Thursday 1 June 2017

കേരളത്തിലെ കാവുകളും കോൺക്രീറ്റ്‌ ദൈവസൗധങ്ങളും


  യുവകലാസാഹിതിയുടെ ചടയമംഗലം മണ്ഡലം സമ്മേളനം കാഞ്ചനമാലയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന അസാധാരണ പ്രണയിനിയാണല്ലോ കാഞ്ചനമാല.

കോഴിക്കോട്‌ ജില്ലയിൽ താമസിക്കുന്ന അവർ രാവിലെ തന്നെ കൊല്ലത്തെത്തി. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടെ ജീവിതം ഹൃദിസ്ഥമാക്കിയ സ്ത്രീജനങ്ങൾ രാവിലെ മുതൽ തന്നെ അവരെ കാണാനും ഫോട്ടോയെടുക്കാനും എത്തിത്തുടങ്ങി. കരിങ്ങന്നൂർ ജങ്ങ്ഷനിൽ അവർ പങ്കെടുത്ത സമ്മേളനം സ്ത്രീസാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ നടന്ന കവിയരങ്ങിലും എഴുത്തുകാരികൾക്കായിരുന്നു പ്രാമുഖ്യം.

പ്രണയിച്ച കുറ്റത്തിന്‌ ആറ്റിൽച്ചാടി മരിക്കുകയോ തല്ലിക്കൊന്ന്‌ പുഴയിലെറിയപ്പെടുകയോ ചെയ്യുന്ന കേരളത്തിൽ ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയുടെ സാന്നിധ്യം സമാനതകളില്ലാത്തതാണ്‌.

രാവിലെ കരിങ്ങന്നൂരിലെത്തിയ കാഞ്ചനമാലയ്ക്കും കൂട്ടുകാരിക്കും ഒരു ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ടായി. അവരെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ കൊണ്ടുപോവുകയും ചെയ്തു. വൈകിട്ട്‌ കാഞ്ചനമാലയെ കണ്ടപ്പോൾ വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച്‌ അവരോട്‌ പറയുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിത്‌. ഓയൂർ മുതൽ ചെറിയവെളിനല്ലൂർ വരെയുള്ള വിശാലമായ പ്രദേശത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു വെളിനല്ലൂർ. പാറക്കൂട്ടങ്ങളിൽ നിന്ന്‌ എടുത്തുചാടി സ്വപ്നത്തിലെന്നപോലെ ചിരിക്കുന്ന ഇത്തിക്കരയാറിന്റെ തീരത്താണ്‌ ഈ ക്ഷേത്രം. ആര്യാധിനിവേശത്തിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായ ക്ഷേത്രമാകയാൽ ഇണ്ടിളയപ്പൻ എന്ന ഒരു ദ്രാവിഡ ദൈവത്തേയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്‌. കഥകളിക്ക്‌ പ്രാധാന്യമുള്ള ഇവിടെ ബാലിവിജയം ആടാൻ പാടില്ല.
കാർഷിക പ്രദേശമായിരുന്നതിനാൽ ചെറിയ കതിരുകാളകളെ കെട്ടി ചുമലിൽ വച്ച്‌ നൃത്തം ചെയ്യുമായിരുന്നു. വിപുലമായ കാളച്ചന്തയും മണൽ വാണിഭവും ദളിതരുടെ മുടിയാട്ടവും മരം കൊട്ടിയുള്ള പാട്ടും ഇസ്ലാം മതവിശ്വാസികളുടെ മത്സ്യക്കച്ചവടവും എല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരളം കാവുകളിലെ ആരാധനകളാൽ ഗ്രാമീണ ചാരുതയുള്ളതായിരുന്നു. എന്നാലിന്ന്‌ കോൺക്രീറ്റ്‌ ദൈവസൗധങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു.

പണച്ചാക്കുകളുമായി വരുന്ന ദൈവവ്യവസായികൾ ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരക്ഷേത്രങ്ങൾക്ക്‌ സിന്ധുനദീതട സംസ്കാരം മുതലുള്ള കള്ളച്ചരിത്രം ചമയ്ക്കും. വമ്പൻ പൊങ്കാലകൾ സ്പോൺസർ ചെയ്യും. നൂറു കൊമ്പനാനകളേയും ഒരു കുഴിയാനയേയും അണിനിരത്തി ഗജമേള സംഘടിപ്പിക്കും. ദൈവരൂപങ്ങളുടെ കൂറ്റൻ പ്രതീകങ്ങളുണ്ടാക്കി വൈദ്യുതി ദുർവിനിയോഗം ചെയ്യും. കിലോമീറ്ററുകൾ ചുറ്റളവിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച്‌ വിദ്യാർഥികളുടെ പഠനത്തിലുള്ള ഏകാഗ്രത നശിപ്പിക്കും. രോഗികളേയും വയോജനങ്ങളേയും ബുദ്ധിമുട്ടിക്കും. വെടിക്കെട്ടുകൾ പൊട്ടിച്ച്‌ നിരപരാധികളെ കാലപുരിക്ക്‌ അയയ്ക്കും. കുബേരപ്പിരിവ്‌ നടത്തും. ധനികര്‍, ധനികര്‍ക്കായി അന്നദാനം പോലും ഏര്‍പ്പാടാക്കും. ഇടയിലക്കാടിലും ഒണ്ടിക്കാവിലും മറ്റും കണ്ടിരുന്ന ശാന്തതയോ ശാലീനതയോ ഈ ഭക്തിവ്യവസായ കേന്ദ്രങ്ങളിൽ ഇല്ല.

സ്തൂപങ്ങളിൽ പരതിയാൽ ബുദ്ധരൂപങ്ങൾ പോലും കണ്ടെത്താവുന്ന വെളിനല്ലൂർ ക്ഷേത്രത്തിലെ സന്ദർശനം സന്തോഷകരമായിരുന്നെന്ന്‌ കാഞ്ചനമാല പറഞ്ഞപ്പോൾ പുതുമയും പഴമയും തമ്മിലുള്ള താരതമ്യത്തിലേയ്ക്കുകൂടി അവർ വിരൽചൂണ്ടുകയായിരുന്നു.ചരിത്ര സ്മാരകങ്ങള്‍ ആക്കാവുന്ന ആരാധനാലയങ്ങളില്‍ നിന്നും ആധുനിക ധനനിക്ഷേപകേന്ദ്രങ്ങളിലേക്കുള്ള ദൈവവ്യവസായികളുടെ മാറ്റം ആശങ്കാജനകമാണ്.

1 comment:


  1. കേരളം കാവുകളിലെ ആരാധനകളാൽ
    ഗ്രാമീണ ചാരുതയുള്ളതായിരുന്നു. എന്നാലിന്ന്‌
    കോൺക്രീറ്റ്‌ ദൈവ സൗധങ്ങളുടെ നാടായി കേരളം
    മാറിയിരിക്കുന്നു...

    പണച്ചാക്കുകളുമായി വരുന്ന ദൈവവ്യവസായികൾ
    ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരക്ഷേത്രങ്ങൾക്ക്‌
    സിന്ധുനദീതട സംസ്കാരം മുതലുള്ള കള്ളച്ചരിത്രം ചമയ്ക്കും.
    വമ്പൻ പൊങ്കാലകൾ സ്പോൺസർ ചെയ്യും.
    നൂറു കൊമ്പനാനകളേയും ഒരു കുഴിയാനയേയും
    അണിനിരത്തി ഗജമേള സംഘടിപ്പിക്കും. ദൈവരൂപങ്ങളുടെ
    കൂറ്റൻ പ്രതീകങ്ങളുണ്ടാക്കി വൈദ്യുതി ദുർവിനിയോഗം ചെയ്യും. കിലോമീറ്ററുകൾ ചുറ്റളവിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച്‌ വിദ്യാർഥികളുടെ പഠനത്തിലുള്ള ഏകാഗ്രത നശിപ്പിക്കും. രോഗികളേയും വയോജനങ്ങളേയും ബുദ്ധിമുട്ടിക്കും. വെടിക്കെട്ടുകൾ പൊട്ടിച്ച്‌ നിരപരാധികളെ കാലപുരിക്ക്‌ അയയ്ക്കും. കുബേരപ്പിരിവ്‌ നടത്തും. ധനികര്‍, ധനികര്‍ക്കായി അന്നദാനം പോലും ഏര്‍പ്പാടാക്കും. ഇടയിലക്കാടിലും ഒണ്ടിക്കാവിലും മറ്റും കണ്ടിരുന്ന ശാന്തതയോ ശാലീനതയോ ഈ ഭക്തിവ്യവസായ കേന്ദ്രങ്ങളിൽ ഇല്ല.

    ReplyDelete