ത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും. ആ ആശയങ്ങൾ പുതുമയില്ലാത്തതും വർത്തമാനകാലത്തെ അഭിവാദ്യം ചെയ്യുന്നതുമാണെങ്കിൽ അക്കാലം അവസാനിക്കുന്നതോടെ ആ ആശയവും അവസാനിക്കും
എന്നാൽ മറ്റുചില ജീവിതങ്ങൾ പീഡനകാലത്തിലൂടെ കടന്നു പോകുന്നവയായിരിക്കും.അവർക്ക് കുരിശോ വിഷമോ വെടിയുണ്ടയോ പട്ടിണിയോ ഒക്കെയായിരിക്കും ജീവിതകാലം സമ്മാനിക്കുക.അവരുടെ ആശയങ്ങൾ മുന്നോട്ടു പോകും. നിലവിലുള്ള വ്യവസ്ഥയെ എതിർക്കേണ്ടിവരുന്നവർക്കാണ് ഈ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നത്. അവർ പലതിനെയും ചോദ്യം ചെയ്തിരിക്കും. നിരാകരിച്ചിരിക്കും. സാമൂഹ്യവ്യവസ്ഥയെ നിഷേധിക്കുകയും അതനുസരിച്ചു ജീവിച്ചു മരിക്കുകയും ചെയ്യും കാലം സഹയാത്രികരായി കൂടെ കൂട്ടുന്നത് ആ നിഷേധികളെയാണ്. കാലത്തിന്റെ സഹയാത്രികർ അവരുടെ ജീവിതകാലത്തെ അനുസരിക്കാത്തവരാണ്. അതുകൊണ്ടാണ് വഞ്ചീശമംഗളം എന്ന രചന ചവറ്റുകുട്ടയിൽ ആയിപ്പോയത്. അതെഴുതിയ ആണിയുന്തുകാരനും ചവറ്റുകുട്ടയിൽ തന്നെ സ്ഥാനം.
നമ്മുടെ നവോത്ഥാന നായകരെല്ലാം അക്കാലത്തെ സാമൂഹ്യവ്യവസ്ഥയെ നിരാകരിച്ച ധിക്കാരികളാണ്.അവരുടെ ആശയങ്ങളാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നമ്മളെ പ്രചോദിപ്പിക്കുന്നത്. അവർണ്ണക്ക് സ്പര്ശനാനുമതി ഇല്ലാത്ത ക്ഷേത്രത്തേരിൽ സ്പർശിക്കുകയും തലപ്പാക്കെട്ടിനു നിരോധനമുണ്ടായിരുന്ന അക്കാലത്ത് തലപ്പാക്കെട്ടോടുകൂടി അറിവാലയത്തിലെത്തി കണ്ണാടിയിൽ നോക്കി സ്വയം ബോധ്യപ്പെടണം എന്ന് പഠിപ്പിക്കുകയും ചെയ്തു അയ്യാവൈകുണ്ഠർ. നവോത്ഥാന നായകരിൽ തുറുങ്കിലടയ്ക്കപ്പെട്ടയാൾ അയ്യാ വൈകുണ്ഠർ ആണ്. കിണറിൽ തൊടാനും വെള്ളം കോരിക്കുടിക്കാനും അനുമതിയില്ലാതിരുന്ന കാലത്ത് മുന്തിരിക്കിണറുകൾ കുത്തി എല്ലാർക്കും വെള്ളം നൽകിയ ധിക്കാരിയായിരുന്നു അദ്ദേഹം. കീർത്തന രചയിതാവ് എന്ന ഖ്യാതിനേടിയ സ്വാതിതിരുനാളിനെ തിരുവിതാം കൂർ നീചൻ എന്നാണു അഭിമാനിയായ അയ്യാവൈകുണ്ഠർ വിളിച്ചത്.
അവർണ്ണർക്ക് വിഗ്രഹപ്രതിഷ്ഠ നിഷിദ്ധമായിരുന്ന കാലത്ത് ത്രിമൂർത്തികളിൽ പെട്ട ശിവനെത്തന്നെ പ്രതിഷ്ഠിച്ച ധിക്കാരിയായിരുന്നു നാരായണഗുരു.ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയെന്നും ജാതിയും മതവും ഉപേക്ഷിച്ചെന്നും പരസ്യപ്രസ്താവന നടത്തിയ പരമധിക്കാരി. അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇപ്പോഴും കേരളത്തിലെ പുരോഗമനവാദികൾക്ക് പ്രചോദനമായിട്ടുള്ളത്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ധിക്കാരിയായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി. വേദപുസ്തകം കത്തിക്കുകയും പാട്ടിനെ സമരായുധമാക്കുകയും ചെയ്ത വ്യവസ്ഥാനിഷേധിയായിരുന്നു പൊയ്കയിൽ അപ്പച്ചൻ. നവോത്ഥാനനായകരിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.ഏതോ വാടകഗുണ്ടയുടെ കൊലക്കത്തിക്കിരയായ പുരോഗമനവാദി. കഥകളി അവർണ്ണർക്ക് നിഷിദ്ധമായിരുന്ന കാലത്ത് അത് പഠിക്കുകയും മൂക്കുത്തി നിരോധിച്ചിരുന്ന കാലത്ത് അത് ധരിപ്പിക്കുകയും ചെയ്ത, മാമൂലുകളെ ചോദ്യംചെയ്ത നിഷേധി.പെൺകുഞ്ഞിന് വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ കർഷക തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചു വ്യവസ്ഥിതിയെ വെല്ലുവിളിച്ച ധിക്കാരിയായിരുന്നു അയ്യങ്കാളി.ജാതിയും മതവും മാത്രമല്ല ദൈവവും വേണ്ടെന്നു പറഞ്ഞു മനുസ്മൃതിയുടെ ആരാധകരടക്കമുള്ള മതജീവികളെ നിരാകരിച്ചു സഹോദരൻ അയ്യപ്പൻ.കലാരംഗത്ത് പ്രവർത്തിക്കാൻ അവകാശമില്ലാത്ത കാലത്ത് സിനിമയിൽ അഭിനയിച്ച്
യാഥാസ്ഥിതികരെ ഞെട്ടിച്ചു പി.കെ റോസി.ഇവരെല്ലാം അവരുടെ ജീവിതകാലത്ത് അപമാനിക്കപ്പെട്ടവരും ആക്രമിക്കപ്പെട്ടവരുമാണ്. പൊയ്കയിൽ അപ്പച്ചനും സഹോദരൻ അയ്യപ്പനും വധശ്രമങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആനന്ദതീർത്ഥന് ഏൽക്കേണ്ടിവന്ന മർദ്ദനങ്ങൾക്ക് കണക്കില്ല.
സാംസ്ക്കാരിക രാഷ്ട്രീയപ്രവർത്തനങ്ങൾ സുരക്ഷാകവചങ്ങൾക്ക് അപ്പുറമാണ്. അവരുടെ സഞ്ചാരങ്ങൾക്ക് ആംബുലൻസ് അടക്കമുള്ള വാഹനവ്യൂഹത്തിന്റെ അകമ്പടിയില്ല. ചെല്ലേണ്ട സ്ഥലത്തെ സ്ഥിതിഗതികളറിയാൻ രഹസ്യപ്പോലീസില്ല.കാവൽ നിൽക്കാൻ കരിമ്പൂച്ചകളില്ല. പക്ഷെ അവരുടെ ആശയങ്ങൾ വർത്തമാനകാലത്തെ തിരുത്തുകയും ഭാവിയെ ഐശ്വര്യപൂർണ്ണമാക്കുകയും ചെയ്യും. ഗാന്ധി, കോൺഗ്രസ്സിൽ നിന്നും മുക്തനായതുപോലെ ഈ ജനുസ്സിൽ പെട്ടവർ സംഘടനകളിൽ നിന്നുപോലും മുക്തരായി സമൂഹത്തിനു വെളിച്ചം പകരും. അവരാണ് കാലത്തിന്റെ സഹയാത്രികർ. വർത്തമാനകാലത്തിന്റെ മഹാവിദ്യാലയത്തിലെ അനുസരണയില്ലാത്ത കുട്ടികൾ.
പ്രണയവസന്തത്തിന്റെ ശത്രുക്കള്‍
പ്രണയവസന്തത്തിന്റെ ശത്രുക്കള്‍
Thursday, 6 June 2024
യുദ്ധം
പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍
പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍